സ്വപ്നാടകന്‍

 

 

 

 

 

 

 

ബസ് മണർകാട് കവലയിൽ എത്തുമ്പോൾ സമയം വൈകുന്നേരം ഏഴ് മണി കഴിഞ്ഞിരുന്നു.

കുറച്ചു കൂടി നേരത്തെ വരേണ്ടുന്ന ബസ്‌ ആണ്‌. ഇന്നു ഒരു ജാഥയുടെ
മുന്നിൽ അകപ്പെട്ടു പോയി. അതാണ്‌ ഇത്രയും വൈകാൻ കാരണം.

കാലുകൾ നീട്ടി വച്ച്‌ കഴിയുന്നത്ര വേഗത്തിൽ ഉണ്ണി നടന്നു. അവന്റെ
ശരീരത്തിനു നല്ല ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു.

റൂമിൽ എത്തിയാലുടൻ ഭക്ഷണം കഴിച്ചു കുളിച്ചു കിടന്നുറങ്ങണം എന്നവൻ കരുതി.

അല്ലെങ്കിലും വീട്ടില്‍ നിന്നും വരുന്ന ദിവസങ്ങളിൽ ഈ ക്ഷീണം
പതിവുള്ളതാണ്. രാവിലെ അഞ്ചു മണിക്ക്‌ തൃശൂർ റെയിൽവേ
സ്റ്റേഷനിൽ നിന്നും കയറിയതല്ലേ…

ഉണ്ണി നടന്നു വരുന്നത് ദൂരെ നിന്നു കണ്ട പച്ചക്കറി കടക്കാരന്‍ സാ
മി കയ്യാട്ടി അവനെ കടയിലേക്ക് വിളിച്ചു……

സാമിയുടെ മുഖത്ത് പതിവുള്ള പല്ലെല്ലാം കാട്ടിയുള്ള ആ ചിരി
കാണുന്നില്ലൊ എന്ന് ചിന്തിച്ചു കൊണ്ട് അവൻ കടയിലേക്ക് കയറി
ചെന്നു.

“ ഡാ നീ അറിഞ്ഞോ, നമ്മുടെ കൃഷ്ണന്‍ മരിച്ചു പോയി . നീ ഇവിടെ
നിന്നും പോയതിന്‍റെ പിറ്റേ ദിവസം ആയിരുന്നു. പറയാനായിട്ട് നിന്നെ
കുറെ തവണ വിളിച്ചു.കിട്ടിയില്ല.”

സാമി ചേട്ടന്റെ കയ്യില്‍ ഉള്ള നമ്പറിനു വീടിന്‍റെ അടുത്ത് റേഞ്ച് കിട്ടില്ല എന്നുള്ള കാര്യം അവനു ഓര്‍മ്മ വന്നു. റേഞ്ച് ഉള്ള നമ്പര്‍ കൊടുക്കാനും പറ്റിയില്ല.

അവന്റെ മനസ്സിൽ ഒരു മൂടല്‍ മഞ്ഞു വന്നു നിറഞ്ഞു. മുന്‍പില്‍ നിന്നു
എന്തൊക്കെയോ പറയുന്ന സാമിയുടെ ശബ്ദം ദൂരെ എവിടെ നിന്നും
വരുന്നത് പോലെ തോന്നി. എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ്
സാമിയുടെ ശബ്ദം വീണ്ടും മനസിന്‍റെ ഉള്ളിലേക്ക് കയറി വരുന്നു..

“തൂങ്ങി മരണം ആയിരുന്നു. നമ്മുടെ ശങ്കരന്‍ കുട്ടി ചേട്ടന്‍റെ വീട്ടില്‍
പണിക്ക് ചെല്ലാമെന്നു പറഞ്ഞിരുന്നതാ. പറഞ്ഞ സമയം കഴിഞ്ഞിട്ടും
കാണാതായപ്പോള്‍ ചേട്ടന്‍ വീട്ടില്‍ വന്നു. കതകു അടച്ചിട്ടിരുന്നു .തട്ടി
നോക്കിയിട്ട് തുറന്നില്ല. തുറന്നിട്ട ജനാല വഴി അകത്തേക്ക് നോക്കിയപ്പോഴാ കണ്ടത്. സീലിംഗ് ഫാനിൽ തൂങ്ങി നിൽക്കുവാരുന്നു.

അവന്‍ സാമിയുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ മുഖം ഏതോ
ഒരു ചാനലിലെ വാര്‍ത്ത‍ അവതാരകനെ പോലെ തോന്നിച്ചു. ദുരന്ത
വാര്‍ത്തകള്‍ പോലും നിര്‍വികരികമായ മുഖത്തോടെ ലോകത്തോട്‌
പറയേണ്ടി വരുന്ന ഒരു മനുഷ്യന്‍.

ഓര്‍മ്മകള്‍ അവന്റെ മനസ്സിലേക്ക് ഒരു തീവണ്ടി പോലെ പാഞ്ഞു
ചെന്നു.

നാല് മാസങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം. അന്ന് ആദ്യമായി അവൻ ജോയിൻ ചെയ്യാൻ വരുന്ന ദിവസം ആയിരുന്നു.
തലപ്പാടിയിൽ ഉള്ള ഗവേഷണ കേന്ദ്രത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്
ആയിട്ടായിരുന്നു ജോലി.

നാല് മാസം മുൻപ് മണർകാട് കവലയില്‍ ബസ്‌ ഇറങ്ങുമ്പോള്‍ അവൻ ആദ്യം ശ്രദ്ധിച്ചത് അവിടെ തണല്‍ പരത്തി നില്‍ക്കുന്ന വലിയ
അരയാലും,അതിന്‍റെ ചുവട്ടില്‍ കൊഴിഞ്ഞു കിടക്കുന്ന ഇലകള്‍ തൂത്തു
കൂട്ടുന്ന മദ്ധ്യ വയസ്കനെയും ആയിരുന്നു.

അയാൾക്ക് നല്ല ഉയരം ഉണ്ടായിരുന്നു.അലസമായി ഉടുത്തിരിക്കുന്ന
കൈലി. ബട്ടന്‍സുകള്‍ ക്രമം തെറ്റിച്ചു ഇട്ടിരിക്കുന്നതിനാല്‍ ഷര്‍ട്ട്‌
കയറിയും ഇറങ്ങിയും കിടക്കുന്നു. തനിക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് യാതൊരു ചിന്തയുമില്ലാത്ത പോലെ അയാള്‍ ആ ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു.

ഉണ്ണി അയാളെ തന്നെ ശ്രദ്ധിക്കുകയാനെന്നു കണ്ടപ്പോള്‍ കൂടെയുള്ള മുരളിചേട്ടന്‍ അയാളെപ്പറ്റി അവനു വിശദീകരിച്ചു.

“ കൃഷ്ണന്‍ ന്നാ പേര് ”പിന്നെ അയാളെ ഒന്ന് കൂടി നോക്കിയ ശേഷം
പിന്നാലെ ചൂണ്ടു വിരല്‍ കൊണ്ട് തന്റെ ചെവിക്ക് ചുറ്റും ഒരു വട്ടം
വരച്ചിട്ടു ആത്മഗതം പോലെ…

“ ഒരു കഥയും ഇല്ലാത്ത ഒരു ജന്മം. അല്ലാതെന്തു പറയാന്‍..”

ഇപ്പോൾ മുരളി ഉണ്ണിക്ക് താമസിക്കാനായി തരപ്പെടുത്തിയിരിക്കുന്ന
വീട് കാണാന്‍ വേണ്ടിയുള്ള പോക്കാണ്. ഏറെ നാളത്തെ
അന്വേഷങ്ങള്‍ക്ക് ശേഷമാണ് മുരളിക്ക് ആ വീട് തരപ്പെടുത്താന്‍
കഴിഞ്ഞത്. ഉണ്ണിയുടെ അച്ഛൻ ദാമു ഏട്ടൻ ഒരു കാര്യം വിളിച്ചു
പറഞ്ഞാൽ ചെയ്തു കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ. ദാമു എട്ടനുമായി
മുരളിക്ക് പണ്ട് മുതല്‍ക്കേ ഉള്ള ബന്ധമാണ്. പണ്ട് വിശാഖ പട്ടണത്തെ
സ്റ്റീൽ പ്ലാന്റിൽ അവർ കുറെ കാലത്തോളം ഒരുമിച്ചു പണിയെടുത്തിരുന്നു.

ഇവിടെ ,തലപ്പടിയിൽ കുന്നിന്‍ മുകളില്‍ ഉള്ള ബയോ ടെക്നോളജി
റിസേര്‍ച് സെന്ററില്‍ ജോലി ശരിയായ പേപ്പര്‍ വന്നപ്പോള്‍ തന്നെ
ദാമു മുരളിയെ വിളിച്ചു ഒരു വീട് നോക്കി വയ്ക്കുന്ന കാര്യം
പറഞ്ഞിരുന്നു. കുറെ അന്വേഷിക്കേണ്ടി വന്നു എങ്കിലും അവസാനം നല്ല
ഒരു വീട് തന്നെ തരപ്പെടുത്താൻ കഴിഞ്ഞു.

വീട്ടിലേക്കുള്ള വഴി ഒരു പാടത്തിനു നടുവിലൂടെ
പോകുന്നു. അജ്ഞാതമായ ഏതോ ഗന്ധത്തെയും വഹിച്ചു കൊണ്ട് വരുന്ന കാറ്റ് ശരീരത്തെ തഴുകി കടന്നു പോകുമ്പോള്‍ ശരീരത്തിനും മനസ്സിനും നല്ല സുഖം.ഈ നാട്ടിന്‍ പുറത്താണോ മുരളി ചേട്ടന്‍ തനിക്കുള്ള വീട് കണ്ടു വച്ചിരിക്കുന്നത് എന്ന് അവൻ ചുമ്മാ ചിന്തിച്ചു.ഒരു കണക്കിന് അത് ഏറെ നന്നായി.ബഹളങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി നില്‍ക്കുന്നതാണല്ലോ തനിക്ക് പണ്ട് മുതല്‍ക്കേ ഇഷ്ടം.
`
”നമ്മള്‍ ഇപ്പോള്‍ പോകുന്ന വീടിന്‍റെ മുന്നില്‍ തന്നാ കൃഷ്ണന്‍റെ വീട്….”

ഉണ്ണിയുടെ മുഖ ഭാവം മാറിയത് മുരളി ചേട്ടന്‍ ശ്രദ്ധിച്ചു.

“ഏയ്‌ അത് കാര്യമാക്കണ്ട.അവന്‍ ആര്‍ക്കും ഒരു ഉപദ്രവം ഇല്ല. അവനായി.അവന്‍റെ പാടായി.”

ഉണ്ണിക്ക് പെട്ടെന്ന് രാമനെ ഓർമ്മ വന്നു….

ഭ്രാന്തന്‍ രാമന്‍ വരുന്നേ എന്നുള്ള കുട്ടികളുടെ കൂക്കി വിളികള്‍ ഓര്‍മ്മ വന്നു.ആകാശത്തേക്ക് നോക്കിയുള്ള രാമന്റെ നടത്തം.
രാമന് എന്തെങ്കിലും കുഴപ്പം ഉള്ളതായി ഒറ്റ നോട്ടത്തില്‍ ആരും
പറയില്ല..

പക്ഷേ രാമന് സന്തോഷം തോന്നുമ്പോ അവൻ ഉടുമുണ്ട് അഴിച്ചു
തലയില്‍ കെട്ടും. അപ്പൊ പരിസരം ശ്രദ്ധിക്കാറില്ല എന്നാണ് ഒരു കുഴപ്പം. ഒരിക്കല്‍ നാട്ടിലെ കുറച്ചു ചെറുപ്പക്കാര് പിള്ളേര് എല്ലാം
ചേര്‍ന്നു നന്നായി ഒന്ന് പൂശി. പിറ്റേ ദിവസം വടക്കഞ്ചേരിക്കു പോകുന്ന റെയില്‍വേ ലൈനില്‍ രാമന്‍ കിടപ്പുണ്ടായിരുന്നു.ഉടുത്തിരുന്ന മുണ്ട് രാമന്‍റെ തലയില്‍ സുരക്ഷിതമായി തന്നെ ഉണ്ടായിരുന്നു.ട്രെയിന്‍ ഇരമ്പി ആര്‍ത്തു വരുന്ന നിമിഷത്തില്‍ അത് ചെയ്യാനുള്ള പ്രചോദനം എന്താവാം.ഉന്മാദം ബാധിച്ച മനസ്സ്. എന്ത് മായ ലോകം ആവാം അവന്‍റെ മുന്നില്‍ സൃഷ്ടിച്ചിട്ടുണ്ടാവുക?

എന്തായാലും ഒരു കാര്യം ഉറപ്പാണ്‌. മരണം ചുംബിക്കാനായി പാഞ്ഞു
അടുക്കുമ്പോഴും അവന്‍ സന്തോഷവാന്‍ ആയിരുന്നു… .

പ്രധാന പാതയില്‍ നിന്നും ഒഴിഞ്ഞു മാറി ഒരിടത്താണ് മുരളി ചേട്ടന്‍
കണ്ടു പിടിച്ച വീട്. ശാന്തമായ ഒരു പ്രദേശം തൊട്ടു പിറകു വശത്തായിരുന്നു കൃഷ്ണന്റെ വീട്. ഓടിട്ട ഒരു ചെറിയ
കെട്ടിടം. അതിനോട് അടുത്ത് തന്നെ ഒരു കുഞ്ഞു വിറകു പുര. മഴവെള്ളം അകത്തേക്ക് കയറാതിരിക്കാന്‍ ഒരു വലിയ ഫ്ലെക്സ് ബോര്‍ഡ് കൊണ്ട് വിറകു പുര മറച്ചിരിക്കുന്നു. അടുത്തുള്ള ഏതോ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്‌ തയ്യാറാക്കിയ ഫ്ലെക്സ് ബോര്‍ഡ് ആണ്.ഉഗ്ര രൂപിണി ആയ ഭദ്ര കാളി തീക്ഷ്ണ നയനങ്ങളോടെ സിംഹത്തിന്‍റെ പുറത്തുഎഴുന്നെള്ളുന്ന ചിത്രം….

വിറകു പുരക്കു കാവല്‍ ആയി ഭദ്രകാളിയെ നിര്‍ത്തിയിരിക്കുന്നത്
കണ്ടപ്പോള്‍ ഉണ്ണിക്ക് ചിരി വന്നു. എന്ത് കൊണ്ടാണെന്ന് അറിയില്ല
സാക്ഷാല്‍ ഭദ്ര കാളിയുമായി ചുടല പറമ്പില്‍ വച്ച് തര്‍ക്കത്തില്‍
ഏര്‍പ്പെട്ട നാരാണത്തു ഭ്രാന്തന്റെ ഓര്‍മ്മകള്‍ അവന്റെ മനസ്സിലേക്ക്
ഓടിയെത്തി.

രാതി ..

യാത്രയുടെ നല്ല ക്ഷീണം ഉണ്ടായിരുന്നു.നേരത്തെ തന്നെ കഴിച്ചതിനു ശേഷം ഉറങ്ങാനായി കിടന്നു.ഒരു മണിക്കുറോളം കിടന്നിട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. കുറച്ചു നേരം കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പുതിയ വീട് ആയതിന്റെ ആവണം. ഈ പുതിയ സ്ഥലത്തെ ഉള്‍ക്കൊള്ളാന്‍ മനസ് തയ്യാര്‍ ആയിട്ടില്ലായിരിക്കും. ഇവിടവുമായി ഒക്കെ ഒന്ന് പൊരുത്തപ്പെട്ടു വരാന്‍ ഒന്ന് രണ്ടു ദിവസം പിടിക്കും. എങ്കിലേ ഉറക്കം ശരിയായി തുടങ്ങൂ.

അവൻ ഒരു ബുക്കെടുത്ത്‌ വായിക്കാന്‍ തുടങ്ങി. പത്തു പേജു
കഴിഞ്ഞപ്പോഴേക്കും കണ്ണുകള്‍ അടയാന്‍ തുടങ്ങി..

എത്ര നേരം കഴിഞ്ഞു എന്നറിയില്ല. എവിടെ നിന്നോ ഒരു കൂവലും
ബഹളവും ഒക്കെ കേട്ടത് പോലെ തോന്നി.

എഴുന്നേറ്റു കൃഷ്ണന്‍റെ വീടിനു നേരെയുള്ള ജനല്‍ തുറന്നു. ഇരുട്ട് മാത്രം നിറഞ്ഞു നില്‍ക്കുന്നു. പരിപൂര്‍ണ്ണ നിശബ്ദത.

കൃഷ്ണന്‍റെ കൂവല്‍ വീണ്ടും ഉയരുന്നു. തുടര്‍ന്ന് ഉച്ചത്തില്‍
എന്തൊക്കെയോ വിളിച്ചു പറയുന്നതിന്‍റെ ഒച്ചയും. ആരോടോ വഴക്ക്
കൂടുന്നത് മാതിരിയുള്ള സംഭാഷണം.

കുറച്ചു നേരത്തേക്ക് വീണ്ടും നിശബ്ദത നിറയുന്നു. കാറ്റ് വീശുന്ന ഒച്ച
മാത്രം.

ഇരുട്ടില്‍ നിന്നും വീണ്ടും കൂവലും ഒച്ചയും ഉയര്‍ന്നു..

കട്ടിലില്‍ വന്നു കിടന്നിട്ടു . പിന്നെയും കൂക്കല്‍ വിളികള്‍
പ്രതീക്ഷിച്ചു. പക്ഷേ ഉണ്ടായില്ല. ഉറങ്ങാന്‍ ശ്രമിച്ചിട്ടും പറ്റുന്നില്ല. ഇരുട്ടില്‍ നിന്നും വീണ്ടും കൂവലും ബഹളവും ഉയരുമോ എന്നുള്ള ഭയം മനസ്സിനെ ഗ്രസിച്ചു. ഒന്ന് കണ്ണടഞ്ഞപ്പോള്‍ പുലര്‍ച്ചെ ആയെന്നു തോന്നുന്നു.

പിറ്റേ ദിവസം പച്ചക്കറി കടക്കാരന്‍ സാമിയെ പരിചയപ്പെടാന്‍
കഴിഞ്ഞു. ആളുകള്‍ എല്ലാം ഒഴിഞ്ഞു അവര്‍ രണ്ടു പേരും ആയപ്പോള്‍
അവന്‍ ആ ചോദ്യം എറിഞ്ഞു..

“ഇന്നലെ രാത്രിയില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും കൂവലും ബഹളവും
ഒക്കെ കേട്ടല്ലോ.”

സാമി കൃഷ്ണനെയും ,കൃഷ്ണന്‍റെ ചരിത്രത്തെയും കുറിച്ച്
വാചാലനായി. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭോപ്പാലില്‍ യൂണിയന്‍
കാര്‍ബൈഡ് ഫാക്ടറിയില്‍ ആയിരുന്നു കൃഷ്ണറെ ജോലി.അവിടെ നടന്ന അപകടത്തിന്‍റെ പിറ്റേദിവസം അടുക്കി ഇട്ടിരിക്കുന്ന കുറെ മൃത
ശരീരങ്ങള്‍ക്ക് മുകളിലൂടെ അവനു നടക്കേണ്ടി വന്നു. ആ ഒരു സംഭവം
അവനെ ആകെ തകര്‍ത്തു കളഞ്ഞു. പക്ഷെ നാട്ടില്‍ വന്നപ്പോള്‍ അത്
കാരണം അവന്‍റെ മുറപ്പെണ്ണുമായി ഉറപ്പിച്ചിരുന്ന കല്യാണം
ഉപേക്ഷിക്കപ്പെട്ടു. ശരിക്കും ആ സംഭവം ആണ് അവനെ മാനസികമായി തകര്‍ത്തു കളഞ്ഞത്.

അവന്‍റെ മാമന്‍റെ മോളായിരുന്നു സുഭദ്ര. കൊച്ചുന്നാളിലെ അവനു
പറഞ്ഞു വച്ചിരുന്ന പെണ്ണ്.

എന്തൊക്കെ സ്വപ്നങ്ങള്‍ അവന്‍ കണ്ടിരിക്കണം. ആ ഒരു സ്വപ്നത്തിനു സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ വേണ്ടി ആയിരിക്കില്ലേ അവന്‍ ഇത്രയും ദൂരെ കഷ്ടപ്പെടാന്‍ വേണ്ടി പോയത്. ഓരോ ദിവസവും രാത്രി ജോലി കഴിഞ്ഞിട്ട് വരുമ്പോള്‍ അവനും കണ്ടിട്ടുണ്ടാകുമല്ലോ കുറെ സ്വപ്നങ്ങള്‍.കഷ്ടപ്പാടുകളെ ഒക്കെ മറക്കാന്‍ പ്രേരിപ്പിച്ച സ്വപ്നങ്ങള്‍.

ഒരു ദിവസം അതൊക്കെ വെറും സ്വപ്‌നങ്ങള്‍ മാത്രം ആയിരുന്നു
എന്നറിയുമ്പോള്‍ അവന്‍ ആകെ ആടി ഉലഞ്ഞിരിക്കണം.

ഉണ്ണി ചില ദിവസങ്ങളില്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍
കൃഷ്ണനെ കാണാറുണ്ട്.ചിലപ്പോ രാവിലെ ഏതെങ്കിലും വീട്ടുകാര്‍
എടുക്കാന്‍ മറന്നുപോയ പത്രം അവരുടെ വീടിന്‍റെ മുന്നില്‍ നിന്നു തന്നെ വായിക്കുന്നത് കാണാം. ചിലപ്പോ കുഴിമതിക്കാട് സ്കൂളിന്റെ മുന്നിലെ ആല്‍ത്തറയില്‍ കണ്ണുമടച്ചു ഗാഢമായി ചിന്തിച്ചു ഇരിക്കുന്നത്
കാണാം.

ചിലപ്പോ അവൻ ജോലി കഴിഞ്ഞു വരുമ്പോള്‍ എതിരെ നടന്നു
വരുന്നത് കാണാം. തല ചരിച്ചു അവന്റെ കണ്ണുകളിലേക്കു ഒന്ന്
നോക്കും. അത്ര തന്നെ. പിന്നെ യാതൊരു ഭാവഭേദവും ഇല്ലാതെ
നടന്നകലും .

ഉണ്ണി നാട്ടില്‍ വച്ച് രാവിലെ എണീറ്റ്‌ നടക്കാന്‍ പോകുന്ന ഒരു ശീലം
ഉണ്ടായിരുന്നു. ഇവിടെ വന്നപ്പോഴും അവൻ അത് മുടക്കിയില്ല.രാവിലെ
ഒരു അഞ്ചര മണിക്ക് എണീറ്റ്‌ പോകും. ആറര ആകുമ്പോഴേക്കും
തിരികെ വരും.

ഒരു ദിവസം തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി റോഡിന്‍റെ
അങ്ങേയറ്റത്ത്‌ രണ്ടു പട്ടികള്‍ കിടക്കുന്നത് അവന്റെ ശ്രദ്ധയില്‍
പെട്ടിരുന്നു. പക്ഷെ അത്ര ഗൌനിച്ചില്ല. പക്ഷെ അടുത്ത് എത്തിയപ്പോള്‍
അവൻ അറിയാതെ അതില്‍ ഒന്നിനെ ഒന്ന് നോക്കിപ്പോയി. ചിന്തിക്കാൻ
ഉള്ള സമയം കിട്ടിയില്ല. അതിനു മുന്‍പേ കൂട്ടത്തിലെ തടിമാടന്‍ അവന്റെ നേരെ കുറച്ചു കൊണ്ട് ചാടി വന്നു. ചങ്ക് ഒന്ന് കാളി.എടുത്തു എറിയാന്‍ അടുത്തൊരു കല്ല്‌ പോലും കാണുന്നില്ല.

എവിടെ നിന്നു എന്നറിയില്ല ,ഉറക്കെ അലറിക്കൊണ്ട്‌ കൃഷ്ണന്‍
അവന്റെ മുന്നിലേക്ക് എടുത്തു ചാടി ,ആ തടിമാടന്‍ പട്ടിക്കും ഉണ്ണിക്കും ഇടയില്‍ ഒരു മതില്‍ പോലെ നിന്നു. അവന്റെ നേരെ കുതിക്കാന്‍ തുടങ്ങിയ പട്ടി ഒന്ന് വിറച്ചു.കൃഷ്ണന്‍റെ ദേഷ്യം നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി.അതിന്‍റെ കണ്ണുകളിലേക്ക് ഒന്ന് കൂടി നോക്കി അലറി ഒരു ചീത്ത വാക്ക് പറഞ്ഞതിന് ശേഷം കൃഷ്ണന്‍ കാലുകള്‍ ഒന്ന് കൂടി തറയില്‍ അമര്‍ത്തി ചവിട്ടി. ശങ്ക നിറഞ്ഞ മുഖത്തോടെ അത് കൃഷ്ണന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നു. അതൊരു തീരുമാനം എടുക്കാനാവാതെ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു.ആദ്യം കുരച്ചു കൊണ്ട് ചീറി വന്നപ്പോള്‍ ഉണ്ടായിരുന്ന ശൌര്യം ഒക്കെ ഇപ്പോള്‍ ചോര്‍ന്നു പോയിരിക്കുന്നു.കൃഷ്ണന്‍ ഒരു തെറി വാക്ക് കൂടി ഉറക്കെ പറഞ്ഞുകൊണ്ട്,കാല്‍ ഒന്ന് കൂടി അമര്‍ത്തി ചവിട്ടി തറയില്‍ നിന്നും ഒരു കല്ല്‌ എടുക്കുന്നത് പോലെ ഭാവിച്ചതും, ശ്വാനന്‍ തിരിഞ്ഞു ഓടിയതും ഒരുമിച്ചായിരുന്നു…

ശ്വാസം നേരെ വീണു.

നന്ദി നിറഞ്ഞ മുഖത്തോടെ ഉണ്ണി കൃഷ്ണനെ ഒന്ന് നോക്കി.അവിടെ ഒരു ചെറു ചിരി പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി.ഉണ്ണിയുടെ മുഖത്തേക്ക് നോക്കി ചെറുതായി ഒന്ന് തല കുലുക്കിയതിന് ശേഷം കൃഷ്ണന്‍ സാവധാനം നടന്നു നീങ്ങി.

അന്നത്തെ ആ സംഭവത്തിന്‌ ശേഷം കൃഷ്ണനെ കാണുമ്പോള്‍ ഒക്കെ
ഉണ്ണിയുടെ മുഖത്ത് പരിചയ ഭാവത്തോടെയുള്ള ഒരു ചിരി
വരാറുണ്ട്. പക്ഷേ കൂടുതല്‍ സമയങ്ങളിലും തല ചരിച്ചുള്ള ആ പഴയ
നോട്ടം തന്നെ ആവും കൃഷ്ണന്‍റെ പ്രതികരണം. അപൂര്‍വ്വം ചില
സന്ദര്‍ഭങ്ങളില്‍ ചെറിയ ഒരു ചിരി മുഖത്ത് വരുത്തും. അത്ര തന്നെ……
എന്നാലും പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ എന്തായിരുന്നു കാരണം.

ജീവിതം മടുത്തു,ഇനി വേണ്ട എന്ന തോന്നല്‍ വന്നതിന്‍റെ പ്രേരണ എന്തായിരുന്നു..

അവൻ നാട്ടിലേക്ക് പോകുന്ന ദിവസം രാവിലെ കൃഷ്ണനെ കണ്ടിരുന്നു. അന്ന് രാത്രി തന്നെ ആണ് മരണം നടന്നത്.

രാവിലെ ജോലിക്ക് പോകുമ്പോള്‍ ആണ് കൃഷ്ണനെ കണ്ടത്.റേഷന്‍
കടക്കാരന്‍ മോഹനന്‍ നായരുടെ വീടിനു മുന്നില്‍ നിന്നു പത്രം നോക്കുകയായിരുന്നു.സാധാരണ കാണുമ്പോള്‍ പത്രത്തില്‍ നിന്നും തല പൊക്കി ഒന്ന് നോക്കാറുണ്ട്. പക്ഷെ അന്ന് ആ പതിവ് ഉണ്ടായില്ല.

അന്നത്തെ ദിവസം അയാള്‍ പത്രത്തില്‍ നിന്നും തല ഉയര്ത്തിയതെയില്ല. മുഖം പത്രത്തിലേക്ക് തന്നെ കുമ്പിട്ടു കിടന്നു. അയാളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു നിര്‍ത്തുന്ന വിധത്തില്‍ എന്താണ് എന്നറിയാനുള്ള കൗതുകത്തോടെ ഉണ്ണി പത്രത്തിലേക്ക് നോക്കി.

നിര്യാതരായവര്‍ക്ക് വേണ്ടിയുള്ള പേജ് ആണ് എന്ന് മാത്രം മനസിലായി…

കുറച്ചു മുന്നോട്ടു നടന്നതിനു ശേഷം അവൻ ഒന്ന് തിരിഞ്ഞു
നോക്കി.കൃഷ്ണന്‍റെ കണ്ണുകള്‍ അപ്പോഴും പത്രത്തില്‍ തന്നെ
ആയിരുന്നു. ഇത്തവണ ആ കണ്ണുകള്‍ ഒന്ന് നനഞ്ഞിരിക്കുന്നത് പോലെ
അവനു തോന്നി.

ശരിക്കും ആ കണ്ണുകള്‍ നനഞ്ഞിരുന്നുവോ. അതോ അതെന്‍റെ ഒരു തോന്നല്‍ മാത്രം ആയിരുന്നോ.പക്ഷെ അവസാനത്തെ കാഴ്ച ആയിരിക്കുമെന്ന് ഒരിക്കലും കരുതിയതേയില്ല …….

ഉണ്ണി ഇപ്പോൾ അവന്റെ മുറിയിലാണ്. സമയം പതിനൊന്നു മണി
കഴിഞ്ഞിരിക്കുന്നു. ഇനി മുതല്‍ ഉറക്കത്തിനു വിഘ്നം ആയി ഇരുട്ടില്‍
നിന്നും കൂവലും ബഹളവും ഒന്നും വരില്ലലോ. ഇരുട്ടിനെ കീറി മുറിച്ചു
കൊണ്ട് വരുന്ന ആ നിലവിളികള്‍ ആദ്യം മാത്രം ആയിരുന്നു ഒരു ശല്യം ആയി തോന്നിയത്. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ ശബ്ദം കേള്‍ക്കാത്ത രാത്രികളെ പറ്റി ആയിരുന്നല്ലോ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ചിന്തിച്ചിരുന്നത്.

ഒക്കെ ഇനി ഓര്‍മ്മകള്‍ മാത്രം..

പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു തോന്നല്‍. അന്നത്തെ പത്രം ഒന്ന്
നോക്കിയാലോ.അവൻ നാട്ടിലേക്ക് പോയ ദിവസത്തെ പത്രം അവിടെ
കിടപ്പുണ്ടായിരുന്നു. നിര്യാതരായവര്‍ എന്നുള്ള പേജായിരുന്നല്ലോ അന്ന്
കൃഷ്ണന്‍ വായിച്ചു കൊണ്ടിരുന്നത്.

ഒരു തവണ നോക്കി ഒന്നും കണ്ടില്ല.തിരിച്ചു വയ്ക്കാന്‍ നോക്കുമ്പോള്‍ മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു പേരില്‍ ചെന്ന് കണ്ണ് ഉടക്കി നിന്നു.

സുഭദ്ര.

കരീപ്ര ആണ് സ്ഥലം കാണിച്ചിരിക്കുന്നത്.ഇവിടെ അടുത്ത് എവിടെയോ
ആണ് കരീപ്ര. ഈ സുഭദ്ര തന്നെ ആയിരുന്നോ കൃഷ്ണന്‍റെ വധു
ആകേണ്ടിയിരുന്നവള്‍?

അവന്‍റെ മുറപ്പെണ്ണ്‍..ഇത് കണ്ടിട്ടുണ്ടാവുമോ കൃഷ്ണന്‍റെ കണ്ണുകള്‍ അന്ന് ഈറനണിഞ്ഞത്….?

ഫോട്ടോ എടുത്തു അപ്പോള്‍ തന്നെ സാമിക്ക് അയച്ചു
കൊടുത്തു. അതെ തോന്നൽ ശരിയായിരുന്നു. സുഭദ്രയെ കരീപ്രയിലെക്ക്
ആയിരുന്നു കല്യാണം കഴിപ്പിച്ചു അയച്ചിരുന്നത്. ഇത് കൃഷ്ണന്‍റെ സുഭദ്ര തന്നെയാണ്.സാമി ഉറപ്പു പറഞ്ഞു.

മനസ്സ് ശൂന്യമായതു പോലെയുള്ള തോന്നല്‍. ഉണ്ണി ഉറങ്ങാന്‍
കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്നു കൂവലും ബഹളവും
ഉയരുന്നത് പോലെ തോന്നി. അതൊരു തോന്നല്‍ മാത്രം ആവരുതെ,സത്യം ആവണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അവൻ വീണ്ടും ഉറങ്ങാന്‍ കിടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here