സ്വന്തം ആകാശം

 

 

 

 

കല്ലടിക്കോടൻ മലമുകളിലൂടെ വെള്ളിമേഘങ്ങൾ

സാന്ദ്രമായൊഴുകുമ്പോൾ ഓർക്കാറുണ്ടാ യക്ഷനെ

കാളിദാസന്റെ മേഘസന്ദേശത്തിലെ

പ്രണയപരവശനായ വിരഹാർത്തനായ യക്ഷനെ

വെള്ളിമേഘങ്ങൾ പ്രണയത്തിലേക്കും

പിന്നെ വിരഹത്തിലേക്കും വഴികാട്ടികളാകുന്നു

ജീവിതത്തിന്റെ തത്രപ്പാടിൽ വർഷങ്ങളോളം

ആകാശം കാണാത്തവരുണ്ട്

മേഘങ്ങളെ കാണാത്തവരുണ്ട്

ഞാനും അങ്ങിനെ എന്നോ ഒരിക്കൽ

അവിചാരിതമായി മധ്യാഹ്നചൂടിൽ

ഓഫീസ് വിട്ടിറങ്ങിയപ്പോൾ അറിയാതെ ആകാശത്തിൽ

കണ്ണുകളുടക്കിയിരുന്നു അന്ന്,

മേഘങ്ങളില്ലാതെ പരന്ന

നീലാകാശമായിരുന്നു

അബോധതലത്തിൽ വെള്ളിമേഘങ്ങൾ

പാറിനടന്നിരുന്നു.

സ്വന്തം ആകാശം അതൊരു പ്രഹേളികയാണ്

ആകാശം നഷ്ടമാവുമ്പോൾ വെള്ളിമേഘങ്ങളും

മാഞ്ഞുപോകുന്നു

സ്വപ്നങ്ങളിൽ വെള്ളിമേഘങ്ങൾ

പാറിനടക്കുമെങ്കിലും മേഘങ്ങളില്ലാതെ

പരന്നുകിടക്കുന്ന നീലാകാശത്തെ കാണിച്ചു

ആശകളുടെ അന്യാദൃശമായ തുരുത്തുകളിലേക്ക്

യാഥാർഥ്യം മനസ്സിനെ പായിക്കുന്നു

സ്വന്തം ആകാശം അതൊരു പ്രഹേളികയെങ്കിലും

വെള്ളിമേഘങ്ങളാൽ അലംകൃതമായി

സ്വപ്നങ്ങളിൽ അന്യൂനമായി

അത് പൂത്തുനിൽക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here