പ്രധാന വാതിലിനു പുറത്തിട്ട
ചവിട്ട് പായയിൽ,
എഴുതിയിരിക്കുന്നത്
സ്വാഗതം എന്നാണ്.
ഹൃദയംകൊണ്ട് പറയാൻ
പലരും മടിക്കുന്ന
വേദനയനുഭവിക്കുന്ന വാക്ക്.
അനിഷ്ടമായ വരവിന്
കൃതിമച്ചിരിയൊരുക്കുന്നവർ.
വരുന്നവരൊക്കെ
സ്വാഗതത്തെ ചവിട്ടിമെതിച്ച്
കാലിൽ പുരണ്ട അഴുക്കുകൾ
അതിൻമേൽ അഴിച്ചു വെക്കുന്നു.
ആത്മാർത്ഥമല്ലാത്ത
ആശംസയായി തറയിൽ കിടന്ന്
സ്വാഗതം ഞെരിഞ്ഞമരുന്നു.