ഒരു ടാഗോർ ഓർമ സുസ്മേഷ് ചന്ദ്രോത്ത്

31913986_1322380191239352_4579826848673824768_n
മഹാകവി രവീന്ദ്രനാഥാ ടാഗോറിനെക്കുറിച്ച് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

‘കാബൂളിവാല കഥ പണ്ടെന്നോ വായിച്ചതാണ്. അതിലെ മിനിയും അഫ്ഗാനിസ്ഥാനില്‍നിന്നും വരുന്ന കാബൂളിവാലയും മനസ്സിലെവിടെയോ അവ്യക്തമായി ഉണ്ടായിരുന്നു. ഇന്നലെ, അരുണാവ സിന്‍ഹ തര്‍ജ്ജമ ചെയ്ത കാബൂളിവാല വായിച്ചു. ടാഗോറിന്റെ രചനാകൗശലത്തിന്റെയും ഭാഷയുടേയും ശക്തി വീണ്ടും അനുഭവിച്ചു. ബംഗാളി ചെറുകഥാലോകത്തിന്റെ ഒരു പരിച്ഛേദം തേടിപ്പോയപ്പോഴാണ് കാബൂളിവാല കണ്ണില്‍ത്തടഞ്ഞത്. വൈകുന്നേരം ഗരിയാഹട്ട് മാര്‍ക്കറ്റില്‍ പോയപ്പോള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചില്ലിട്ട ടാഗോറുകളെ കണ്ടു. ചുമരിലും മേശപ്പുറത്തുമായി ഏതാനും ടാഗോറുകള്‍ എനിക്കുമുണ്ടെങ്കിലും ഒന്നിന് ഞാന്‍ വില ചോദിച്ചു. മുന്നൂറ് രൂപ. ഫോട്ടോകള്‍ ചില്ലിട്ടു കൊടുക്കുന്ന ബംഗാളിലെ ഏതു കടയിലും ടാഗോറും കാണും. വാങ്ങാനും ആളുണ്ട്.
ഇന്ന് പത്രം വായിക്കുമ്പോള്‍ വീണ്ടും ടാഗോര്‍ വാര്‍ത്തയില്‍. ഇന്ത്യയില്‍ പ്രധാനമന്ത്രി ചാന്‍സലറായിട്ടുള്ള ഒരേയൊരു സര്‍വ്വകലാശാലയാണ് രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി. വിശ്വഭാരതിയില്‍ നടക്കാറുള്ള ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത അവസാനത്തെ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആണ്. 1975 ലോ 76 ലോ ആണിത്. അന്നും അദ്ദേഹം അതിഥിയായി ഇരുന്നതേയുള്ളൂ. ബിരുദപത്രം സമര്‍പ്പിച്ചത് ചാന്‍സലറാണ്. അതിനുശേഷം ഇതാദ്യമായി ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ബംഗ്ലാദേശ് പ്രധാനമന്ത്രിക്കും ഒപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിശ്വഭാരതിയിലെ ബിരുദദാനച്ചടങ്ങില്‍ വേദിയിലിരിക്കും. നീണ്ടകാലത്തിനുശേഷം ഒരു മുഖ്യമന്ത്രി ശാന്തിനികേതനിലെത്തുന്നു. ടാഗോര്‍ മനസ്സില്‍ കണ്ടതിന് വിരുദ്ധമല്ലേ കക്ഷിരാഷ്ട്രീയക്കാരുടെ രംഗപ്രവേശം ? കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി അവിടെ മുടങ്ങിക്കിടന്ന ബിരുദദാനമാണ് ഇന്ന് നടക്കുന്നതെന്നുകൂടി ഓര്‍ക്കണം. ബംഗാളിലെ കുത്തഴിഞ്ഞുപോയ വിദ്യാഭ്യാസപ്രതാപത്തിന്റെ പെട്ടിയിലടിക്കുന്ന ഒരാണി കൂടി.
ശാന്തിനികേതനില്‍ പുതുതായി ആരംഭിക്കുന്ന ബംഗ്ലാദേശ് ഭവന്‍ ഇന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന ഉദ്ഘാടനം ചെയ്യും. ഇന്നലെ ഇവിടെ സന്ദര്‍ശിച്ച ബംഗ്ലാദേശിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി അസാദുസ്സമാന്‍ നൂര്‍ പറഞ്ഞതായി വാര്‍ത്തയിലുള്ളത്, ബംഗ്ലാദേശിനും ബംഗാളിനും ടാഗോറില്ലാത്ത ഒരു സാഹചര്യത്തെ സങ്കല്‍പ്പിക്കാനാവില്ലെന്നാണ്.
അതെത്രയോ ശരിയാണ്. എന്നാലും പഴയ ശാന്തിനികേതനല്ല ഇന്നത്തെ ശാന്തിനികേതന്‍.
കുറച്ചുമാസങ്ങളായി ശാന്തിനികേതനില്‍ പോയിട്ട്.. ഇന്നിപ്പോള്‍ ഈ വാര്‍ത്ത വായിച്ചപ്പോള്‍ വൈകാതെ പോയി ബംഗ്ലാദേശ് ഭവന്‍ കാണണമെന്ന് തോന്നി.
ആരൊക്കെ വന്നാലും പോയാലും ടാഗോര്‍ ഇനിയും ദീര്‍ഘകാലം ജീവിക്കട്ടെ.’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here