സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്കറിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്കർ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. നടി പ്രിയങ്ക ചോപ്ര ഗായകൻ നിക് ജോനാസ് എന്നിവർ ചേർന്നാണ് പട്ടിക പുറത്ത് വിട്ടത്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. ജനറൽ വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
ചുരുക്കപ്പട്ടികയിൽ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മത്സരത്തിൽ മുന്നിൽ നിൽക്കുന്നത്. ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങളും തൊട്ടുപിന്നാലെയുണ്ട്.
കോവിഡ് പ്രതിസന്ധി ഉള്ളതിനാൽ മത്സര ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ഏഞ്ജലീസിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. ഓൺലൈനായാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. അടുത്ത ഘട്ടത്തിൽ ഫെബ്രുവരി 28 മുതൽ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണമെന്നതായിരുന്നു നിബന്ധന. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷമാണ് 15-ന് ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിച്ചത്.