നടകവിവാദത്തിൽ ഉണ്ണി ആറിന് പിന്തുണയുമായി കഥാകൃത്തുക്കൾ രംഗത്ത്. ഉണ്ണി ആറിന്റെ കഥ അനുവാദമില്ലാതെ ഉപയോഗിച്ചത് ശരിയായില്ല എന്ന അഭിപ്രായാവുമായി പുതു കഥയിലെ പ്രശസ്ത എഴുത്തുകാരായ വി എം ദേവദാസും , എസ് ഹരീഷും രംഗത്തെത്തി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പുകളിലാണ് എഴുത്തുകാർ അഭിപ്രായം തുറന്നു പറഞ്ഞത്.
“കഥകളെ നാടകമാക്കുന്നതുമായി സംബന്ധിച്ചുള്ള അനുമതികളെക്കുറിച്ച് ചിലതു പറയാനുണ്ട്. എന്റെ ചില കഥകളെല്ലാം നാടകമായി അവതരിപ്പിക്കാറുണ്ടെന്നൊക്കെ അത് കണ്ടവരിൽ ചിലർ പറഞ്ഞാണ് അറിയാറുള്ളത്. എന്തുകൊണ്ടാണ് എഴുത്തുകാരനോട് അനുമതി ചോദിക്കാൻ തടസ്സമായി നിൽക്കുന്ന കാരണമെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാറില്ല. പഴയകാലമൊന്നുമല്ല, പത്രമാപ്പീസിലോ പ്രസാധനശാലയിലോ ലാന്റ്‌ഫോണിൽ വിളിച്ചു കാത്തിരുന്ന് എഴുത്തുകാരന്റെ വിലാസം തപ്പി കത്തെഴുതേണ്ട കാര്യമൊന്നുമില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. ഒരു സിമ്പിൾ സെർച്ചിൽ എന്നെ ബന്ധപ്പെടനുള്ള നമ്പറോ ഇമെയിൽ വിലാസമോ ഒക്കെ പൊങ്ങി വരും. അതിലൊരു വരി എഴുതി ചോദിക്കേണ്ട കാര്യമേയുള്ളൂ. ഞാനിങ്ങനെയുള്ളവയിൽ തടസ്സം പറയാറുമില്ല. അത് പോലും പലപ്പോഴും നടക്കാറില്ലെന്നതു കഷ്ടമാണ്. പല തവണയങ്ങനെ സംഭവിച്ചിട്ടുണ്ട്.” എന്നാണ് ദേവദാസ് ഇതിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്
സമാന അഭിപ്രായവുമായി മീശ നോവലിന്റെ രചയിതാവ് എസ് ഹരീഷും കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ചിരുന്നു. ഏഴുത്തുകാരന്റെ അനുവാദം വാങ്ങാതെ അയാളുടെ കൃതി ഉപയോഗപ്പെടുത്തുന്നതിനോടുള്ള വിയോജിപ്പാണ് ഇരുവരും തുറന്നു പറഞ്ഞത്.
എഴുത്തുകാരന്റെ അനുവാദമില്ലാതെ കഥ എടുത്തു നാടകം ആക്കിയത്തിൽ ഖേദിക്കുന്നെന്നു കഴിഞ്ഞ ദിവസം വിവാദ നാടകത്തിന്റെ സംവിധായകൻ റഫീഖ് അഭിപ്രായപ്പെട്ടിരുന്നു.