സുനിൽ പി ഇളയിടത്തിന് നേരെ നടന്ന ആക്രമണം സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കോളിളക്കം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി എഴുത്തുകാർ ഇളയിടത്തിന് പിന്തുണയുമായി എത്തി. വ്യത്യസ്ത ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ തടയാൻ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് അവർ എല്ലാം ഒരേ ശബ്ദത്തിൽ പറഞ്ഞത്. സുനിൽ പി ഇളയിടത്തിന് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ചു കവിയായ കെ ജി ശങ്കരപ്പിള്ള പങ്കുവെച്ച കുറിപ്പ് വായിക്കാം.
കരുതിയിരിക്കുക. വാക്കുകളിൽ അർത്ഥത്തിന്റെ വലിയ അട്ടിമറി സംഭവിക്കുന്നു. നീചാർത്ഥങ്ങളും ഭീകരാർത്ഥങ്ങളും പെരുകുന്നു. വിശ്വാസി എന്നാൽ അജ്ഞൻ, അധമൻ, ചിന്താശൂന്യൻ, ഭ്രാന്തൻ, ക്രുദ്ധൻ, അക്രമി, തെമ്മാടി, സംസ്കാരശൂന്യൻ, ഭാവിവിരുദ്ധൻ, സംസ്കാരാന്തകൻ, എന്നെല്ലാമായിരിക്കുന്നു പുതിയ അർത്ഥങ്ങൾ. പശു എന്നാൽ പുലി. ആശ്രമം എന്നാൽ പീഡനശാല. ജനാധിപത്യം എന്നാൽ ഫാഷിസം. മതം എന്നാൽ വർഗ്ഗീയത. തലയ്ക്ക് വെച്ചിരുന്ന കൈ വിഷപ്പാമ്പായി കൊത്താനുയരുന്ന പോലെ. സംസ്കാരത്തിന്റെ അന്ത്യം ആസന്നമായിരിക്കുന്നത് പോലെ. മുറ്റത്തെ മൌനത്തിൽ പുലിയുടെ കാൽപ്പാട് . കാറ്റിൽ ചോര നാറുന്നു. ഭീഷണി വിതച്ച് ഭയം കൊയ്യാൻ തെളിമയുടെ ഒരുപ്പൂ ഇരുപ്പൂ മുപ്പൂ വയലെല്ലാം ഉഴുത് മറിക്കുന്നു. അർത്ഥവ്യവസ്ഥയിലെ അട്ടിമറിയുടെ ഉന്നം , വിനിമയവ്യവസ്ഥയുടെ കലക്കലും മൂല്യവ്യവസ്ഥയുടെ തകർക്കലും ജനങ്ങളെ ഭിന്നിപ്പിക്കലും അധികാരവിമർശനവും പ്രതിരോധവും എതിർശബ്ദവും ഇല്ലാതാക്കലും വഴി ഫാഷിസത്തെ വാഴിക്കൽ. മൂരാച്ചിയായിരിക്കുന്നതിൽ അഭിമാനിക്കുന്നവരുടെ വരവുണ്ട്. മൌഢ്യം പുലമ്പാൻ നാണമില്ലത്ത മാമൂലികൾക്ക് ആൾക്കൂട്ടമാവാൻ കഴിയുന്നുണ്ട്.
സുനിൽ പി ഇളയിടത്തിന്റെ വാതിലിൽ ഇന്നലെ ദംഷ്ട്ര പതിഞ്ഞു കണ്ടു. ഇരിപ്പിടത്തിനു് ചോട്ടിൽ മൂർഖനെ കണ്ടു. വഴിയിൽ മുള്ള് വിതറിയിരിക്കുന്നത് കണ്ടു. മുന്നിൽ അരൂപികൾ വലിച്ച് കെട്ടുന്ന ഇരുട്ടുമറ കണ്ടു. ഭീഷണിയാണു്. ജനാധിപത്യ- പ്രതിരോധത്തിലെ പ്രബുദ്ധസ്വരവും അതിലെ മനുഷ്യത്വത്തിന്റെ ഉത്തേജകമായ സൌമ്യസംഗീതവും ഇല്ലാതാക്കാനാണു്. വെളിവിന്റെ ധൈര്യം കെടുത്താനാണു.
നീതിയുടെ ആശയത്തെ നീതിയുടെ ആശയങ്ങൾ കൊണ്ട് സംരക്ഷിക്കണം. സ്നേഹം കൊണ്ടും. സുനിൽ തനിച്ചല്ല. ഒപ്പമുണ്ട്, നേരും നെറിയും സ്നേഹവും മലിനമാകാത്ത വിശ്വാസവും ലോകവും ഭാവിയും.