തന്നതൊക്കെ തന്നതൊക്കെ
പറയാതെ പറയാതെ
ഒരു ഹിരണ്മയപാത്രത്തിൽ!
കാറ്റ് ആരും കാണാതെ
വേഗം നൽകിയില്ലേ,
ആരും അറിയാതെ
മേഘം കരിനീലിമ.
വിശുദ്ധസ്നാനം
മഴ നൽകിയില്ലേ.
നിലാവ്
നല്ലോരു കുളിർമ.
സ്ത്രീ നല്ലോരു
ദാഹം.
മധുരക്കനി മോഹിച്ച
പാപങ്ങളിലും
മരക്കുരിശ്
ശരണാഗതിയായില്ലേ..
കാകോളക്കോപ്പ
അറിവുകേടിന്റെ
കറ പറ്റിയ ചുണ്ടിലും തേച്ചുതന്നില്ലേ
അമർത്യതയുടെ ശോണിമ.
വെടിയുണ്ട പുരുഷന്റെ ഹൃത്തിൽ
ജപാജപം മുഴക്കിയില്ലേ.
കണ്ണാടിപ്രതിഷ്ഠ അവന്
സച്ചിദാനന്ദമേകിയില്ലേ
ആത്‌മാവിനണിയാനുള്ള
ഒരു കുമ്പിൾ വെണ്ണീർ തന്നില്ലേ
ചുടലത്തീ.
വെള്ളിക്കീറായി പൊട്ടിപ്പടർന്ന മൗനം
പുനർജനിയുടെ മുറിയുന്ന ഇടവേളകളിൽ
ഹൃദയത്തിന് തീവ്രസ്പന്ദനങ്ങൾ നൽകി…….!
തന്നെത്താനറിയാതെ
വേണ്ടാത്തതൊക്കെ എന്തിനറിഞ്ഞു!
വിസ്മയത്തിൻറെ പശ്ചാത്താപത്തിന്റെ പുളകക്കൂറിൽ
ഒരു നിമിഷം അവൻ ഓർത്തു :
കിട്ടിയതൊക്കെ കിട്ടിയതൊക്കെ
ഇരക്കാതെ ഇരക്കാതെ
ഒരു അക്ഷയഭിക്ഷാപാത്രത്തിൽ!
വിപരീതലിംഗത്തിൽ ചുരുക്കേണ്ട
വെറുമൊരു പുമാനല്ല ഞാൻ.
അസ്തിത്വം വിരാട്പുരുഷമയം!
ഞാൻ വിരാട്പുരുഷൻ.
Click this button or press Ctrl+G to toggle between Malayalam and English