ജീവിതവാരിധി

മേഘത്തുടിപ്പുകൾ തൻ അകമ്പടിമേളമോടൊരു ദിനം
മൗനം വിട ചൊല്ലിടും തണുത്തക്കാറ്റിൻ ഊഞ്ഞാലിലേറിടും
നീങ്ങുന്നു പര്യടനമെത്തിടുമാ സേന സൂര്യക്കനൽക്കവാടത്തിൽ
നനഞ്ഞു കുതിർന്നൊരു കരിമുകിലുരുകാതെയുള്ളിൽ
മഴപ്പൂക്കൾ കോർത്തൊരുക്കും ജഗത് മാല്യമീ പകലിൽ
മനസ്സിൻ മഞ്ചത്തിൽ മൃദു സ്പർശമായി മെല്ലെയെത്തിടും
മീട്ടുന്നു മോഹത്തംബുരു വിരിയുന്നു ശ്രുതികിരണങ്ങൾ
മിന്നും മുത്തുകൾ പോലാ വർഷരശ്മികൾ കുലുങ്ങിച്ചിരിച്ചു
നിറഞ്ഞൊഴുകും നേർത്ത തൂലികയിലാനന്ദത്തെളിച്ചം
നീളുന്നു താഴെയകലെ ഭൂവാശ്രമത്തിലേയ്ക്ക് ഭക്തി പുരസ്സരം
തിരനുരകൾ പതഞ്ഞു പെയ്തലിയുന്നു മണ്ണിൻ വനിയിൽ
തേൻമുള്ളുകളാൽ പോറലുകളേല്ക്കാതെ കുഞ്ഞിക്കിളികൾ
മാന്ത്രികപ്പൊടിക്കൂട്ടുമായി വർണ്ണം വിതറും പച്ചക്കൊടികൾ
മയക്കത്തിലാർന്നിതാ ജ്വാലാമുഖിയും ജന്മതീരമണയുന്നു
വാനവദനത്തിൽ ഉദയാസ്തമനം പോൽ ആയുഷ്ക്കാലവും
വിഷമവേദനകൾ തൻ വിളികൾ കേട്ടുണരും ഹൃദയചഞ്ചലത
മഞ്ചാടികൾ പെറുക്കുന്നതു പോലെണ്ണാൻ കഴിഞ്ഞിടാതെ
മറയാതെ നിൽപ്പൂ മാനമുടി ചൂടുമീ കറുത്തമൊട്ടുകൾ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here