അസ്തമയം

തിരമാലകളിൽ കാൽ നനച്ചു കൊണ്ട് അസ്തമയസൂര്യനെ നോക്കി അവൾ പറഞ്ഞു, “നമ്മളൊരുമിച്ച് ഇവിടെ വീണ്ടും വന്നു നിൽക്കാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. നേരം വൈകി. പോട്ടെ? ഇനിയെന്നെങ്കിലും കാണാം.” ഞങ്ങളോട് യാത്ര പറഞ്ഞ് അവൾ കോഴിക്കോട് ബീച്ചിലെ ആൾക്കൂട്ടത്തിലേയ്ക്ക് പതിയെ നടന്നു മറഞ്ഞു. ‘ഇനിയെന്നെങ്കിലും’? എന്ന് വെച്ചാൽ എത്ര നാൾ? അന്ന് കാണുമ്പോൾ തന്നെ ഞങ്ങളുടെ ഇടയ്ക്ക് വർഷങ്ങളുടെ ദൂരമുണ്ടായിരുന്നു. ഇനിയെന്ന്? ആ കണക്കെനിക്കോ അവൾക്കോ കൂട്ടാൻ അറിയില്ല. എത്ര നോക്കിയാലും അത് തെറ്റുകയേ ഉളളൂ.

എത്ര നിറങ്ങളിലാണ് പണ്ട് അവൾ സ്വപ്‌നങ്ങൾ വരച്ചിട്ടിരുന്നത്! മറ്റൊരു ദേശത്തു നിന്ന് വന്നു കൂടെക്കൂടിയവളാണ്. ജീവിതം എങ്ങനെയാവണം, എന്തൊക്കെ നേടണം എന്ന് ധാരണ ഉണ്ടായിരുന്നൊരുവൾ. മലയാളം പഠിച്ചത് ഞങ്ങൾ കൂട്ടുകാരിൽ നിന്നാണ്. പരിപാടികളുടെ അവതാരകയാവാനും മോഡലിങ്ങ് ചെയ്യാനും വലിയ ഇഷ്ടം. മലയാളത്തിലെ ഒരു വനിതാമാസികയ്ക്ക് വേണ്ടിയവൾ മോഡൽ ആയിട്ടുണ്ട്. ഏതാൾക്കൂട്ടത്തിൽ നിന്നാലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഐഐഎമ്മിൽ നിന്ന് എംബിഎ എടുക്കണം എന്നത് അവളുടെ ആഗ്രഹവും നിശ്ചയവുമായിരുന്നു. അതിനുള്ള കഴിവും ഉണ്ടായിരുന്നു. നല്ല ചേർച്ചയുള്ള ഒരു പ്രണയവുമുണ്ടായിരുന്നു അവൾക്കൊപ്പം.

എന്തിനും ഏതിനും ഒരുപാട് നിയന്ത്രണങ്ങൾ മാത്രം വയ്ക്കാനറിയാമായിരുന്ന യാഥാസ്ഥിതികരായ വീട്ടുകാരോട് എല്ലാം പതിയെ സംസാരിച്ചു ശരിയാക്കാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അവളുടെ കൈമുതൽ.

വീട്ടിലെ നിയന്ത്രണങ്ങൾ കൂടിക്കൂടി വന്നു. ആണുങ്ങളുള്ള ഒത്തുചേരലുകളെല്ലാം, വിനോദയാത്ര ഉൾപ്പെടെയെല്ലാം അവൾക്ക് നിരോധിതമായി. പ്രണയിക്കാൻ ഉണ്ടായിരുന്ന ധൈര്യമാണ് ആദ്യം അവൾക്ക് നഷ്ടപ്പെട്ടത്. അതിൽ നിന്നവൾ തിരിഞ്ഞു നടന്നു. അവളുടെ കുടുംബക്കാരെ അവളോളം നന്നായി വേറെ ആർക്കറിയാൻ!

ഉന്നതവിദ്യാഭ്യാസവും നല്ലൊരു ജോലിയും അതോടെ മാറിയേക്കാവുന്ന അവളുടെ ലോകവും അപ്പോഴും അവളുടെ നേരിയൊരു പ്രതീക്ഷയായിരുന്നു.

പെട്ടെന്നൊരുനാൾ അവളെ കാണാതായപ്പോൾ അന്വേഷിച്ചു. പരീക്ഷയോടടുപ്പിച്ചായിരുന്നു അത്. വിവാഹ നിശ്ചയമായിരുന്നു പോലും. ഞങ്ങൾക്കൊന്നും അതുൾക്കൊള്ളാൻ ആയില്ല. അവൾക്ക് അപ്പോഴും ശുഭപ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഈ ബഹളങ്ങൾക്കിടയ്ക്ക് ഐഐഎമ്മിലേയ്ക്കുള്ള എൻട്രൻസ് പരീക്ഷയും വെറുതെ പോയി എഴുതിയിട്ടു വന്നു അവൾ. കല്യാണത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ പഠിക്കാൻ എവിടെ സമയം! ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ നല്ല സ്കോർ. ഐഐഎമ്മിലേയ്ക്കോ അതിനടുത്ത റേറ്റിംഗ് ഉള്ള കോളേജിലേയ്ക്കോ ഉള്ള ഇന്റർവ്യൂ കോൾ കിട്ടാവുന്ന സ്കോർ. അപ്പോഴും അവൾക്ക് ആത്മവിശ്വാസമുണ്ട്. “എനിക്ക് തോന്നുന്നു അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമെന്ന്. ഇത്ര സ്കോറൊക്കെ ഉണ്ടെന്ന് കാണുമ്പോൾ അവർക്ക് എന്റെ ആഗ്രഹം മനസ്സിലാവുമായിരിക്കും.” മനസ്സിലാവുമായിരിക്കും. ആവട്ടെ. അവളുടെ വലിയൊരു സ്വപ്നമാണത്.

കോളേജ് അഡ്മിഷന്റെ സമയമാവാറായി. അവളുടെ കാര്യങ്ങളറിയാൻ വിളിച്ചു. “ഇല്ല സീത. അവിടുത്തെ അമ്മ പറഞ്ഞു, ആ കുടുംബത്തിലെ പെണ്ണുങ്ങൾ പുറത്തു പോയി പഠിക്കാറില്ലെന്ന്.” ഇത്ര നിർവികാരമായി മറ്റാരുടെയോ കാര്യമെന്ന പോലെ അവൾ എങ്ങനെയതു പറഞ്ഞൊപ്പിച്ചു എന്നറിയില്ല.

ആ കല്യാണത്തിന് പോയില്ല.

എല്ലാ രീതിയ്ക്കും ഒരു പറിച്ചുനടൽ ആയിരുന്നു അവൾക്കത്. മറ്റൊരു ദേശത്തേയ്ക്ക് താമസം മാറി. അവരുടെ പരമ്പരാഗത രീതികൾക്കനുസരിച്ച് അവളുടെ പേര് മാറ്റി. പഴയ പേരിനൊപ്പം പഴയ അവളുടെ അടയാളങ്ങളെല്ലാം ഏതോ ഇരുട്ടുങ്കൂട്ടിൽ ഉപേക്ഷിക്കപ്പെട്ടു.

അവളുടെ പേര് മാറ്റം കാരണം അവളെ പിന്നീട് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. വളരെയധികം വായിച്ചിരുന്ന, ചുറ്റും നടക്കുന്ന സംഭവങ്ങളെ പറ്റി നല്ല അവഗാഹമുണ്ടായിരുന്ന, ക്ലാസ്സിൽ ഡിബേറ്റിന് പങ്കെടുത്തിരുന്ന, അവൾ ഇന്ന് അങ്ങനെയേയല്ല. ആരോഗ്യത്തിനും കാര്യമായ ചില പ്രശ്നങ്ങൾ.

വർഷങ്ങൾക്ക് ശേഷം ഞങ്ങൾ പഴയ സുഹൃത്തുക്കൾ കോഴിക്കോട് ഒത്തുകൂടി. അന്ന് വളരെ യാദൃശ്ചികമായി അവളും നഗരത്തിലെത്തി. ബീച്ചിന് അടുത്തുള്ള കഫെയിൽ ഇരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് അവൾ നടന്നു വന്നപ്പോൾ അത്രയും നാളുകൾക്കിപ്പുറം എന്റെ നാവിൽ പെട്ടെന്ന് വന്നത് “നീ അന്ന് അത്ര ചെറുപ്പത്തിലേ കല്യാണം കഴിച്ചു പോയത് എനിക്ക് തീരെ ഇഷ്ടായില്ല. വേണ്ടാന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്” എന്നായിരുന്നു. അവൾ ചിരിച്ചിട്ട് ചോദിച്ചു, “എന്നാൽ പിന്നെ എന്റെ വീട്ടുകാരോട് എന്തെങ്കിലും പറഞ്ഞ് ഇതെങ്ങനെയെങ്കിലും മുടക്കിക്കൂടായിരുന്നോ?” ഞങ്ങൾ അർത്ഥമില്ലാത്ത ചിരി കൈമാറി, കണ്ണിൽ നനവ് പടർന്നിരുന്നെങ്കിലും.

എല്ലാവരുടെയും പഠിപ്പിന്റെയും ജോലിയുടെയും വിശേഷങ്ങളായിരുന്നു അവൾക്കറിയേണ്ടത്. ഒന്നും പറയാൻ തോന്നിയില്ല. പക്ഷെ അവൾക്കറിയണമായിരുന്നു. അല്ലെങ്കിൽ, അത് മാത്രമേ അവൾക്ക് അറിയേണ്ടിയിരുന്നുള്ളൂ. ഓട്ടമത്സരത്തിൽ ആരൊക്കെയോ പിടിച്ചു വലിച്ചു താഴെയിട്ടതു കൊണ്ടു മാത്രം തോറ്റു പോയൊരാൾ ഒന്നാം സ്ഥാനക്കാരന് കിട്ടിയ സ്വീകരണത്തെപ്പറ്റി കൗതുകത്തോടെ ചോദിക്കുന്നത് പോലെ. ഈ രംഗം ഒന്നവസാനിപ്പിക്കാൻ ഞങ്ങൾ ബീച്ചിലേയ്ക്ക് നടന്നു.

നല്ല തിരക്കുണ്ട്. അവധിക്കാലമാണ്. ഐസ് ക്രീംകാരനും കപ്പലണ്ടിക്കാരനും മണി മുഴക്കിക്കൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്നു. കുറേ കുട്ടികൾ ആവേശത്തോടെ പട്ടം പറത്തുന്നു. അവരുടെ പ്രതീക്ഷകളും പേറി ആ പട്ടം പറന്നു കൊണ്ടേയിരുന്നു. പൊട്ടിപ്പോവില്ലെന്ന വിശ്വാസത്തോടെ, ആഗ്രഹത്തോടെ അവർ അതിന്റെ ചരട് കൈകളിൽ ഇറുക്കിപ്പിടിച്ചു, പട്ടത്തിനടുത്ത് വട്ടമിട്ടു പറന്ന പരുന്തിനെ ഇടയ്ക്കിടെ പാളി നോക്കിക്കൊണ്ട്.
പെട്ടെന്ന് കുട്ടികൾ ആർത്തുവിളിക്കുന്നത് കേട്ട് മുകളിലേയ്ക്ക് നോക്കി. ആ പരുന്ത് പട്ടത്തിന് തൊട്ടടുത്തുണ്ട്. ഒരു നിമിഷം. അതു പെട്ടെന്ന് മറ്റെന്തോ കണ്ട് എങ്ങോട്ടോ പറന്നു. കുട്ടികൾ ആശ്വാസത്തോടെ ചിരിച്ചു.

ഞങ്ങളെല്ലാവരുമൊരുമിച്ച് തിരമാലകളെ തൊട്ടു നിന്നു. ഒരിത്തിരി നേരം. അപ്പോഴേക്കും അവൾക്ക് പോകാൻ സമയമായി. എല്ലാവരോടും യാത്ര പറഞ്ഞ്, വീണ്ടുമൊരു അർത്ഥമില്ലാച്ചിരിയും തന്ന് പഴയ സ്വപ്‌നങ്ങളിലേയ്ക്ക് ഒന്ന് എത്തിനോക്കിയിട്ട് അവൾ മടങ്ങി. അവളെ പിടിച്ചു നിർത്താൻ പരാജയപ്പെട്ടിട്ടാവാം നനഞ്ഞ മണൽത്തരികൾ അവളുടെ കാലിൽ നിന്ന് താഴേക്ക് ഊർന്ന് വീണു കൊണ്ടിരുന്നു. ഇന്ന് സമയമില്ലാതോടുന്ന അവൾക്ക് ഒരല്പം സമയം അന്ന് ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ..

നീയിനി തിരിഞ്ഞു നോക്കണ്ട. നീ ഉപേക്ഷിച്ചു പോയ ആശകളുടെ പൊട്ടും പൊടിയും ഇവിടെയെമ്പാടും ചിതറിക്കിടപ്പുണ്ട്. ഇന്നിനിയിവിടെ പെയ്തിറങ്ങുന്ന നിലാവിൽ അവ ചിലപ്പോൾ മിന്നിത്തിളങ്ങും.
അതിനി നീ കാണണ്ട. നീയെന്നോ അടച്ചിട്ടു പോയ വാതിലുകൾ തുറന്ന് നിന്റെയിഷ്ടങ്ങളിലേയ്ക്കൊരു പിൻവിളിയുമായി ഞങ്ങളിനി വരാതിരിക്കാം. നിന്റെയാ നല്ല നാളുകളിലേയ്ക്ക് തുറക്കുന്ന എല്ലാ ജനാലകളും കൊട്ടിയടച്ചു കൊള്ളാം.
പൊയ്ക്കോളൂ.

പട്ടം പറത്തിയിരുന്ന കുട്ടികൾ ബഹളം വെച്ച് അരികിലൂടെ കടന്നു പോയി. അവരുടെയൊന്നും കയ്യിലാ പട്ടം കണ്ടില്ല. അതാ അത് അങ്ങ് മേലെ.. ഒരു പൊട്ടു പോലെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here