സുന്നി ഐക്യമെന്ന ആകാശ കുസുമം

she9ഗാലറിയിലിരുന്ന് സുന്നികളുടെ അനൈക്യത്തെ കുറ്റപ്പെടുത്തുന്നവര്‍ക്ക്, മുജാഹിദ് -ജമാഅത്തെ ഇസ്‌ലാമികള്‍ക്ക് എന്തുകൊണ്ട് യോജിച്ചുകൂടാ എന്നതിനെ കുറിച്ചും വാചാലരാകാം. ഒരേ ബ്രഷു കൊണ്ട് ഭാര്യക്കും ഭര്‍ത്താവിനും പല്ല് തേക്കാന്‍ കഴിയില്ലെന്നിരിക്കേ, അവര്‍ രണ്ടും രണ്ടാണ് എന്ന് നിത്യചൈതന്യ യതി പറഞ്ഞത് പോലെ, ഒരേ സ്റ്റേജില്‍ ഒരുമിച്ചിരിക്കാന്‍പോലും കഴിയാത്തവര്‍ക്കെങ്ങിനെയാണ് ഒന്നാകാന്‍ കഴിയുക ?

ഇന്ത്യയും ഇസ്രായേലും തമ്മില്‍ മിത്രങ്ങള്‍ ആകുമ്പോഴും സംഘിയേത് സംഘാവേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പരസ്പരം വിലയം ചെയ്യപ്പെട്ടു കിടക്കുമ്പോഴും സുന്നി ഐക്യം സാധ്യമാകുന്നില്ലെങ്കില്‍ ഏതായിരിക്കും ആ ‘സുന്നിസം’ ? എന്തായിരിക്കും അതിലെ നേതാക്കളുടെ ലഷ്യം? പാര്‍ലമെന്ററി മോഹമോ? ആത്മീയ ആചാര്യന്മാരായി വാഴ്ത്തപ്പെടാനുള്ള അമിതാഭിലാഷമോ ? അതോ, സ്റ്റേജുകളില്‍ കയറി വ്യക്തിഹത്യകളിലൂടെ പോലും ആദര്‍ശ പ്രഘോഷണം നടത്തി ഉപജീവനം നടത്തുന്ന യുവ പണ്ഡിതതരുടെ വാശിയോ ?

സംഘ ശത്രുക്കള്‍ നേരിട്ടും കമ്യുണിസ്റ്റ് ശത്രുക്കള്‍ ഒളിഞ്ഞിരുന്നും വിശ്രമരഹിത വേട്ട നടത്തുമ്പോള്‍ , അവരുടെ തോക്കുകളിലെ വെടിയുണ്ടകളും വടിവാളുകളുടെ ഇരമ്പലും ദലിത് ന്യുനപക്ഷങ്ങള്‍ക്ക് നേരെ മാത്രമാകുമ്പോള്‍, ഇതിനെതിരെയൊക്കെ പ്രതികരിക്കുന്നവരെയെങ്കിലും തീവ്രവാദികളാക്കാതിരിക്കുക , ബഹുമാനപ്പെട്ട സുന്നികളേ ! മാത്രമല്ല, പ്രതിരോധം തീര്‍ത്തതിന്റെ പേരില്‍ തീവ്രവാദ മുദ്ര കുത്തപ്പെട്ടവരേക്കാള്‍ മോശപ്പെട്ട പ്രവര്‍ത്തികളാണ്, പരസ്പരം പോരടിച്ച് ഭിന്നിപ്പുണ്ടാക്കിയവര്‍ ചെയ്തതെന്നായിരിക്കും നിഷ്പക്ഷരായ വിശ്വാസികളാല്‍ രചിക്കപ്പെടുന്ന ചരിത്രം വിളിച്ചു പറയുകയെന്നോര്‍ത്തിരിക്കുകയും ചെയ്യുക.

ഇഹലോകവുമായി മാത്രം ബന്ധപ്പെട്ട ന്യായാന്യായതകളിലോ സ്വത്ത് വിഹിതം വെക്കേണ്ടിവരുമെന്നതിലെ സ്വകാര്യ ദുഃഖങ്ങളിലോ തട്ടിത്തടഞ്ഞും ന്യു ജെന്‍ അനുയായികളുടെയും അരിവാള്‍ സുന്നി , ലീഗ് സുന്നികളുടെയും അസംതൃപ്തി കാരണം പറഞ്ഞും സഹോദരങ്ങളെ ഇനിയും ആബേലും കാബേലും ആക്കാതിരിക്കുക. നേതാക്കളില്‍ അന്തര്‍ലീനമായിരുന്ന വിയോജിപ്പുകളുടെ ഹിമകണികകളാണ് അണികള്‍ക്കിടയില്‍ രുപപ്പെട്ട ഹിമാലയ പര്‍വ്വമായി മാറിയതെന്ന് തിരിച്ചറിയാനും തിരുത്താനും നേതാക്കളാണ് മുന്നോട്ട് വരേണ്ടത്.

ക്ഷമയും സഹനവും , ഒരു അവയവത്തിന്റെ വേദന ശരീരത്തിന്റെ മൊത്തം വേദനയാണെന്നതും പഠിക്കാനും പഠിച്ചത് പാതിരാ വയളുകളിലൂടെ ഉപദേശിക്കാനും മാത്രമുള്ളതല്ല, പാലിക്കപ്പെടാനും
പ്രയോഗ വല്‍ക്കരിക്കപ്പെടാനും വരും തലമുറകളിലേക്കെങ്കിലും പകര്‍ന്നു നല്‍കപ്പെടാനും ഉള്ളതാണെന്ന തിരിച്ചറിവെങ്കിലുമില്ലാതെ എങ്ങിനെയാണ് പ്രബോധനം പോയിട്ട് , വ്യക്തി ജീവിതമെങ്കിലും സാധ്യമാവുക ഇസ്ലാമിക വീക്ഷണത്തില്‍ ?

സുന്നികളുടെ ഐക്യത്തിലൂടെ ലക്ഷ്യമിടുന്നതും സംഘടനാ ജ്വരം ബാധിച്ചിട്ടില്ലാത്തവര്‍ കാംക്ഷിക്കുന്നതും ഇതര മതസ്ഥര്‍ക്കെതിരെയുള്ള പ്രതിരോധം തീര്‍ക്കലോ, എന്തിനേറെ, സലഫി, ജമാഅത്തെ ഇസ്‌ലാമികള്‍ക്ക് നേരെയുള്ള ശക്തിപ്രകടനം പോലുമോ അല്ല. മറിച്ച്, സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ യഥാര്‍ഥ നിദര്‍ശകരാണെന്നെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതുപോലും സമുദായ സമുദ്ധരണത്തിനും സഹൃദയരായ ഇതര മതവിശ്വാസികള്‍ക്ക് പോലും ആകര്‍ഷണമനുഭവപ്പെടാനും കാരണമാകുമെന്നതാണ്.

ഇരു സുന്നികളും തമ്മിലുള്ള ലയനം നടന്നാലും ഇല്ലെങ്കിലും പള്ളികളും മദ്രസകളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ ശമ്പളം കൊടുക്കാനും, ചെലവിനേക്കാള്‍ കൂടുതല്‍ വരുമാന മാര്‍ഗമുള്ള സ്ഥാപനങ്ങളെങ്കിലും നിര്‍ബന്ധിത പിരിവുനടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനും പിരിവിനിറങ്ങുന്നവര്‍ർക്ക് ആകര്‍ഷകമായ കമ്മീഷന്‍ നല്‍കിക്കൊണ്ട് പിരിവിനെ ഒരു വന്‍ വ്യവസായമാക്കി മാറ്റാതിരിക്കാനും ദയവായി ശ്രദ്ധിക്കുക. ഇതര സംസ്ഥാന ഭിക്ഷാടകരാല്‍ മാത്രമല്ല , മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക തലത്തില്‍ നടക്കുന്ന അത്യാവശ്യമല്ലാത്ത പിരിവുകാരാലും പൊറുതി മുട്ടുന്നുണ്ട് അസംഘടിതരായ ജനങ്ങള്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English