സുനന്ദ വിരമിച്ച പിറ്റേന്ന് ഞാനെഴുതിയ ആംഗലകവിതയുടെ പരിഭാഷ)
സുനന്ദാ!
നമ്മളൊരിക്കലും കണ്ടിട്ടില്ല
രണ്ടപരിചിതരായിരുന്നു
നീയൊരു സുകുമാരഭാവഭംഗി
പൂക്കുമൊരാവേശപുഷ്പദീപ്തി
ടെലിവിഷന്‍ സ്ക്രീനിലെ പൂപ്രസാദം
നിന്‍റെ വിവാഹവിശേഷമായി
നീയെന്നറിവിലിരച്ചുകേറി
ചാനല്‍കള്‍ തോറും ജ്വലിച്ചുനിന്നു
കത്തിപ്പറക്കുമൊരുല്‍ക്കപോലെ
ഒരുസുകുമാരന്‍ നിന്‍റെ വരന്‍
രാഷ്ട്രീയനായകന്‍, അതസാദ്ധ്യമിശ്രം,
ഐക്യരാഷ്ട്രത്തിന്‍ തലപ്പിലെത്താന്‍
വെമ്പിയൊരാംഗലഭാഷാവാഗ്മി
എന്‍ ജന്മജില്ലതന്‍ പുത്രന്‍ ജനപ്രിയന്‍
ട്വിറ്ററില്‍ കൂജനപാടവത്താല്‍
പുലരിക്കിളികളെ തോല്‍പ്പിച്ചവന്‍
പിന്നെ ഞാന്‍ കണ്ടു നീ നിന്‍വരനെ
പിന്‍തുടരുന്ന വിശേഷമെല്ലാം
പാര്‍ട്ടികളില്‍ പൊതുവേദികളില്‍
അതിവേഗജീവിതവേളകളില്‍
നിന്റെ പ്രഭാപൂരമന്ദസ്മിതം
ഭര്‍തൃനിഴലിലെ വീഴ്ചകളെ
നീക്കി പ്രകാശമായ് കാത്തുനിന്നു
സുനന്ദാ!
ഇന്നു ഞാന്‍ ഞെട്ടിയിരുന്നുപോയി
നിന്‍റെ തിരോധാനവാര്‍ത്ത കേട്ട്
ഒരു മനോഹാരിണി പോയൊളിച്ചു
ശബ്ദായമാനമാമെന്‍റെ ലോകം
നിശ്ശബ്ദമാം ശോകഗേഹമായി
പോയി മറഞ്ഞത് നാരിയല്ല
രാഷ്ട്രീയനായകപത്നിയല്ല
സൗമ്യസുരഭിലരാഗഭംഗി
പ്രേമവായ്പിന്‍റെയപാരകാന്തി
സ്വപ്നങ്ങള്‍ പുല്‍കിയുടലെടുത്തോള്‍
സുനന്ദാ!
വായതോരാതെയവര്‍ ചിലക്കും
പുതിയപുതിയ കഥ രചിക്കും
നിന്‍റെ തിരോധാനവൃത്തമവര്‍
കീറിമുറിച്ച് ബഹളം വെക്കും
നിന്‍റെ ഭൂതത്തെയപഗ്രഥിക്കും
എന്തു നീ ചെയ്തു ചെയ്തില്ലയെന്ന്
തലപുണ്ണാക്കി കിംവദന്തികള്‍ക്ക്
ഒരുപാട് ഭക്ഷണം പാകം ചെയ്യും
ഡോക്ടര്‍മാര്‍ നിന്‍റെ മൃദുശരീരം
കുത്തിനുറുക്കിത്തിരഞ്ഞിടുമ്പോള്‍
പാറിപ്പറന്നോരു പൂമ്പാറ്റയാണുനീ
പുലര്‍കാലമഞ്ഞില്‍ വിടചൊല്ലിവീണ നീ
ശാന്തിയില്‍ നീയുറങ്ങൂ പ്രസാദമേ
പൊരിയുമെന്‍ ഹൃദയത്തില്‍ നിന്നും പറിച്ചോരു
ചുടുബാഷ്പം നിന്നില്‍ ഞാന്‍ തര്‍പ്പിക്കട്ടെ
ഒരപരിചിതന്‍റെ ഹൃദയപുഷ്പാഞ്ജലി
കരയുവാന്‍ മാത്രമല്ലെ നമുക്ക് വിധി
സ്വപ്നശരീരീകള്‍ വിരമിച്ചുപോകവെ