സുമംഗലയും ഞാനും

ബാലസാഹിത്യകാരിയായി അറിയപ്പെടുന്ന സുമംഗലയുമായി ബന്ധപ്പെട്ട ഒരു കുട്ടിക്കാല അനുഭവം വിവരിക്കുകയാണ് നോവലിസ്റ്റും കഥാകൃത്തുമായ വി എം ദേവദാസ്

എഴുത്തുകാരനും അദ്ധ്യാപകനുമായ കെ എസ് രതീഷ് സ്കൂളിലൊരു ലൈബ്രറിയൊരുക്കാനായി ‘നെയ്യാർ പുസ്തക ചലഞ്ച്’ എന്ന പേരിലൊരു സഹായാഭ്യാർത്ഥന നടത്തിയതിന്റെ ഭാഗമായി കുട്ടികൾക്കു വായിക്കാൻ പറ്റിയ മലയാള പുസ്തകങ്ങൾ ഓൺലൈൻ പോർട്ടലുകളിൽ പരതുന്നതിനിടെയാണ് പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗലയുടെ പുസ്തകങ്ങൾ പൊങ്ങി വന്നത്. ആ ബാലസാഹിത്യ കൃതികളെ അപ്പാടെ മാറ്റിവെച്ചുകൊണ്ട് ഞാൻ അയച്ചു കൊടുത്തത് ‘കുട്ടികൾക്ക് ഇന്ത്യാ ചരിത്രം’ എന്ന പുസ്തകമായിരുന്നു. അതിന്റെ പുറകിലൊരു സംഭവമുണ്ട്… കുട്ടിക്കാലം മുതൽക്കു തന്നെ പുരാണേതിഹാസ കഥകളിൽ താൽപ്പര്യമുണ്ടെങ്കിലും സുമംഗല എഴുതിയ ഒറ്റ പുസ്തകം പോലും ഞാൻ വാങ്ങുകയോ വായിക്കുകയോ ഉണ്ടായിട്ടില്ല. ‌ബാല്യകാലത്തുണ്ടായ വ്യക്തിപരമായ ഒരനുഭവം മനസ്സിലേൽപ്പിച്ച ആഴത്തിലുള്ള മുറിവാണ് അതിനു കാരണം. സുമംഗല എന്ന ബാലസാഹിത്യകാരിയെ അല്ല, മറിച്ച് ദേശമംഗലം മനയ്ക്കലെ ലീലാ അന്തർജനത്തെയാണ് എൽ.പി സ്കൂൾ വിദ്യാർത്ഥിയായ എനിക്കറിയാമായിരുന്നത്. പത്താം ‌ക്ലാസുവരെ അമ്മയുടെ വീട്ടിൽ നിന്നാണ് ഞാൻ പഠിച്ചിരുന്നത്. ആ വീടിന് വളരെയടുത്തായിരുന്നു ദേശമംഗലം മന. ഓട്ടുപാറയിൽ നിന്ന് തൃശ്ശൂരിലേക്കും കുന്നംകുളത്തേക്കും വഴി രണ്ടായി പിരിയും. അതിൽ കുന്നംകുളത്തേക്കു പോകുന്ന റോഡിന്നരികിലായിരുന്നു ദേശമംഗലം മനയും പഞ്ചായത്തു കിണറും തൊട്ടടുത്തുള്ള ശ്രീനാരായണാ വർക്ക് ഷോപ്പുമെല്ലാം. മാവുകൾ പൂക്കുന്ന കാലമായാൽ സ്കൂൾ വിട്ട് ‌വൈകുന്നേരം മടങ്ങിയെത്തുന്ന നടത്തത്തിനിടെ വഴിയിൽ വീണു കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കിയെടുക്കുന്നത് പതിവാക്കിയ മൂന്നാംക്ലാസുകാരുടെ ഒരു സംഘത്തിലായിരുന്നു ഞാൻ. അങ്ങനെയൊരു ദിവസം കണ്ണിമാങ്ങാ പെറുക്കികളായ ഞങ്ങൾ നാലഞ്ചുകുട്ടികൾ ദേശമംഗലം മനയുടെ മുന്നിലുമെത്തുന്നു. ചുവന്ന നിറത്തിൽ വലിയൊരു ഇരുമ്പുകമ്പി ഗേറ്റാണ് അവിടെയുണ്ടായിരുന്നത്. കാറിനു പോകാൻ പാകത്തിൽ വലുതും, ആളിനു പോകാൻ പാകത്തിൽ ചെറുതുമായ രണ്ട് വാതിലുകളുള്ള ഒരു ഗേറ്റ്. അതിൽ ആളുകയറാൻ പാകത്തിലുള്ള ‌വാതിൽ പാതി തുറന്നു കിടന്നിരുന്നു. വഴിയിലേക്കു വീണു ചിതറിക്കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കുന്നതിനിടെ ഒരു കാൽ മാത്രം ഗേറ്റിന‌കത്തേക്കു വെച്ച് ‌കൈ നിട്ടിക്കൊണ്ട് ഞാൻ അതിനകത്തു കിടന്നൊരു കുഞ്ഞു കണ്ണിമാങ്ങാ ‌കൈയിലെടുത്തു മടങ്ങുന്നേരമാണ് ‌പെട്ടെന്നൊരു വിളി കേട്ടത്. അത്ര നേരം ഉമ്മറത്തിണ്ണയിലിരുന്ന് എന്തോ വായിച്ചുകൊണ്ടിരുന്ന ‌സുമംഗല പെട്ടെന്നെഴുന്നേറ്റ് ‌ഞങ്ങൾ കുട്ടികളുടെ അടുത്തെത്തി. എന്തിനാണ് ഗേറ്റിന് അകത്തേക്ക് ‌കാൽ വെച്ചതെന്നും, കണ്ണിമാങ്ങൾ പെറുക്കിയതെന്നും ദേഷ്യത്തിൽ ചോദിച്ചു. പെറുക്കിയ മാങ്ങകൾ മുഴുവനും താഴെയിടാൻ നിർദ്ദേശിച്ചു. ഗേറ്റിനകത്തു നിന്ന് ഒരു മാങ്ങാ മാത്രമേ കൈയെത്തിച്ച് എടുത്തുള്ളൂ, ബാക്കിയെല്ലാം പതിവു പോലെ സ്കൂൾ മുതലുള്ള ദൂരം നടന്നെത്തുന്നതിനിടെ പലയിടത്തു നിന്നായി ‌വഴിവക്കിൽ നിന്നും ഞങ്ങൾ പെറുക്കിയെടുത്തതാണ് എന്ന ഏറ്റു പറച്ചിലുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. കഷ്ടപ്പെട്ടു ‌പെറുക്കി സൂക്ഷിച്ച കണ്ണിമാങ്ങാ ചെറുശേഖരങ്ങളാകുന്ന കുട്ടിട്രൗസർ പോക്കറ്റുകൾ കാലികായി. കണ്ണിമാങ്ങകളെല്ലാം മനപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞ് പേടിച്ചരണ്ടുകൊണ്ട് ഞങ്ങൾ നിന്നു. അവരാകട്ടെ കാലുകൊണ്ട് നിരക്കി ആ മാങ്ങകൾ റോഡരികിലേക്കുള്ള ‌കാനയിലെ മാവിലച്ചപ്പിലേക്കു തട്ടിയിട്ടു. അത് കണ്ട് ഞങ്ങളുടെ സങ്കടമിരട്ടിച്ചു. മനയുടെ ഗേറ്റിനുള്ളിലൂടെ കൈയിട്ട് ഒരു കണ്ണിമാങ്ങയെടുത്തതിന്റെ പേരിൽ രണ്ടുരണ്ടര കിലോ മീറ്റർ നടത്തതിനിടെ പെറുക്കിയെടുത്ത എല്ലാ മാങ്ങകളും നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ കൂടെയുള്ള കുട്ടികൾ കൂടി എതിർത്തു പറഞ്ഞതോടെ ഞാനാകെ ഒറ്റപെട്ടു. സങ്കടം സഹിക്കവയ്യാതെ ഞാൻ ഉച്ചത്തിൽ കരഞ്ഞു. എന്റെ കരച്ചിൽ കേട്ടു ഭയന്ന ‌ബാലസാഹിത്യകാരി ഗേറ്റു ചാരിക്കൊണ്ട് വേഗം വീട്ടിലേക്കു തിരികെ നടന്നു. ‌വഴിയരികെ നിന്നു ഞാൻ കരയുന്നതുകണ്ട് ശ്രീനാരായണാ ‌വർക്ക് ‌ഷോപ്പിലെ കേശവേട്ടനും മോഹനേട്ടനുമെല്ലാം തിടുക്കത്തിൽ എന്റെയടുത്തേക്കു വന്നു. നടന്ന കാര്യമെല്ലാം ‌കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ, എന്തൊരു സ്ത്രീയാണവർ എന്നു ‌പറഞ്ഞ ശേഷം അവരെന്നെ ആശ്വസിപ്പിച്ചു. വർക്ക്‌ഷോപ്പിനു മുന്നിൽ ചിതറിക്കിടന്ന മാങ്ങകൾ പെറുക്കിയെടുത്തുകൊള്ളാൻ സമ്മതമറിയിച്ചു. ‌വണ്ടികൾ കഴുകിയ വെള്ളവും, കരി ഓയിലും, ഗ്രീസുമെല്ലാം പരന്നൊഴുകിയ വർക്ക് ‌ഷോപ്പുമുറ്റത്ത് ‌വീണു കുതിർന്നു കിടക്കുന്ന മാങ്ങകൾ ഉപയോഗശൂന്യമെന്ന് ‌തിരിച്ചറിഞ്ഞിട്ടും കേശവേട്ടനെയും മോഹനേട്ടനെയുമൊക്കെ വിഷമിപ്പിക്കാതിരിക്കാനായി ‌ഞാൻ ആ കണ്ണിമാങ്ങകൾ പെറുക്കിക്കൂട്ടി. പിന്നെപ്പിന്നെ അവരുമായി കൂട്ടായി. ആയുധപൂജയുടെ ആഘോഷങ്ങളിൽ വർക്ക് ‌ഷോപ്പിൽ ചെന്നു കുരുത്തോല കെട്ടാനും, അവലും പഴവും ‌ശർക്കരയും കുഴച്ചത് കൈ നിറയെ വാരി തിന്നാനും അവരുടെ കൂടെക്കൂടി. സ്‌കൂൾ വിട്ടു തിരികെ വരുന്നേരത്ത് മനപ്പടിക്കലെത്തുമ്പോൾ അകാരണമായി ഞാൻ ‌തല താഴ്‌ത്തി നിശബ്ദനാകുകയും വർക്ക്‌ഷോപ്പിനു മുന്നിലെത്തുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് ‌ഉപേക്ഷിക്കപ്പെട്ട ബെയറിംഗ് ‌ബോളുകൾ പെറുക്കിയെടുത്ത് കളിക്കുകയും ചെയ്തു പോന്നു. കാലം പിന്നെയും കടന്നു പോയി. മനയവിടെ തന്നെ തുടർന്നെങ്കിലും വർക്ക് ‌ഷോപ്പിനു പകരം മറ്റൊരു കെട്ടിടം വന്നു. ഓസ്‌കാർ വൈൽഡിന്റെ The Selfish Giant എന്ന കഥ യു.പി ക്ലാസിൽ പഠിക്കുമ്പോൾ ‌തന്റെ കോട്ടമതിലിന്നകത്തു പ്രവേശിക്കുന്ന കുട്ടികളെ പേടിപ്പിച്ചുപദ്രവിക്കുന്ന രാക്ഷസന്റെ പൂന്തോട്ടത്തിൽ കണ്ണിമാങ്ങകൾ വീണു ചിതറിക്കിടക്കുന്നുണ്ടോയെന്ന് ഞാൻ സംശയത്തോടെ ചികഞ്ഞു നോക്കി. മനയുടെ ഗേറ്റിനും മാറ്റങ്ങൾ സംഭവിച്ചു. സുമംഗലയുടെ മകൻ എന്റെ കസിന്റെ സംഗീതഗുരുവായി മാറി. ബാലസാഹിത്യകാരിയുടെ ചുറ്റിനും കുട്ടികൾ നിരന്നിരുന്ന് ‌രാമായണകഥകൾ ‌പറയുന്ന ചിത്രങ്ങൾ പത്രത്താളുകളിൽ തുടരെ പ്രത്യക്ഷപ്പെടുന്നത് ‌ഞാൻ കണ്ടു. എഴുത്തുകാരെന്നാൽ മറ്റെന്തോ ‌വകുപ്പിലുള്ള ആളുകളാണെന്നും അവരുടെ പ്രവർത്തികൾ അതിവിചിത്രമാകാമെന്നും ഞാൻ ഊഹിച്ചു. വർക്ക് ‌ഷോപ്പിലെ കേശവേട്ടന്റെ മകൻ പ്രസാദ് കോളേജിലെന്റെ സഹപാഠിയായി മാറി. മുഴുവനും മനസ്സിലായൊന്നുമില്ലെങ്കിലും പ്രീഡിഗ്രിയൊടെ ഞാൻ ഗൗരവസാഹിത്യ ‌വായനയിലേക്കു സ്വയം ഊളിയിട്ടു. തീരെ നിസ്സാരമെന്നു മറ്റൊരാൾക്കു തോന്നാവുന്ന ആ കണ്ണിമാങ്ങാ പെറുക്കൽ സംഭവം അതുമായി ബന്ധപ്പെട്ട ആരെകിലും ഓർത്തിരിക്കുമോ എന്നത് ഇപ്പോൾ എനിക്കറിയില്ല. മുപ്പതുകൊല്ലത്തിനപ്പുറത്തേക്ക് ‌തിരിഞ്ഞു നോക്കുമ്പോൾ… അനുവാദം ചോദിക്കാതെ ‌കണ്ണിമാങ്ങാ പെറുക്കിയതിന് കുട്ടികളായ ഞങ്ങളെ അവർ തിരുത്താൻ ശ്രമിച്ചതാകാം, അവർ മറ്റൊരു തലമുറയുടെ പ്രതിനിധിയല്ലേ എന്നൊക്കെ മുതിർന്ന ഒരാളായി മാറിക്കൊണ്ട് ഇടയ്‌ക്കെല്ലാം സ്വയം ആശ്വസിക്കാൻ ശ്രമിക്കുമെങ്കിലും, ഒന്നുപദേശിക്കുകയോ ചീത്ത പറയുകയോ ചെയ്ത ശേഷം ആ കണ്ണിമാങ്ങകൾ ഞങ്ങൾക്കു തിരികെ നൽകാമായിരുന്നില്ലേ, മാവിലച്ചപ്പിലേക്കു കാലുകൊണ്ട് തട്ടിനിരക്കണമായിരുന്നോ എന്നൊരു കുഞ്ഞു സങ്കടസംശയം ആമത്തോടിൽ നിന്ന് പതിയെ തലനീട്ടിയെത്തിനോക്കും.ഏതാനും ചുവടുകളുടെ ദൂരമേ ഉണ്ടായിരുന്നുവെങ്കിലും ശ്രീനാരായണാ വർക്ക് ‌ഷോപ്പും ദേശമംഗലം മനയും തമ്മിൽ വല്ലാതെ അകലത്തിലായിരുന്നുവല്ലോ എന്നൊരു ആധി വന്നു നിറയും. നാരായണഗുരു എന്ന ആശയം പിന്നീടെപ്പോഴോ ‌ചരിത്ര പുസ്തകത്തിൽ വായിച്ച കണ്ണാടി പ്രതിഷ്ഠയിലൂടെയൊന്നുമല്ല, മറിച്ച് ഒരു ‌വർക്ക്‌ഷോപ്പിനു മുന്നിലെ കരി‌ ഓയിൽ കലർന്ന ‌വെള്ളത്തിൽ തിളങ്ങിക്കാണാവുന്ന ബെയറിംഗ് ബോളുകളിലൂടെയാണല്ലോ മനസ്സിൽ പതിഞ്ഞത് എന്ന വാസ്തവം വെളിപ്പെടും. അതോടെ.. പോരിലെ ചതി മറന്നാലും ചൂതിലെ ചതി മറക്കാനാകാത്തൊരു കുട്ടിച്ചാവേറിന്റെ ‌പകപോലൊന്ന് മനസ്സിൽ ‌വന്നു നിറയും. അതിനെയൊക്കെ മറികടന്നുകൊണ്ട് മുന്നോട്ടുപോകാനാകുന്ന വിധത്തിൽ മാനസിക വളർച്ചയൊന്നും ഇക്കാലംകൊണ്ട് നേടിയെടുത്തിട്ടില്ലല്ലോയെന്ന് സ്വയം പഴിക്കുകയും ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here