സുകുമാർ അഴീക്കോട് അനുസ്മരണവും നവീകരിച്ച സ്മാരകത്തിന്റെ സമർപ്പണച്ചടങ്ങും ഇന്ന്

 

ഡോ. സുകുമാർ അഴീക്കോടിന്റെ 11-മത് അനുസ്മരണവും നവീകരിച്ച സ്മാരകത്തിന്റെ സമർപ്പണച്ചടങ്ങും ഇന്ന് നടക്കും. രാവിലെ 10-ന് പുഷ്പാർച്ചനയ്ക്കുശേഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജേന്ദ്രൻ എടത്തുംകര അനുസ്മരണപ്രഭാഷണം നടത്തും. കളക്ടർ ഹരിത വി. കുമാർ, വൈശാഖൻ, കരിവെള്ളൂർ മുരളി, അശോകൻ ചരുവിൽ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന സർക്കാർ നൽകിയ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. അഴീക്കോടിന്റെ പ്രഭാഷണങ്ങളും പങ്കെടുത്ത ചടങ്ങുകളും കാണുന്നതിന് തിയേറ്റർ കം ഡിജിറ്റൽ ഓഡിറ്റോറിയവും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. അഴീക്കോടിന്റെ സുഹൃത്തുക്കൾ, ആരാധകർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് ഇവ സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പറഞ്ഞു.

അഴീക്കോടിന് ലഭിച്ച അവാർഡ് ശില്പങ്ങൾ, ഉപഹാരങ്ങൾ, ഛായാചിത്രങ്ങൾ, ഉപയോഗിച്ചിരുന്ന സാമഗ്രികൾ എന്നിവയും സ്മാരകത്തിൽ കാണാനാകും. നിമജ്ജനം ചെയ്യാതെ ഇപ്പോഴും മുറിയിൽ സൂക്ഷിക്കുന്ന ചിതാഭസ്മം സ്മാരകത്തിൽതന്നെ വയ്ക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. മൂന്നുവർഷംമുമ്പ് തുടങ്ങിയ നവീകരണം പൂർത്തിയാക്കാൻ വൈകിയെന്ന ആക്ഷേപവും നിലവിലുണ്ട്.

അഴീക്കോടിന്റെ വസതി നിലനിർത്തിക്കൊണ്ട് ചുറ്റിലും ചില അനുബന്ധനിർമാണങ്ങൾ നടത്തിയാണ് സ്മാരകം മോടിപിടിപ്പിച്ചത്. നിലവിൽ ഇവിടെ ഒരു കെയർടേക്കർ മാത്രമാണുള്ളത്. പ്രവർത്തനം പൂർണമായി സജ്ജമാകുന്നതോടെ കൂടുതൽ ജീവനക്കാരെ ഇവിടെ നിയമിക്കുമെന്നും അക്കാദമി സെക്രട്ടറി പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English