പോയവര്‍ഷത്തിന്നവസാനദിവസം
പാതിരാക്കൊരു വിളക്കിന്‍ തിരി മെല്ലെക്കൊളുത്തി
പാനപാത്രത്തെ ചിരിക്കും താരകങ്ങള്‍ക്കായുയര്‍ത്തി
മറുകയ്യാലൊരു ഗര്‍ജ്ജിക്കും കാലാനിഷ്കോവ്‍ വീശി
ഞാനുച്ചം പാടി “സുഖവത്സരം” “വീണ്ടും നല്ലോരു പുതുവര്‍ഷം”
അത് ഞാനേര്‍പ്പെടുമൊരു വര്‍ഷാവര്‍ഷ ക്രിയ
പിതൃബലിപോലെ
കെയിനും റോമുലസുമായ്
ഓര്‍മ്മകളെത്താ ഭൂതകാലത്തില്‍
ചെയ്ത ഭ്രാതൃഹത്യകള്‍ക്കൊപ്പം ഞാന്‍ തുടങ്ങിയ
വെറുമൊരു പാഴാം പഴംകഥ
മുന്നോട്ട് മുന്നോട്ടെ ഞാന്‍ കുതിച്ചു
പിന്നെ പുതുവത്സരം തോറും
മാതൃഹത്യയിലേക്കും പിതൃഹത്യയിലേക്കും
ശക്തിയും പിന്നെ വിത്തധാടിയും തേടി
എന്നുള്ളില്‍ ശമിക്കാത്ത ദാഹത്തെ ശമിപ്പിക്കാന്‍
ഹത്യകള്‍ ചെയ്യുമ്പോഴും ഞാനൊട്ടും മറന്നീല
കുതുകം കൊള്ളുമെന്‍റെ പിഞ്ചുങ്ങളോട് ചൊല്ലാന്‍
മനുഷ്യനത്രെ ദൈവസൃഷ്ടിയില്‍ ഒന്നാമത്തോന്‍
കൊന്നു ഞാന്‍ ദിനംപ്രതി ഭക്ഷിക്കും മൃഗത്തെക്കാള്‍
പിന്നെ ഞാന്‍ പുരപ്പുറമേറിയുച്ചത്തില്‍ പാടി
പുച്ഛത്തില്‍ കയ്യിലൊരു ചിലക്കും തോക്കും പേറി
സ്രഷ്ടാവിന്‍ സൃഷ്ടിപത്രത്തിങ്കല്‍ ഞാനഗ്രഗണ്യന്‍
സ്വയമായി ഞാനെന്നെയറിയുന്നവനല്ലൊ
ഓര്‍മ്മയായ് മറയുന്ന പോയവത്സരത്തിങ്കല്‍
എന്‍റെ നേട്ടത്തിന്‍ പത്രം കാണുകയത്യുജ്ജലം
മുന്നെങ്ങും കാണാത്തപോലല്ലയോ ഞാനേര്‍പ്പെട്ടു
കൊലയില്‍ കൂട്ടജനഹത്യയിലൊരുപാട്
ഹിംസയിലെന്നെക്കാളും മുന്നിലിന്നാരുണ്ടാവാം
ഈശ്വരനിന്നെന്‍റെമേല്‍ പ്രീതനായിരിക്കേണം
ഒത്തിരി മുന്നെങ്ങാനും കാണാത്തപോലെയല്ലൊ
ജനഹത്യകള്‍ വര്‍ഗ്ഗഹത്യകളനവധി
ചെയ്താര്‍ത്തലറി വിളിച്ചു ഞാന്‍ പോയ നാള്‍കളില്‍
എന്തൊരുമഹത്തരം വത്സരമൊരുക്കീ ഞാന്‍!
വര്‍ഗ്ഗങ്ങളെ പാടെയൊടുക്കി, പരിപൂതമാം
ബാലഹത്യയില്‍ ഒന്നുമറിയാത്തോരാം കൊച്ചു-
പാവങ്ങളെ അലറും യന്ത്രത്തോക്കുമായ് ചുട്ടു
നരബലിക്കളങ്ങളൊരുക്കി അത്യതിക്രൂരം
നിര്‍ലജ്ജന്‍ ഞാനാണല്ലൊ ദൈവത്തിനെന്നും പ്രിയന്‍
എങ്കിലും ഇന്നീയതിരാത്രത്തില്‍ ഞാനോ വീണ്ടും
കുറ്റബോധമൊരിറ്റും തീണ്ടാത്ത മനസ്സോടെ
കത്തിക്കും തിരിയൊന്ന് കയ്യിലായുധം പേറി
അത്യുച്ചം പാടും മിന്നും താരകങ്ങളെ നോക്കി
“സുഖവത്സരം” “വീണ്ടും നല്ലോരു പുതുവര്‍ഷം”
കാരണം ഞാനതിവ്യതിരക്തന്‍
സ്രഷ്‍ടാവിന്‍റെ സൃഷ്ടിയിലത്ത്യുത്തമന്‍
സ്വയംബോധമസ്തിഷ്കം സ്വത്തായുള്ളോന്‍
സ്വന്തം ചെയ്തികക്കെതിരായ ഭാവിയെ കാംക്ഷിക്കുന്നോന്‍
അതിനാല്‍ വരുന്നോരീ പുതുവല്‍സരം
ഒരു സുഖവത്സരമാട്ടെ തികച്ചും
ഞാനീരാവില്‍ കൊളുത്തും
വിളക്കെന്‍റെ ആശതന്‍ നിശ്വാസത്തില്‍
ശോഭനമെരിയട്ടെ കാലങ്ങള്‍ തെളിയട്ടെ
ചരിത്രം ഗതിമാറി സുഗമമൊഴുകട്ടെ
“സുഖവത്സരം” “വീണ്ടും നല്ലോരു പുതുവര്‍ഷം”.
വല്‍സാജി! ഇവിടെ വന്ന് അഭിപ്രായമെഴുതിയതിന് ഒരുകോടി പ്രണാമം!