ആത്മഹത്യ ചെയ്യുന്ന മലയാളി

adgp-siby-mathews

നിർഭയം എന്ന പുസ്തകത്തിലൂടെ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച സിബി മാത്യൂസിന്റെ പുതിയ പുസ്തകം വരുന്നു. നിർഭയം എന്ന പുസ്തകം ഏറെ വിവാദങ്ങളും ,വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

കേരളീയ സമൂഹത്തിൽ ദിനം പ്രതി കൂടിക്കൂടി വരുന്ന ആത്മഹത്യകളുടെ കാരണം തേടുകയാണ് തന്റെ പുതിയ പുസ്തകത്തിൽ സിബി മാത്യൂസ്.

പുതിയ പുസ്തകത്തിന്റെ ആമുഖം വായിക്കാം

“ഒരു ക്ഷേമരാഷ്ട്രം സ്ഥാപിക്കുക എന്നതാണല്ലോ ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സാമ്പത്തികരംഗത്ത് വിപുലമായ രീതിയില്‍ ഉദാരവല്‍ക്കരണം, വിവിധ സാമൂഹ്യക്ഷേമപരിപാടികള്‍, രാജ്യമൊട്ടാകെ സാക്ഷരതായജ്ഞം മുതലായവയൊക്കെ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണല്ലോ. ലോക ബാങ്കിന്റെയും ഏഷ്യന്‍ വികസനബാങ്കിന്റെയുംഒക്കെ ശതകോടിക്കണക്കിനു പണം കടംവാങ്ങി വിവിധ വികസനപദ്ധതികള്‍ നടപ്പാക്കിവരുന്നു. ഒരു വശത്ത് സാമ്പത്തികവളര്‍ച്ചയുടെ തിളങ്ങുന്ന കണക്കുകള്‍ കൊട്ടിഗ്‌ഘോഷിക്കപ്പെടുമ്പോള്‍ മറുവശത്ത് സാമ്പത്തികതലത്തിലെ ഉച്ചനീചത്വങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. താഴ്ന്ന വരുമാനക്കാര്‍, പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍, ദിവസക്കൂലിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കാര്‍ഷിക /നിര്‍മ്മാണ/വ്യാവസായികമേഖലകളിലെ തൊഴിലാളികള്‍, തൊഴിലില്‍നിന്നും വിരമിച്ചവരും മറ്റു വരുമാന മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തവരുമായ മുതിര്‍ന്ന പൗരന്മാര്‍, തൊഴില്‍രഹിതര്‍ മുതലായ സമൂഹത്തിന്റെ താഴത്തെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ പുതിയ സാമ്പത്തികനയങ്ങളുടെ കുത്തൊഴുക്കില്‍ കടപുഴകി താഴേക്ക്, നൈരാശ്യത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ഒഴുകിവീണുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ‘ലോകത്തൊട്ടാകെത്തന്നെ, പ്രത്യേകിച്ചും 15-നും 35-നും ഇടയ്ക്കുള്ള പ്രായക്കാരില്‍, പ്രധാന മരണകാരണങ്ങളിലൊന്ന്’ എന്ന് ആത്മഹത്യാവിപത്തിനെ ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിച്ചിട്ടുള്ളതിന്റെ പ്രസക്തി. ഓരോ 40 സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യചെയ്യുന്നുണ്ടെന്നു കണക്കാക്കുന്നു. ഭാരതത്തിലാവട്ടെ, ഓരോ 5 മിനിറ്റിലും ഒരു ആത്മഹത്യ നടക്കുന്നു. കൂടാതെ, ഇവയില്‍ മൂന്നിലൊന്ന് എന്ന കണക്കില്‍ വ്യക്തികളും 15-നും 30-നും ഇടയ്ക്കു പ്രായമുള്ള, യുവത്വം തുടിക്കുന്നവരാണ്.

malayali-inganeവിവിധ ലോകരാഷ്ട്രങ്ങളുടെ ആത്മഹത്യാനിരക്ക് പരിശോധിക്കുമ്പോള്‍ മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലാണ് (ഉദാ: എസ്‌തോണിയ, ലിത്ത്വേനിയ, റഷ്യന്‍ ഫെഡറേഷന്‍) ഏറ്റവും ഉയര്‍ന്ന നിരക്കുകാണുന്നത്. ഏറ്റവും കുറവാകട്ടെ കുവൈത്ത്, അര്‍മേനിയ, മെക്‌സിക്കോ മുതലായ രാജ്യങ്ങളിലാണ്. ഇക്കാര്യത്തില്‍ ഭാരതം മദ്ധ്യമശ്രേണിയിലാണു വരുന്നത്. എല്ലാ രാഷ്ട്രങ്ങളിലും സ്ത്രീപുരുഷന്മാരുടെ ആത്മഹത്യാനിരക്കുകള്‍ തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുന്നത് മുന്‍ സോവിയറ്റ് റഷ്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ സ്വതന്ത്രരാഷ്ട്രവുമായ ലിത്ത്വേനിയയിലാണ് (70.1). ഏറ്റവും കുറഞ്ഞിരിക്കുന്നതാകട്ടെ, കുവൈറ്റിലാണ് (2.5). സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുന്നത് കൊറിയന്‍ റിപ്പബ്ലിക് അഥവാ ദക്ഷിണ കൊറിയയിലാണ് (15). ഏറ്റവും കുറഞ്ഞിരിക്കുന്നതാകട്ടെ മെക്‌സിക്കോയിലാണ് (1.3) മാത്രം. ഭാരതത്തിന്റെ ആത്മഹത്യാനിരക്ക് പുരുഷന്മാരുടേത് 13.7-ഉം സ്ത്രീകളുടേത് 8.3-ഉം ആയിരുന്നു (2005). സമ്പന്നരാഷ്ട്രങ്ങള്‍ പലതിലും ഭാരതത്തെക്കാള്‍ വളരെ ഉയര്‍ന്ന ആത്മഹത്യാനിരക്കുകളാണുള്ളത്. ഉദാഹരണത്തിന് ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഭാരതത്തെക്കാള്‍ ഉയര്‍ന്ന ആത്മഹത്യാനിരക്കാണ്. സാമൂഹികവും സാംസ്‌കാരികവുമായ പല കാരണങ്ങളും ഇതിനുണ്ട്. പൊതുവേ പറഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യചിന്തയുടെ അമിതമായ സ്വാധീനം സമൂഹത്തിന്റെ ഭദ്രതയെയും കെട്ടുറപ്പിനെയും ബാധിക്കുന്നണ്ട്. മതം, സംസ്‌കാരം, സമുദായം, രാഷ്ട്രം ഇവയൊക്കെ വ്യക്തികളില്‍ പലതരത്തില്‍ വിലക്കുകള്‍ നല്‍കുന്നണ്ട്. ‘ഇതാണ് ശരി’, ‘അതു തെറ്റും നിഷിദ്ധവും’ എന്ന മട്ടിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണിവ. ‘ഞാന്‍ പരിപൂര്‍ണ്ണ സ്വതന്ത്രന്‍ എന്റെ തെറ്റും ശരിയും ഞാന്‍മാത്രം നിശ്ചയിക്കും’ എന്ന രീതിയില്‍ വ്യക്തിസ്വാതന്ത്ര്യം വളര്‍ന്നാല്‍ അത് വ്യക്തികളുടെ ഏകാന്തതയിലേക്കും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കും കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും തല്‍ഫലമായി സമൂഹങ്ങളുടെ ശിഥിലീകരണത്തിനും രാഷ്ട്രങ്ങളില്‍ അരാജകത്വം വളരുവാനും ഇടയാക്കും.

ഭാരതത്തില്‍തന്നെ, വിവിധ സംസ്ഥാനങ്ങളിലെ ആത്മഹത്യാ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍, കേരളത്തിലാണ് മറ്റേതു സംസ്ഥാനത്തെക്കാളും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ളത് എന്നു വ്യക്തമാകുന്നു. 1984-ല്‍ ഭാരതത്തിലെ ആകെ ആത്മഹത്യകളുടെ 11.10 ശതമാനം കേരളത്തിലാണ് ഉണ്ടായത്. 1984-ല്‍ 5617 ആത്മഹത്യകള്‍ എന്നത് 1996-ല്‍ 8086 ആയി ഉയര്‍ന്നു. വീണ്ടും 6 വര്‍ഷങ്ങള്‍ക്കുശേഷം 2002-ല്‍ ഉച്ചസ്ഥാനത്തെത്തി 9810 ആത്മഹത്യകള്‍ എന്ന അനഭിലഷണീയമായ റിക്കാര്‍ഡ് സംഖ്യയിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടിയും കുറഞ്ഞും വര്‍ഷത്തില്‍ ശരാശരി 9000 സംഭവങ്ങള്‍ എന്ന തലത്തില്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍തമ്മില്‍ ഭൂപ്രകൃതിയിലും ജനസംഖ്യയിലുംമറ്റും പല വ്യത്യാസങ്ങളും ഉള്ളതിനാല്‍, താരതമ്യപഠനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒരുലക്ഷം ജനസംഖ്യയില്‍ ഒരു വര്‍ഷം എത്ര ആത്മഹത്യകള്‍ എന്ന മാനദണ്ഡമാണ്. ഇതിനെ ‘ആത്മഹത്യാനിരക്ക്’ (rate of suicide) എന്നു പറയുന്നു. കേരളത്തിലെ ഉയര്‍ന്ന ആത്മഹത്യാനിരക്കിന്റെ സാമൂഹിക- സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ ഗ്രന്ഥം.സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത, ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍, മതവിശ്വാസത്തിലെ വൈവിദ്ധ്യങ്ങള്‍, വ്യക്തിയുടെ കടബാദ്ധ്യത, വരുമാനം, ആരോഗ്യസ്ഥിതി, വിദ്യാഭ്യാസനിലവാരം മുതലായ നിരവധി ഘടകങ്ങള്‍ ആത്മഹത്യാനിരക്കിനെ എപ്രകാരമാണു സ്വാധീനിക്കുന്നത് എന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇവിടെ പഠനവിഷയമാക്കിയിട്ടുണ്ട്.

ഈ പഠനത്തിന്റെ തുടക്കത്തില്‍ ഗ്രന്ഥകാരന്‍ മൂന്നു നിഗമനങ്ങള്‍ രൂപീകരിച്ചിരുന്നു:

1. പുരുഷന്മാരുടെ ആത്മഹത്യകള്‍ മുഖ്യമായും സാമ്പത്തികം, തൊഴില്‍ മേഖല എന്നിവയുമായി ബന്ധപ്പെട്ട കാരണങ്ങളാലും മറിച്ച് സ്ത്രീകളുടേത് വികാരപരമായ ഘടകങ്ങളാലും ഉണ്ടാകുന്നു.
2. മദ്യപാനാസക്തിയും ആത്മഹത്യാപ്രവണതയുമായി നേരിട്ടുള്ള ബന്ധമുണ്ട്.
3. 60 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികളുടെ ആത്മഹത്യകള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കൂടുതലാണ്; മാത്രമല്ല ഇവ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു.

1984 മുതല്‍ 2005 വരെയുള്ള കാലഘട്ടമാണ് ഇവിടെ പഠനവിഷയമാക്കിയിട്ടുള്ളത്. അഖിലേന്ത്യാതലത്തില്‍ പല ഘടകങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും കേരള സംസ്ഥാനത്തെ സംബന്ധിച്ചസമഗ്രമായ ഒരു പഠനത്തിന് ആവശ്യമായ വിവരങ്ങള്‍ പഠനസര്‍വ്വേയിലൂടെയും അഭിമുഖങ്ങളില്‍നിന്നും പൊലീസ് അന്വേഷണഡയറികളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ ഗ്രന്ഥത്തില്‍ നടത്തിയിട്ടുള്ള അപഗ്രഥനങ്ങളും വിലയിരുത്തലുകളും തുടര്‍നടപടിക്കായി സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളും യാഥാര്‍ത്ഥ്യബോധവും പ്രായോഗികതയും കണക്കിലെടുത്തുമാത്രം തയ്യാറാക്കിയിട്ടുള്ളവയാണ്. സാമൂഹ്യ ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല, സാധാരണവായനക്കാര്‍ക്കും അനുഭവവേദ്യമാകുന്ന തരത്തില്‍ ലളിതമായ പ്രതിപാദനരീതി അവലംബിക്കുവാനാണ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ ഭാരതത്തെ സംബന്ധിച്ചു ചേര്‍ത്തിട്ടുള്ള എല്ലാ സ്ഥിതിവിവരക്കണക്കുകളും ഭാരതസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍നിന്നും ലഭിച്ചിട്ടുള്ളവയാണ്. സംസ്ഥാനത്തെ സംബന്ധിച്ചുള്ളവ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍നിന്നും ലഭിച്ചിട്ടുള്ളവയുമാണ്.

കേരളത്തിലെ ആത്മഹത്യകള്‍: സാമൂഹികസാമ്പത്തിക ഘടകങ്ങള്‍ എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ ഗവേഷണപഠനത്തിനു ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദം മഹാത്മാഗാന്ധി സര്‍വ്വകലാശാല നല്‍കിയ വാര്‍ത്ത അടുത്തകാലത്ത് കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ വന്നിരുന്നു. അതു വായിച്ച പല വ്യക്തികളും ഈ ഗവേഷണപഠനം പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. അങ്ങനെയാണ് ഗ്രന്ഥരചന എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്. ഗവേഷണപ്രബന്ധത്തിലില്ലാത്ത മറ്റു പലതുംകൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

ആത്മഹത്യാമുനമ്പിലെത്തിനില്‍ക്കുന്ന ചിലരെങ്കിലും ജീവിതത്തിലേക്കു തിരിഞ്ഞുനടക്കുവാന്‍ ഈ ഗ്രന്ഥം ഇടയാക്കുന്നുവെങ്കില്‍ ഈ ഉദ്യമം സാര്‍ത്ഥകമായി, ഞാന്‍ കൃതാര്‍ത്ഥനായി.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here