കഴിഞ്ഞമാസം ഒരു മധ്യാഹ്നത്തിൽ ശാസ്താംകോട്ടയിലെ റെയിൽവെ ട്രാക്കിൽ ചിതറിത്തെറിച്ചു പോയ ചെറുപ്പക്കാരിയായ ഒരു മാതാവിന്റെ ഓർമ്മ വിങ്ങുന്ന നൊമ്പരമായി ഇപ്പോഴും മനസ്സിലുണ്ട്.പത്താം ക്ളാസ്സിൽ നിന്ന് ജയിച്ച മകന് അവൻ ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിന്റെ തർക്കങ്ങൾക്കും വഴക്കുകൾക്കുമൊടുവിൽ സംഭവിച്ച ദുരന്തമായിരുന്നു അത്.തന്റെ കഴിവനുസരിച്ചുള്ള ഫോൺ വാങ്ങിത്തരാമെന്ന് പറഞ്ഞെങ്കിലും അവന് ഉദ്ദേശിച്ച മുപ്പത്തി അയ്യായിരം രൂപയുടെ ഫോൺ തന്നെ വേണമായിരുന്നു. ഒടുവിൽ അമ്മയെ കാണാൻ പോലും നാട്ടുകാർ അവനെ അനുവദിച്ചില്ല എന്ന് പറയുമ്പോൾ എത്ര പെട്ടെന്നാണ് നിസാരമായ കാര്യം ഗൗരവതരമായി മാറിയതെന്ന് ഓർക്കുക.
നമ്മുടെ പുതുലമുറ ചെന്നെത്തിപ്പെട്ട അപചയത്തിന്റെ ഒരു നേർചിത്രമായി ഇതിനെ കാണേണ്ടതുണ്ട്.പുതിയ മോഡൽ മൊബൈലിന്റെയും ലാപ്ടോപ്പിന്റെയുമൊക്കെ പുറകെ പായുന്ന യുവതലമുറ അത് എങ്ങനെയും സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ്. എന്തു കൊടുത്തും അത് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്.അതിനിടയിൽ മാർഗങ്ങളുടെ ധാർമ്മികതയൊന്നും അവർക്കൊരു പ്രശ്നമല്ല. കാര്യം നേടാൻ വേണ്ടി മയക്കുമരുന്ന് മാഫിയയുടെ ഏജന്റാകാനും അവർ തയ്യാർ.
ധാർമ്മികത നഷ്ടപ്പെട്ട സമൂഹമായി നമ്മൾ മാറിയതിന്റെ ദുരന്ത ഫലങ്ങളാണിതൊക്കെ. ‘’ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്ത നാദം പോലെ പായുന്ന ജീവിത’’ത്തെക്കുറിച്ച് കവി പാടിയിട്ടുണ്ട്. അതെ ഇപ്പോൾ ആത്മഹത്യകളും കൊലപാതകങ്ങളും കണ്ട് ജീവിതം സ്തംഭിച്ചു നിൽക്കുകയാണ്.നിസാരമായ പിണക്കങ്ങളുടെ പരിഹാരം ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു.
പിണക്കം പറഞ്ഞു കൂടെ താമസിക്കാൻ വന്ന ഭാര്യയെ പിഞ്ചു മക്കളുടെ മുന്നിലിട്ട് കൊന്നിട്ട് സ്ഥലം വിട്ട ഭർത്താവ്,അമ്മ മരിച്ചതറിയാതെ പിറ്റേന്ന് രാവിലെ വരെ കൂടെ കഴിഞ്ഞ നിഷ്കളങ്കരായ കുട്ടികൾ. മക്കളെ സ്കൂളിൽ വിടാൻ വണ്ടി കാത്തു നിന്ന അമ്മയെ മക്കളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് വെട്ടിനുറുക്കിയ ഭർത്തൃസഹോദരൻ. ലോണെടുത്ത് പഠിക്കാൻ വന്ന പാവം വിദ്യാർഥികളെ റാഗിംഗിന്റെ പേരിൽ കൊല്ലാക്കൊല ചെയ്യുന്ന സീനിയർ വിദ്യാർഥികൾ,.
സ്വന്തം മകനെ കഴുത്ത് ഞെരിച്ചു കൊന്ന് കത്തിക്കുന്ന അമ്മ,സ്വന്തം അമ്മയെ കൊന്ന് കത്തിക്കുന്ന മകൻ. ആഗ്രഹ പൂർത്തീകരണത്തിനായി മാതാപിതാക്കളെയും സ്വന്തം മക്കളെയും നിഷ്ക്കരുണം കൊന്നു തള്ളിയ മാതാവ്…ദൂരെ ഏതോ ദേശത്ത് നടന്ന സംഭവങ്ങളല്ല,സാക്ഷര സുന്ദരകേരളത്തിൽ കുറെ നാളായി നടന്ന സംഭവങ്ങളിൽ ചിലത് മാത്രമാണിവ.
ക്ഷമയ്ക്കും മര്യാദയ്ക്കും ജീവിതത്തിൽ സ്ഥാനമില്ലാതായിരിക്കുന്നു.ആത്മഹത്യയും കൊലപാതകവുമാണോ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം? അടിസ്ഥാന കാരണങ്ങൾ തേടി പോകുമ്പോൾ ധാർമ്മികത കൈമോശം വന്ന ഒരു സമൂഹമാണ് ഇതിന് കാരണമെന്നതിൽ സംശയമില്ല.
സിനിമയും സീരിയലും മൊബൈലും വാട്സ് ആപ്പും മാത്രമായിപ്പോകരുത് ഒരു തലമുറയുടെ മാതൃക. അവയുടെ നല്ല വശങ്ങൾ ഉൾക്കൊണ്ട് അത് നമുക്ക് എത്ര മാത്രം പ്രയോജനപ്രദമാക്കാം എന്ന് ചിന്തിക്കുന്നതല്ലാതെ അതിന്റെ ലഹരിയിൽ അടിപ്പെട്ടു പോകരുത്,മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും താൽക്കാലിക സുഖങ്ങളിൽ അഭിരമിച്ച് അതിന് വിധേയമായി പോകുന്ന അവസ്ഥയും ഉണ്ടായിക്കൂടാ.
മതബോധവും ധാർമ്മികതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും സമൂഹത്തിന് മാതൃകയാകണം.എങ്കിലേ മൃഗങ്ങൾ പോലും ചെയ്യാത്ത പാതകങ്ങൾ മനുഷ്യൻ ചെയ്യാതിരിക്കൂ. കത്വ സംഭവത്തിലടക്കം മനുഷ്യ മനസ്സാക്ഷി മരവിച്ചു പോയ പല സംഭവങ്ങളിലും പ്രായപൂർത്തി പോലും ആകാത്തവരാണ് മുഖ്യപ്രതികൾ എന്നതാണ് നടുക്കുന്ന വസ്തുത. ഒരേ വർഗ്ഗത്തിൽ പെട്ടവരെ കൊല്ലുന്ന മൃഗങ്ങൾ അപൂർവ്വമാണ്..മനുഷ്യൻ ആ റെക്കോഡും ഭേദിച്ചിരിക്കുന്നു. മനുഷ്യമൃഗങ്ങൾ എന്ന പ്രയോഗത്തിനെതിരെ ഇനി മൃഗങ്ങൾ കേസിന് പോകാനും സാധ്യതയുണ്ട്. ആ നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ദിവസേന പത്രത്താളുകൾ നോക്കാൻ തന്നെ പേടിയായിരിക്കുന്നു.
ഇനിയെങ്കിലും ഇതൊന്നും അവർത്തിക്കരുതേയെന്ന് പ്രാർഥിച്ചു പോകുന്നത് മാനുഷികമൂല്യങ്ങളിലുള്ള വിശ്വാസം പൂർണ്ണമായും നശിച്ചു പോകാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങളിൽ പരമാവധി ശിക്ഷ തന്നെ കൊടുക്കണം എന്നതിൽ സംശയമില്ല. അതോടൊപ്പം പ്രധാനമായും വേണ്ട മറ്റൊന്നുണ്ട്,.ധാർമ്മിക ബോധം….അടിസ്ഥാനപരമായ ചികിൽസ അതു തന്നെയാണ്.