മലയാളം മിഷന്‍ പൂക്കാലം വെബ്മാഗസിന്‍ സുഗതകുമാരി ടീച്ചര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ‘സുഗതാഞ്ജലി’ കാവ്യാലാപനമത്സരത്തിന്റെ മുന്നോടിയായി റിയാദ് മേഖല മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ എം ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള 35 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
റിയാദ് മേഖലയിലെ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മത്സരിച്ചത്. നെയ്റ ഷഹദാന്‍ (മലര്‍വാടി റിയാദ്), അനാമിക അറയ്ക്കല്‍ (കേളി മധുരം മലയാളം) എന്നിവര്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ വിഭാഗത്തില്‍ അല്‍ന എലിസബത്ത് ജോഷി (ഡബ്ലിയു എം എഫ് അല്‍ ഖര്‍ജ്) ഒന്നാം സ്ഥാനവും ഹനാന്‍ ശിഹാബ് (നാട്ടുപച്ച പഠനകേന്ദ്രം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പുറമെ സീനിയര്‍ വിഭാഗത്തില്‍ നിന്ന് മുഹമ്മദ് അമീന്‍ (മലര്‍വാടി), നേഹ പുഷ്പരാജ് (കേളി മധുരം മലയാളം) എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ദേവനാ വി എന്‍ (കേളി മധുരം മലയാളം), മെഹ്റീന്‍ മുനീര്‍ (മലര്‍വാടി) എന്നിവരും ഫെബ്രുവരി 19ന് നടക്കുന്ന സൗദി ചാപ്റ്റര്‍ മത്സരത്തിന് യോഗ്യത നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് മേഖല തലത്തില്‍ ഉപഹാരവും സാക്ഷ്യപത്രവും നല്‍കുന്നതാണ്. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മിഷന്‍ റിയാദ് മേഖല സാക്ഷ്യപത്രം നല്‍കുന്നതാണ്.
മൂല്യനിര്‍ണയത്തിന് തയ്യാറാക്കിയ മാനദണ്ഡങ്ങളില്‍ ഉച്ചാരണശുദ്ധി, ഭാവാത്മകത, ആലാപനഭംഗി എന്നിവയെ തൃപ്തിപ്പെടുത്തുന്ന അവതരണങ്ങളാണ് കുട്ടികള്‍ നടത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ സവിശേഷ സാഹചര്യത്തില്‍ പ്രത്യക്ഷജീവിതവ്യവഹാരങ്ങളില്‍ നിന്ന് അകന്നു ജീവിക്കുന്ന കുട്ടികളില്‍ നിന്ന് ഇത്രയും മികവ് ഉണ്ടാകുന്നത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്നും ജൂറി പറഞ്ഞു.
വെര്‍ച്വല്‍ മീറ്റിംഗായി സംഘടിപ്പിച്ച പരിപാടി മലയാളം മിഷന്‍ സൗദി വിദഗ്ധ സമിതി അംഗങ്ങളായ സീബ കൂവോട്, ലീന കൊടിയത്ത് എന്നിവര്‍ നിയന്ത്രിച്ചു. ജൂറി അംഗങ്ങളായ ബീന, ഷിംന ലത്തീഫ്, എം ഫൈസല്‍, സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ മുബാറക് സാനി, റിയാദ് മേഖല കോര്‍ഡിനേറ്റര്‍ നൗഷാദ് കോര്‍മത്ത്, മേഖല പ്രസിഡന്റ് സുനില്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.