ഡോക്ടറുടെ കാത്തിരിപ്പു മുറിയാകെ മൗനങ്ങളുടെയും രോഗങ്ങളുടെയും ഗന്ധം തളംകെട്ടി നിന്നിരുന്നു . കനം തൂങ്ങുന്ന മൗനത്തിനു വിഘാതമാവുന്നത് വല്ലപ്പോഴും ടോക്കൺ നമ്പറും പേരും വിളിച്ചുപറയുന്ന സ്റ്റാഫിന്റെ ശബ്ദം മാത്രമാണ് . രോഗികളും കൂട്ടുവന്നവരും ആശങ്കകളും പ്രതീക്ഷകളുമായി അവരവരുടെ ലോകത്താണ് .
പത്തു വർഷങ്ങൾക്കു മുമ്പാണെന്ന് തോന്നുന്നു വീടിനു വെളിയിലേക്കിറക്കി ഈ മുറി പണിതത് . ഹൃദ്രോഗ വിദഗ്ദനായി ഡോക്ടർ ഹരികുമാർ പേരെടുത്തു വരുന്ന സമയം താൻ തന്നെയാണ് ഇങ്ങനൊരു മുറിയെക്കുറിച്ചുള്ള നിർദ്ദേശം വച്ചത് . അന്നവൻ ചിരിച്ചു തള്ളിയെങ്കിലും മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാവുകയായിരുന്നു .
അതിനുശേഷം ഹൃദയം പണിമുടക്കാൻ തുടങ്ങിയ എത്രയോ ആളുകൾ ഈ മുറിക്കുള്ളിൽ കാത്തിരുന്നിട്ടുണ്ട് ,കേരളത്തിലെ പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ധനെ കാണാൻ ..
വർഷങ്ങൾക്കിപ്പുറം … അടർന്നു തുടങ്ങിയ കുമ്മായപ്പാളികൾ മുറിക്കുള്ളിലെ ചുമരുകൾക്കു വർണ്ണ വ്യതിയാനങ്ങൾ നൽകുന്നു ..
രോഗികളുടെ മനസ്സിനെ അസ്വസ്ഥമാക്കും വിധം പച്ചനിറം പടർന്നു കൊണ്ടിരിക്കുന്ന ചുമരിടങ്ങൾ. ഹൃദയാരോഗ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പോസ്റ്ററുകൾ മുറിയെ അലങ്കരിച്ചുകൊണ്ട് ചുമരുകളിൽ ചിതറിക്കിടപ്പാണ് …
പരിശോധന തുടങുന്നതിനു മുമ്പേ എത്തിയിരുന്നെങ്കിൽ അവനെ കണ്ടിട്ട് പെട്ടെന്ന് പോവാമായിരുന്നു . ഇനിയിപ്പോ കാത്തിരിക്കുക തന്നെ . കഴിഞ്ഞ തവണ വന്നപ്പോൾ ആശുപത്രി വരാന്തയിൽ വച്ചാണ് കാണാൻ സാധിച്ചത് . ഓപ്പറേഷൻ
തീയേറ്ററിലേക്ക്പോകുമ്പോഴായിരുന്നു ധൃതിയിലുള്ള ആ കൂടിക്കാഴ്ച .ഒരു രാത്രി കൂടെ തങ്ങാൻ അവനൊരുപാട് നിർബന്ധിച്ചെങ്കിലും സാധിക്കുമായിരുന്നില്ല.
ജാലകത്തിനപ്പുറം നെല്ലിമരം മുറിയോട് തൊട്ടുരുമ്മി , ചില്ലകൾ മുറിക്കുള്ളിലേക്കും കിണറ്റിൻ കരയിലേക്കും ഒരുപോലെ പടർത്തിയിരിക്കുന്നു . ചുവട്ടിൽ വീണു കിടക്കുന്ന നെല്ലിക്കകൾ കാണുന്ന മാത്രയിൽ രസമുകുളങ്ങൾ ഓരോന്നായി പൊട്ടിത്തെറിക്കുന്നു . കയ്പ്പും പുളിപ്പും മധുരവും നിറഞ്ഞ നെല്ലിക്ക ,സ്‌കൂൾ മുറ്റത്തെ ബാസ്കറ്റ്‌ബോൾ കോർട്ടിനരികിലെത്തിക്കുന്നു. പത്താം ക്ലാസ്സുമുറികളും ഓഫീസ് ,സ്റ്റാഫ് റൂമുകളും ലാബുമെല്ലാമടങ്ങുന്ന കെട്ടിടത്തിന് കാവൽക്കാരായി നിലകൊള്ളുന്ന നെല്ലിയും ഞാവലും ..നാവിൽ വയലറ്റ് നിറവും പുസ്തകസഞ്ചിയിൽ നെല്ലിക്കകളുമായി വീട്ടിലേക്കു പോയിരുന്ന ബാല്യ ….
“സുനന്ദ …സുനന്ദ ..നമ്പർ 17 ”
പെൺകുട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം ,ബാല്യകൗമാരങ്ങളുടെ വാതായനങ്ങൾ കൊട്ടിയടച്ചുകൊണ്ടു വീണ്ടും കാത്തിരിപ്പുമുറിയിലേക്കു തിരികെ വിളിച്ചു .അവളോടെന്തിനോ തെല്ലു ദേഷ്യം തോന്നി ..തൊട്ടടുത്തിരുന്ന സ്ത്രീ യും ഒരു പെൺകുട്ടിയും എഴുന്നേറ്റു . നടക്കാൻ ശ്രമിക്കുന്നതിനിടെ വേച്ചു വീഴാൻ പോയ ആ സ്ത്രീ യുടെ കൈകളിൽ ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ വീണേനെ . പെൺകുട്ടി മുന്നിൽ നടന്നു തുടങ്ങിയിരുന്നു .അവരൊന്നും മിണ്ടിയില്ലെങ്കിലും മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു . കറുപ്പുനിറം വീണു തുടങ്ങിയ കൺ തടങ്ങൾ ,നര വീണു തുടങ്ങിയ മുടിയിഴകൾ ,ശോഷിച്ച കവിളുകൾ ..എന്നിവയിലും അവർ ..അല്ല അവൾ സുന്ദരിയാണ് ഇപ്പോഴും …
സ്‌കൂളിനടുത്തായിരുന്നു വീടെന്നതിനാൽ നെല്ലിമരവും ഞാവലും അടങ്ങുന്ന ബാസ്കറ്റ്ബോൾ ഗ്രൗണ്ടിന്റെ പരിസരങ്ങളായിരുന്നു ബാല്യത്തിലെ കളിസ്ഥലങ്ങൾ .സയൻസ് ലാബിലെ അസ്ഥികൂടം കാണാൻ വേണ്ടി സാഹസപ്പെട്ടു ജനലഴികൾ തുറന്നതും ,രണ്ടു ദിവസം പനി വന്നു കിടപ്പിലായതുമെല്ലാം ബാല്യത്തിന്റെ ഓർമകളിൽ മുന്നിൽകേറിവരുന്നു . ആരോ കൊന്നിട്ട് ലാബിൽ കൊണ്ടിട്ടതാണെന്നും തുറന്നു നോക്കുന്നവന്റെ കൂടെ പ്രേതം വരുമെന്നുമെല്ലാം പറഞ്ഞത് നുണകളാണെന്നു മനസ്സിലാക്കാൻ കൗമാരത്തിലെത്തേണ്ടി വന്നു . രാത്രിയിൽ ഞാവല്പഴം കഴിച്ചതിനു ശേഷം അതിന്റെ കുരു ബാക്കി വച്ചിട്ടുപോകുന്ന ചെകുത്താനും അന്നത്തെ നുണയോർമ്മകളിൽ ചിലതായിരുന്നു …
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ആ സ്ത്രീയും പെൺകുട്ടിയും ഇറങ്ങിവന്നത് . ഫോണിലൂടെ ആരെയോ വിളിച്ച ശേഷം പെൺകുട്ടിയും അവളും ആ സീറ്റിൽ തന്നെ ഇരുന്നു ..
കുറച്ചു സമയം അവളുടെ മുഖത്തുനോക്കി ഞാൻ ഉറപ്പുവരുത്തി ..
ചോദിക്കുക തന്നെ .അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു .
എങ്ങനെ തുടങ്ങണം എന്നൊരു രൂപവും ഇല്ലായിരുന്നെങ്കിലും അവളുടെ അരികിലെത്തി ആ ചുമലിൽ തൊട്ടു .
ഞെട്ടലോടെ അവൾ തലയുയർത്തി ,പകച്ചു നോക്കി ..
” ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?”
അവൾ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ് .കൂടെയുള്ള പെൺകുട്ടി എന്നെ തറപ്പിച്ചു നോക്കുന്നു ..
“അന്നാ വേലിക്കൽ നിന്ന വടിയൊടിച്ചത് എന്നെ തല്ലാനായിരുന്നോ അതോ ?”
അവൾ ഒരു നിമിഷം സ്‌തബ്ധയായി നിന്ന ശേഷം പുഞ്ചിരിയോടെ പറഞ്ഞു ” പോടാ അതൊക്കെ ആരോർക്കുന്നു..”
“അപ്പൊ നീ തന്നെയാണല്ലേ ..എനിക്കൊരു ചെറിയ സംശയം ബാക്കിയുണ്ടായിരുന്നു ..”
“എനിക്ക് നിന്റെ കണ്ണുകൾ കണ്ടപ്പോഴേ മനസ്സിലായി ..”
കൂടെയുള്ള പെൺകുട്ടി ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ് . അവള് തന്നെ മകൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു . സുനന്ദയുടെ മൂന്നുപെണ്മക്കളിൽ ഇളയവളാണ് .ഭർത്താവു രണ്ടു വര്ഷങ്ങള്ക്കു മുമ്പേ മരിച്ചു .ഇപ്പോൾ മൂത്തമകളോടൊപ്പം ആണ് സുനന്ദയും ഈ പെൺകുട്ടിയും .
സുനന്ദ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അതുവരെ മൗനത്തിലാണ്ടു നിന്നിരുന്ന മുറിക്കകം ഇപ്പോൾ അവളുടെ ശബ്ദങ്ങൾ നിറഞ്ഞു . സ്‌കൂളിൽ ഒരുമിച്ചു പഠിച്ചവരാണെങ്കിലുംആദ്യമായിട്ടാണവൾ എന്നോട് സംസാരിക്കുന്നത് . മൂന്നു പതിറ്റാണ്ടുകൾക്കു ശേഷമാണു തമ്മിൽ കാണുന്നത്…എങ്കിലും ചിരകാല സുഹൃത്തിനോടെന്നപോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു …
നെല്ലിമരത്തിനടുത്തുള്ള ഓഫീസ് മുറി കെട്ടിടത്തിലായിരുന്നു പത്താം ക്ലാസ്സിലെ രണ്ടു ഡിവിഷനുകൾ . വളരെ ഉയർന്ന മാർക്കു നേടി സ്‌കൂളിൽ ശ്രദ്ധകേന്ദ്രമാവണം എന്ന നിശ്ചയദാർഢ്യം ജൂൺ- ജൂലൈ മാസങ്ങളിലെ മഴയ്‌ക്കൊപ്പം ഒലിച്ചുപോയപ്പോൾ ഓഗസ്റ്റ് പതിനഞ്ചിനു മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു രാവിലെയുള്ള ട്യൂഷൻ ഒഴിവാക്കാൻ തുടങ്ങിയ ദിവസങ്ങളിൽ എന്നോ ആവണം അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് . അടുത്തടുത്തുള്ള ക്ലാസ്സുകളെ വേർതിരിച്ചിരുന്ന സ്‌ക്രീനുകൾക്കിടയിലൂടെ പരസ്പരം കാണാമായിരുന്നു . സുനന്ദ എന്ന വെളുത്തുമെലിഞ്ഞ പെൺകുട്ടി . ഇടയിലെപ്പോഴോക്കെയോ അവൾ എന്നെയും നോക്കിയിരുന്നു .ഒരു ദിവസം ….
“സുധീ നീ എപ്പോഴാ വന്നത് ..? റൂമിലേക്ക് വരാൻ പാടില്ലായിരുന്നോ..?”
ഹരിയുടെ ശബ്ദമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത് .എല്ലാവരും ബഹുമാനപുരസ്സരം എഴുനേറ്റു നിൽക്കുന്നു . സുനന്ദയും ഞാനും മാത്രം അവൻ വന്നതതറിഞ്ഞതേയില്ല ,അവൾ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു ..ഞാൻ പത്താം ക്ലാസ്സുമുറിയിലും ..
ഹരിയുടെ കൂടെ ഇരിക്കുമ്പോഴാണ് ഓർത്തത് ,അവളോട് യാത്ര പോലും പറയാൻ പറ്റിയില്ലല്ലോ എന്നത് .അവൻ കൈപിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു . വളരെ നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷവും എന്നെ കുറച്ചു സമയം പുറത്തിരുത്തേണ്ടി വന്നതിന്റെ കുണ്ഠിതവും അവന്റെ മുഖത്തുണ്ടായിരുന്നു . അതിനിടയിൽ അവളെ നോക്കാൻ പോലും കഴിഞ്ഞില്ല . അവനോടു ബാക്കിയുള്ളവരെ കൂടി പരിശോധിച്ചിട്ടുകാണാം എന്ന് പറഞ്ഞു വേഗം പുറത്തിറങ്ങി . അപ്പോഴേക്കും അവൾ പോയിക്കഴിഞ്ഞിരുന്നു
കിണറ്റിൻ കരയിൽ ചെന്നിരുന്നുകൊണ്ട് നെല്ലിമരം നോക്കി ഏറെ നേരം ഇരുന്നു . ഇരുളാൻ തുടങ്ങുന്നു .രോഗികൾ തീർന്നു തുടങ്ങി .ഇനി അവന്റെ കഥകൾകൂടി കേട്ടശേഷം രാത്രിയിലെ ട്രെയിൻ പിടിക്കണം . രണ്ടു നാളുകൾകൊണ്ട് അജ്മീർ എത്തണം ,ഇമാമിനെ കാണണം …
ആസൂത്രണത്തിന്റെ പടികൾ കയറി ദർഗയുടെ വാതിൽക്കലെത്തി . ഹരിതകമ്പളങ്ങൾ പുതച്ചിരിക്കുന്ന കുടീരങ്ങൾ ,പ്രാർത്ഥനകളുടെ ലോകം.സ്വയം ആനന്ദിച്ചു കൊണ്ട് സൃഷ്ട്ടാവിനെ ആനന്ദിപ്പിക്കുന്ന സൂഫി സംഗീതത്തിന്റെ ,നൃത്തങ്ങളുടെ ലോകം … അവനവനുള്ളിൽ നിറയുന്ന ആനന്ദവും ഭക്തിയും അവിടമാകെ നിറയുന്നു . ധൂമപാളികളോടൊപ്പം വെള്ളവസ്ത്രക്കാരുടെ ഉടൽ വൃത്തം വരക്കുന്നു. ഇമാമിന്റെ കയ്യിൽ നിന്നും അവ താഴേക്ക് ചിതറുന്നു .. നെല്ലിക്കകൾ …
തൊട്ടുമുന്നിലാണ് വീഴുന്നത് ..
നീലനിക്കറിട്ട പയ്യൻ തോട്ടികൊണ്ടു കുത്തിവീഴ്ത്തുന്നതാണ് … താഴെ അതു പെറുക്കുന്ന മറ്റു രണ്ടുപേർ .അവന്റെ സംഘാംഗങ്ങൾ ആവണം
സ്‌കൂൾ മുറ്റത്തെ നെല്ലിക്കകൾ വീഴ്ത്തിയത് ഞാനായിരുന്നു . പതിവുപോലെ ട്യൂഷന് പോകാതെ നേരത്തെ സ്‌കൂളിലെത്തിയ ഒരു ദിവസം ,പെറുക്കിയെടുത്ത നെല്ലിക്കകളും മണ്ണും വേർതിരിക്കുന്ന സമയത്താണ് സുനന്ദ വരാന്തയിൽ നിൽക്കുന്നത് കണ്ടത് . നെല്ലിക്കയുമായി പടികൾ കയറി വരാന്തയിലെത്തി .വിറയ്ക്കുന്ന കൈകളോടെ നെല്ലിക്ക അവൾക്കു നേരെ നീട്ടി .ഹൃദയം മിടിക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു .അവളതു വാങ്ങാതെ തിരിഞ്ഞു നടന്നു .
വരാന്തയിലൂടെ പുറത്തേക്കെറിയപ്പെടുന്ന നെല്ലിക്കകൾ …
അവ പെറുക്കാനായി ഓടി നടക്കുന്ന നിക്കറുകാരനും സംഘങ്ങളും …
ഇമാമിന്റെ വെള്ള കുപ്പായത്തിന്റെ കീശയിൽ നിന്നും പുറത്തേക്കു തള്ളി നിൽക്കുന്ന നെല്ലിക്കകൾ …
വൃത്ത താളത്തിൽ നൃത്തമാടുന്ന സൂഫികൾക്കൊപ്പം നെല്ലിമരത്തിന്റെ ചലനങ്ങൾ …
——————–
“രക്ഷപ്പെടാൻ പ്രയാസമുള്ള കേസാണ് .
മറ്റന്നാൾ ആണ് ഓപ്പറേഷൻ .
രണ്ടു വർഷത്തോളമായി എന്റെ പേഷ്യന്റ് ആണ് .”
അവൻ പറഞ്ഞതെല്ലാം സുനന്ദയെക്കുറിച്ചുതന്നെയാണോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി . കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല .അവന്റെ കൂടെ ആ രാത്രി തങ്ങുവാൻ തീരുമാനിച്ചത് അവളെ ഒന്നുകൂടി കാണണം എന്ന ഉദ്ദേശത്തോടെ മാത്രമായിരുന്നു .
ഡോക്ടർ ഹരികുമാർ എന്ന ഹൃദ്രോഗവിദഗ്ദന്റെ പരിവേദനങ്ങളെടുത്ത രാത്രിയുടെ ആദ്യപകുതിയിൽ മീനുവും മോനുമെല്ലാം കഥാപാത്രങ്ങളായി . ഒരുവേള മീനുവിനോട് ഫോണിൽ സംസാരിക്കേണ്ടിയും വന്നു . പ്രീഡിഗ്രി കാലഘട്ടത്തിൽ നിന്നും വളരെ അകലെയാണ് മനസ്സുകൾ എന്ന് വളരെപ്പെട്ടെന്നു തന്നെ മനസ്സിലായി . ആരെയും കുറ്റപ്പെടുത്താനാവാതെ മൂഢതയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടവനെ ഒരിക്കൽക്കൂടി നിരാശനാക്കേണ്ടി വന്നു ..
രാത്രിയുടെ ഏതോ യാമങ്ങളിൽ അവനിലെ കർത്തവ്യനിരതനായ ഡോക്ടർ ഒരു ഫോൺ കോളിന് പിന്നാലെ ഏതോ രോഗിക്കായി ഉറക്കം വെടിഞ്ഞുകൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു . അവനിലെ ഉറക്കമൊഴിവാകുന്ന പല രാത്രികളിൽ ഒന്നുമാത്രമാവണം ..
“നീ മറുപടി പറയാത്തോണ്ടാ ഞാൻ വീണ്ടും വന്നത് ..”
“നിന്റെ ആ കൂട്ടുകാരൻ ഇപ്പോൾ എവിടെ..?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു ..
“അപ്പൊ നിനക്കോർമ്മയുണ്ട് ..ലേ..”
“ഇത്രേം വര്ഷമായില്ലേടാ ഞാൻ മിക്കതും മറന്നു ..പിന്നെ ഹൃദയത്തിനൊപ്പം മനസ്സ് പണിമുടക്കാത്തതുകൊണ്ട് കുറച്ചു കാര്യങ്ങളൊക്കെ ഓർക്കുന്നു” അവൾ സെറ്റിയിൽ ചാഞ്ഞിരുന്നു .
അതൊക്കെ പോട്ടെ നീയെങ്ങനെ വീട് കണ്ടുപിടിച്ചു .? ”
“നിന്റെ വീട് കണ്ടുപിടിക്കാനാണോ പ്രയാസം ..”
“ഇത് മൂത്തമകളുടെ വീടാണ് . അവളും ഭർത്താവും നിർബന്ധിച്ചപ്പോ..
പിന്നെ ചികിത്സക്കും ഇവിടെയാണ് സൗകര്യം ..എനിക്ക് പക്ഷെ എന്തോ വീട്ടിൽ പോകാൻ വല്ലാത്തൊരു ആഗ്രഹം. ആ കിണറ്റീന്നു രണ്ടു തൊട്ടി വെള്ളം കോരി കുളിച്ചാൽ ഈ വേദനയെല്ലാം പോകുമെന്നൊരു തോന്നൽ .പക്ഷെ മക്കള് സമ്മതിക്കുന്നില്ല …”
“എന്നാപ്പിന്നെ നമുക്ക് ഒളിച്ചുപോകാം…”
അവളുടെ കണ്ണുകൾ വിടർന്നു ..ചുറ്റും കറുപ്പുനിറം പടരാൻ തുടങ്ങിയ കണ്ണുകളിലൊരു ചെരാതിന്റെ വെളിച്ചം മിന്നിമറഞ്ഞു .
“വേണ്ട ..ഈ സമയത്ത് അവരെ ബുദ്ധിമുട്ടിക്കാതെ പരമാവധി നോക്കണം .ഇനിയൊരുപക്ഷേ ..”
“നീ വെറുതെ സീരിയൽ ഡയലോഗൊന്നും അടിക്കല്ലേ ..ഹരി പറഞ്ഞല്ലോ നിനക്കൊരു കുഴപ്പവും ഇല്ലെന്ന്” പറയുമ്പോൾ സ്വരം ഇടറാതിരിക്കാൻ വല്ലാതെ പാടുപെട്ടു ..
പത്താം ക്‌ളാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞ ആശ്വാസത്തിൽ കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞുകൊണ്ട് നെല്ലിമരചുവട്ടിൽ നിൽക്കുമ്പോഴാണ് സുനന്ദയെ കണ്ടത് . ക്ലാസ്സുമുറിയിൽ നിന്നും വന്ന അവൾ ഒന്നു നോക്കിയ ശേഷം നടക്കാൻ തുടങ്ങി . ഇടയിലെപ്പോഴോ അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .
“അവൾക്കു നിന്നോടെന്തോ പറയാറുണ്ടല്ലോ സുധീ. കുറച്ചു ദിവസമായിട്ടു നിന്നെ അവൾ കണ്ണുകാട്ടുന്നത് ഞങ്ങള് കാണുന്നതാ” കൂട്ടുകാരിലെ പ്രമുഖൻ പറഞ്ഞു ..
“ഇത് അവസാന ചാൻസാ നാളെ മുതൽ അവളെ കാണില്ലട്ടോ .. ”
മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഇല്ലാതിരുന്ന , എന്തിനേറെ സൈക്കിളുകൾ പോലും എണ്ണത്തിൽ കുറവായിരുന്ന എൺപതുകളിൽ ഇനി കാണാനുള്ള സാധ്യതകൾ വിരളമെന്നത് യാഥാർഥ്യമായിരുന്നു ..
അവളുടെ മനസ്സറിയുക തന്നെ എന്ന ലക്ഷ്യവുമായി ,കൂട്ടത്തിൽ ഏറ്റവും വാക്ചാതുരിയുള്ള കൂട്ടുകാരനെ കൂടെ കൂട്ടി അവളുടെ പിന്നാലെ പുറപ്പെട്ടു . അവൻ സംസാരിച്ചോളാം എന്നതായിരുന്നു കരാർ. ധൈര്യമെന്ന വികാരത്തിനിതുവരെ അടിമപ്പെട്ടിട്ടില്ലാത്ത ,വാക്ചാതുര്യത്തിന്റെ എഞ്ചുവടി പോലും കയ്യിലില്ലാത്ത കൗമാരം. അവളുടെ പത്തടിയോളം പുറകിലായി സ്‌കൂൾ ഗെയ്റ്റ് കടന്നു മുന്നോട്ടു നീങ്ങി ..അവളപ്പോഴും പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു
കാറിന്റെ പിൻ സീറ്റിലിരുന്നുകൊണ്ടവൾ അകലേക്ക് മിഴികൾ നട്ടിരിക്കുകയായിരുന്നു . ഏകദേശം നൂറു കിലോമീറ്ററോളം പിന്നിട്ടുകഴിഞ്ഞു . ഇത്രനേരവും വാചാലയായിരുന്നവൾ നാട്ടിലെത്തിയപ്പോൾ പൊടുന്നനെ മൗനിയായി .ഒരുതരം ആർത്തിയോടെയാണവൾ കാഴ്ചകൾ കാണുന്നതെന്ന് തോന്നിപ്പോയി .
കാറിന്റെ വാടക ഹരിയുടെ കയ്യിൽ നിന്നും കടം വാങ്ങാം പക്ഷെ തിരിച്ചു ചെല്ലുമ്പോൾ സുനന്ദയുടെ മക്കളോടെന്തുപറയും എന്നതായിരുന്നു ചിന്ത . നാളെകഴിഞ്ഞാൽ ഓപ്പറേഷൻ നടക്കേണ്ട ആളാണ് കൂടെ ..എല്ലാം പൊടുന്നനെയുള്ള പ്രേരണയുടെ ബാക്കിപത്രമായി സംഭവിച്ചു .അവൾ മതിവരുവോളം ആസ്വദിക്കട്ടെ .
ഇമാം കണ്ണുകളടച്ചുകൊണ്ടു ചാരിയിരിക്കുകയായിരുന്നു . മനോഹരമായ സൂഫി സംഗീതം ആ മുറിക്കുള്ളിലാകെ നിറഞ്ഞു നിന്നു. ധൂമങ്ങൾ അവയോടൊപ്പം നൃത്തം ചെയ്തു . ഉടലാകെ സൃഷ്ടാവിനോടുള്ള പ്രണയം നിറച്ച നർത്തകർ ,പച്ചപ്പരവതാനി വിരിച്ച മുറിയാകെ നമ്മെ മായിക ലോകത്തേക്ക് ക്ഷണിക്കുമ്പോലെ. ആത്മീയതയിൽ അലിഞ്ഞു ചേർന്ന അവരുടെ അംഗ ചലനങ്ങൾ നൃത്തത്തിനുമപ്പുറം ആത്മസംസ്കരണത്തിന്റെ ഉപാധികളിൽ ഒന്നായി വർത്തിക്കുമ്പോൾ നാമറിയാതെ നമ്മുടെ ചലനങ്ങളുടെ താളഗതിയും മാറുന്നു. ഇമാം അടുത്തേക്ക് വരാൻ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു .
അദ്ദേഹത്തിന് മുന്നിൽ മുട്ടുകുത്തി ഇരുന്നു .വെളുത്ത താടിരോമങ്ങൾ ഉഴിഞ്ഞുകൊണ്ടദ്ദേഹം ചിരിച്ചു. തലയിൽ പതിയെ തലോടി .
അറിയാതെ കണ്ണുകൾ അടഞ്ഞു പോകുന്നു ..
“സാറെ ആ സ്ത്രീ ദാ പോണു ട്ടോ” ഡ്രൈവറുടെ ശബ്ദമാണ് മടക്കിവിളിച്ചത് . സ്‌കൂൾ ഗെയ്റ്റിനരികിൽ എത്തിയിരുന്നു അവൾ . ഞാനും കൂട്ടുകാരനും പട്ടുപാവാടക്കാരിയെ പിന്തുടർന്നിരുന്ന ആ ഇടത്തിൽ അവളുടെ വർത്തമാനകാല ചലനങ്ങൾ . അടഞ്ഞുകിടക്കുന്ന പ്രവേശനകവാടത്തിനരികിൽ അവൾ നിരാശയോടെ നിന്നു. അകത്തു പുതിയ കെട്ടിടങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു . പന്തുകളിച്ചിരുന്ന മൈതാനവും ഓടിക്കളിച്ചിരുന്ന കുന്നിൻ ചെരിവുമെല്ലാം അരങ്ങൊഴിഞ്ഞിരിക്കുന്നു . ഇവിടെ നിന്നാൽ കാണാം അകലെ നെല്ലിമരം നിന്നിരുന്ന ഇടവും അവിടെ പുതുതായി വന്ന പൂന്തോട്ടവും
ആ നെല്ലിക്കകൾ ഇനിയൊരിക്കലും അവൾക്കായി പറിക്കാനാവില്ല . സ്മൃതിയിൽ മാത്രം അവശേഷിക്കുന്ന ആ വൃക്ഷത്തിനെത്രയോ സ്‌കൂൾ കഥകൾ പറയാനുണ്ടാവും .
പുഴയോരത്തുള്ള അവളുടെ വീടാകട്ടെ കുറേക്കാലമായി ആൾതാമസമില്ലാതെ കിടക്കുകയാണ് .ഓടിട്ട ആ ഇരുനില വീടിന്റെ പരിസരമാകെ കാടു മൂടിക്കിടക്കുന്നു . മടിക്കുത്തിൽ നിന്നും ജാലവിദ്യക്കാരിയെപ്പോലെ താക്കോൽകൂട്ടങ്ങളെടുത്തുകൊണ്ടവൾ എന്നെ നോക്കി ചിരിച്ചു . അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ അവളെ സുന്ദരിയാക്കിയതായി തോന്നി . കൺതടങ്ങളിലെ കറുപ്പുനിറമെങ്ങോ പോയിമറഞ്ഞിരുന്നു . വാതിൽ തുറക്കുമ്പോൾ അവളുടെ ചലനങ്ങൾക്ക് വേഗതയേറി .വല്ലാത്തൊരു ശബ്ദത്തോടെ തുറന്ന വാതിൽ പൊടിപടലങ്ങളോടെയാണ് ഞങ്ങളെ വരവേറ്റത് . അവൾ ചുമച്ചു ചുമച്ചു ശ്വാസം മുട്ടി എന്റെ തോളിൽ പിടിച്ചു നിസ്സഹായയായി നിന്നു.ആവേശം കൊണ്ടെടുത്ത തീരുമാനത്തിൽ പരിഭ്രാന്തനായ സമയം . അവളിലെ രോഗിയെ കണ്ടതപ്പോൾ മാത്രമായിരുന്നു. ജാലകങ്ങൾ ഓരോന്നായി തുറന്നത് അവൾ തന്നെയായിരുന്നു പുഴയിൽ നിന്നുള്ള കാറ്റാണ് ആദ്യമെത്തിയത് . വീടിനകം ആകെ പരതിയശേഷം അവളെ ചുറ്റിപ്പറ്റി നിന്ന കാറ്റിന് അവളോട് പറയാൻ ഒരുപാടു നാളുകളുടെ കഥയുണ്ടായിരുന്നിരിക്കണം .
അവൾ അവിടമാകെ ഓടി നടന്നു . അച്ഛനോടും അമ്മയോടും എന്തൊക്കെയോ പറഞ്ഞു . കട്ടിലിനടിയിലെ ട്രങ്ക് പെട്ടിയിൽ നിന്നും അവളുടെ പുസ്തകങ്ങളും യൂണിഫോമും എടുത്തു നോക്കി,ചിലങ്കകൾ അണിഞ്ഞു,എന്നെ പാടേ വിസ്മരിച്ചുകൊണ്ടവൾ അവളുടെ ലോകത്ത് വിരാജിച്ചു .
അവളുടെ പിറകെ നടന്ന ഞാനും കൂട്ടുകാരനും മറ്റു കുട്ടികൾ ഒഴിയുന്നതും നോക്കി നടന്നു . അവൾ ഇടയ്ക്കിടെ തിരഞ്ഞു നോക്കുന്നത് പ്രതീക്ഷയോടെയും ആശങ്കയോടെയും കണ്ടു .റോഡിനിരുവശത്തായി ഞങ്ങൾ നടന്നു . മറ്റു കുട്ടികൾ ഓരോ വഴിയായി പിരിയാൻ തുടങ്ങി.അവൾ ഇറങ്ങി ,ഞങ്ങൾ പിന്നാലെയും .ഞങ്ങള് തമ്മിൽ ഇരുപതു മീറ്ററിന്റെ വ്യത്യാസം കാണും .അവൾ വഴിയിലെ വേലിയിൽ നിന്നും ഒരു ചെറിയ കമ്പൊടിച്ചു നടത്തം പതുക്കെയാക്കി .ഏതാണ്ട് അടുത്തെത്തിയപ്പോൾ കൂട്ടുകാരൻ കാലുവാരി ,നിന്റെയിഷ്ടം നീ തന്നെ പറയണം എന്ന് നിലപാടെടുത്തു . ഹൃദയം പെരുമ്പറ കൊട്ടി,നടത്തത്തിലും അവൾ വിറക്കുന്നത് കാണാമായിരുന്നു . കുറച്ചു നേരം മിണ്ടാതെ അവളുടെ കൂടെ നടന്നു .അവളാകട്ടെ വേലിക്കരികിലേക്കു ചേർന്ന് നടന്നു ,മറ്റൊരു കമ്പൊടിച്ചുകൊണ്ട് അവിടെ നിന്നു. തല ഉയർത്തിയിരുന്നില്ല എന്നാണെന്നോർമ്മ . എന്തോ രണ്ടാമത്തെ കമ്പൊടിച്ചതും ഞാൻ തിരിഞ്ഞു നടന്നു .അവൾ തല്ലുമോ എന്നായിരുന്നു പേടി . കൂട്ടുകാരൻ എന്തൊക്കെയോ ചോദിച്ചെങ്കിലും ഞാൻ നടന്നു .പിന്തിരിഞ്ഞു നോക്കുമ്പോഴും അവൾ അവിടെ അതേ നിൽപ്പായിരുന്നു..
“നീ വടിയൊടിച്ചതെന്തിനാണെന്ന് പറഞ്ഞില്ല ..”
കിണറ്റിൽ നിന്നും വെള്ളം കോരി അവളുടെ തലയിൽ ഒഴിച്ച് കൊടുക്കുമ്പോൾ ചോദിച്ചു .അവളാകട്ടെ കൊച്ചു കുട്ടിയെപ്പോലെ അലക്കു കല്ലിന്മേൽ ഇരിക്കുകയായിരുന്നു . വേറെ ഏതോലോകത്തിലായിരുന്നിരിക്കാം.അവടെയെന്തായാലും ഞാനും വടിയുമൊന്നും കാണില്ല . തല തോർത്തിക്കൊടുക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കാണാമായിരുന്നു .
തിരിച്ചെത്തുമ്പോൾ രാത്രിയുടെ യാമങ്ങൾ കുറെ പിന്നിട്ടിരുന്നു .അവൾ ഉറങ്ങുകയായിരുന്നു തിരികെയുള്ള യാത്രയിൽ ഏറിയപങ്കും .
“നീ അങ്ങോട്ട് വരേണ്ട. മക്കളെന്തെലും പറഞ്ഞാൽ നിനക്ക് വിഷമമാകും . എന്നെ ഈ വഴിയിൽ വിട്ടാൽ മതി.എന്തായാലും നമ്മുടെ ഒളിച്ചോട്ടം ഉഗ്രനായി .. ഇനിയിപ്പോ നാളെക്കൂടിയെ ഉള്ളൂ ….”
അവൾ അർധോക്തിയിൽ നിർത്തി
“നിന്റെ കൂട്ടുകാരൻ ഡോക്ടർ മിടുക്കനാട്ടോ. പരമാവധി എനിക്ക് നീട്ടിത്തന്നു അദ്ദേഹം . ഇനിയിപ്പോ ഓപ്പറേഷൻ മാത്രേ വഴിയുള്ളൂ .
ഞാൻ വേണ്ടാന്നു പറഞ്ഞതാ .മക്കള് സമ്മതിക്കുന്നില്ല .അവരുടെ പ്രതീക്ഷ രക്ഷപ്പെടുമെന്നാ .”
“നീ ചെല്ല്..” അവളുടെ തലയിൽ തലോടി ..
അവൾ നടന്നകലുന്നത് നോക്കി നിന്നു.
————–
ഉന്മാദത്തിന്റെ മൂർദ്ധന്യത്തിൽ കണ്ണുകളടച്ചിരുന്നു .എത്ര നേരം ഇരുന്നെന്നറിയില്ല . മിനിറ്റുകളോ മണിക്കൂറുകളോ ദിവസങ്ങളോ കടന്നുപോയിരിക്കാം . ഇമാമിന്റെ താടിരോമങ്ങൾ പോലെ വെളുത്തനിറമുള്ള ഒരപ്പൂപ്പൻ താടിയായി താഴേക്ക് പതിക്കുകയായിരുന്നു ഞാൻ . റൂമിയുടെ രാജ്യം പോലെ സ്നേഹത്തിന്റേതായ രാജ്യത്ത് ആത്മാവിന്റെ പ്രണയം പുൽകുന്ന ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ അവാച്യമായ ഏതോ ലഹരിയുടെ ലോകത്തു ഞാൻ മുട്ടുകുത്തി ഇരിക്കുകയായിരുന്നു . ഇമാം വെള്ളക്കുപ്പായ കീശയിൽ നിന്നും ആ നെല്ലിക്കകൾ എന്റെ നേരെ നീട്ടി .നെല്ലിമരം വെള്ളക്കുപ്പായമിട്ടുകൊണ്ടു നൃത്തം ചെയ്യുന്നു . അല്ല ആത്മ സംസ്കരണത്തിനായി ശ്രമിക്കുന്നു . എനിക്ക് തിരിച്ചു പോകാനുള്ള വഴികളെല്ലാം നെല്ലി മരങ്ങൾ കീഴടക്കിയിരിക്കുന്നു .
ഇമാം തന്ന നെല്ലിക്ക ഞാൻ എന്റെ കുപ്പായക്കീശയിൽ ഇട്ടു .
രോഗികളുടെ നീലവസ്ത്രത്തിൽ സുനന്ദ സുന്ദരിയായി തോന്നി . മക്കൾ കണ്ണീരടക്കാൻ പാടുപെട്ടു.അവൾ പ്രസന്നവതിയായിരുന്നു . കിണറ്റിലെ വെള്ളം അവളുടെ വേദനകളെ കഴുകിക്കളഞ്ഞു കാണണം . ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അവളെന്നെ കണ്ടത് . അവൾ കൈ കാണിച്ചു വിളിച്ചു ..എന്തുകൊണ്ടോ മക്കൾ തെല്ലു മാറി നിന്നു. അവളെന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു ..
“ഡാ ഞാനെന്തിനാ അന്ന് വടിയൊടിച്ചതെന്നു നിനക്കറിയേണ്ടേ ?” അവൾ ചിരിച്ചു കൊണ്ട് എന്തോ പറയാനൊരുങ്ങിയപ്പോൾ ഞാൻ അവളുടെ വായ പൊത്തി
“നീ തിരിച്ചു വന്നിട്ടു പറഞ്ഞാ മതിയെടി ..”
അവൾ ചിരിച്ചു ..
അവളെയും കൊണ്ട് ആശുപത്രിയിലെ മാലാഖമാരുടെ വാഹനം നീങ്ങി
കുപ്പായക്കീശയിലെ നെല്ലിക്കകൾ അവൾക്കു കൊടുക്കാനാവാതെ അവശേഷിച്ചു ..
പടവുകളിറങ്ങുമ്പോൾ അകലെ ഒരു നെല്ലിമരം പെയ്തിറങ്ങുന്നത് കാണാമായിരുന്നു . നീലയുടുപ്പണിഞ്ഞ അവളുടെ ദ്രുതചലനങ്ങളിൽ മൈതാനം നിറയെ നെല്ലിക്കകൾ ,അവ വീണുകൊണ്ടേയിരിക്കുന്നു .അവ പെറുക്കാൻ ശ്രമിക്കുന്ന ഇമാമിനൊപ്പം വെള്ള വസ്ത്രക്കാരായ ഒരുപറ്റം നർത്തകർ . തെല്ലകലെ നെല്ലിമരത്തെ ആർത്തിയോടെ നോക്കുന്ന പരശ്ശതം കോടാലിക്കൈകൾ.അവളോടടുക്കുമ്പോൾ അവ നാവു നൊട്ടി നുണയുന്നു..
നെല്ലിക്കകൾ പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു …