മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ പാഠപുസ്തകം എന്ന ഓർമ്മക്കുറിപ്പുകളിൽ നിന്ന് ഒരു ഭാഗം വായിക്കാം
കാണാതെ പോയ ഒരാൾ
‘മനുഷ്യന് ഒരു ആമുഖം’ എന്നനോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവേളയിൽ ‘മാതൃഭൂമി’ ഊഷ്മളമായ ഒരു അനുമോദനയോഗം എനിക്കായി ഒരുക്കിയിരുന്നു. കേശവമേനോൻ ഹാളിൽ സുഹൃത്തുക്കളും വായനക്കാരുമായി നിറഞ്ഞ സദസ്സിന്റെ മുൻനിരയിൽ എഴുപതുപിന്നിട്ട ഒരമ്മ എന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്നത് വേദിയിലിരുന്നപ്പോൾ ശ്രദ്ധിച്ചു. മുമ്പ് കണ്ടിട്ടില്ല. ഏതെങ്കിലും സുഹൃത്തിന്റെ അമ്മയായിരിക്കുമോ എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.ചടങ്ങുകഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ അവർ ശങ്കിച്ച് അടുത്തുവന്നു. വിവേകവുംജീവിതപരിചയവും അവരുടെ മാതൃഭാവത്തിന് ഒരു അധികകാന്തി കൊടുത്തിരുന്നു. ‘നമസ്കാരം കുഞ്ഞേ’, അവർ പറഞ്ഞു: ‘കുറേക്കാലമായി നേരിട്ടുകാണണമെന്ന് കരുതുന്നു. ഇന്നാണ് അതിന് സൗകര്യപ്പെട്ടത്!’, അവർ പറഞ്ഞു.
ബുദ്ധിമുട്ടില്ലെങ്കിൽ അല്പനേരം സംസാരിക്കണമെന്നുണ്ടെന്ന് അറിയിച്ചപ്പോൾ ഞാൻ ആൾക്കൂട്ടത്തിൽനിന്ന് കുറച്ചകന്നുനിന്നു. അവർ ഒപ്പം വന്നു.
‘എന്റെ പേര് കുമുദ ഭായി. ഡോക്ടറാണ്. പ്രായമായെങ്കിലും ഇപ്പോഴും ക്ളിനിക്കിൽ പോകുന്നുണ്ട്’, അവർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതുടങ്ങി. ‘സുഭാഷിനെ നേരിൽക്കാണണമെന്ന് എന്നേക്കാൾ ആഗ്രഹമുള്ള ഒരാളുണ്ടായിരുന്നു. എന്റെ സഹോദരിയുടെ മകന്റെ ഭാര്യയാണ്. ഏതാണ്ട് സുഭാഷിന്റെയൊക്കെ പ്രായംകാണും. എനിക്ക് മകളെപ്പോലെത്തന്നെയായിരുന്നു. കോഴിക്കോട്ടു വരുമ്പോൾ നിങ്ങളുടെ ‘ഭൂമി’ എന്നുപേരുള്ള വീട്ടിൽ പോകണമെന്ന് എപ്പോഴും എന്നോട് ഫോണിലൂടെ പറഞ്ഞിരുന്നു.’
വാചകങ്ങളിലെല്ലാം ഭൂതകാലം പ്രയോഗിക്കപ്പെടുന്നത് കണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു:’ എന്താണ് അവരുടെ പേര്? ഇപ്പോൾ എവിടെയുണ്ട്?’
‘സുധ വർമ’, അവർ പറഞ്ഞു. അടുത്തവാചകത്തിന് മുമ്പ് ദീർഘമായ ഒരു നിശ്വാസമുതിർന്നു:’ ആളിപ്പോൾ ഇല്ല. മൂന്നുമാസത്തിനുമുമ്പ് മരിച്ചു!’
ആൾക്കൂട്ടത്തിന്റെ സാന്നിധ്യം അപ്രസക്തമാക്കുന്ന ഒരുശൂന്യത അവിടെനിറഞ്ഞു. എന്റെ സമപ്രായക്കാരിയായ ഒരാളുടെ ഭൂമിയിൽനിന്നുള്ള തിരോധാനത്തെക്കുറിച്ച് ഞാൻ കൂടുതലായി സാവകാശം ഡോക്ടർ കുമുദ ഭായിയിൽ നിന്ന് ചോദിച്ചറിയേണ്ടത് എന്റെ ആവശ്യമായിത്തീർന്നു.
ഹരിപ്പാട്ട് രാജകുടുംബാംഗമായിരുന്നു സുധയുടെ അച്ഛൻ കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് പലയിടത്തും ആ കുടുംബം മാറിമാറി താമസിച്ചു. സുധാവർമയും സഹോദരൻ സുധീർവർമയും കുട്ടിക്കാലം മുതലേ ധാരാളംവായിച്ചു. സംഗീതം പഠിച്ചു. മിടുക്കരായി പഠിച്ചു. ഇംഗ്ളീഷിൽ എം.എ. എടുത്തശേഷം ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറിയിൽ സുധ അധ്യാപികയായി ചേർന്നു. ആരോഗ്യവും സൗന്ദര്യവും കുലീനത്വവും സർവോപരി സർഗാത്മകതയും ഒത്തുചേർന്ന ഒരപൂർവ ജന്മം. ബന്ധുക്കളുടെ കൂട്ടത്തിൽ വായനയെ ജീവശ്വാസമായി കരുതുന്ന ഡോക്ടർ കുമുദ ഭായിയുമായി അവൾക്ക് കൂടുതൽ മനസ്സടുപ്പമുണ്ടായിരുന്നു. അമ്മയുടെ പ്രായമുള്ള ആ സുഹൃദ്ബന്ധുവിനോട് അവർ ഫോണിലൂടെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള നല്ല പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും പറഞ്ഞു. അക്കൂട്ടത്തിൽ സുഭാഷ് ചന്ദ്രൻ എന്ന പേരും കടന്നുവന്നു. അയാളുടെ വീടിന്റെപേര് ഭൂമി എന്നാണെന്നും അടുത്ത കുറി കോഴിക്കോട്ടുവരുമ്പോൾ ആ വീട് തേടിപ്പിടിക്കാൻ സഹായിക്കണമെന്നും അവൾ മുൻകൂറായി പറഞ്ഞുവെച്ചു.
അങ്ങനെയിരിക്കേയാണ് ടോൺസിൽസ് വീക്കംപോലെ എന്തോ ഒന്ന് സുധയുടെ സംഗീതസാധനയ്ക്ക് തടസ്സമായത്. ആദ്യപരിശോധനകളിൽ മരുന്നുകഴിച്ചുമാറാവുന്ന ചെറിയ അസുഖമായേ അവിടത്തെ ഡോക്ടർമാർക്ക് അതിനെ മനസ്സിലായുള്ളൂ. എന്നാൽ ദിവസങ്ങൾകൊണ്ട് അസ്വസ്ഥത പെരുകിയപ്പോൾ പരിചയക്കാരും ബന്ധുക്കളുമൊക്കെയുള്ള കോഴിക്കോട്ടെ മിംസ് ഹോസ്പിറ്റലിലേക്ക് വിശദപരിശോധനയ്ക്കായി വരാൻ അവർ തീരുമാനിച്ചു. ഡോക്ടർ കുമുദ ഭായിയോടൊപ്പം ഏതാനും ദിവസം പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കാമെന്ന ആഗ്രഹവും അതിനൊപ്പമുണ്ടായിരിക്കണം. ആ ദിവസങ്ങളിൽ വീണ്ടും സുഭാഷ്ചന്ദ്രനെ കാണണമെന്ന മോഹം അവർ പങ്കുവെച്ചു.
ബയോപ്സിയ്ക്കായി തൊണ്ടയിൽനിന്നെടുത്ത സ്പെസിമെൻ മുംബൈയിലേക്കയച്ച് കാത്തിരിക്കുന്ന ആ ദിവസങ്ങളിൽ ഡോ. കുമുദാ ഭായി സുധാ വർമയ്ക്ക് ഉറപ്പുകൊടുത്തു: ‘റിസൽട്ട് വരട്ടെ. എന്നിട്ടാദ്യം നമുക്ക് ആ യാത്ര!’
റിസൽട്ട് വന്നു. മിംസിലെ വിദഗ്ധന്മാർ അതിനുമുന്നിൽ വിഷണ്ണരായി നിന്നു. രക്താർബുദത്തിന്റെ അപരിഹാര്യമായ ഘട്ടത്തിലാണ് സുധ എന്ന് അത് മൗനമായി അവരോട് നിലവിളിച്ചു. ഏറിയാൽ ഒരു മാസം എന്ന് അതിൽ തീർപ്പുണ്ടായിരുന്നു.
വായിൽ അടിക്കടി പുണ്ണുനിറഞ്ഞ്, തന്റെ പ്രിയപ്പെട്ടവരോട് ഒരു വാക്ക് സംസാരിക്കാനോ ഒരു വറ്റിറക്കാനോ കഴിയാതെ ക്ളേശിച്ചുകൊണ്ട് മൂന്നാഴ്ചയ്ക്കുള്ളിൽ അവൾ മണ്ണിലേക്ക് മടങ്ങിപ്പോയ കഥ പൂർത്തിയാക്കിക്കൊണ്ട് വാർധക്യത്തിന്റെ വിവേകത്തിനും തടുക്കാനാകാത്ത ദുഃഖത്തിന്റെ തിരതള്ളലിൽ തളർന്ന് ഡോ. കുമുദ ഭായി എന്റെ മുന്നിൽനിന്നു.‘ആ കടംവീട്ടാനാണ് ഞാൻവന്നത്. അവൾ അവസാനകാലത്ത് വീണ്ടും മനുഷ്യന് ഒരു ആമുഖം വായിച്ചിരുന്നു. ഇപ്പോൾ എന്നോടൊപ്പം ഇവിടെ അവളും ഉണ്ടെന്ന് സുഭാഷ്ചന്ദ്രൻ കരുതുക!’ എന്തു പറയേണ്ടുവെന്നറിയാതെ ഞാൻ നിന്നു. കണ്ട മുഖങ്ങൾ സ്നേഹത്തിന്റെ ദുഃഖം തരുന്നു. കാണാത്തവ അതിനേക്കാൾ ദുഃഖിപ്പിക്കുന്നു.
‘അമ്മേ’, ഞാൻ അവരുടെ കൈകൾ ചേർത്തുപിടിച്ച് പറഞ്ഞു:’ സുധ വർമ എന്നെ കണ്ടതായിത്തന്നെ ഞാൻ കരുതുന്നു. അവർ എന്റെ പുസ്തകങ്ങൾ ഒന്നൊഴിയാതെ വായിച്ചുവല്ലോ. ആ പുസ്തകങ്ങളിൽ ഉള്ളതിലും അധികമായി എന്താണ് നാളെ മണ്ണടിയുവാനുള്ള എന്റെ ഈ ശരീരത്തിലുള്ളത്?’