തന്റെ മുൻകാല കഥയ്ക്ക് സമാനമായ അവസ്ഥ അതും ദുരിതമാണെങ്കിൽ ഒരിക്കലും സംഭവിക്കരുതെന്നാവും ഒരെഴുത്തുകാരൻ ചിന്തിക്കുക. സുഭാഷ് ചന്ദ്രന്റെ ഏറെ പ്രശസ്തമായ ഘടികാരങ്ങൾ നിലക്കുന്ന സമയം എന്ന കഥക്ക് സമാനമായ ഒരു പത്ര വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനെക്കുറിച്ചുള്ള എഴുത്തുകാരന്റെ പ്രതികരണം വായിക്കാം
ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ, എല്ലാ ഘടികാരങ്ങളേയും ഒരൊറ്റ നിമിഷത്തിൽ സ്തബ്ധമാക്കുന്ന കാലത്തിന്റെ നടുങ്ങൽ ബുക്കാറാം വിത്തൽ അറിയുന്ന ആ കഥയ്ക്ക് അടുത്ത മാസം 25 വയസ്സു തികയുന്നു. പ്രളയവും ഭൂകമ്പവും കൊടുങ്കാറ്റുമൊക്കെ മലയാളികൾക്ക് കുട്ടികളുടെ മിമിക്രി ഐറ്റം മാത്രമായിരുന്ന ഒരു ഭൂതകാലത്തിലിരുന്ന് അങ്ങനെയൊരു കഥ കാൽനൂറ്റാണ്ടിനുമുൻപ് എഴുതിവച്ചത് എന്തിനായിരുന്നു?ഈ ചിത്രത്തിലെ പാവം മനുഷ്യൻ ഇന്നെനിക്ക് അതിനുത്തരം തന്നു.