തമസോമാ ജ്യോതിർഗ്ഗമയ

33675632_1663390747069842_5279308559689973760_n

ജീവിതത്തിൽ രോഗങ്ങൾ ഭയക്കുന്നവരാണ് ഭൂരിഭാഗവും എന്നാൽ രോഗം കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗവും നമുക്കിടയിലുണ്ട്, രോഗ ശാന്തിക്കായി ഒരു കൂട്ടർ പ്രാർത്ഥിക്കുമ്പോൾ മറ്റൊരു വിഭാഗം പുതിയ രോഗങ്ങളെക്കുറിച്ചു സ്വപ്നങ്ങൾ കാണുന്നു. ഈ വൈരുധ്യം മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു നിലനില്പിനുവേണ്ടിയുള്ള വടംവലി കൂടിയാണ്. ആരോഗ്യ നികേതനത്തിലെ ജീവൻ മശായിയുടെ പോലെയല്ല രോഗങ്ങളുടെയും ചികിത്സയുടെയും ഇന്നത്തെ ലോകം, അത് കൂടുതൽ സങ്കീർണ്ണമായ ഒരു അവസ്ഥയിലാണ് ഇന്ന് നിൽക്കുന്നത്. അതിജീവനത്തിനു സഹായമാകേണ്ടവർ അഴിമതിയിലേക്കു പോകുമ്പോൾ അവിടെ നഷ്ടമാകുന്നത് ചികിത്സ എന്ന കലയാണ്. സുഭാഷ് ചന്ദ്രൻ എഴുതിയ കുറിപ്പ് വായിക്കാം   

‘സുഹൃത്ത്‌ സുധീന്ദ്രനുമൊത്ത്‌ മൂകാംബികയിൽനിന്നു മടങ്ങുമ്പോഴാണ് ഈ ചെറിയ ദൃശ്യം പകർത്തിയത്‌. തുരങ്കത്തിന്റെ ഇരുട്ടിൽനിന്ന് തീവണ്ടി പുറത്തെ വെളിച്ചത്തിലേക്ക്‌, മാളത്തിൽനിന്ന് പെരുമ്പാമ്പിനെപ്പോലെ, തല നീട്ടുന്ന ദൃശ്യം. സുഗതകുമാരി എഴുതിയതുപോലെ “ഇരുളിൻ പാതാളത്തിൽ ഒളിക്കിലുമേതോ പൂർവസ്മരണയിൽ ആഹ്ലാദത്തിൻ ലോകത്തെത്തും ഹൃദയം!”
രോഗഭീതിയുടെ ഇരുട്ടിലാണ് കേരളം. ഇത്തരം മാരകരോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌ നാമറിയാതെ നാം നടത്തുന്ന പ്രാർഥന കൊണ്ടാണെന്നു പറഞ്ഞാൽ വിശ്വസിക്കാമോ? പതിനായിരക്കണക്കിന് ഡോക്ടർമാരെ എല്ലാ ആണ്ടിലും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് നാം. ഒന്നോ രണ്ടോ സന്തതികളിൽ ഒന്നിനെയെങ്കിലും ഡോക്ടറാക്കുമ്പോൾ ഫലത്തിൽ നമ്മൾ ചെയ്യുന്നത്‌ അവന്/അവൾക്ക്‌ വയറ്റിപ്പിഴപ്പിനായി മറ്റേ കുഞ്ഞിനെ രോഗിയാക്കുകയാണ്. കേരളം എന്ന വലിയ അമ്മയും ഇതു ചെയ്യുന്നു. എന്റെ സന്തതി ഡോക്ടറാകണേ എന്നു പ്രാർത്ഥിക്കുന്ന രക്ഷിതാവിന്റെ പ്രാർത്ഥന പ്രകൃതി കേൾക്കുന്നത്‌ ആ ഡോക്ടറാകാൻ പോകുന്ന കുഞ്ഞിനു ജീവിക്കാൻ നൂറു രോഗികളെ അവനു ചുറ്റും സൃഷ്ടിക്കാനുള്ള ആഹ്വാനമായാണ്. പ്രാർഥനകൾക്ക്‌ ഫലമുണ്ട്‌ -അത്‌ പ്രകൃതി നിറവേറ്റുകതന്നെ ചെയ്യും.

നിപ എന്നത്‌ രണ്ടു സംഗീതസ്വരങ്ങളായി മാത്രം കേട്ടിരുന്ന (നിഷാദം, പഞ്ചമം) നമ്മൾ ഇപ്പോൾ അതിനെ നമ്മുടെ ജീവിതഗാനത്തിൽ വന്നുപെട്ട അപശ്രുതിയായും അവതാളമായും എണ്ണുന്നു. ആശുപത്രികളിൽ നിപയുമായി മല്ലിടുകയാണ് നമ്മുടെ ഡോക്ടർ മക്കളും നഴ്സ്‌ മക്കളും. ഡോക്ടറാവുക എന്ന സ്വന്തം സ്വപ്നത്തിന്റേയും ഡോക്ടറാക്കുക എന്ന മാതാപിതാക്കളുടെ സ്വപ്നത്തിന്റേയും യാഥാർത്ഥ്യവുമായുള്ള അഭിമുഖീകരണമാണ് ഇപ്പോൾ നടക്കുന്നത്‌. ലക്ഷക്കണക്കിനു രോഗികൾ ഉണ്ടാകുമ്പോൾ അവരെ ചികിൽസിക്കാൻ പതിനായിരക്കണക്കിനു ഡോക്‌ടർമാർ വേണ്ടേ എന്നുള്ളത്‌ ദൈവത്തിനു ചിരിയുണ്ടാക്കുന്ന ചോദ്യമാണ്. രോഗങ്ങളില്ലാത്ത നാടിനു വേണ്ടിയുള്ള പ്രാർത്ഥന എന്നത്‌ ഡോക്ടർമാർ നിറഞ്ഞ നാടിനു വേണ്ടിയുള്ള പ്രാർത്ഥനയായി നാം മാറ്റിയെടുത്തു.

രണ്ടും ഒന്നല്ല!
നിപയിൽ നിന്നും കരകയറാൻ നമുക്ക്‌ നമ്മുടെ ഡോക്ടർമ്മാരോടും നഴ്സുമാരോടും ഒപ്പം ഇപ്പോൾ പ്രാർത്ഥിക്കാം, പ്രവർത്തിക്കാം. ഒപ്പം നമ്മുടെ കുഞ്ഞുങ്ങളോട്‌ നിപയുണ്ടാക്കുന്നത്‌ വവ്വാലോ വരാലോ അല്ല, നമ്മൾ മനുഷ്യർ തന്നെയാണെന്ന സത്യം പറഞ്ഞുകൊടുക്കാം. ഡോക്ടർ എന്നാൽ പണവും പദവിയും കാറും കല്യാണാലോചനയുമല്ലെന്നും ആപൽക്കരമായ ഈ നിർണ്ണായകനിമിഷത്തിന്റെ നായകനാണെന്നും പറഞ്ഞുകൊടുക്കാം. എന്നിട്ടും ഡോക്ടറാകാൻ കൊതിക്കുന്ന കുഞ്ഞുങ്ങളെ മാത്രം നമുക്കു ഡോക്ടർമ്മാരാക്കാം. കാരണം ശപിക്കാതെ പണിയെടുക്കാൻ ഇത്തരം ഘട്ടങ്ങളിൽ അത്തരം നന്മയുള്ള ഹൃദയങ്ങളെ ഭൂമിക്കു വേണം. കേരളത്തിലെ മുഴുവൻ ഡോക്ടർമ്മാർക്കും നഴ്സുമാർക്കും എന്റെ പ്രണാമം! നിങ്ങൾക്കുവേണ്ടി പ്രകൃതീദേവിയോട്‌ പ്രാർത്ഥിക്കാനുള്ള യാത്രയായിരുന്നു ഇത്‌. ഈ ഇരുട്ട്‌ മാറും. നമ്മൾ പുതിയ വെളിച്ചത്തിലേക്ക്‌ കടക്കുകതന്നെ ചെയ്യും. അവിടെ നിങ്ങളോടൊപ്പം ഞാനും ഉണ്ടാകണേ!’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here