തടവറ പണിത്
അതിൽ ഓരോ മുറി തന്നവരെ
അന്തേവാസികൾ
ആദരപൂർവ്വം നമിക്കുന്നു.
അവർ നമുക്ക്
താമസിക്കാൻ വീടും
കഴിക്കാൻ ഭക്ഷണവും നൽകിയല്ലോ.!!
കാലിൽ ചങ്ങലയും
കൈകളിൽ കയ്യാമവും
വെച്ചവരെയും
നന്ദിയോടെ സ്മരിക്കുന്നു.
അവർ കൊടുങ്കാറ്റിൽ
പറന്നു പോവുന്നതിൽ നിന്ന്
നമ്മെ രക്ഷപ്പെടുത്തിയല്ലോ..!!
വായ പൊത്തിയവരെയും
തൂലിക പിടിച്ച് വാങ്ങിയവരെയും
സ്നേഹപൂർവ്വം ആരാധിക്കുന്നു.
നമ്മുടെ ശരീരം ക്ഷീണിക്കുന്നതിൽ
അവർക്കെന്തൊരു പ്രയാസമായിരുന്നു!!
തലയുടെ മുകളിലെ സൂര്യനെയും
വീശിയടിച്ച ഇളം തെന്നലിനെയും
തടഞ്ഞു നിർത്തിയവരെയും
എന്തൊരു ഇഷ്ടമായിരുന്നു?!
വെയിലിന്റെചൂടിൽ നിന്നും
കാറ്റിന്റെ തണുപ്പിൽ നിന്നും
രക്ഷിച്ച മഹാമനസ്കർ.!!
നാളെ നെഞ്ചിന് നേരെ
കാഞ്ചി വലിച്ചവരെയും
തട്ടിക്കൊണ്ട് പോയി വധിച്ചവരെയും
വീരപുരുഷരായി വാഴ്ത്തപ്പെടും.
ശപ്തമായ ഈ ലോകത്ത് നിന്ന്
സ്വാതന്ത്ര്യം നേടിത്തന്ന
ധീരയോദ്ധാക്കളാണവർ..!!
Click this button or press Ctrl+G to toggle between Malayalam and English