സുഭാഷ് ചന്ദ്രന്റെ പുതിയ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം

images

“പാഠപുസ്തകം”   എന്ന സുഭാഷ്  ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം വായിക്കാം

നൊബേല്‍ ജേതാവിന്റെ മകള്‍

ഇരുപതു വര്‍ഷത്തെ കോഴിക്കോട്ടുവാസത്തിനിടയില്‍ പരിചയപ്പെട്ട ഏറ്റവും മികച്ച സ്ത്രീ ആരാണ് ? കോഴിക്കോട്ടുകാരിയായ ഒരു വായനക്കാരി അയച്ച ഇ-മെയിലിലാണ് ഇങ്ങനെയൊരു ചോദ്യം. അപ്പോഴാണ് ഞാനും ഓര്‍ക്കുന്നത്. ആരാണ്? നന്മയും ബുദ്ധിയും സ്‌നേഹവും സൗന്ദര്യവും പല അനുപാതങ്ങളില്‍ ചേര്‍ന്ന നൂറു കണക്കിന് പേരെ ഈ നഗരം എനിക്ക് പരിചയക്കാരായി തന്നിട്ടുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ ആരാണ് ഏറ്റവും മികച്ച വനിത?
ഉവ്വ്, അങ്ങനെയൊരാള്‍ തീര്‍ച്ചയായും ഉണ്ട്. പൊടുന്നനെ ഒരു പേരും മുഖവും അന്തരംഗത്തില്‍ തെളിഞ്ഞു: അന്തരാ ദേവ് സെന്‍. നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിന്റെയും മഹതിയായ സാഹിത്യകാരി നബനീത ദേവ് സെന്നിന്റെയും മൂത്തമകള്‍. നമ്മുടെ രാജാരവിവര്‍മയെക്കുറിച്ച് ഹിന്ദിയില്‍ വന്ന രംഗ് രസിയ എന്ന സിനിമയില്‍ ചിത്രകാരനെ മോഹിപ്പിക്കുന്ന സുന്ദരിയായി നടിച്ച നന്ദന ദേവ് സെന്നിന്റെ ചേച്ചി.
ഒരു പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്യാനാണ് അന്തര കോഴിക്കോട്ട് എത്തിയത്. ആ ചടങ്ങില്‍ ഞാനുമുണ്ടായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് എന്ന് അന്നത്തെ മന്ത്രി മുനീര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവര്‍ ആദരവോടെ കൈകൂപ്പി. പതിനഞ്ചുവര്‍ഷം മുമ്പുമാത്രമാണ് തന്റെ അമ്മയ്ക്ക് വയസ്സുകാലത്ത് ആ പുരസ്‌കാരം കിട്ടിയതെന്നു പറഞ്ഞ് നിലാവ് പൊഴിയും പോലെ ചിരിച്ചു.
ഹ്രസ്വമെങ്കിലും ശക്തമായിരുന്നു അവരുടെ പ്രസംഗം. എഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്, അക്ഷരം ഉപയോഗിക്കുന്നവനെ അധികാരം പ്രയോഗിച്ച്‌ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തെക്കുറിച്ച്, പുസ്തകങ്ങളുടെ പ്രസക്തി ലോകാവസാനം വരേയ്ക്കും തുടരേണ്ടതിനെക്കുറിച്ച്… തന്റെ കുലീനമായ ബംഗാളിത്തം ഒളിപ്പിച്ച ഇംഗ്ലീഷില്‍ അന്തരാസെന്‍ സംസാരിച്ചു തീര്‍ന്നപ്പോള്‍ എല്ലാ നല്ല പ്രസംഗങ്ങളും കേള്‍ക്കുമ്പോഴെന്ന പോലെ മതിയായില്ല എന്നൊരു തോന്നല്‍ എന്നില്‍ ആവേശിച്ചു. ഇടവേളയില്‍ ഞാനക്കാര്യം പറഞ്ഞപ്പോള്‍ എന്തു കൊണ്ട് നമുക്ക് വിശദമായി സംസാരിച്ചുകൂടാ എന്നവര്‍ ചോദിച്ചു. അങ്ങനെ ഞാനും പ്രിയ സുഹൃത്ത് എന്‍. പി. ഹാഫിസ് മുഹമ്മദും അവരുടെ ക്ഷണം സ്വീകരിച്ച് അസ്മ ടവറിലെ അവരുടെ താമസസ്ഥലത്തേക്ക് ഒപ്പം പോയി.
അന്തരയെക്കുറിച്ച് എനിക്ക് ചില മുന്‍ധാരണകള്‍ ഉണ്ടായിരുന്നു. ലോകപ്രശസ്തനായ ഒരു നൊബെല്‍ ജേതാവിന്റെ മകള്‍ എന്ന നിലയ്ക്കുമാത്രമായിരുന്നില്ല ആ മുന്‍വിധി. പരിചയപ്പെടുന്നതിന് മുമ്പായി ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്നെ മലയാളിയുടെ അപകര്‍ഷതകളിലേക്ക് പിടിച്ചു തള്ളിയിരുന്നു. അവര്‍ ജനിച്ചത് കേംബ്രിഡ്ജില്‍; ഡല്‍ഹിയിലേയും കൊല്‍ക്കൊത്തയിലേയും സ്‌കൂളുകളില്‍ മിടുക്കിയായി പഠിച്ചശേഷം ഉപരിപഠനത്തിന് പോയത് മസാച്ചുസെറ്റ്‌സിലെ സ്മിത്ത് കോളേജിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും. ഒരാളോട് അന്തം വിട്ട് അകല്‍ച്ച പാലിക്കാന്‍ ഒരു പാവം മലയാളിക്ക് ഇനിയെന്തു വേണം?
പക്ഷേ അടുത്തറിഞ്ഞപ്പോള്‍ അന്തര സ്ത്രീകള്‍ക്കുമാത്രം സാധിക്കുന്ന ആ ഉന്നതമായ അന്തസ്സ് കാട്ടി. രാത്രി വൈകുവോളം ഞങ്ങള്‍ മൂവരും അവരുടെ മുറിയില്‍ ഇരുന്ന് സംസാരിച്ചു, പാട്ടുകള്‍ പാടി. ഇന്ത്യയെക്കുറിച്ചുള്ള ആധികള്‍ പങ്കുവച്ചു.
നിങ്ങളുടെ നാട്ടുകാരന്‍ ഞങ്ങള്‍ക്കുവേണ്ടി ഗംഭീരമായ സിനിമാപ്പാട്ടുകള്‍ സംഗീതം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആവേശത്തോടെ ചോദിച്ചു: ‘സലില്‍ ദാ?’
ഹാഫിസും ഞാനും സലില്‍ ചൗധരിയുടെ ചില പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചപ്പോള്‍ അവര്‍ സ്വന്തം മണ്ണിനെക്കുറിച്ചുള്ള അഭിമാനത്തോടെ കട്ടിലില്‍ ചമ്രംപടിഞ്ഞിരുന്നു. കറുത്ത സാരിക്കുമുകളില്‍ ആ മുഖം കാര്‍മേഘത്തില്‍ നിന്ന് വെളിക്കു ചാടിയ പൗര്‍ണമി പോലെ വിടര്‍ന്നുനിന്നു.
‘എനിക്ക് പാടാന്‍ അറിയില്ല, പകരം ചൂളംവിളിച്ചാലോ?’ , കുട്ടികളുടെ നിഷ്‌കാപട്യത്തോടെ അന്തര ചോദിച്ചു. പിന്നെ കണ്ണടച്ചുപിടിച്ചിരുന്ന് കുറേ ബംഗാളി ഗാനങ്ങള്‍ ചൂളം കുത്തി.
പുറത്ത് നഗരരാത്രി കനത്തു. വീടുകള്‍ വിളിക്കുന്നതുകൊണ്ട് എനിക്കും ഹാഫിസിനും സംസാരം അവസാനിപ്പിച്ച് ഇറങ്ങേണ്ടിയിരുന്നു. പിരിയാന്‍ നേരം അവര്‍ ഞങ്ങള്‍ക്ക് കൈതന്നിട്ടു പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ മലയാളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും എനിക്ക് ഇനിയും ധാരാളം പറഞ്ഞുതരണം. ബംഗാളികളെക്കുറിച്ച് ഞാനും പറയാം. ഇനിയും നമുക്ക് ഇതുപോലെ എവിടെയെങ്കിലും കുറേനേരം സംസാരിച്ചിരിക്കണം. പാട്ടുകള്‍ പാടണം!’
വീട്ടിലേക്കുള്ള യാത്രയില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്റെ മക്കള്‍ വളരുമ്പോള്‍ ആരെപ്പോലെയാകണം എന്നതിന് എനിക്കൊരു ഉത്തരം കിട്ടിയിരിക്കുന്നു. ആ ഉത്തരം ഇപ്പോള്‍ ഞാന്‍ ഇ-മെയിലില്‍ ചോദ്യമുന്നയിച്ച വായനക്കാരിക്കുകൂടി വേണ്ടി ഇവിടെ പകര്‍ത്തുകയാണ്:
അന്തരാ ദേവ് സെന്‍. കോഴിക്കോട്ടുവച്ചു പരിചയപ്പെട്ടവരില്‍ മാത്രമല്ല, ഈ ഭൂമിയില്‍വച്ചുതന്നെ ഞാന്‍ കണ്ടുമുട്ടിയവരില്‍ ഏറ്റവും ഉജ്ജ്വലയായ സ്ത്രീ!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here