കേട്ടുകേട്ടിരിക്കും ഞാൻ പണ്ട്
വിസ്മയചിത്തനായ്
അച്ഛൻ ചൊല്ലും കഥകളെല്ലാം.
പലവുരു ചൊല്ലിക്കേട്ടതുപോലും
പിന്നെയും കേൾക്കുവാൻ ചോദിക്കും
അക്കഥ ഒന്നു ചൊല്ലുമോ വീണ്ടുമച്ഛാ.
അത്രമേൽ ഹൃദ്യമായിരുന്നഛന്റെ
അംഗവിക്ഷേപങ്ങൾ
അകമ്പടിയായുള്ളോരവതരണം.
ഇഷ്ടമായിരുന്നെനിക്കാ
കഥാവതരണങ്ങൾ അന്നു മറ്റെന്തിലുമേറെ.
കണ്ടിരുന്നു ഞാൻ നേരിലെന്നപോൽ
അച്ഛന്റെ മാറിമറയുന്ന ഭാവങ്ങളിലൂടെ കർണ്ണനെ , ദുര്യോധനനെ
സീസറെ, ബ്രൂട്ടസ്സിനെ,
മാർക്ക് ആന്റണിയെ , രാമനെ
എന്നപോലെത്രയെത്ര കഥാപാത്രങ്ങളെ.
അച്ഛൻ കഥപറയുമ്പോൾ കുന്തിയോടൊത്ത് ഞാൻ കരഞ്ഞിരുന്നു,
അർജുനനോടൊപ്പം നിന്ന്
കൗരവരോട് പോരാടി ,
കുരിശിൽ പിടയുന്ന ക്രിസ്തുവിനോടൊപ്പം
ലോകനന്മയ്ക്കായ്
പ്രാർത്ഥിച്ചിരുന്നു ഞാൻ.
അലാവുദീനോടൊപ്പം പരവതാനിയിൽ
പറന്നിരുന്നു.
അവ്വിധം ചേതോഹരമായിരുന്നഛന്റെ
അത്ഭുദകഥാകഥനം.
ഒരുനാൾ , മകൻ
കഥകേട്ടിരിക്കേണ്ട പ്രായം
താണ്ടിയെന്നഛൻ നിനച്ചിരിക്കാം ,
വേഗം വളരുന്നു ഞാനെന്ന ആഹ്ലാദമോടെ,
മറന്നു തെല്ലു വേദനയോടെയഛൻ
ഞാനെന്ന തന്റെ ആരാധകനെ.
പയ്യെ ഞാനും മറന്നു അച്ഛന്റെ കഥകളെ ,
കാലം പോകെ അച്ഛനെപ്പോലും
മറന്നുവോ ഇന്നു ചോദിപ്പു ഞാൻ സ്വയം.
ഒരിക്കൽ സൂചനയേതുമില്ലാതെ ,
സ്വന്തം കഥയിൽനിന്നും
ഇറങ്ങിപ്പോയഛനെങ്ങോട്ടോ.
പിതൃവിയോഗം തീർത്ത അപാരശൂന്യതയിൽ ഞാനാ
പഴയ ബാലനായ് പകച്ചുനിൽക്കെ
അടക്കിയ സ്വരത്തിൽ പലരുമന്ന്
പറയുന്നതായ് കേട്ടു ഞാൻ
“പാവം അവനൊരു കഥയില്ലാത്തവനായിരുന്നു “.