കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തിൽ കാര്യങ്ങൾ ഏതാണ്ട് കലങ്ങി തെളിഞ്ഞതോടെ വായനക്കാർ ഏതാണ്ട് പിൻങ്ങിയിരിക്കുകയാണ്. രണ്ടു പേരും മാപ്പു പറഞ്ഞെങ്കിലും ഇവരെ ആൾക്കൂട്ടം വിചാരണ ചെയ്യുന്നതിൽ വിമർശനവുമായി സാംസ്കാരിക ചിന്തകരും രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പക്വമായ പ്രതികരണങ്ങളിൽ ഒന്നായിരുന്നു സച്ചിദാനന്ദന്റെത്
കുറിപ്പ് വായിക്കാം:
പാശ്ചാത്യ കവിതയുമായി പരിചയമില്ലാതിരുന്ന കൌമാരകാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പില് സച്ചിദാനന്ദന്‍ മാഷിന്റെ ‘”രൂപാന്തരം” എന്ന കവിത ഞാന് വായിക്കുന്നത്. ഒന്നും മനസ്സിലായില്ലെങ്കിലും അതെന്നെ ആഭിചാരം ചെയ്തു . ഞാനത് ഹൃദിസ്ഥമാക്കി . അതിലെ ഭാഷയും ഭാവനയും എന്റെ കവിതാസങ്കല്‍പ്പങ്ങളെ അടിമുടി മാറ്റി. . ആ കവിത എന്റെ തന്നെ രൂപാന്തരമായി.
ഒരു കടലാസ്സില്‍’ കറുത്ത മഷി കൊണ്ട് ‘ബാലചന്ദ്രന് ചുള്ളിക്കാട് എന്നെഴുതി വെട്ടിയെടുത്തു, ആഴ്ച്ചപ്പതിപ്പിലെ സച്ചിദാനന്ദന്‍ എന്ന പേരിനുമുകളില്‍ ഒട്ടിച്ചു നോക്കി.ഞാന്‍ തന്നെ പത്രാധിപരായ കയ്യെഴുത്ത് മാസികയില്‍ അത് എന്റെ പേരില്‍ തന്നെ പ്രസിദ്ധീകരിച്ചു സന്തോഷിച്ചു .
വര്‍ഷങ്ങള്‍ക്കു ശേഷം സച്ചിദാനന്ദന്റെ കവിതകളുടെ ഒരു സമാഹാരം ബോധി ബൂക്സിനു വേണ്ടി ഞാന്‍ എഡിറ്റ് ചെയ്തു . ആ പുസ്തകത്തിന്റെ തലക്കെട്ട് ‘എന്റെ സച്ചിദാനന്ദന്‍ കവിതകള്‍’ എന്നാണ് .
ആ പുസ്തകത്തിന്റെ റോയല്‍റ്റി സച്ചിമാഷ് എന്റെ പേരിലാക്കി !”
– ഇന്നലെ ബാലന്‍ എനിക്കയച്ചു തന്ന ഒരു സന്ദേശം ആണ് ഇത്. ഇപ്പോള്‍ നടക്കുന്ന പകര്‍പ്പ് ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇതിനു പ്രസക്തി ഉള്ളതായിതോന്നുന്നത് കൊണ്ടാണ് ഇത് ഇവിടെ ഞാന്‍ പകര്‍ത്തിയത്. ഒരാള്‍ക്ക് മറ്റൊരാളുടെ കവിതയോട് തോന്നാവുന്ന കഠിനമായ ആകര്‍ഷണം, അത് താന്‍ എത്ര പ്രസിദ്ധനായാലും തുറന്നു പറയാനുള്ള ആര്‍ജ്ജവം, അതിനെ നര്‍മ്മബോധത്തോടെ ഇരുവര്‍ക്കും കാണാന്‍ കഴിയുന്ന നിര്‍മ്മമത്വം- ഇതില്‍ നിന്നെല്ലാം ചിലത് നമുക്കെല്ലാം പഠിക്കാനുണ്ടെന്നു തോന്നുന്നു. സത്യം സത്യമായിരിക്കെ, അതിനു വ്യക്തമായ തെളിവും ഉണ്ടെന്ന്നിരിക്കെ, അതു ഏറ്റു പറയാനുള്ള ആര്‍ജ്ജവം പകര്‍ത്തിയ ആള്‍ക്കും, അത് തമാശയായി എടുക്കാനുള്ള ഉദാരത മൂലരചയിതാവിനും ഉണ്ടാകാവുന്നതേ ഉള്ളൂ. എന്നാല്‍ പകര്‍ത്തിയ ആള്‍ മറ്റു ന്യായീകരണങ്ങളുമായി വരുമ്പോള്‍ രചയിതാവ് നിസ്സഹായനാവുന്നു. അതാണ് ഇവിടെ സംഭവിച്ചത് എന്ന് തോന്നുന്നു. എന്നല്ല, ബാലന്‍ അത് ചെയ്തത് കൌമാരത്തിലാണ് , പലരും അങ്ങിനെയൊക്കെ ആ പ്രായത്തില്‍ ചെയ്തെന്നും ഇരിക്കും. പക്ഷെ മുതിര്‍ന്നവര്‍ അത് ചെയ്തു കൂടാ. ഏതെങ്കിലും പ്രലോഭനംകൊണ്ട് തെറ്റ് പറ്റിയാല്‍ ഉടന്‍ ആര്‍ജ്ജവത്തോടെ സമ്മതിക്കയും വേണം. ഇത് ഒരു വെറും പകര്‍പ്പവകാശ പ്രശ്നമല്ല , സത്യസന്ധതയുടെ പ്രശ്നമാണ് .
കോപ്പി റൈറ്റ് വരും മുന്‍പ് നമ്മുടെ പഴയ കവികള്‍ രാമായണവും ഭാരതവും മറ്റും സ്വന്തം രീതിയില്‍ മാറ്റിയെഴുതുകയും, പലപ്പോളും മൂലത്തിലെ ബിംബങ്ങളും ഉപമകളും മറ്റും ഉപയോഗിക്കയും ചെയ്തിരുന്നു. അത് മറ്റൊരു സമീപനമാണ് . ശ്രീനാരായണന്‍ തമിഴ് ശൈവകവികളില്‍ നിന്നും ധാരാളം വായ്പ്പ വാങ്ങിയിട്ടുണ്ട്. അതിനെയൊന്നും നാം പകര്‍ത്തല്‍ ആയി കണ്ടിരുന്നില്ല, കൃതികള്‍ സമൂഹത്തിന്റെ പൊതു സ്വത്തായി പരിഗണിക്കപ്പെട്ട കാലത്തേതാണ് അവ. എന്നാല്‍ ജീ . ശങ്കരക്കുറുപ്പിന്റെ ‘സാഗരഗീതം’ മുതല്‍ ഇങ്ങോട്ടുണ്ടായിട്ടുള്ള അനുകരണാരോപണങ്ങള്‍ മറ്റൊരു ജനുസ്സില്‍ പെട്ടവയാണ് . വിജ്ഞാനം പോലെ പൊതുസ്വത്തല്ല ഇന്ന് കലാസൃഷ്ടികള്‍. അവയും താരതമ്യപ്പെടുത്തികൂടാ. പരികല്‍പ്പനകള്‍ , വിവരങ്ങള്‍ ഇവയൊക്കെ പണ്ഡിതരും പൊതു ബുദ്ധിജീവികളും
സ്വതന്ത്രമായി എടുത്തുപയോഗിക്കാറുണ്ട്. സനലിന്നെതിരായ ആരോപണങ്ങള്‍ അത് കൊണ്ട് നില നില്‍ക്കുന്നവയല്ല. വായിക്കുന്നതിന്റെ സ്വാധീനം എഴുത്തില്‍ ഉണ്ടാകുന്നതും അസ്വാഭാവികമല്ല, അത് മോഷണം ആകാത്തിടത്തോളം . ഒരാളുടെ മൌലിക ഗവേഷണം കട്ടെടുക്കുന്നത് മറ്റൊരു കാര്യമാണ്.അത് പല ഗൈഡ്കളും ചെയ്തു കണ്ടിട്ടുണ്ട്, കേരളത്തില്‍ തന്നെ ഒരു ഗവേഷണ വിദ്യാര്‍ഥി തന്റെ ഗൈഡിന്നെതിരെ അത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഗവേഷണവിഷയം ചര്ച്ച ചെയ്യാന്‍ ചെല്ലുന്നവരുടെ ആശയങ്ങള്‍ ലേഖന വിഷയം ആക്കുന്നവരും ഉണ്ട്. അതൊരു വലിയ ചര്‍ച്ചയാണ് . അത് പിന്നീടാകാം