ചെറുപ്പത്തിലേ സ്വാധീനിച്ച മാസികയുടെ ഉറവിടം തേടിപ്പോയ കഥയാണ് പ്രശസ്ത കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് പങ്കുവെക്കുന്നത്, വായിക്കാം:
“ബാല്യകാലത്ത് എന്റെ വീട്ടില്‍ പോസ്റ്റില്‍ വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണമാണ് സൂചിമുഖി മാസിക. അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ്, യുറീക്ക, സൂചിമുഖി, ആന്‍ഖ്, കുറച്ചൊക്കെ കേരളശബ്ദം.. തുടങ്ങിയ ആനുകാലികങ്ങളിലൂടെയായിരുന്നു എന്റെ വായന നീങ്ങിയിരുന്നത്. അതില്‍ വലിയ അളവില്‍ സ്വാധീനിച്ചത് അന്നത്തെ യുറീക്കയും സൂചിമുഖിയും മാതൃഭൂമിയുമാണ്. സൂചിമുഖിയും യുറീക്കയും നല്‍കിയ സ്വാധീനത്തില്‍ ഒരു സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നേച്ചര്‍ ക്ലബുണ്ടാക്കാന്‍ അന്നത്തെ കാലത്ത് തുനിഞ്ഞത് ഇന്നത്തെ ഓര്‍മ്മ. ‘കേരളത്തിലെ പക്ഷികള്‍’ വായിച്ചും സൈലസന്റ് വാലി സമരങ്ങളെക്കുറിച്ച് കേട്ടും അട്ടപ്പാടി യാത്രകള്‍ നടത്തിയും അക്കാലത്തെ മനസ്സ് അടിമുടി ഹരിതാഭമായി. തീര്‍ച്ചയായും അങ്ങനെയൊരു പശ്ചാത്തലമില്ലായിരുന്നെങ്കില്‍ എനിക്ക് ‘ഹരിതമോഹനം’ കഥയെഴുതുവാന്‍ സാധിക്കുമായിരുന്നില്ല. ആ കഥ പാഠപുസ്തകത്തില്‍ വന്നശേഷം പല അധ്യാപകരും കുട്ടികളും ആ കഥ എഴുതാനിടയായ സാഹചര്യം ചോദിച്ചപ്പോള്‍ ഞാനവരോട് പറഞ്ഞിരുന്നു. പെട്ടെന്നൊരു ദിവസം കൊണ്ട് മനസ്സിലോ ജീവിതത്തിലോ രൂപപ്പെട്ട ആശയമോ കഥയോ അല്ല ഹരിതമോഹനം. അതൊരു ജീവിതശൈലിയായി കുട്ടിക്കാലം മുതലേ രൂപപ്പെട്ടുവന്നതാണ്. അതിനാലാണ് ഹരിതമോഹനം എഴുതാനായത്..
ഇത്രയുമൊക്കെ പറയാന്‍ കാരണം, ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, പ്രിയസുഹൃത്ത് രാജേഷിനൊപ്പം പയ്യന്നൂരില്‍ പോയി ആ താവളം കണ്ടു പിടിച്ച വിശേഷം പങ്കുവയ്ക്കാനാണ്. ഇതാണ് സൂചിമുഖി മാസിക പ്രസിദ്ധീകരിച്ചിരുന്ന സീക്ക് എന്ന സംഘടനയുടെ ആസ്ഥാനം. പയ്യന്നൂരിലെ എടാട്ട് എന്ന സ്ഥലവും സീക്ക് എന്ന പരിസ്ഥിതി സംഘടനയും സൂചിമുഖി എന്ന് പക്ഷിപ്പേരുള്ള മാസികയും എനിക്കെത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു എന്നു പറയുക വയ്യ.
ഈ ചിത്രം കണ്ടാല്‍, മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒതുക്കിക്കളയുന്ന കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടേയും സംഘടനകളുടേയും ഒരു ചിത്രം ലഭിക്കും. ഈ പ്രളയകാലത്ത് ഇതും ഒരു പാഠമാണ്. ആയിരിക്കട്ടെ.”