ഒരു കഥ എങ്ങനെ പിറക്കുന്നു? സ്വദേശീയരും,വിദേശീയരുമായ നിരവധി എഴുത്തുകാർ ഇതിന്റെ വഴികൾ അനാവരണം ചെയ്യാൻ ശ്രമിസിച്ചിട്ടുണ്ട്.മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടിയും, മാധവിക്കുട്ടിയും എല്ലാം അത്തരം നിരീക്ഷങ്ങൾ നടത്തിയിട്ടുമുണ്ട്. ഇവിടെ നോവലിസ്റ്റും ,കഥാകൃത്തുമായ കരുണാകരൻ കഥയുടെ വരവിനെപ്പറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.
“ചിലപ്പോള്‍ ആദ്യത്തെ ഒരു വാചകം മുഴുവന്‍ മനസ്സിലേക്ക് വീഴും, ഇറയത്ത് നിന്നും നിലത്തേക്ക് വീഴുന്ന പാമ്പ് പോലെ, അല്ലെങ്കില്‍ ഒരു പേരില്‍ നിന്നും തുടങ്ങും, പേരില്‍ പലതുമുണ്ട്, കാരണം, തിരിഞ്ഞു നോക്കാന്‍ ഒന്ന് വിളിച്ചാല്‍ മതി – അങ്ങനെയാണ് കഥ തോന്നാറ്.. എന്നാല്‍ ചിലപ്പോള്‍ ഒരു ‘വിഷ്വല്‍’ വര്‍ഷങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കും..കഥയാവില്ല. ജീവിതമാവില്ല. ഒരു ‘വിഷ്വല്‍’ മാത്രമായി അങ്ങനെ അവിടെത്തന്നെ ഉണ്ടാകും, മനസ്സിന്റെ ഭാഗം പോലെ. ഇരുട്ടിലും മാറാത്ത നിഴല്‍ പോലെ. അങ്ങനെ ഒന്നാണ്, രണ്ടാംലോക മഹാ യുദ്ധകാലത്ത് തന്റെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ബസ് മാറി കയറിയ ഒരു പെണ്‍കുട്ടിയെ പറ്റിയുള്ള ഒരു യഥാര്‍ത്ഥ ‘സ്റ്റോറി’ ഒരിക്കല്‍ ഞാന്‍ വായിച്ചത്… വേറെ ഒരു സ്ഥലത്ത് വേറെ ഒരു ഇടത്ത് അവള്‍ എത്തുന്നു, അവിടെ പാര്‍ക്കുന്നു, അവിടെ ജീവിച്ച് അവള്‍ വൃദ്ധയാവുന്നു, തന്റെ ഭാഷ അതിനും വളരെ വളരെ മുമ്പേ മറന്നു പോയിരുന്നു..ഒരുപക്ഷെ, ആ ബസ് യാത്രയില്‍ വെച്ചുതന്നെ….ആ നാട്ടിലും അവള്‍ വേറെ ഒരു ആള്‍ മാത്രം..കാരണം, അവളെപ്പോലെ വേറെ ഒരാള്‍ അവിടെ ഇല്ല, ആ മുഖച്ഛായയിലൊ പ്രകൃതത്തിലൊ… ഒരു വൈകുന്നേരം അവള്‍ ബസ്സില്‍ കയറുന്നതാണ് ഞാന്‍ കാണുക : ബസ്സില്‍ ഒരു സീറ്റില്‍ പോയി അവള്‍ ഇരിക്കുന്നു. ഒരു പ്രാവശ്യം ദീര്‍ഘമായി ശ്വസിക്കുന്നു…പിന്നെ തന്നെ മറക്കാന്‍ തുടങ്ങുന്നു… ഭാവിയെക്കുറിച്ചുള്ള ഒരു കെട്ടുകഥയുള്ളതുകൊണ്ടുമാത്രം സ്വസ്ഥമാവുന്ന ഒരു വര്‍ത്തമാനം, present, അതോടെ സ്ഥലം മാറാന്‍ തുടങ്ങുന്നു..വാര്‍ത്തയും സ്റ്റോറിയാവുന്നത് വെറുതെയല്ല..കഥ പക്ഷെ ചിലപ്പോള്‍ മാത്രം ‘സ്റ്റോറി’യാവുന്നു…അല്ലെങ്കില്‍, ഇരുട്ടില്‍ നിന്നും വേര്‍പെടുത്തേണ്ട ഒന്നിനെ പറ്റിയാണ് കഥ തന്നെ!”
Click this button or press Ctrl+G to toggle between Malayalam and English