എന്‍റെ കഥകൾ, എന്‍റെ ജീവിതം

 

അഷിതയുടെ കഥകൾ അവ പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ തന്നെ വായനക്കാർക്ക് പ്രിയപ്പെട്ടവയായത് അവയിലെ തീ കാരണമാണ്.

സ്വന്തം ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് അവർക്ക് കഥകൾ. അതുകൊണ്ട് തന്നെ കൂടുതൽ വായനക്കാർക്ക് ആ പരിസങ്ങളുമായി സാമ്യം തോന്നുന്നു.

അഷിതയുടെ കഥകൾ എന്ന പുസ്തകത്തിന് വേണ്ടി എഴുത്തുകാരി തന്നെ എഴുതിയ കുറിപ്പ് ആ കഥകളിലേക്കുള്ള താക്കോലാണു.മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ

“എന്‍റെ കഥകൾ, എന്‍റെ ജീവിതം, ഈ ഞാൻ – ഇവയിലൂടെ കടന്നു പോകുന്ന ഒരു നനുത്ത നൂലിഴയുണ്ട്. സ്വകാര്യതയുടെ പരമശാന്തതയിൽ മാത്രമേ എനിക്കതു കാണാൻ കഴിയാറുള്ളൂ. ജീവിതത്തിൽ ഏറ്റവും അധികം പ്രലോഭനങ്ങൾ എനിക്ക് വെച്ച് നീട്ടിയത് എഴുത്താണ്. അവയെ തിരിച്ചറിയാനും മറികടക്കാനും സ്വകാര്യത വേണം. അതിലിരുന്ന് ഉറ്റുനോക്കുമ്പോൾ കാണുകയാണ്, ഈ വാക്കുകളും നമ്മളും ഒന്നും നമ്മുടേതല്ല എന്ന്. അടിമുടി ഉലയ്‌ക്കുന്ന അറിവ്. വാക്കുകളും നമ്മളെപ്പോലെ ഉയിർക്കൊള്ളുന്നത് ഒരു മഹാമൗനത്തിൽ നിന്നാണ്. ഉയർന്നു വന്നു അവരും നമ്മളും ആ നിരതിശയമായ മഹാമൗനത്തിലേക്കു തന്നെ വീണുമറയുന്നു. അങ്ങനെ കാണുമ്പോൾ വാക്കുകൾ മാത്രമല്ല, മൗനവും കഥയുടെ സംഗീതത്തിന്‍റെ ഒക്കെ അവിഭാജ്യഘടകമാവുന്നത് തിരിച്ചറിയുകയാണ് . ഒരു സത്യത്തിന്‍റെ ധാരണയാവുകയാണ്. ധാരണയായി പിന്നെ ധ്യാനത്തിന്‍റെ താക്കോൽ പഴുതിലൂടെയാണ് കഥയിലേക്ക് പ്രവേശിക്കുന്നത്. അപ്പോൾ എഴുതുക എന്ന പ്രക്രിയ തന്നെ സാധനയായിത്തീരുകയാണ്. ഇത് പരസ്യ ജീവിതത്തിന്‍റെ ബഹളത്തിൽ നടക്കുന്ന സംഗതിയല്ല. ഇതിനു സ്വകാര്യത വേണം. അത്തരം സ്വകാര്യതയ്ക്ക് ആത്മീയമായ ഒരു വിശുദ്ധിയുണ്ട്. നിശ്ചയമായും. എന്നാലും അത് മതപരമല്ല, മതാനുഷ്ഠാനവുമല്ല. പിന്നെ എന്ത് വിശുദ്ധി എന്നു ചോദിച്ചാൽ അത് പ്രാർത്ഥിക്കുന്നവന്‍റെ മനസ്സും പ്രേമിക്കുന്നവന്‍റെ ഹൃദയവും അറിയുന്ന വിശുദ്ധി എന്നേ പറയാൻ കഴിയൂ.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here