കഥകൾ കതകിൽ വന്ന് മുട്ടുമ്പോൾ

  • മധ്യാഹ്നസൂര്യന്റെ നനുത്ത ചൂടേറ്റ്,  തൊടിയിലെ കമ്പിവേലിക്കടിയിലൂടെ നൂണ്ട് പുറത്തുപോകാൻ പാടുപെടുന്ന ഒരു കൊച്ചുമാനിന്റെ പരിഭ്രമവും കണ്ട് പോർച്ചിലിരിക്കുമ്പോഴാണ് സോളമൻ പൂമുഖത്തെ വാതിലിൽ തുടർച്ചയായി ഒരു തട്ട് കേട്ടു തുടങ്ങിയത്. തൊടിയുടെ അരികിൽ നിൽക്കുന്ന രണ്ട് പഴയ ഓക്ക് മരങ്ങളിലെ കുഞ്ഞിലകൾ വെയിൽ  തട്ടി തിളങ്ങുന്നുണ്ട്. സാന്താക്രൂസിലേക്ക് പോവുകയും അവിടന്ന്‌ വരികയും ചെയ്യുന്ന വണ്ടികൾ  കുറച്ചുദൂരെയുള്ള ഹൈവെയിലൂടെ പോകുന്നതു കാണാം. അവ പാഞ്ഞു പോകുന്നതിന്റെ ഇരപ്പ്  ഇടമുറിയാതെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട്.  വണ്ടികളുടെ  എണ്ണം ഈയിടെ കുറച്ച് കൂടിയിട്ടുണ്ടെന്ന കാര്യം അയാൾ ശ്രദ്ധിക്കാതെയിരുന്നില്ല. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന്ന് മുമ്പ് പനിച്ച് വിറച്ച് ഇതേ സ്ഥലത്തിരിക്കുമ്പോൾ ഹൈവേ ഏതാണ്ട് വിജനമായി കിടക്കുകയായിരുന്നു എന്നും സോളമൻ ഓർത്തു.

ആരായിരിക്കും ഈ സമയത്ത് വാതിലിൽ മുട്ടുക എന്ന് അയാൾ ആലോചിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് വന്ന ശേഷം അയൽവക്കത്തുനിന്ന് ആരും വന്ന് സംസാരിച്ചിട്ടില്ല. അതിന്നു മുമ്പ് വീട്ടിന്നടുത്തുകൂടി കടന്നുപോകുന്നവർ ദൂരെ നിന്ന് എന്തെങ്കിലുമൊക്കെ അയാളോട് പറയുമായിരുന്നു – ആ ദിവസം ചൂടോ തണുപ്പോ കൂടുതലാണെന്നോ, ഗോൾഡൻ ഗേറ്റ് വാരിയേഴ്സിന്റെ  കളി കണ്ടോ എന്നൊക്കെ. ഈയിടെയായിട്ട് ആരും വീടിന്റെ മുമ്പിലൂടെ കടന്നുപോകുന്നത് കാണാറില്ല. നെക്സ്റ്റ്ഡോറിൽ കാണുന്ന പോസ്റ്റുകളിൽ നിന്ന് എല്ലാവരും സാധാരണ ജീവിതം നയിക്കുന്നു എന്ന ഒരു ധാരണ ഉണ്ടാകുന്നുണ്ട്.  ആർക്ക് എന്തൊക്കെ സംഭവിച്ചു എന്ന് കൃത്യമായി അറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ടിവിയിൽ നിന്നും പത്രങ്ങളിൽ നിന്നും കിട്ടുന്ന മൊത്തക്കണക്കുകൾ കാര്യങ്ങൾ നേരെയാകുന്നു എന്ന് പറയുന്നു, ഹൈവേയിലെ വണ്ടികളുടെ കൂടിവരുന്ന എണ്ണവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. 

സോളമന്റെ ചിന്തകളങ്ങനെ വഴിമാറി പോയെങ്കിലും വാതിലിൽ വീണ്ടും മുട്ടുകേട്ടത് അയാൾക്ക് അവഗണിക്കാൻ കഴിഞ്ഞില്ല. മെയിലും പാക്കേജുമൊക്കെ മുൻവശത്ത് ഇട്ടിട്ട് ചിലപ്പോൾ മെയിൽമാനും കൂരിയറുമൊക്കെ കോളിംഗ് ബെൽ അടിക്കാറുണ്ട്. ഇങ്ങനെ വാതിലിൽ തുടരെ തട്ടുന്നത് അവരാകാൻ യാതൊരു സാധ്യതയുമില്ലെന്ന് അയാൾക്കറിയാം. പിന്നെ ആരായിരിക്കും എന്ന ആകാംക്ഷയും മനസ്സിലിട്ട് സോളമൻ മുൻവശത്തേക്ക് നടന്നു.

വാതിൽ തുറക്കുന്നതിന്ന് മുമ്പ് മാസ്ക് ധരിക്കാൻ സോളമൻ മറന്നില്ല. ആണോ പെണ്ണോ എന്ന് പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരാളാണ് പുറത്തു നിന്നിരുന്നത്. ആൾ ചെറുപ്പമാണെന്ന കാര്യം മാത്രം വ്യക്തം.  വാതിൽ തുറന്നിട്ടും പുറത്തു നിൽക്കുന്നയാൾ ഒട്ടും അകലം പാലിക്കാൻ ശ്രമിക്കാതെ വാതിലിനോട് ചേർന്നുതന്നെ നിൽക്കുന്നത് അയാളിൽ ചെറിയ മുഷിച്ചിൽ ഉണ്ടാക്കി. അത് മറച്ചുവച്ചുകൊണ്ട് അയാൾ ചോദിച്ചു, “ആരാ?”

“എന്റെ പേര് കഥ.” കഥ സോളമനെ ഹസ്‌തദാനം ചെയ്യാൻ വേണ്ടി ഒന്നുകൂടി മുന്നോട്ടാഞ്ഞു. കഥയുടെ അപ്രതീക്ഷിതമായ ആ നീക്കം കണ്ട് സോളമൻ ഒന്നുരണ്ടടി പിന്നിലേക്ക് നീങ്ങി. പിന്നെ,  താൻ എന്നായിരിക്കും അവസാനം ഒരു ഹസ്തദാനം ചെയ്തിട്ടുണ്ടാവുക എന്ന ആലോചന കഥയ്ക്ക് കൈകൊടുക്കാൻ  സോളമനെ പ്രേരിപ്പിക്കുക തന്നെ ചെയ്തു. അതിന്നുശേഷം അടുത്തുള്ള എൻഡ് റ്റേബിളിൽ ഇരുന്ന ക്ളോറക്സ് വൈപ്പ് എടുത്ത് സോളമൻ കൈ തുടച്ചു. ക്ളോറക്സിന്റെ പാക്ക് കഥയ്ക്ക് നീട്ടുമ്പോൾ സോളമൻ പറഞ്ഞു, “സൂക്ഷിക്കുന്നത് നല്ലതാണ്. എനിക്ക് വൈറസ് കിട്ടിയതാണ്. എനിക്ക് എവിടെ നിന്നാണത് കിട്ടിയതെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.  ആശുപത്രിയിൽ നിന്ന് വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.”

ക്ളോറക്സ് വൈപ്പ് കഥ എടുക്കാൻ കൂട്ടാക്കിയില്ല. സോളമൻ അതിന്റെ പാക്ക് എൻഡ് റ്റേബിളിൽ തിരിച്ചു വച്ചശേഷം, മാസ്ക്ക് ഒന്നുകൂടി ശരിയാക്കി, എന്തിനാണ് നീ ഇവിടെ വന്നിരിക്കുന്നത് എന്ന മട്ടിൽ കഥയെ നോക്കി.

വീടിന്റെയുള്ളിൽ എന്താണ് ഉള്ളത് എന്നൊക്കെ നോക്കി, മിണ്ടാൻ വലിയ തിരക്കൊന്നും കാണിക്കാതെ കഥ പുറത്ത് നിന്നു. ആണോ പെണ്ണോ എന്ന് അറിയാനുള്ള വ്യഗ്രതയിൽ സോളമൻ കഥയുടെ മാറിടത്തിലേക്കൊന്നു പാളിനോക്കി. അത് തനിക്ക് മനസ്സിലായി എന്ന മട്ടിൽ കഥ ഒന്ന് പുഞ്ചിരിച്ചു. ആ വൈക്ളബ്യം മാറ്റാൻ സോളമൻ വെറുതെ പറഞ്ഞു, “കഥ എന്നൊരു പേരു ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്. ” 

“അത് ശരിയല്ലല്ലോ, സാൻ ഹോസെയിലെ സ്റ്റോറി റോഡിലേക്ക് ഇവിടന്ന് അധികദൂരം ഇല്ലല്ലോ. അത് ഏതോ സ്റ്റോറിയുടെ പേരിലല്ലേ.”

“അത് ലാസ്റ്റ് നെയിം ആണെന്ന് തോന്നുന്നു.”

“ആയിരിക്കാം. എത്രയോ പേരുകൾ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും ആയിട്ട് ഉപയോഗിക്കുന്നു. സുപ്രീം കോർട്ടിലെ ഏക ബ്ളാക്ക്  ജഡ്ജ് ആരാണ്?”

“ക്ളാരൻസ് തോമസ്.”

“ഡിക്ളറേഷൻ ഓഫ് ഇൻഡിപെൻഡൻസ് എഴുതിയത് ആരാണ്?”

“തോമസ് ജെഫേഴ്സൻ.”

തോമസ് ജെഫേഴ്സനെയും ക്ളാരൻസ് തോമസിനെയും ചേർത്തുവച്ചതിൽ സോളമന് ചെറിയ അമർഷം തോന്നി. പുറത്തു പ്രകടിപ്പിച്ചില്ലെങ്കിലും അത് മനസ്സിലാക്കിയതുപോലെ കഥ പറഞ്ഞു, “ഞാൻ പെട്ടന്ന് ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. അതിൽ രാഷ്ട്രീയമൊന്നും കാണാൻ ശ്രമിക്കേണ്ട കാര്യമില്ല.”

“കവിത, സോണറ്റ് എന്നൊക്കെ ധാരാളം പേരുകൾ കേട്ടിട്ടുണ്ട്. എല്ലാം സ്ത്രീകളുടെ പേരുകൾ.”

“അതുകൊണ്ട് കഥ ഒരു ആണായിരിക്കുമെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?”

സോളമന് അതിന് പെട്ടന്ന് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. കഥ കുറച്ച് ഓവർ സ്മാർട്ട് ആണെങ്കിലും രസകരമായ ഒരു വർത്തമാനത്തിലേക്ക്  കാര്യങ്ങൾ നീങ്ങുന്നുണ്ടെന്ന് സോളമന് മനസ്സിലായി. 

“കഥ ഉള്ളിലേക്ക് കയറുന്നോ?”

അത് കേൾക്കാൻ വേണ്ടി കാത്തുനിന്നപോലെ തിടുക്കത്തിൽ കഥ വീട്ടിന്നുള്ളിലേക്ക് കയറി ആദ്യം കണ്ട സോഫയിൽ തന്നെ ഇരിപ്പുറപ്പിച്ചു.

സോളമൻ മറ്റൊരു സോഫയിൽ മാറി ഇരുന്നു. കുറച്ചു നേരം അവർ രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്ന് പുറത്തെ ശബ്ദങ്ങള്‍ ജനാലകളിലൂടെ വീട്ടിനുള്ളിലേക്ക് കടന്നുവരുന്നത് ശ്രദ്ധിച്ചു. പലവിധ സ്വരങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഹൈവേയിലൂടെ അനവധി വണ്ടികൾ പാഞ്ഞുപോയിക്കൊണ്ടിരുന്നു; ഓക്കുമരങ്ങളുടെ ചില്ലകളിൽ ചെറിയ ചലനങ്ങൾ സൃഷ്ടിച്ച് അടുത്തുള്ള കുന്നുകളിൽ നിന്ന് വന്ന കാറ്റുകൾ താഴ് വാരങ്ങളിലേക്ക് കടന്നുപോയി; തൊടിയുടെ അതിരിന്നപ്പുറത്തുകൂടി ഒഴുകുന്ന അരുവിയിൽ കാർപ്പുമത്സ്യങ്ങൾ ചാടിക്കളിക്കുന്നതിന്റെയൊച്ച മറ്റു ബഹളങ്ങൾക്കിടയിലും സോളമൻ തിരിച്ചറിഞ്ഞു. ഇനിയെന്നാ അരുവിക്കരയിലെ ചോലയിലിരുന്ന് കാർപ്പിനും, ബിഗ് മൗത്ത് ബാസിനും വേണ്ടി ചൂണ്ടിയിടാം പറ്റുമെന്നോർത്ത് സോളമൻ ചെറുതായി കണ്ണീർപൊഴിക്കുകയും, കഥയെ അത് കാണിക്കാതെ സോഫയുടെ മൂലയിലേക്ക് ഒന്നു കൂടി ചേർന്നിരിക്കുകയും ചെയ്തു.

കോഫി ടേബിളിൽ കിടന്ന ന്യൂ യോർക്കറിന്റെയും അറ്റ്ലാന്റിക്കിന്റെയും പഴയ കോപ്പികൾ ഇടയ്ക്കിടെ മറിച്ചു നോക്കിയിരുന്നുകൊണ്ട്, കഥ മറ്റേ സോഫയിൽ ഒന്നുമറിയാത്തതുപോലെ ഇരിപ്പു തുടർന്നു.

“കഥ എന്തിനാണ് വന്നത്?”

“പ്രത്യേകിച്ചൊന്നുമില്ല. പോയവഴിക്ക് ഒന്നു കേറിയെന്ന് മാത്രം.”

“ഒന്നും വിചാരിക്കരുത്, ഞാൻ കഥയെ ഈ ഭാഗത്തൊന്നും കണ്ടിട്ടില്ലല്ലോ?”

“വേറെ എത്ര പേരെ ഈ അയൽവക്കത്ത് നിങ്ങൾക്ക് അറിയാം?”

വഴിയിലൂടെ പോകുന്നവരെ കൈ പൊക്കികാണിക്കുകയോ അവരോട് ഹലോ പറയുന്നതിൽ അപ്പുറമോ സോളമൻ ഒന്നും ചെയ്യാറില്ല. ആദ്യമായിട്ടാണ് ഒരാൾ വീട്ടിനുള്ളിലേക്കാൻ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് കണ്ടത്.

“അധികം പേരെയൊന്നും അറിയില്ല. കുറച്ചുപേരുമായി മുഖപരിചയമുണ്ട്, പേരുകൾ അറിയാം.”   അയൽ വക്കത്ത്  തനിക്ക് വലിയ കൂട്ടൊന്നുമില്ലെന്ന കാര്യം കുറച്ചു ചളിപ്പോടെ സോളമന് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.

ഈ മഹാമാരിയുടെ കാലത്ത് ഒരു വീട്ടിലേക്ക് വെറുതെ ഇങ്ങനെ ഒരാൾ കടന്നുവരുന്നതിന്റെ ഔചിത്യം സോളമന് പിടികിട്ടിയില്ല. ഒരു പക്ഷേ, താൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു എന്ന കാര്യം കഥ അറിഞ്ഞിരിക്കുമോ? തനിക്ക് എന്തെങ്കിലും സഹായം  വേണമോന്നോയെന്നറിയുവാൻ

 അയൽക്കാർ അയച്ചതായിരിക്കുമോ? സോളമന് ഉള്ളിൽ അതാലോചിച്ചപ്പോൾ നേർത്ത ഒരു സന്തോഷം തോന്നി.

“എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ?” കുറച്ചുകൂടി സൗഹാർദ്ദപൂർവ്വം സോളമൻ ചോദിച്ചു. കോസ്റ്റ്ക്കോയിലും ബെവ്മോയിലും കാണുന്ന മുന്തിയതരം വിസ്ക്കികളുടെയും, അടുത്തുള്ള സാന്താക്രൂസ് മൗണ്ടൻസ്, നാപ്പ-സൊണോമ, ലിവർമോർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വൈനുകളുടെയും ഒരു വലിയ ശേഖരം സോളമന്റെ കൈവശം  ഉണ്ടായിരുന്നു. എന്തെങ്കിലും കുടിക്കാൻ കഥ ആവശ്യപ്പെട്ടാൽ അതൊക്കെ എവിടെച്ചെന്ന് അന്വേഷിക്കും എന്ന ഒരു അങ്കലാപ്പ് സോളമന്റെ  മനസ്സിൽ ഉണ്ടാവുകയും ചെയ്തു. പിന്നെ അതിന്റെ കൂടെ കഴിക്കാൻ എന്ത് കൊടുക്കും? 

ഭാഗ്യത്തിന് കഥ പറഞ്ഞു, “സോളമന് അതൊക്കെ ബുദ്ധിമുട്ടാകില്ലേ? പട്ടണത്തിൽ വൈൻ ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ തുറന്നുതുടങ്ങിയെന്ന് കേൾക്കുന്നു. നമുക്ക് വേണമെങ്കിൽ പോയി ഒന്ന് നോക്കാം.”

സോളമനും പുറത്തൊന്ന് പോയാൽക്കൊള്ളാമെന്ന ആഗ്രഹമുണ്ടായിരുന്നു. തനിച്ച് പോയാൽ തിരിച്ചെത്താൻ കഴിയുമോ എന്ന് ചെറിയ പേടി ഉണ്ടായതുകൊണ്ട് ഇതുവരെ അതിന്ന് തുനിഞ്ഞില്ല. ഒരാൾ കൂടെയുണ്ടെങ്കിൽ ധൈര്യമായി പോകാം.

“എന്നാൽ അങ്ങനെ ആവാം. കുറച്ച് ശുദ്ധവായു ശ്വസിക്കുകയും ആവാമല്ലോ?”

സോളമൻ തിടുക്കത്തിൽ ബാത്ത്റൂമിൽ പോയി ഫ്രഷായി പുറത്തുവന്നപ്പോൾ കഥ വീട്ടിനു പുറത്തിറങ്ങി നിൽപ്പുണ്ടായിരുന്നു. നടക്കണോ അതോ കാറിൽ പോകണോ എന്ന സംശയം ഉണ്ടായില്ല, കാരണം  അതേക്കുറിച്ചൊന്നും ചോദിക്കാതെ തന്നെ കഥ റോഡിലേക്ക് ഇറങ്ങി, നടക്കാൻ തയ്യാറായി നിന്നിരുന്നു. 

ഏകദേശം അര മൈൽ നടക്കണം റെസ്റ്റോറന്റുകളും ബാറുകളുമൊക്കെ ധാരാളമുള്ള പട്ടണത്തിന്റെ പ്രധാന ഭാഗത്ത് എത്തണമെങ്കിൽ. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ തന്നെ ഒരു കേറ്റമുണ്ട്. അത് കയറുമ്പോൾ ചെറിയ ഒരു ശ്വാസം മുട്ടൽ തോന്നിയതല്ലാതെ വേറെ ബുദ്ധിമുട്ടൊന്നും സോളമന് അനുഭവപ്പെട്ടില്ല.

തുടക്കത്തിൽ കണ്ട ആവേശമൊക്കെ വിട്ട് കഥ  അധികം സംസാരിക്കാതെയായതിൽ സോളമന് നിരാശ തോന്നി. അയാൾ അങ്ങനെ വലിയ സംഭാഷണചാതുര്യമുള്ള ആളുമല്ല. അതുകൊണ്ട് നേരത്തെ നിറുത്തിയിടത്തുതന്നെ സോളമൻ തുടർന്നു, “കഥ വെറുതെ വീട്ടിൽ വന്നതാണെന്ന് പറഞ്ഞു. ഉറപ്പല്ലേ പ്രത്യേകിച്ചൊന്നുമില്ല എന്ന്?”

“ഇക്കാലത്ത് രണ്ടു മനുഷ്യർ നേരെ കാണുന്നതു തന്നെ ഒരു പ്രത്യേക അവസരമല്ലേ?” കഥ അതു പറഞ്ഞിട്ട് ഉറക്കെ ചിരിച്ചു.

“അതു ശരിയാണ്.”

“നമ്മുടെ അയൽവക്കത്ത് ആർക്കും കുഴപ്പമൊന്നുമില്ലല്ലോ?” സോളമൻ ചോദിച്ചു. കഥ അയൽവക്കത്താണോ താമസിക്കുന്നതെന്ന് അയാൾക്ക് ഇപ്പോഴും ഉറപ്പില്ല. 

ആ ചോദ്യം തീർത്തും അവഗണിച്ചിട്ട് പട്ടണമധ്യത്തിൽ ചിലപ്പോൾ ഒരു പ്രതിഷേധ മാർച്ച് നടക്കാൻ സാധ്യതയുണ്ടാകുമെന്ന് കഥ പറഞ്ഞു. എന്തിന്റെ പ്രതിഷേധം ആണെന്ന് സോളമൻ ചോദിച്ചുമില്ല. ധാരാളം സംഘർഷങ്ങൾ ലോകത്തെമ്പാടും നടക്കുന്നുണ്ട്. സുഖമായതിനു ശേഷം, ആ വാർത്തകളൊക്കെ  ടിവിയിൽ കാണുമ്പോൾ എല്ലാം ചേർത്ത് വച്ച് അർഥങ്ങൾ കണ്ടെത്താൻ ആദ്യമൊക്കെ സോളമൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും ചെയ്യാറില്ല. കാര്യങ്ങൾ തനിക്ക് മനസ്സിലാക്കാൻ പറ്റാത്ത സങ്കീർണതകളിൽ എത്തിയോ, അതോ പ്രായം കൊണ്ടും രോഗം കൊണ്ടും തളർന്ന തന്റെ തലച്ചോറിന്  ലോകകാര്യങ്ങൾ മനസ്സിലാക്കാനുള്ള ത്രാണി നഷ്ടപ്പെട്ടോ എന്നൊക്കെ അയാൾ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ഇതൊക്കെ കാണാതെയും കേൾക്കാതെയും ഇരിക്കുന്നതാണ് തനിക്ക് നല്ലത് എന്ന നിഗമനത്തിൽ അയാൾ പിന്നീട് എത്തിച്ചേരുകയും ചെയ്തു.

പോകുന്ന വഴിയിൽ, പട്ടണത്തിലേക്ക് തിരിയുന്നിടത്തു നിന്നാൽ തൊട്ടുമുമ്പിൽ സെന്റ് ജോസഫ്സ് ഹില്ലു കാണാം. വ്യായാമത്തിനുവേണ്ടി അത് കയറാൻ പോകുന്നവരും തിരിച്ചുവരുന്നവരും നടന്നും സൈക്കിളിലും ആ കവലയിലൂടെ കടന്നുപോയി. മിക്കവരും മാസ്ക്ക് ധരിച്ചിട്ടുണ്ട്. അത് ധരിക്കാതെ നിൽക്കുന്ന കഥയെക്കണ്ട് ചിലർ ചെറിയ അലോരസം പ്രകടിപ്പിക്കുന്നത് മുഖത്ത് മാസ്ക്കുണ്ടെങ്കിലും അവരുടെ നോട്ടത്തിൽ നിന്ന് വ്യക്തമായിരുന്നു. അത് കണ്ട് സോളമൻ തന്റെ മാസ്ക്ക് ഒന്നുകൂടി മുഖത്ത് ഉറപ്പിച്ച് വച്ചു. സെന്റ് ജോസഫ്സ് ഹില്ലിനു താഴെ ചെറിയൊരു താഴ് വാരത്തിന്നപ്പുറം നീണ്ടുനിവർന്നു കിടക്കുന്ന സാന്റാ ക്രൂസ് മലനിരകൾ. പലതരം പൈനുകളും നെടുങ്ങൻ റെഡ് വുഡ് മരങ്ങളും  തടിയൻ സെഖ്വേയാ മരങ്ങളും തിങ്ങിവളരുന്ന ആ മലനിരകൾക്കപ്പുറത്ത് ഭൂമിയുടെ ഒരതിര്, പസഫിക് മഹാസമുദ്രത്തിന്റെ തീരത്തുകൂടി കാലിഫോർണിയയുടെ തെക്കുവടക്ക് നെടുനീളം കോറിയിട്ടിരിക്കുന്നു. കടലിൽ നിന്ന് മലകളെയും വന്മരങ്ങളെയും തഴുകിയെത്തിയ ഒരു തണുത്ത കാറ്റ്  കുന്നിൻചരിവിലെ  മുന്തിരിത്തോട്ടങ്ങളിലേക്ക് ഇറങ്ങിപ്പോയി. സമുദ്രത്തിൽ നിന്ന് തന്റെ ജന്മസ്ഥലത്തേക്ക് തിരിച്ചു നീന്തിവരുന്ന ഒരു ചിനൂക്ക് സാൽമൺ, താഴ് വാരത്തിലൂടെയൊഴുകുന്ന ലോസ് ഗാറ്റോസ് ക്രീക്കിലെ ഒരു അണക്കെട്ടിനപ്പുറത്തേക്ക് നീന്തിക്കേറാനാകാതെ അരുവിയുടെയൊഴുക്കിൽ പതിയെയുരുണ്ടുനീങ്ങുന്നൊരു വെള്ളാരങ്കല്ലിൽ  തലയിട്ടടിച്ചു. 

കണ്ടതും കേട്ടതും മനസ്സിൽ തോന്നിയതുമെല്ലാം അടുക്കിപ്പെറുക്കിവച്ച് സോളമൻ കഥയ്ക്കൊപ്പം നടന്നെത്താൻ ശ്രമിച്ചു. 

“നമ്മൾ എങ്ങോട്ടാണ് പോകുന്നത്?” ലോസ് ഗാറ്റോസിലെ പ്രധാനതെരുവിൽ അവർ എത്തിയപ്പോൾ സോളമൻ ചോദിച്ചു. ഇതുവരെ ഏകദേശം അരമൈൽ നടന്നു കാണും. അയാൾക്ക് ചെറുതായി ക്ഷീണം തോന്നിത്തുടങ്ങി. കഴിക്കാനോ കുടിക്കാനോ ഒന്നും പ്രത്യേകിച്ച് തോന്നുന്നില്ലെങ്കിലും എവിടെയെങ്കിലും ഒന്നിരുന്നാൽ കൊള്ളാം എന്ന് അയാൾക്ക് തോന്നിത്തുടങ്ങി. 

എവിടെയെങ്കിലും ഇരുന്ന് ഒരു ബിയർ കുടിക്കാമെന്ന കഥയുടെ നിർദ്ദേശം സോളമനും സമ്മതമായിരുന്നു.

ആ തെരുവിന്റെ ഇരുവശങ്ങളിലും ധാരാളം റെസ്റ്റോറന്റുകളും വൈൻ ബാറുകളും കോക്ക്ടെയിൽ ബാറുകളും ഉണ്ട്. പക്ഷേ, അവയിലേതെങ്കിലും തുറന്നിട്ടുണ്ടോ എന്ന് വ്യക്തമാകുന്നില്ല. ആളുകളെ അധികമൊന്നും വഴിയിൽ കാണാനില്ല. അതുകൊണ്ട് അവയുടെ അടുത്തുതന്നെ പോയി നോക്കണം, “ഓപ്പൺ” സൈൻ ഉണ്ടോ എന്നറിയാൻ.

അങ്ങനെ അവർ നോക്കിനടക്കുന്നതിനിടയിലാണ് ചെറുപ്പക്കാരുടെ ഒരു മാർച്ച് ആ തെരുവ് തിങ്ങിനിറഞ്ഞ് കടന്നുപോയത്. അത് താൻ പറഞ്ഞ പ്രതിഷേധമാർച്ച് ആണെന്ന് കഥ ഓർമിപ്പിച്ചു.  ഹൈസ്ക്കൂളിൽ പഠിക്കുന്ന പ്രായമുള്ളവരാണ് അതിൽ പങ്കെടുക്കുന്നവരിൽ അധികം പേരും. കുറച്ച് പ്രായമുള്ളവരുമുണ്ട് അവരുടെ കൂടെ, ഒരു പക്ഷേ, അതവരുടെ മാതാപിതാക്കൾ ആയിരിക്കും. അവർ ഉയർത്തിപ്പിടിച്ച പ്ളക്കാർഡുകളിൽ ഒരു കറുത്ത വർഗ്ഗക്കാരന്റെ ചിത്രവും “ബ്ളാക്ക് ലൈവ്സ് മാറ്റർ”, “ഐ കാണ്ട് ബ്രീത്ത്” എന്നൊക്കെ എഴുതിയ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.  “ബ്ളാക്ക് ലൈവ്സ് മാറ്റർ” എന്ന മുദ്രാവാക്യം എന്താണെന്ന് സോളമന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. ചിത്രത്തിലെ ആൾ പോലീസുകാരുടെ കൈകൊണ്ട് മരണപ്പെട്ടിട്ടുണ്ടാകും എന്ന കാര്യവും. ലോസ് ഗാറ്റോസിൽ അധികവും ധനികരായ വെള്ളക്കാരും ഏഷ്യൻ വംശജരുമാണ്, ആ മാർച്ചിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷവും അവർ തന്നെ. വൈറസ് നിർമിച്ച ഒറ്റപ്പെടുത്തലുകളെ അവഗണിച്ച് മറ്റൊരു വിപത്ത് സമൂഹത്തെ ഒത്തുചേരാൻ നിർബന്ധിച്ചിരിക്കുന്നു എന്നൊരു ചിന്ത സോളമന്റെ ഉള്ളിലൂടെ കടന്നുപോയി.

പ്ളക്കാർഡുകളിൽ കണ്ട ചിത്രം ആരുടേതാണെന്ന് അയാൾക്ക് കഥയോട് ചോദിക്കേണ്ടി വന്നു. “ജോർജ് ഫ്ളോയിഡ്. വാർത്തകളൊന്നും നോക്കാറില്ല, അല്ലേ?”

വാർത്തകൾ അറിയേണ്ട ആവശ്യം തന്നെയുണ്ടോ എന്ന സംശയം സോളമന് ഈയിടെയാണ് തോന്നിത്തുടങ്ങിയത്. മണിക്കൂറുകളോടം അവ കണ്ടും വായിച്ചിരുന്നും ഓരോ കാര്യത്തെക്കുറിച്ച് വ്യാകുലപ്പെടാം എന്നല്ലാതെ വേറെ എന്തു ഗുണം. ലോകകാര്യങ്ങൾ യുക്തിയുക്തമായൊന്നുമല്ല നീങ്ങുന്നത്. അവ നിയന്ത്രിക്കുന്നവർക്ക് വാർത്തകൾ സൃഷ്ടിക്കാനാണ് ത്വര, പഴയ വാർത്തകളിൽ നിന്ന് എന്തെങ്കിലും പാഠങ്ങൾ ഉൾക്കൊണ്ട്, ഭാവിയിലെ വാർത്തകളുടെ തീഷ്ണത കുറക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. 

ജോർജ് ഫ്ലോയിഡിനെ പോലീസുകാർ റോഡിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന സംഭവം അതിന്നിടയിൽ കഥ വിവരിച്ചു. പിന്നെ അധികമൊന്നും സംസാരിക്കാതെ അവർ റെസ്റ്റോറന്റ് തേടിയുള്ള അന്വേഷണം തുടർന്നു. അവസാനം പ്രധാന തെരുവിൽ നിന്ന് കുറച്ച് മാറി ഒരു ബിയർ ബ്രൂവറി അവർ കണ്ടെത്തി. സോളമൻ ആ ബ്രൂവറിയെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് അവിടെ പോകുന്നത്. 

ബ്രൂവറിയുടെ പുറത്തു മാത്രമേ ആളുകൾ ഇരിപ്പുണ്ടായിരുന്നുള്ളൂ. തെരുവിൽ അധികം പേരെയൊന്നും കണ്ടില്ലെങ്കിലും ബ്രൂവറിയിൽ ധാരാളം പേരുണ്ടായിരുന്നു. ഭാഗ്യത്തിന് രണ്ടുപേർക്കിരിക്കാവുന്ന ഒരു ചെറിയ റ്റേബിളിൽ സോളമനും കഥയ്ക്കും  ഉടനെ തന്നെ സ്ഥലം ലഭിച്ചു. അവിടെയിരുന്നാൽ പ്രധാന തെരുവ് നല്ലവണ്ണം കാണാമായിരുന്നു.  അവിടെ തുറന്നിട്ടുള്ള ചില കടകളിലേക്ക് ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും പൊതുവേ  ഒരു മന്ദതയാണ് എല്ലായിടത്തും. സാധാരണസമയങ്ങളിൽ പ്രധാനതെരുവിൽ നന്നായി വസ്‌ത്രധാരണം ചെയ്‌ത ആളുകൾ തിങ്ങിനിറഞ്ഞ് നടക്കുമായിരുന്നു. റെസ്റ്റോറന്റുകളുടെയും ബാറുകളുടെയും മുമ്പിൽ ഉള്ളിൽ കയറിപ്പറ്റാൻ നോക്കുന്നവരുടെ നീണ്ട ക്യൂ ഉണ്ടാകും. ഓപ്പൺ ബാറുകളിൽ നിന്ന് മേടിക്കാവുന്ന നാനാ വിധത്തിലുള്ള ലഹരിപാനീയങ്ങൾ കുടിച്ചാസ്വദിക്കുന്നവരുടെ സന്തോഷവും പലതരത്തിലുള്ള ഭക്ഷണങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധങ്ങളും നിറഞ്ഞുനിൽക്കുന്ന, ശബ്ദമുഖരിതമായ ഒരു അന്തരീക്ഷമാണ് ആ തെരുവിൽ മുമ്പ് സോളമൻ കണ്ടിട്ടുള്ളത്. 

ടേബിളിൽ ഒരു ചെറിയ മെനു വച്ചുകൊണ്ട് വെയ്റ്റ്രസ് എന്താണ് കുടിക്കാൻ വേണ്ടതെന്ന് ചോദിച്ചു. അവൾ മാസ്ക്ക് ധരിച്ചിട്ടുണ്ടായിരുന്നു, അതുകൊണ്ട് എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ സോളമന് ചെറിയ ബുദ്ധിമുട്ടുണ്ടായി. കഥ പെട്ടന്ന് തന്നെ ഒരു കോൾഷ് ഓർഡർ ചെയ്യുന്നത് കണ്ടു. കഥ ഇവിടെ സ്ഥിരം വരുന്നയാളാണെന്ന് തോന്നുന്നു. മെനു പോലും നോക്കാതെയാണ് ഓർഡർ കൊടുത്തത്. സോളമൻ ജ്യൂ-ജിറ്റ്സു എന്ന പേരിലുള്ള ഒരു ഹേസി ഐ.പി.എ. (6.4 % ABV, 15 IBU) ഓർഡർ ചെയ്തു. സാധാരണ ഐ.പി.എ.കളിൽ കാണുന്ന അത്ര ആൾക്കഹോൾ അതിൽ ഇല്ല,  ലഘുവായി ആരംഭിക്കാം എന്ന് വിചാരിച്ചു കൊണ്ടാണ് സോളമൻ അത് ഓർഡർ ചെയ്തത്. ബിയർ കുടിക്കുമ്പോൾ ഐ.പി.എ. മാത്രമേ സോളമൻ കഴിക്കാറുള്ളൂ. കലമാരിയും റോസ്റ്റഡ് ബ്രസൽസ് സ്പ്രൗട്ട്സും സ്നാക്ക്സ് ആയി ഓർഡർ ചെയ്തു. രണ്ടും അടുത്തുള്ള സാന്താ ക്രൂസിൽ നിന്നും വരുന്നതായിരിക്കും ഈ സമയമായതുകൊണ്ട്. കൂന്തൽ റൊട്ടിപ്പൊടിയിൽ മുക്കി പൊരിച്ചെടുത്തതാണ് കലമാരി. ഒലീവ് എണ്ണയും കുരുമുളകും ചെറുനാരങ്ങ നീരും അടങ്ങിയ മിശ്രിതത്തിൽ ബേക്ക് ചെയ്തെടുത്ത ബ്രസൽസ് സ്പ്രൗട്ട്സിനെ വെല്ലാൻ പറ്റിയ, ഡ്രിംഗ്സിനൊപ്പം വിളമ്പാൻ പറ്റുന്ന,   പച്ചക്കറി വിഭവങ്ങൾ അപൂർവ്വം.  വെജിറ്റേറിയൻ സുഹൃത്തുക്കൾക്ക് അത് താൻ ഉണ്ടാക്കിയിരുന്നത് സോളമന്റെ ആലോചനയിൽ ഹൃസ്വമായി കടന്നുവന്നു. ആ ഓർമയെ ഭഞ്ജിച്ചുകൊണ്ട് വെയ്റ്റ്രസ് ബിയറുകൾ റ്റേബിളിൽ കൊണ്ടുവന്നു വച്ചു.

നടന്നുവന്നതുകൊണ്ടുള്ള ദാഹം കൊണ്ടായിരിക്കാം, രണ്ടു പേരും അവരുടെ ബിയറുകൾ പെട്ടന്ന് കുടിച്ചു തീർത്തു. ജ്യൂ-ജിറ്റ്സുവിന് നല്ല പഴുത്ത ടാഞ്ഞരീന്റെ സ്വാദായിട്ടാണ് ആദ്യം സോളമന് തോന്നിയത്. കൃത്യമായി ഒന്നും കണ്ടെത്താൻ കഴിയുന്നില്ല, എന്തൊക്കെയോ കുറവുകൾ അതിന് ഉള്ളതുപോലെ. അതുകൊണ്ട് മറ്റൊരു ബിയറാണ് സോളമൻ അടുത്തതായി ഓർഡർ ചെയ്തത് – കുറച്ച് കൂടുതൽ ആൾക്കഹോളും കയ്പ്പുമുള്ള ഡോമിനസ് ക്ളാരിറ്റസ് എന്നൊരു ഹേസി ഐ.പി.എ. (7.0% ABV, 35 IBU) അത് നിറച്ച ഒരു പൈന്റ് ഗ്ളാസ് റ്റേബിളിൽ കൊണ്ടുവച്ചപ്പോൾ അതിന്റെ നിറം തന്നെ കാണാൻ നല്ല ഭംഗിയുള്ളതായി സോളമന് തോന്നി. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു തിളക്കത്തോടെ അത് റ്റേബിളിലിൽ ഇരുന്നു.  കഥ വീണ്ടും ഒരു കോൾഷ് തന്നെ പറഞ്ഞിട്ട് അധികം ഒന്നും സംസാരിക്കാതെ കലമാരിയും ബ്രസൽസ് സ്പ്രൗട്ട്സും മാറി മാറി കഴിച്ചുകൊണ്ടിരുന്നു.

സന്ധ്യ പട്ടണത്തെ ധൃതിയിൽ ആവരണം ചെയ്യുന്നത് അവർ അങ്ങനെ നോക്കിയിരുന്നു, ചുറ്റുമിരിക്കുന്ന ആൾക്കാരെയും.  പ്രധാന തെരുവിൽ നടക്കുന്ന കാര്യങ്ങൾ ഇരുട്ടിൽ അവ്യക്തമായിക്കൊണ്ടിരുന്നു. തെരുവുവിളക്കുകളും കടകളിലെ വെളിച്ചങ്ങളും പതുക്കെ പ്രകാശിച്ചു തുടങ്ങി. താഴ് വാരത്തിന്നപ്പുറത്തെ മലകളിൽ നിൽക്കുന്ന വന്മരങ്ങൾ ഒരു കോട്ടക്കുള്ളിലെ ഗോപുരങ്ങൾ പോലെ അകലെ ഉയർന്നുനിന്നു.

ഡോമിനസ് ക്ളാരിറ്റസ് കാണാൻ ഭംഗിയുള്ളതുപോലെ തന്നെ സ്വാദുള്ള ഒരു ബിയർ ആയിരുന്നു. മായർ ലെമണിന്റെ രുചിയാണ് മുന്തി നിൽക്കുന്നത്. ക്വെയ്ക്ക് എന്ന ഒരു തരം യീസ്റ്റാണ് അത് ബ്രൂ ചെയ്യാൻ ഉപയോഗിക്കുന്നതെന്ന് മെനുവിൽ എഴുതിയിട്ടുണ്ട്.അതിന്റെ പുതിയ രുചിയിൽ ആമഗ്നനായി ഇരിക്കുമ്പോഴാണ് സോളമൻ തെരുവിൽ ഒരു ഒച്ചപ്പാട് ആദ്യം കേട്ടത്. ഇരുട്ടിവരുന്നതുകൊണ്ട് എന്താണ് അവിടെ നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസം. കഥ എപ്പോഴൊ അവിടെനിന്ന് എഴുന്നേറ്റ് പോയെന്ന് സോളമൻ മനസ്സിലാക്കി. ഒരു പക്ഷേ, ബാത്ത് റൂമിൽ പോയതായിരിക്കാം. എന്നാലും പറയാതെ കഥ എഴുന്നേറ്റ് പോയതിൽ സോളമന് എന്തോ അപാകത തോന്നി.

തെരുവിൽ നിന്നുള്ള കോലഹലത്തിന്റെ ശബ്ദം കൂടിക്കൊണ്ടേയിരുന്നു. ബ്രൂവറിയിൽ ചുറ്റുമിരിക്കുന്നവർ പുറത്തെന്താണ് നടക്കുന്നതെന്ന് തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. എല്ലാവരുടെയും ശ്രദ്ധ ഭക്ഷണത്തിലും ബിയർ കഴിക്കുന്നതിലുമാണ്. സോളമൻ കുറച്ചുനേരം കൂടി കാത്തിരുന്നിട്ടും കഥ തിരിച്ചുവന്നില്ല. കഥ തിരിച്ചെത്താൻ വൈകുന്തോറും അയാൾ കൂടുതൽ അസ്വസ്ഥനായിക്കൊണ്ടിരുന്നു. 

പെട്ടന്നാണ് കുട്ടികളുടെ കൂട്ടക്കരച്ചിൽ തെരുവിലെ ബഹളങ്ങൾക്കിടയിൽ നിന്ന് പുറത്തേക്ക് വന്നത്. അത് കേട്ടപ്പോൾ സോളമന് ഒട്ടും ഇരിപ്പുറച്ചില്ല. തിടുക്കത്തിൽ അയാൾ പ്രധാന തെരുവിലേക്ക് നടന്നു.  അവിടെ എത്തിയപ്പോൾ നേരത്തെ മാർച്ചിൽ കണ്ട കുട്ടികളും അവരുടെ കൂടെയുണ്ടായിരുന്നവരും ഓടിവരുന്നത് സോളമൻ കണ്ടു. അവർക്ക് തൊട്ടുപിന്നാലെ ഒരു കൂട്ടം പോലീസുകാർ കലാപകാരികളെ നിയന്ത്രിക്കാൻ വേണ്ട സന്നാഹത്തോടെ അവരെ പിന്തുടരുന്നുണ്ട്. രണ്ടോ മൂന്നോ പോലീസുകാർ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്ക്കുന്നു. അത് കുട്ടികളുടെമേൽ കൊള്ളുമ്പോൾ അവർ നിലവിളിക്കുന്ന ശബ്ദമാണ് താൻ കേട്ടതെന്ന് സോളമന് പെട്ടന്ന് മനസ്സിലായി.

ആ പാതയോരത്ത് സോളമനല്ലാതെ കാഴ്ചക്കാരായി വേറെയാരും ഉണ്ടായിരുന്നില്ല. തെരുവിൽ മാർച്ചിൽ പങ്കെടുത്തവരും അവരെ പിന്തുടരുന്ന പോലീസുകാരും മാത്രം. റബർ ബുള്ളറ്റുകളേറ്റ് കുട്ടികൾ വീണ്ടുമൊരു ആര്‍ത്തനാദം പുറപ്പെടുവിച്ചപ്പോൾ സോളമൻ തെരുവിലിറങ്ങി പോലീസുകാരുടെ നേരെ നടന്നടുത്തു. തന്റെ മങ്ങിയ ഓർമകൾക്കും ആലോചനകൾക്കും വ്യക്തതയുണ്ടാകുന്നത് ആ ഹൃസ്വവേളയിലും സോളമന് തിരിച്ചറിയാൻ കഴിഞ്ഞു. രണ്ടു സ്ത്രീകൾക്കും അവരുടെ ഒരു കുട്ടിക്കും താൻ നീതി ഉറപ്പു വരുത്തിയ ഒരു സംഭവത്തെക്കുറിച്ച് പട്ടണത്തിലേക്ക് നടക്കുമ്പോൾ  കഥ ഓർമിപ്പിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നെന്ന് സോളമന് പെട്ടന്ന് ബോധ്യം വന്നു.

ഇനി കുട്ടികളെ റബർ ഉണ്ട കൊണ്ട് പോലീസ് വെടിവക്കരുത്, അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കണം എന്ന് മാത്രമേ അവരുടെ നേരെ പാഞ്ഞടുക്കുമ്പോൾ സോളമൻ ആഗ്രഹിച്ചിരുന്നുള്ളൂ. കുട്ടികളുടെ ആ ദീനരോദനം അയാൾക്കൊട്ടും സഹിക്കാൻ കഴിയുമായിരുന്നില്ല. 

സോളമന്റെ വരവുകണ്ട് രണ്ടു പോലീസുകാർ അവരുടെ ആർമി ഗ്രേഡ് കോൾട്ട് M4 കാർബൈനുകൾ അയാളുടെ നേരെ ചൂണ്ടി, മുന്നോട്ടടുക്കരുതെന്ന് ആക്രോശിച്ച്, കാഞ്ചിയിൽ കൈവച്ചുകൊണ്ട് ആ സേനാവ്യൂഹത്തിന്നു മുമ്പിൽ കാവലായി നിലയുറപ്പിച്ചു. ആ തെരുവിൽ തന്നെ, കുറച്ചുകൂടി പിന്നിലുള്ള ഒരു വൈനറിയുടെ ടെറസ്സിൽ മനോഹരമായി വെട്ടിയൊതുക്കി വച്ചിരിക്കുന്ന ഒരു  ബോഗയിൽ വില്ല ട്രെല്ലിസിന്റെ മറവിൽ, ഇരകളെത്തേടി കാത്തുകിടന്നിരുന്ന ഒരു പോലീസ് സ്നൈപ്പർ സോളമൻ കെട്ടിയിരുന്ന ഇളം പർപ്പിൾ നിറമുള്ള മാസ്ക്കിനെ ഉന്നം വച്ച് തന്റെ റൈഫിളിന്റെ സ്ക്കോപ്പ് ലോക്ക് ചെയ്തു.   

(ജൂൺ 15, 2020)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. അഭിനന്ദനങ്ങൾ! വിശദാംശങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തിയ, സമകാലികമായ, മനസ്സലിയിപ്പിക്കുന്ന, രസിപ്പിക്കുന്ന ഒരു കഥ തന്നതിന്
    പുഴയ്ക്കും ശ്രി ടി കെ തോമസിനും നന്ദി!!

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here