പണ്ടൊരൊറ്റച്ചോദ്യക്കല്ലേറിൽ
നെഞ്ചിലെ പാപപ്പാറ കണ്ടവർ
താഴെയിട്ട
സദാചാരക്കല്ലുകൾ
ഇരുവർക്കുമിടയിലെ
കല്ലിച്ച മൗനം
പരിഹാസക്കല്ലുമഴയെ
തടഞ്ഞുവച്ചിട്ടും
അപവാദച്ചാറ്റൽ
ചരൽ വാരിയെറിയും പോൽ
ആർദ്രതയുടെ ചതുപ്പിനപ്പുറം
അധിനിവേശം ആർത്തികൾ
ചവിട്ടിത്തെറുപ്പിച്ച
അതിർത്തിക്കല്ലുകൾക്കു ചുറ്റും
നിസ്സഹായതയുടെ
കണ്ണീർശിലകൾ
അന്ധവിശ്വാസത്തറയിലെ
നിലവിളിക്കാറ്റലറുമ്പോഴും
സിന്ദൂരചന്തമെഴും
ബലിക്കല്ലുകൾ
ഇരുളിൻ മറവിൽ
എല്ലിൻ കഷണത്തിനെത്തും
നായ്ക്കളെ എറിയുവാൻ
പിന്നെയും കല്ലുകൾ
പെറുക്കി വച്ച്,
പെരുവഴിയോരത്ത്
വിട്ടേച്ചുപോയ
ഹൃദയക്കല്ലിനെ കാത്ത്,
സ്മൃതിയുരുൾ പൊട്ടവെ
കുത്തിയൊലിക്കുന്ന
പാറക്കണ്ണീരിൽ
കുതിർന്നു പൊടിയുന്ന
ചെങ്കല്ലുകൾ…