നിങ്ങൾക്ക് വിശക്കുമ്പോൾ
ഈ കുടൽ മാലയിലേക്ക്
നിങ്ങൾക്കിഷ്ടമുള്ളതിനെ
ചവച്ചരച്ച് പറഞ്ഞയക്കുന്നു.
എന്റെ ഈ കൊച്ചു ലോകത്തേക്ക്
അവർ വന്നെത്തിയാൽ
ഞാനെന്റെ ജോലിയാരംഭിക്കുന്നു.
വാരിയെല്ലുകൾക്ക് താഴെ
നട്ടെല്ലിനെ താക്കം പിടിച്ച്
കടുപ്പമില്ലാത്ത തൊലിക്കുള്ളിൽ
പന്ത് പോലെ ഞാൻ നിൽക്കുന്നു.
ഞാനൊരു സ്വീകർത്താവാണ്.
മാന്യതയുടെ വസ്ത്രമണിഞ്ഞ
മനുഷ്യന്റെ വിശപ്പ് പെട്ടി.
പെട്ടിയിൽ നിക്ഷേപിക്കുന്നത്
നാളേക്കുള്ള കരുതലാകണം.
കുടല് കനിഞ്ഞെങ്കിലുടല്
കേടുപാടില്ലാതെ നോക്കാം.
വിഷ ഭക്ഷണം വർജ്ജിച്ച്
വിജയിക്കുവാൻ നോക്കുക.
നിങ്ങളുടെ നാവിന്റെ അരികിൽ
എന്റെ കണ്ണുകളും മൂക്കുകളുമുണ്ട്.
പല്ലിന്റെ മൂർച്ചയോട്
വൈകുന്നേരങ്ങളിൽ ഞാൻ സംസാരിക്കാറുണ്ട്.
പാറാവ് കാരൻ ചിരിയുടെ പിറകെ
ചിലപ്പോഴെല്ലാം ഞാൻ വരാറുണ്ട്.
ഉള്ളൻ കൈകളിൽ ഉരുളയിട്ട്
അകത്തോട്ട് പറഞ്ഞ് വിടുന്നത്
പാഷാണമായാൽ,
വിനാശമേ പാതാളം.
നിങ്ങളെ വേട്ടയ്ക്ക് പറഞ്ഞയക്കുന്ന
കണ്ണ് കാണാത്ത വിശപ്പാണ് ഞാൻ.