സ്വർഗ്ഗസ്ഥനായ കടന്നൽ

 

കവിയും നോവലിസ്റ്റുമായ എൻ പ്രഭാകരൻ മുഖപുസ്തകത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 

ഇന്നലെ രാത്രി ബാത്‌റൂമിലേക്ക് കയറുന്നതിനിടയിൽ വാതിൽപ്പിടിക്കുള്ളിൽ ഒളിച്ചിരുന്ന കടന്നലിൽ നിന്ന് കൈവി
രലിൽ നല്ലൊരു കുത്ത് കിട്ടി.ചെറിയ ഉള്ളിയുടെ നീരും മറ്റു ചില സംഗതികളും പ്രയോഗിച്ചു നോക്കി.പറയത്തക്ക ഫലമൊന്നുമുണ്ടായില്ല.രാത്രി മുഴുവൻ നല്ല വേദനയായിരുന്നു.ഭൂമിയിലെ കോടിക്കണക്കിന് മനുഷ്യരുടെ നാനാതരം വേദനകളെ കുറിച്ചാലോചിച്ചും പല വിധ ലോകവിചാരങ്ങൾ നടത്തിയും അഞ്ചാറ് മണിക്കൂർ കിടന്നു.എന്നെപ്പോലെ അടിസ്ഥാനപരമായി വെറുമൊരു മനുഷ്യൻ മാത്രമായ ആൾക്ക് ഇങ്ങനെയെന്തെങ്കിലും നല്ല കനത്തിൽ കിട്ടിയാൽത്തന്നെയേ അന്യരുടെ വേദനകളെക്കുറിച്ച് ആഴത്തിൽ ആലോചിക്കണമെന്ന് തോന്നൂ.നേരം വെളുക്കാറായപ്പോൾ വേദന കുറച്ച് ശമിച്ചുകിട്ടിയതുകൊണ്ടാകാം ഉറങ്ങിപ്പോയി,
രാവിലെ ഭാര്യ എഴുന്നേറ്റ് മുറി അടിച്ചു വാരുമ്പോൾ ആ കടന്നലിന്റെ ജഡം കിട്ടി.
മുഴുത്ത ഒരു ചങ്ങാതിയാണ്.ജീവിതത്തിലെ അവസാനത്തെ കുത്താണ് അവൻ എന്നെ കുത്തിയത്.മരണത്തിനു മുമ്പ് ഒരു മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാൻ കിട്ടിയ അവസരം അവൻ നന്നായി ഉപയോഗിച്ചു.മൂപ്പരുടെ വാസം ഇനി സ്വർഗത്തിൽ തന്നെയായിരിക്കും. ഭൂമിയിലെ പല സങ്കടങ്ങളെയും അനീതികളെയും കുറിച്ച് ദൈവങ്ങളെ ഓർമിപ്പിക്കാൻ അവൻ തന്റെ കുത്ത് പ്രയോജനപ്പെടുത്തുമോ, എന്തോ എന്തായാലും, ഇനി ഒരിക്കലും,മരണാനന്തരവും,അവനെ കാണാൻ എനിക്ക് കഴിയില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here