സ്ത്രീ

sthree

സ്ത്രീയേ നീയെന്നും വാഴ്ത്തപ്പെടേണ്ടവള്‍

സൃഷ്ടിക്കു നിദാനമായവള്‍

ഉണ്ണിതന്‍ ഉയിരിന്‍തുടിപ്പ് ഉള്ളാലറിയുന്നവള്‍

ഉലകമാതാവു നീ

അന്യം നിന്നു പോകാനിടവരാതെ

നരകുലത്തെ കാത്തുരക്ഷിപ്പവള്‍

അന്യര്‍ക്കു താങ്ങുവാന്‍ സ്വവാഴ്വിനെ

ഊന്നുവടിയായി വിട്ടുകൊടുത്തവള്‍

കഠിനനോവിന്‍ കഷായമത്രയും

ഒറ്റയ്ക്കുകുടിച്ചു തന്‍ മക്കള്‍ക്കായി

അമ്മിഞ്ഞപ്പാലിന്‍ സ്നേഹാമൃതം ചുരത്തുവോള്‍

നീ അമ്മ നീ എന്നും ഉണ്മ

പുത്രിയായി പത്നിയായി പെങ്ങളായി അമ്മയായി

ഏവരിലും ജീവചൈതന്യം നിറയ്ക്കുവോളെ

സര്‍വ്വംസഹയാം ധരിത്രി നീ

കാറ്റായി കുളിരായി കുയില്‍പ്പാട്ടായി

സ്നേഹലാളനകളേറെയേകും പ്രകൃതി നീ

പൂവായിയന്യര്‍ക്കാനന്ദവും സുഗന്ധവുമേകി

ഒടുവിലോരോ ദളങ്ങളായി കൊഴിഞ്ഞുപോകുവോള്‍

സ്ത്രീയേ നീയെന്നും വാഴ്ത്തപ്പെടേണ്ടവള്‍

വിവാഹചന്തയിലെന്നും വിലപേശി

ജീവിതം വിലയ്ക്കു വാങ്ങാന്‍ വിധിക്കപ്പെട്ടവള്‍

കൂനിന്‍മേല്‍ കുരുവായി ചൊവ്വ കൂടി വന്നു വിഴുങ്ങവേ

വിറ്റൊഴിക്കാനാവാത്ത വിഫലജന്മം നീ

മേനിക്കു പൊന്നു പോരാകയാല്‍

മോഹങ്ങളും ഇഷ്ടങ്ങളും പിന്നെ ജീവനും

കത്തിക്കരിഞ്ഞു വികൃതജഡമാകുന്നു

എന്നും അച്ഛന്‍റെ കരളിലെ കനലു നീ മകള്‍

ഏതോ അടുപ്പിലാളുമഗ്നിയില്‍

ജീവിതം അല്പ്പാല്പ്പമായി പുകഞ്ഞുകത്തി

വെണ്ണീറാവുന്നതറിഞ്ഞിട്ടുമറിയാതെ

നിശ്ശബ്ദമായി തേങ്ങലുള്ളിലൊതുക്കി

ജീവിതം സുന്ദരമെന്നാരെയോ

തെറ്റിദ്ധരിപ്പിക്കാനെന്ന മട്ടില്‍

കടംകൊണ്ട പുഞ്ചിരി സദാ

തൂകികൊണ്ടു നില്ക്കുന്നൊരു പത്നി നീ

ഒരു ലോപവും കൂടാതെ

സ്നേഹപ്രഭയേറെ ചൊരിഞ്ഞിട്ടും

ഒടുവിലസ്തമയം അടുക്കുമ്പോള്‍

ഒരു മൂലയിലൊറ്റയ്ക്കിരുന്നു വിലപിച്ചു

ശിഷ്ടക്കാലം കഴിക്കും അമ്മേ നിനക്കു

ഈശ്വരന്‍ കനിഞ്ഞു നല്കിയ

വരമാം ഗര്‍ഭപാത്രവും

ഒരു ശാപമായി മാറുന്നുവോ

കാലങ്ങള്‍ നീങ്ങവേ കോലങ്ങള്‍ മാറുന്നു

പതിവുകള്‍ മാറുന്നു മാറ്റങ്ങള്‍ തുടരുന്നു

അപ്പോഴെങ്കിലും ഒഴിഞ്ഞീടുമോ

പെണ്ണിന്‍ കരളുരുക്കങ്ങള്‍

സ്ത്രീയേ നീ ഉയരുക, കാലത്തിനൊത്തു

ഉണര്‍ന്നു കരുത്താര്‍ജ്ജിക്കുക

അഗ്നിപോലുജ്ജ്വലമായി ജ്വലിക്കുക

അശ്വത്തെപ്പോല്‍ കുതിച്ചു മുന്നേറുക

തല താഴ്ത്താതെ നിവര്‍ന്നു മുന്നേറുക

അഗ്നിയില്‍ വേവാതെ

വാക്കിന്‍വിരുതില്‍ വീഴാതെ

പുകഞ്ഞുതീരാതെ നീ മുന്നേറുക

ശക്തിയായി ഭക്തിയായി

നന്മയായി സ്നേഹമായി

ഉണ്മയായി ഏവരിലും നിറയും

ഉലകമാതാവു നീ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here