ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : അദ്ധ്യായം 32

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

 

ഇക്കാലയളവിൽത്തന്നെ

ഈ നാട് മറ്റൊരവസ്ഥയിലൂടെ പോവുകയായിരുന്നു. 1991 ലെ കാനേഷുമാരിക്കണക്കു പ്രകാരം 2.2 million ആയിരുന്ന ജനസംഖ്യ. അന്നാളിൽ പത്തിൽ താഴെ ആയിരുന്ന എയ്ഡ്‌സ് എന്ന മഹാമാരി, മെല്ലെ നാടിനെ പിടിച്ചുകുലുക്കി. വളരെ എളുപ്പം പടർന്നുകയറിയ രോഗം മരണദേവന്റെ വേഷം കെട്ടി. രണ്ടായിരത്തിന്റെ തുടക്കംമുതലേ കൂണുപോലെ മനുഷ്യർ മരിച്ചുവീണു. അനാഥരുടെ എണ്ണവും കൂടി. ഒരു കുടുംബത്തിൽ തന്നെ മരണം അടുപ്പിച്ചടുപ്പിച്ചു രണ്ടും മൂന്നുമായി പടർന്നു.

തുടക്കത്തിൽ, മുഖ്യമായും വൈറസ് പടർന്നത് സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ബസോത്തോ വഴിയോ ഇന്നാട്ടിൽ ചരക്കുകൊണ്ടുവരുന്ന ട്രക്ക് ഡ്രൈവർമാർ വഴിയോ ആയിരുന്നു. പിന്നെപ്പിന്നെ നാടൊട്ടുക്കും എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടി. ശ്മശാനമൂകത എങ്ങും പടർന്നു. ശനിയാഴ്ചകളിൽ മരണവീടുകൾ മാത്രം കാണുന്ന ഒരവസ്ഥയും ഉണ്ടായിരുന്നു. പൊതുവെ, ഇന്നാട്ടിൽ ശനിയാഴ്ചയാണ് ശവസംസ്കാരം ഉണ്ടാവുക. സംസ്കാരം നടക്കുന്ന ശനിയാഴ്ച്ചക്കു മുൻപുള്ള വെള്ളിയാഴ്ച മൃതദേഹം വീട്ടിൽ കൊണ്ടുവന്നു പ്രാർത്ഥിക്കുന്ന ചടങ്ങും ഉണ്ട്. ഉറങ്ങാതെ ഉറ്റ ബന്ധുക്കൾ മൃതദേഹത്തിനു കാവലിരിക്കുന്ന ഈ ആചാരം (Night Vigil – Tebelo) കൊറോണ വന്നതോടെ മിക്കവാറും ഇല്ലാതായി. ഒരു മഹാമാരി മതി നമ്മുടെ ആചാരം  സ്വഭാവം, സംസ്കാരം എല്ലാം മാറ്റിമറിക്കുവാൻ!

നമുക്ക് കാഴ്ചകൾ തുടരാം.
വീട്ടിലേക്ക് ഭക്ഷണം എത്തിക്കേണ്ട കുടുംബനാഥൻമാർ മരിച്ചുവീണുകൊണ്ടേയിരുന്നു. നരകിച്ചാണ് പലരും മരിക്കുന്നതും. പ്രതിരോധശേഷി കുറഞ്ഞതിനാൽ ക്ഷയം, ന്യൂമോണിയ തുടങ്ങിയ മാരകരോഗങ്ങൾ മുതൽ സാധാരണ ഫ്ലൂ വന്നും ഓരോരുത്തരും മരിക്കുന്നു.

ഇങ്ങനെയുള്ള അവസ്ഥയിൽ കുട്ടികളെ വേണ്ടുംവണ്ണം നോക്കുവാനോ ഭക്ഷണം ഒരുക്കുവാനോ ആരുമില്ലാതായി. ചില ഗ്രാമങ്ങൾ ജീവിക്കുന്ന ശവപ്പറമ്പുമായി.
ഈ ഒരു സാഹചര്യത്തിൽ മനുഷ്യസഹജമായ ചിന്തകളിൽ പ്രധാനം, പട്ടിണി അനുഭവിക്കുന്ന വിദ്യാർഥികൾക്കായി എന്തുചെയ്യാം എന്നതായിരുന്നു. സ്കൂൾ വിട്ടു വീട്ടിലേക്കുപോകുന്ന കുട്ടികൾ അരവയർ പോലും നിറയ്ക്കാതെ പിറ്റേന്ന് രാവിലെ പഠിക്കുവാൻ വരണം എന്ന അവസ്ഥ പല കുട്ടികളും അനുഭവിക്കുന്നു എന്നത് അറിയുന്നതും സുഖകരമല്ല. അങ്ങനെയാണ്, സ്കൂൾ സമയം കഴിഞ്ഞശേഷം, കുട്ടികൾക്ക് രാത്രിഭക്ഷണം കൂടി ഒരുക്കാമെന്ന ചിന്ത ഞങ്ങൾക്കുണ്ടായത്.

അത്തരം ഒരു പ്രോജക്റ്റ് വികാരഭരിതമായി തുടങ്ങേണ്ടതല്ല. സ്ഥിരമായ ഒരു മാതൃക ആവണം, കൃത്യമായ ഒരു രൂപം ഉണ്ടാകണം, സ്ഥിരവരുമാനം ഉണ്ടാകണം.
പ്രോജക്റ്റ് നിലനിർത്തുവാനുള്ള വരുമാനത്തിനായി ഒരു ചിക്കൻ ഫാം തുടങ്ങാം എന്നും കോഴിമുട്ട സ്കൂൾ വിലകൊടുത്തുവാങ്ങാനും ഒരു നിർദ്ദേശം ഞാൻ വച്ചു. വലിയ സ്കൂൾ ആണ്, കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ട്. രണ്ടുദിവസമെങ്കിലും മുട്ട വേണം. ഇതുവരെ വാങ്ങിയിരുന്നത് പുറത്തുനിന്നാണ്. അപ്പോൾ മുട്ട വിൽക്കുവാൻ മാർക്കറ്റ് തേടേണ്ട ആവശ്യം വരുന്നില്ല. എന്നെ പ്രോജക്ടിൽ സഹായിക്കുവാൻ മിടുക്കരായ കുറച്ചു യുവ അധ്യാപകരും കൂടി.

ഇനി വേണ്ടത് ഫണ്ട്‌ ആണ്. NGO വഴി വിദേശസഹായം നേടുക എന്നത് എളുപ്പമല്ല. അവരുടെ പോളിസി അനുസരിച്ചുള്ള ദീർഘവീക്ഷണമുള്ള വലിയ പ്രസ്ഥാനങ്ങളായി നമ്മൾ മാറണം. ഈ നാട്ടിലെ വ്യവസായികളിൽ നിന്നും വലിയ തുക പിരിച്ചെടുക്കുക അത്ര എളുപ്പമല്ല. പഴേപോലെ നാടുനീളേ നടക്കുവാനും വയ്യ. എനിക്ക് ഗമ കൂടിവരുന്ന കാലം.

രക്ഷകർത്താക്കളോട് ചോദിക്കാമെന്നുവച്ചാൽ അവരുടെ സ്ഥിതിയും പരിതാപകരമാണ്. നാട് ഒരു ദരിദ്രമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതും. അതിന്റെ സ്വാധീനം സമൂഹത്തിലും കാണാം. മിക്കവാറും ഓരോ വീട്ടിലും ഒരാളെങ്കിലും മരിക്കുന്നു.
സ്റ്റാഫിനോട് അഭിപ്രായം തിരക്കിയിട്ടു കാര്യമില്ല. ഇവിടെയുള്ള തദ്ദേശീയരായ അധ്യാപകർക്ക് മറ്റുള്ളവരിൽ നിന്നും ദാനം ചോദിക്കേണ്ടത് എങ്ങനെ എന്നറിയില്ല. അഭിമാനബോധം ഉള്ളവരാണ്.
നമ്മുടെ നാട്ടിലും നല്ല അഭിമാനബോധം ഉള്ളവരാണല്ലോ നമ്മൾ.  കാടിയാണെങ്കിലും മൂടിയേ കുടിക്കൂ.

ഞാൻ മടിച്ചുനിന്നില്ല, ഇതൊരു വെല്ലുവിളിയും അവസരവും ആണ്. ഇക്കാര്യത്തിൽ എന്റെ മാതൃക ഇസ്രായേലിലെ ആദ്യ പ്രധാനമന്ത്രിയായ ഗോൾഡ മീയർ (Golda Meir) ആണ്. അവർ ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ നടന്ന സൽക്കാരത്തിൽ അഭിമാനത്തോടെ പ്രഖ്യാപിച്ചുവത്രെ, “ഞാൻ ഇവിടെ വന്നത് എന്റെ നാടിനുവേണ്ടി യാചിക്കുവാനാണ്”.

ഈ ഒരു മനോഭാവം തന്നെയായിരുന്നു എനിക്കും. എന്നെ പോറ്റുന്ന നാടിനുവേണ്ടി മൂടാതെയും കാടി കുടിക്കാം, എന്നാൽ നാടിനെ, നാട്ടുകാരെ അപമാനിക്കാതെ വേണംതാനും. അതോണ്ട്, തല ഉയർത്തിപ്പിടിച്ചാണ് ചോദിച്ചതും. എന്റെ യൂറോപ്യൻ സുഹൃത്തുക്കളെന്നും എന്നെക്കണ്ടത് മന്ദഹാസത്തോടെയെന്ന് എപ്പോഴും പറയാറുമുണ്ട്. അതൊരു രക്ഷാകവചമാണ്.

ഇത്‌ പറയുമ്പോൾ ഞാൻ ഓർക്കുന്നത്, എന്നെ എട്ടാം ക്ലാസ്സിൽ സാമൂഹ്യപാഠം പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ടീച്ചർ, സിസ്റ്റർ ആൻസിയെ ആണ് (St. George High School, Edappally). അവരെന്നെ സ്നേഹത്തോടെ വിളിച്ചിരുന്നത് “സങ്കടക്കുര്യൻ” എന്നായിരുന്നു. എങ്ങനെ കിട്ടിയതാണോ ആ പേര്. എനിക്കാണെങ്കിൽ അവരോട് കടുത്ത പ്രണയവും. സാമൂഹ്യപാഠത്തിൽ നല്ല മാർക്കും അത്യാവശ്യം കൈവെള്ളയിൽ ചൂരൽക്കഷായവും കിട്ടിയിരുന്നുതാനും. അതൊരു കാലം.

ഫണ്ട്‌ ഉണ്ടാക്കുവാൻ പല മാർഗ്ഗങ്ങൾ തേടി ചെന്നെത്തിയത് അയർലൻഡിലെ ഒബ്ലേറ്റ്സിലാണ്. ല്സോത്തോയിലെ ഒബ്ലേറ്റ്സ് വഴി മാത്രമേ അവരെ സമീപിക്കുവാനും സാധ്യമാകൂ. അങ്ങനെ, അയർലൻഡ് ഒബ്ലേറ്റ്സിൽ നിന്നും ആവശ്യമായ ഫണ്ട്‌ കിട്ടാൻ അപേക്ഷിച്ചു. അവരുടെ പോളിസിയ്ക്കനുസരിച്ചു ചില ക്രമീകരണങ്ങൾ സ്‌കൂളിലും ഉണ്ടാക്കി. കാത്തലിക് സഭ ആയതിനാൽ സദാചാരത്തി (ethics-)നും സ്‌ത്രീ ശാക്തീകരണത്തിനും പ്രാധാന്യം ഉണ്ട്. അവർ ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമെങ്കിൽ ഇവിടെയുള്ള ഒബ്ലേറ്റ്സ് ഓഫീസ് മുഖേന വേണം അവരെ സമീപിക്കുവാൻ.
ഒബ്ളേറ്റ്സിന്റെ ചരിത്രവും ഈ നാട്ടിലേക്കുള്ള അവരുടെ വരവും രസകരമാണ്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതകഴി സാഹിത്യോത്സവത്തിനു തുടക്കം
Next articleനടനും തിരക്കഥാകൃത്തുമായ ശിവകുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here