യൂണിവേഴ്സിറ്റി കോളേജിൽ
പ്രധാന കവാടത്തിനടുത്ത്
പുതിയൊരു പ്രതിമ
അനാഛാദനം ചെയ്യപ്പെട്ടു.
അവകാശങ്ങളുടെ
കൂർത്തു മൂർത്ത
ള്ളിപ്പല്ലുകൾ കൊണ്ട്
ഗുരുത്വത്തിന്റെ
കരിമ്പാറയിൽ
ആഞ്ഞു കുത്തിയാണത്രെ
പ്രതിമ നിർമ്മിക്കപ്പെട്ടത്.
കാണികളുടെ മൗനം കൊണ്ട്
ചിന്തേരിട്ടു മിനുക്കിയപ്പോൾ
കാണാനെന്തൊരു ചന്തം!
ഇന്നലെകളിൽ
അക്ഷരവെളിച്ചം കൊണ്ട്
അന്ധകാരം വകഞ്ഞു മാറ്റി
അംബരങ്ങളാണ്
നിന്റെ അതിരുകളെന്ന്
അരുൾ ചെയ്തവൻ
തലയുയർത്തി നിൽക്കുന്നുണ്ട്,
വാക്കുകൾ മരിച്ച്
തൊണ്ട വരണ്ട്
കാലുകൾ മരവിച്ച്
കരങ്ങളിൽ വടികുത്തിപ്പിടിച്ച്
കാക്കകൾ കുമ്മായമിട്ട
കഷണ്ടിത്തലയുമായി
അഹിംസയുടെ പ്രതീകമായി
പ്രധാന കവാടത്തിനരികിൽ.