ഒരു നിയോഗം പോലെയായിരുന്നു അധ്യാപക ജോലികൾക്കിടയിൽ നിന്നും സമയം കണ്ടെത്തി വായനയെ കൂടുതൽ പേരിലേക്കെത്തിക്കാൻ പി.എൻ.പണിക്കർ എന്ന ചങ്ങനാശ്ശേരിക്കാരൻ മുന്നിട്ടിറങ്ങിയത്. പടയണിയുടെ നാട്ടിൽ നിന്നും പ്രവർത്തനങ്ങളുടെ ചടുലതയുമായി ഒരാൾ. 1945 ൽ 47 ഗ്രന്ഥശാലകളുടെ പ്രവർത്തകരെ വിളിച്ചുകൂട്ടി പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഗ്രന്ഥശാലാ സംഘത്തിനായിരുന്നില്ല തലമുറകളിലേക്കുള്ള വാഗ്ദാനത്തിനായിരുന്നു . 1947 ൽ രൂപീകരിച്ച തിരു- കൊച്ചി ഗന്ഥശാലാ സംഘമാണ് പിന്നീട് കേരള ഗ്രന്ഥശാലാ സംഘമായി വളർന്നത്
ഇപ്പോൾ തലമുറകൾക്ക് വായനയുടെ വഴികാട്ടിയ പി.എൻ. പണിക്കർക്ക് തലസ്ഥാനത്തിന്റെ ഹൃദയത്തിൽ പൂർണകായ വെങ്കല പ്രതിമയൊരുങ്ങുന്നു. സ്ഥലം ഇനിയും തീരുമാനമായിട്ടില്ല. പതിനൊന്നടി ഉയരമുള്ള പ്രതിമ പത്തടി പീഠത്തിലാണ് അനാവവൃതമാവുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സൗകര്യാർത്ഥം ചടങ്ങ് മാർച്ചിലോ ഏപ്രിലിലോ നടത്താനാണ് പി.എൻ. ഫൗണ്ടേഷൻ ആലോചിക്കുന്നത്. മണക്കാട്ടെ പ്രസിദ്ധ ശില്പി സിദ്ധന്റെ പണിപ്പുരയിൽ പ്രതിമയുടെ അവസാനവട്ട പണി നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത കൊല്ലത്തോടെ ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലും പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ സ്ഥാപിക്കാൻ പദ്ധതിയുണ്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ കൊണ്ടാണ് പ്രതിമാ നിർമ്മാണത്തിന് തുടക്കമിട്ടത്.