ക്യൂവിൽ നിന്നുദിക്കുന്നു ലോകം..

240_f_16356847_eoyuj8aoc05phjosn6r0punmvwm7wknr

വെളുപ്പിനെ തന്നെ എഴുന്നേറ്റു.ഭാര്യയും കുട്ടികളും നല്ല ഉറക്കത്തിലാണ്.എങ്കിലും പറയാതെ പോകുന്നത് ശരിയല്ലല്ലോ? പ്രിയതമയെ പതിയെ തട്ടി വിളിച്ചു.ഉറക്കം നഷ്ടപ്പെട്ട അനിഷ്ടത്തോടെ ഏതോ മനോഹര സ്വപ്നം പാതി വഴി നിർത്തി അവൾ കണ്ണു തുറന്നു.’’ഞാൻ പോയിട്ട് വരാം.’’
‘’ചായ കുടിച്ചിട്ട് പോയാൽ പോരേ?’’..ചോദിച്ചിട്ട് അവൾ തിരിഞ്ഞു കിടന്നു.

ഞാൻ തന്നെ ചായ തിളപ്പിച്ച് ഞാൻ തന്നെ കുടിച്ചിട്ട് ഞാൻ തന്നെ പോകേണ്ടി വരുമെന്നതിനാൽ സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു.പോകുന്ന വഴി എവിടെ നിന്നെങ്കിലും കുടിക്കാം..കുറെ ദിവസമായി അതാണ് ദിനചര്യ.രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങുക.ഏതെങ്കിലും ക്യൂവിൽ പോയി ഇടം പിടിക്കുക.കാര്യം നടന്നില്ലെങ്കിൽ പിറ്റേന്നും പോകുക..നടന്നാൽ പിന്നെ വേറെ ഏതെങ്കിലും ക്യൂവിൽ പോയി നിൽക്കുക..ഇങ്ങനെ ക്യൂവിനെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി.
പഴയ നോട്ടുകൾ നിരോധിച്ചപ്പോൾ അത് മാറ്റി പുതിയ നോട്ടാക്കാനുള്ള ക്യൂവായിരുന്നു ആദ്യം.പലവട്ടം ക്യൂ നിന്ന് അത് മാറിയെടുത്തപ്പോൾ പിന്നെ മാറിക്കിട്ടിയ വലിയ നോട്ടുകൾ ചെറുതാക്കാനായി അടുത്ത ക്യൂ.പല ദിവസം ക്യൂ നിന്നിട്ടും ചില്ലറ കിട്ടാതെ ജീവിതം പങ്കപ്പാടിലായി.ചായ കുടിക്കാനും സാധനങ്ങൾ വാങ്ങാനും ക്യൂ നിൽക്കേണ്ടി വന്നു.കടക്കാർ വീടിനു മുന്നിൽ ക്യൂ നിൽക്കുമെന്ന സ്ഥിതിയായപ്പോൾ കുറച്ചു ചില്ലറ കിട്ടി.പലപ്പോഴായി നമ്മൾ തന്നെ മാറാൻ കൊടുത്ത കീറിയ നോട്ടുകളാണ് കെട്ടുകളാക്കി തിരികെ തന്നതെന്ന് മാത്രം.വെറുതെയല്ലല്ലോ ക്യൂ നിന്ന് കിട്ടിയതല്ലേയെന്ന സമാധാനത്തോടെ അതൊക്കെ കൊടുത്ത് തീർത്ത പാട് പറയാതിരിക്കുന്നതാണ് നല്ലത്.
ശമ്പളം തരുമെന്ന് ഉറപ്പില്ലെന്ന മന്ത്രിയുടെ വാക്ക് കേട്ട് ടെൻഷനടിച്ചെങ്കിലും ഒരു വിധത്തിൽ അത് കിട്ടുമെന്നായപ്പോൾ പിന്നെ ക്യൂ നിന്ന് ശമ്പളം വാങ്ങാനുള്ള ശ്രമമായി.

’’ഇവിടെയുള്ള കാശ് തീരുമ്പോൾ ഞങ്ങൾ ക്ളോസ് ചെയ്യും’’ എന്ന ട്രഷറിക്കാരുടെ മുന്നറിയിപ്പ് കേട്ട് ക്യൂ നിന്ന് പലവട്ടമായി അത് വാങ്ങിത്തീർത്തപ്പോഴേക്കും അടുത്ത ശമ്പളത്തിനുള്ള സമയമായി.ഈശ്വരാ,വീണ്ടും ക്യൂ നിൽക്കാൻ തന്നെ യോഗം!
അതിനിടയിൽ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും മുൻഗണനാ പട്ടിക പരിശോധിക്കാനും സപ്ളൈ ഓഫീസിൽ ചെല്ലണമെന്നുള്ള അറിയിപ്പും വന്നു.അടുത്ത ക്യൂവിനുള്ള ഊഴമായി.അവിടെ ക്യൂ നിൽക്കാൻ ഭാര്യയെ തന്നെ വിടാം.പുതിയ കാർഡ് പ്രകാരം അവളാണല്ലോ ഗൃഹനായിക!ഒരു ഗൃഹനായികയുടെ ബുദ്ധിമുട്ടുകൾ എന്താണെന്ന് അവളും അറിയട്ടെ.അങ്ങനെ ദിവസവും കുട്ടികളെ സ്കൂളിൽ വിട്ട ശേഷം ഭർത്താവ് ഒരു ക്യൂവിലേക്ക് ,ഭാര്യ മറ്റൊരു ക്യൂവിലേക്ക്. എന്നതായി ദിനചര്യ.ഒരു ദിവസം ക്യൂ നിന്ന് ക്ഷീണിച്ച് വരുമ്പോഴുണ്ട് സ്ക്കൂളിൽ നിന്നുള്ള അറിയിപ്പ്, ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നാളെയാണത്രേ..ലാസ്റ്റ് ഡേറ്റിന്റെ തലേന്നെങ്കിലും അറിയിക്കാൻ സൻമനസ്സു കാണിച്ചതിന് നന്ദി പറഞ്ഞ് തിരക്കില്ലാതെ ഫീസടയ്ക്കാൻ ഫസ്റ്റ് ബസ്സിന് തന്നെ സ്ക്കൂളിലെത്തിയെങ്കിലും അവിടെയും നീണ്ട ക്യൂ.
പിറ്റേന്ന് കൺസഷൻ കാർഡ് തീർന്നെന്ന മകന്റെ മുന്നറിയിപ്പ്.. രാവിലെ തന്നെ പഴയകാർഡുമായി ബസ് സ്റ്റാന്റിലെത്തിയപ്പോൾ ജീവനക്കാരിയുടെ കിളി മൊഴി.’’രാവിലെ ക്യൂ നിന്ന് തന്നിട്ട് പോകണം, വൈകുന്നേരം വന്ന് ക്യൂ നിന്ന് പുതിയ കാർഡ് വാങ്ങണം.’’ നിരാശനായി തിരിച്ചു പോരും വഴി നീണ്ടയൊരു ക്യൂ കണ്ട് തിരക്കിയപ്പോഴാണ് അത് ബിവറേജസിലേക്കുള്ള ക്യൂ ആണെന്ന് മനസ്സിലായത്.ഇത്രയും ക്യൂ നിന്ന് ബുദ്ധിമുട്ടി കാശും വാങ്ങി അത് ചിലവാക്കാൻ പിന്നെയും ക്യൂ നിൽക്കേണ്ട അവസ്ഥ എത്ര കഷ്ടമാണ്.
കയ്യിലുള്ള കാശ് തീർന്നതിനാൽ പിന്നെ അടുത്തുള്ള എ.റ്റി.എം.തിരക്കിക്കളയാംഎന്ന് വിചാരിച്ച് നടപ്പ് തുടങ്ങി.പോയ എ.റ്റി.എമ്മുകളൊക്കെ അടച്ചിട്ടിട്ട് കുറെ നാളായെന്ന് പുറമെ നിന്ന് നോക്കുമ്പോൾ തന്നെ അറിയാം.അടുത്തെങ്ങും മനുഷ്യരെയൊന്നും കാണാനുമില്ല.കറങ്ങി നടക്കുന്ന ചില നായകളും പൂച്ചകളും മാത്രം.തുറന്നു കൊടുത്തിരുന്നെങ്കിൽ എ.സിയുടെ തണുപ്പും കൊണ്ട് അവയ്ക്കെങ്കിലും അകത്തു കയറി കിടക്കാമായിരുന്നു
അങ്ങനെ കറങ്ങി നടക്കുമ്പോഴാണ് പ്രമുഖ ബാങ്കിന്റെ എ.റ്റി.എമ്മിൽ കാശുണ്ടെന്നറിഞ്ഞത്.റോഡരുകിൽ നീണ്ടു പോകുന്ന ക്യൂവിന്റെ പുറകിൽ നിൽക്കുന്നയാളോട് വഴി തിരക്ക്ക്കിയപ്പോൾ സ്നേഹപൂർവ്വം അയാൾ പറഞ്ഞു

‘’വഴി തിരക്കി നടക്കേണ്ട കാര്യമൊന്നുമില്ല,എന്റെ നേരെ പുറകിൽ നിന്നാൽ മതി ഈ ക്യൂ ആ എ.റ്റി.എമ്മിലേക്കുള്ളതാ! അവിടെ ചെല്ലുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ കിട്ടും.ഞാൻ മൂന്നാമത്തെ ദിവസമാ നിൽക്കുന്നത്.ഇന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു.’’
നിരാശയോടെ തിരികെ നടക്കുമ്പോൾ ഓർത്തു.ഏതായാലും ടെൻഷനൊക്കെയൊന്ന് മാറട്ടെ ഉള്ള കാശിന്` ഒരു സിനിമ കണ്ടു കളയാം,കുറെ നാളായി ഒരു സിനിമ കണ്ടിട്ട്.. അടുത്തുള്ള തിയേറ്ററിൽ ചെല്ലുമ്പോഴുണ്ട് ഇതു വരെ കണ്ടതിനെക്കാൾ വലിയ ക്യൂ അവിടെ..വീട്ടിലേക്കുള്ള ബസ്സിനായി സ്റ്റാന്റിലേക്ക് നടക്കുമ്പോൾ ഞാനോർത്തു,ഇനി വീട്ടിൽ ചെല്ലുമ്പോൾ ഇവിടെയും ക്യൂ നിന്നിട്ട് അകത്തു കയറിയാൽ മതിയെന്നെങ്ങാനും പ്രിയതമ പറഞ്ഞു കളയുമോ? ഏതായാലും മഹാകവി കുമാരനാശാൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുനെങ്കിൽ ഇങ്ങനെ പാടുമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല.. ’’ ക്യൂവിൽ നിന്നുദിക്കുന്നു ലോകം
ക്യൂവിനാൽ വൃദ്ധി തേടുന്നു
ക്യൂ തന്നെ ശക്തി ജഗത്തിൽ
ക്യൂ തന്നെയാനന്ദമാർക്കും..’’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleടവർ ഓഫ് വിസ്‌ഡം
Next articleദിവസത്തിന്റെ അവശിഷ്ടങ്ങൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here