തന്നോളം പ്രായമുള്ളോരു തറവാട്ടുമുറ്റത്തെ, തഴമ്പിച്ച മാവൊന്നു തളിർത്തു,
തളിരില കാണാതെ പൂക്കൾ നിറഞ്ഞു.
ആരോ ക്ഷണക്കത്തയച്ചതുപോലേ കൂട്ടമായെത്തിയ തേനീച്ചകളും, കണ്ണുവെക്കാതിരിക്കുവാൻ കരിമഷിതൊട്ടതുപോൽ,
അങ്ങിങ്ങായി കരിവണ്ടുകളും
താളത്തിൽ പൂങ്കുലയിൽ വട്ടമിട്ടു.
മീനച്ചൂടിന് കുളിരേകാനെന്നപോലെ,
ആ കള്ളിമഴയും വിരുന്നെത്തി
ആ മാമ്പൂക്കളെല്ലാം കവർന്നു.
പരിഭവമില്ലാതെ നിന്ന പൂക്കളോ,
പതിയെ കായ്കളായി മാറി.
കണ്ണിമാങ്ങാ കണ്ടു കണ്ണുതള്ളിയ കുഞ്ഞണ്ണാനൊന്ന് ഓടിയെത്തി
കുഞ്ഞിളം കൈയിൽ കരുതിയ
കല്ലുമായി ഉണ്ണികളോ വികൃതി കാട്ടി.
കല്ലുകൾ കൊണ്ടു വേദനയാൽ
ചുനതൻ കള്ളക്കണ്ണീരു പൊഴിച്ചു,
ചിലതെല്ലാം വാടി ഭൂമിതൻ
മടിയിൽ മയങ്ങിവീണു.
സൂര്യന്റെ കാവലുകണ്ടില്ലെന്നു നടിച്ചു കൂട്ടമായിട്ടെത്തിയ കിളികളും,
നോട്ടമിട്ട കണ്ണിമാങ്ങാ പാകമായതറിഞ്ഞെത്തിയ അണ്ണാനും, നുകർന്നു ആ മധുരം മതിയാവോളം.
വിണ്ണിൽ താരകൾ കൊതിയോടെ നോക്കിനിൽക്കെ തട്ടിയെടുത്തു
ചില കുമ്പഴങ്ങൾ പലകുറിയായി,
ചില ചിറകുള്ള നിശാസഞ്ചാരികൾ.
രാവും കടന്നുപോയി പകലും കഴിഞ്ഞുപോയി, വെയിലും കൊണ്ടു മഴയും നനഞ്ഞു, അകലങ്ങളിൽ നിന്നെത്തിയ
കാറ്റുപോലും തഴുകിയകന്നുപോയി.
കാറും കോളും മൂടിയ നേരം,
മുത്തശ്ശിതൻ മുൻപിലായി വീണു ഞെട്ടറ്റുപോയ മാമ്പഴങ്ങൾ.
തലതാഴ്ത്തി നിന്നോരു ചില്ലകൾ
മെല്ലെ മേലേയ്ക്ക് നോക്കിനിന്നു.
ഇനിയെന്നു പൂക്കുമെന്നോർത്തുകൊണ്ട്, വരുംകാല വസന്തത്തെ കാത്തുനിന്നു.
എന്റെ ആദ്യമായി പ്രസിദ്ധീകരിച്ച കവിതയാണ്. നന്ദി അറിയിക്കുന്നു.
“ഘട്ടങ്ങൾ” എന്ന എന്റെ ചെറിയ കവിത പ്രസിദ്ധീകരിച്ചതിന് നന്ദി.
rahulgovindn@gmail.com 😍
Beautiful poem👌🍃🍂🌧️
🥰
നന്നായിരിക്കുന്നു