കുട്ടികള്‍ പഠിക്കാത്തതിനെ ചൊല്ലിയാണ് ശ്യാമപ്രസാദ് അവരെ വഴക്കു പറഞ്ഞത് .
‘അവര്‍ പഠിച്ചോളും ‘ ശ്യാമ അലസമായി പറഞ്ഞു.
‘ നീയാണ് അവരെ ചീത്തയാക്കുന്നത്’
‘ഞാനാരേയും ചീത്തയാക്കുന്നില്ല പിള്ളാര് പഠിച്ചില്ലെങ്കില്‍ എന്നും തള്ളമാര്‍ക്കാണ് പഴി ‘
‘പഠിച്ചാല്‍ അവര്‍ക്ക് നല്ലത്’
‘ പിള്ളാരെ ഇങ്ങനെ ചീത്ത പറയരുത്. അവരുടെ മനസ് വിഷമിക്കും. പത്രത്തില്‍ ഓരോന്ന് വായിക്കണില്ലേ?’
അയാള്‍ പെട്ടന്ന് പലതും ഓര്‍ത്തു. ടി വി യുടെ റിമോട്ട് ചോദിച്ചപ്പോള്‍ അമ്മ കൊടുക്കാതിരുന്നതിനു പിണങ്ങി മുറിയില്‍ കയറി വാതിലടച്ച് തൂങ്ങി മരിച്ച പതിമൂന്നു കാരെനെ കുറിച്ചുളള വാര്‍ത്ത പുറത്തു വന്നത് ആയിടെയായിരുന്നു. ഒരു ഞെട്ടല്‍ ശ്യാമപ്രസാദിലും ഉണ്ടാകാതിരുന്നില്ല.
‘ അവര്‍ നന്നാകട്ടെ എന്നു കരുതി പറഞ്ഞതതാണ്’
‘ ഓ ഒരു നന്നാക്കല് ഇങ്ങനെയാണൊ നന്നാക്കുന്നത്?’ ശ്യാമ തിരക്കി.
അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.
രംഗം കൂടുതല്‍ വഷളാകണ്ടെ എന്നു കരുതി ശ്യാം മൗനം ഭജിച്ചു. എന്നത്തേയും പോലെ തോറ്റു കൊടുത്തു.
ശ്യാമ വിടാനുള്ള ഭാവമില്ലായിരുന്നു.
‘ രണ്ടിന്റെയും മുഖം കണ്ടിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ?’
ശ്യാം പ്രസാദ് മറ്റെവിടേക്കോ നോക്കി നിന്നു വേദനയോടെ.
‘ മനസിലാവില്ല ഞാനാണല്ലോ പെറ്റത് ‘ ഭാര്യ അവകാശവാദമുന്നയിച്ചു.
അതിന് എന്തു മറുപടി പറയാന്‍ എന്നായിരുന്നു അയാളുടെ ചിന്ത – വഴക്കിനു ഒരു കാരണമായി.
‘പേറ്റ് നോവറിയലും പ്രസവിക്കലും ഇത്തിരി പാടുള്ള പണിയാ അതു അനുഭവിച്ചറിയണം’
മേശപ്പുറത്തു കിടന്ന പുസ്തകങ്ങള്‍ അടുക്കി വച്ചു കൊണ്ട് അയാള്‍ ഭാര്യയെ നോക്കി. പിന്നെ ഒന്നു പൊട്ടിച്ചിരിച്ചു കൊണ്ട് ജോലി തുടര്‍ന്നു.
അയാളു ചിരി കണ്ട് ശ്യാമക്കു കലി കയറി. അവള്‍ സാരിത്തലപ്പ് എടുത്ത് എളിക്ക് കുത്തി. ഒരു യുദ്ധത്തിനു തയാറായി നിന്നു. ഉച്ചത്തില്‍ തിരക്കി.
‘ എന്താണിത്ര ചിരിക്കാന്‍ പൊട്ടന്‍ കൊട്ടത്തേങ്ങ കണ്ട മാതിരി ?’
” ഏയ് സൃഷ്ടിയുടെ വേദന എനിക്കും അറിയാമല്ലോ എന്നോര്‍ത്ത് ചിരിച്ചു പോയതാണ്’ അയാള്‍ മെല്ലെ പറഞ്ഞു.
ഇത്തവണ ശ്യാമയാണു ചിരിച്ചത്.
‘ എന്നു മുതലാണ് ആണുങ്ങള്‍ പ്രസവിക്കാന്‍ തുടങ്ങിയത്’ ?
‘ എല്ലാ സൃഷ്ടികള്‍ക്കു പിന്നിലും വേദനയുണ്ട്. അതറിയ്. അനാദി കാലം മുതല്‍ക്കു തന്നെ സൃഷ്ടിയുടെ വേദന അറിഞ്ഞിട്ടുള്ളവരാണ് ഞങ്ങള്‍ എഴുത്തുകാര്‍. പേറ്റു നോവ് ഞങ്ങള്‍ക്കുമുണ്ട് നിന്നെപ്പോളെയുളളവര്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല’
ശ്യാമ ഭര്‍ത്താവിനെ തുറിച്ചു നോക്കി. ഒരു വിചിത്ര ജീവിയെ മുന്നില്‍ കാണുന്ന പോലെ.
‘നീ രണ്ടു പേരെ പെറ്റു ശരിയാണ്. അപ്പോ രണ്ടു പ്രാവശ്യം മാത്രമേ നീ വേദന അറിഞ്ഞുള്ളു. എന്നാല്‍ ഞങ്ങളത് എത്ര തവണ അനുഭവിക്കുന്നു’
ശ്യാമ മിഴിച്ചു നിന്നു. ഒന്നും മനസിലാകാതെ.
‘ആരെയെല്ലാ എന്നാവും ചിന്തിക്കുന്നത് ‘ ശ്യാമപ്രസാദ് ചിരിച്ചുകൊണ്ട് ചോദിച്ചു.
ശ്യാമ മറുപടി പറഞ്ഞില്ല.
‘ പുസ്തക വിരോധിയായ നിനക്കത് മനസിലാകില്ല. എന്നാ കേട്ടോ ഞാന്‍ സൃഷ്ടിക്കുന്ന ഓരോ കഥാപാത്രങ്ങളും എന്റെ മക്കളാണ്. ഞാന്‍ പെറ്റ മക്കള്‍. നമ്മളൊക്കെ മരിക്കും പക്ഷെ അവര്‍ ജീവിക്കും മനുഷ്യ മനസുകളില്‍ മരണമില്ലാതെ അതാ വ്യത്യാസം ‘ശ്യാം പറഞ്ഞു നിര്‍ത്തി.
കണ്ണും തള്ളി നിന്ന ശ്യാമയെ ഗൗനിക്കാതെ അയാള്‍ തന്റെ എഴുത്തു മുറിയിലേക്കു നടന്നു. പെട്ടന്ന് എന്തോ ഓര്‍ത്തു നിന്നു തിരിഞ്ഞ് ശ്യാമയെ നോക്കി ഒന്നു പുഞ്ചിരിച്ചു. വിജയഭാവത്തില്‍.
‘ നോവറിയാതെ നോവലുണ്ടാകില്ല. വ്യഥയറിയാതെ കഥയും. നല്ല കഥകളും നല്ല കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വേദനകളില്‍ നിന്നാണ്. ഒരു എഴുത്തുകാരനല്ലാതെ മറ്റൊരു എഴുത്തുകാരന്റെ മനസു കാണാനാകില്ല അയാള്‍ അനുഭവിക്കുന്ന വേദനകളും’
ശ്യാമപ്രസാദ് മുന്നോട്ടു നടന്നു. ശ്യാമ നിശബ്ദയായി ഭര്‍ത്താവിനെ നോക്കി നില്‍ക്കുമ്പോള്‍ കുട്ടികള്‍ മെല്ലെ ഈണത്തില്‍ പാടാന്‍ തുടങ്ങി പാഠപുസ്തകം നോക്കി.
‘വേദികളെല്ലാം പലതാണ്
കുട്ടികള്‍ ഞങ്ങടെ
വേദനയെവിടേം ഒന്നാണ്
ഞങ്ങടെ വേദനയെല്ലാം ഒന്നാണ്’
——————————
പറവൂര്‍ ബാബു
കടപ്പാട് – സായാഹ്നകൈരളി
Click this button or press Ctrl+G to toggle between Malayalam and English