പിന്നവാല ആനസംരക്ഷണ കേന്ദ്രം :
തേയില ഫാക്ടറിയിലെ
കാഴ്ച്ചകൾ കണ്ട്, അവിടെ നിന്നുള്ള സ്വാദേറിയ ചായയും കുടിച്ച് യാത്ര തുടർന്നഞങ്ങൾ പിന്നീട് എത്തിയത് ആനകൾക്ക് വേണ്ടിയുള്ള ഒരു അനാഥാലയത്തിലേയ്ക്കാണു്. അനാഥമാക്കപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയിട്ടുള്ള ആനകളെ കണ്ടെത്തി സംരക്ഷിക്കുന്ന കേന്ദ്രമാണിത്. 1975 ൽ ആണു്ശ്രീലങ്കൻ വന്യമൃഗ സംരക്ഷണ വകുപ്പ് ആനകൾക്കു വേണ്ടിയുള്ള അനാഥാലയം പിന്നവാലയിൽസ്ഥാപിക്കുന്നത്. ഇപ്പോൾ ആദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌നാഷണൽ സുവോളജിക്കൽഗാർഡൻസ് വകുപ്പാണു്. മഹാഒയാ നദിക്കു സമീപം 25 ഏക്കറിലധികം പരന്നു കിടക്കുന്ന ഭൂമിയാണിത്. ലോകത്തിൽ ഏറ്റവും അധികംആനകളെ പുനരധിവസിപ്പിച്ചിരിക്കുന്ന സ്ഥലം കാണേണ്ടതു തന്നെയാണു്.
ആനക്കൊമ്പിനു വേണ്ടി ആനകൾ അതിക്രൂരമായിട്ടും നിയന്ത്രണമില്ലാതേയും കൊല്ലപ്പെടുന്ന ഒരു രാജ്യമാണു്ശ്രീലങ്ക. കാട്ടിൽ പലയിടത്തും സ്ഥാപിച്ച കുഴിബോംബ് അനവധി ആനകളെ കൊന്നൊടുക്കുകയും അതിലുംകൂടുതലെണ്ണത്തിനെ വികലാംഗരാക്കുകയും ചെയ്തു. അനാഥരാക്കപ്പെട്ടതും പരസഹായമില്ലാതെ ജീവിക്കാൻപറ്റാത്തതുമായ ആനകളുടെ സംരക്ഷണത്തിനായി തുടങ്ങിയ ഈ അനാഥാലയത്തിൽ ഇപ്പോൾ 93 ആനകളുണ്ട്.
ഒരു ദിവസം ആയിരത്തിലധികം വിനോദസഞ്ചാരികൾ ഈ ആനത്തറവാട് കാണുവാനായി എത്തുന്നു. ശ്രീലങ്കൻപൗരന്മാർക്ക് 50 രൂപയെ പ്രവേശന തുക ഉള്ളു എന്നുണ്ടെങ്കിലും സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്500 രൂപയും മറ്റ് രജ്യങ്ങളിൽ നിന്നുള്ളവർക്ക് 2000 രൂപയുമാണു്നൽകേണ്ടത്.
പിന്നവാലയുടെ വാതിലുകൾ രാവിലെ എട്ടര മണിക്ക് സന്ദർശകർക്കായി തുറക്കപ്പെടുന്നു. ആ സമയത്ത്‌കുട്ടിയാനകൾക്ക് ഒന്നര ലിറ്ററിലധികം വലിപ്പമുള്ള കുപ്പികളിൽ പാലൂട്ടുന്ന കാഴ്ച്ചയായിരിക്കുംസന്ദർശകരെവരവേൽക്കുന്നത്. ഒരു നേരം അഞ്ചര ലിറ്റർ പാൽ കൊടുക്കുമത്രെ,അങ്ങനെ മൂന്നു നേരം.
പാൽ കുടി കഴിഞ്ഞാൽ കുട്ടിയാനകളെ മുതിർന്ന ആനകളുടെ അടുത്തേയ്ക്ക് വിടും. പത്തുമണിയാകുമ്പോൾഎല്ലാവരും കൂടി ഒരു ഘോഷയാത്രയാണു് അടുത്തുള്ള മഹാഒയാ നദിയിലേയ്ക്ക്. കളിയും കുളിയുമായി അവിടെകഴിയും. ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോൾ പാപ്പാന്മാരുടെ നിർദ്ദേശ പ്രകാരം എല്ലാ ആനകളും കരയ്ക്കു കയറിആനത്തറവാട്ടിലേയ്ക്കു നടക്കും. ഭക്ഷണ ശേഷം വീണ്ടും നദിയിലേയ്ക്ക്. നാലുമണി വരെ നദിയിൽ. അതുകഴിഞ്ഞ് മടങ്ങിച്ചെല്ലുമ്പോൾ ഭക്ഷണം റെഡിയായിരിക്കും. ആറുമണിയാകുമ്പോൾ അനാഥാലയത്തിന്റെകവാടങ്ങൾ അടയും.
പച്ചിലകൾ ഏതോണ്ട് 75 കിലോ,
ഫുഡ് മിക്സ്ചർ (തിന, തവിട്, എള്ളുപൊടിച്ചത് എന്നിവ ചേർന്ന മിശ്രിതം) 2 കിലോ ഇതാണു വലിയആനകൾക്ക് ഒരു ദിവസം ഭക്ഷണമായി നൽകുന്നത്. ഒരു ആനയ്ക്ക്ക് ഒരു മാസം ഏകദേശം 40,000 രൂപപരിപാലന ചെലവ് വരുമത്രെ.
ഞങ്ങൾ ചെന്ന സമയത്ത് ആനകളുടെ കുളി നടക്കുന്ന സമയം ആയിരുന്നു. ഞങ്ങൾ വേഗം പുഴക്കരയിലേയ്ക്ക്‌ഓടി.
വഴിയിൽ ധാരാളം സോവനീർ കടകൾ കണ്ടു. കൗതുകം തോന്നിയത് ” Elephant Poo Paper” ( ആനപ്പിണ്ടംകൊണ്ട് ഉണ്ടാക്കുന്ന കടലാസ്) എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടപ്പോഴാണു്. “ഹാത്തി ചാപ്പ്” എന്ന പേരുള്ളഈ പേപ്പര്‍ കൊണ്ടുണ്ടാക്കിയ ശില്പങ്ങളും, പുസ്തകങ്ങളും വാങ്ങുവാൻ നല്ല തിരക്കുണ്ട്.
ശ്രീലങ്കയ്ക്ക് പുറമേ ഇന്ത്യ, തായ്‌ലൻഡ്, സൗത്ത് ആഫ്രിക്ക എന്നിവടങ്ങളിലുംഇത്തരം പേപ്പർ നിർമ്മാണം നടക്കുന്നുണ്ട്. ആനപ്പിണ്ടത്തിൽ നിന്ന് പേപ്പറുണ്ടാക്കുന്നത് ശ്രീലങ്കയിൽ വലിയ ഒരുവ്യവസായമാണ്. ആനപ്പിണ്ടം നന്നായി കഴുകി മണിക്കൂറുകളോളം പുഴുങ്ങിയാണ് പേപ്പർ ഉണ്ടാക്കുന്നത്.
ആനപ്പിണ്ടം കൊണ്ടുണ്ടാക്കുന്ന കടലാസ് കണ്ടപ്പോൾ ജയസൂര്യയുടെ “പുണ്യാളൻ അഗർബത്തീസ്” എന്നചിത്രത്തിൽ ആനപ്പിണ്ടം കൊണ്ട് ചന്ദനത്തിരി ഉണ്ടാക്കുന്ന സംഭവം ഓർമ്മയിലെത്തി.
പുഴക്കരയിൽ ചെന്നപ്പോൾ പത്തിരുപത്തഞ്ച് ആനകൾ വെള്ളത്തിൽ കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. മൂന്നുനാലു പാപ്പാന്മേരേയും അവിടെ കണ്ടു. ചില കുട്ടിക്കുറുമ്പന്മാരുടെ കുളിയും കളിയും കാണാൻ നല്ല രസം…!
പാപ്പാന്മാർ ആനകളോട് എന്തോ സിംഹള ഭാഷയിൽ പറയുന്നത് കേട്ടു. ഒന്ന് രണ്ട് ആനകൾ വെള്ളത്തിൽ നിന്നുംകയറി വന്നു. രണ്ട് കുട്ടിയാനകളും അവരോടൊപ്പം വന്നു. പെട്ടെന്ന് തന്നെ ” എനിക്കിപ്പൊ കേറണ്ട” … എന്ന്പറയുന്നത് പോലെ കരയ്ക്ക് കയറിയ രണ്ട് കുട്ടിയാനകളും തിരിച്ച് വെള്ളത്തിലേയ്ക്ക് കുതിച്ചു. കൂടെ കരയ്ക്ക്‌കയറിയ രണ്ട് വലിയആനകളും. എല്ലാവരും അത് കണ്ട് ചിരിയോട് ചിരി.
കുറച്ച് കഴിഞ്ഞപ്പോൾ പാപ്പാന്മാരുടെ ശാസന കേട്ടിട്ട് എന്ന പോലെ എല്ലാ ആനകളും വരിവരിയായി കരയ്ക്ക്‌കയറി നടന്ന് തുടങ്ങി. വഴിയുടെ രണ്ട് സൈഡിലും നിറയെ ആൾക്കാർ ഈ അത്ഭുതക്കാഴ്ച്ച കാണുവാൻ വേണ്ടിതടിച്ച് കൂടിയിട്ടുണ്ടായിരുന്നു.
റോഡിന്റെ മറുഭാഗത്തുള്ള ആനത്തറവാട്ടിലെ ചില ആനകളേയും കണ്ടിട്ട് ഞങ്ങൾ യാത്ര തുടർന്നു.
മലയാളികൾക്ക് എത്ര കണ്ടാലും കേട്ടാലും മതി വരാത്ത കൗതുകമാണു ആനയോടുള്ളത്. പൊതുവായി ആനകളെ ഏഷ്യൻ, ആഫ്രിക്കൻ എന്നു രണ്ടായിതിരിച്ചിട്ടുണ്ട്. ആഫ്രിക്കൻ ആനകൾക്ക് വലിപ്പം കൂടുമെങ്കിലും ഏഷ്യൻ ആനകൾക്കാണ്‌കൂടുതൽ ഭംഗി. ഏഷ്യൻ ആനകളിൽ തന്നെ ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ് എന്നിവിടങ്ങളിൽ കാണുന്ന ആനകൾ തമ്മിൽവ്യത്യാസങ്ങളുണ്ട്. ശ്രീലങ്കൻ ആനകൾക്ക് ഇന്ത്യൻ ആനകളേക്കാൾ വലിപ്പവും കറുപ്പു നിറവും കൂടുതലാണെന്ന്തോന്നി. പക്ഷെ ഭൂരിപക്ഷം കൊമ്പനാനകൾക്കും കൊമ്പ് ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്.
ശൈലജ വർമ്മ
Click this button or press Ctrl+G to toggle between Malayalam and English