ശ്രീലങ്കന്‍ യാത്ര : അധ്യായം – ഒന്‍പത്

This post is part of the series ശ്രീലങ്കൻ യാത്ര

Other posts in this series:

  1. ശ്രീലങ്കൻ യാത്ര : അവസാന അധ്യായം
  2. ശ്രീലങ്കന്‍ യാത്ര : അധ്യായം – ഒന്‍പത് (Current)

 

 

 

 

 

 

 

പിനവാല ആന സരക്ഷണ കേന്രത്തിൽ നിന്നും ഇറങ്ങി കുറേ ദൂരം കൂടി മുന്നോട്ട്‌ പോയപ്പോൾ റോഡിന്റെ ഇടത്‌ വശത്തായി നിരനിരയായി അനവധി പ്രതിമകൾ കണ്ടു. ശ്രീബുദ്ധന്റെ വലിയൊരു പ്രതിമയും വരി വരിയായി നിൽക്കുന്ന അനുയായികളുടേയും പ്രതിമകളായിരുന്നു അവ.

പിന്നീട്‌ പോയത്‌ ഒരു സമാധിസ്ഥലത്തേയ്ക്കാണ്‌. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന ബണ്ടാരനായകെയും അദ്ദേഹത്തിന്റെ ഭാര്യയും, മൂന്നു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബണ്ടാരനായകെയും അന്ത്യവിശ്രമം കൊള്ളുന്ന ഹൊരഗൊള്ളബണ്ടാരനായകെ സമാധിയിൽ അൽപ്പസമയം ബഹുമാനത്തോടെ കൈകൾ കൂപ്പി നിന്നു. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ ബണ്ടാരനായകെ. രണ്ടുപേരുടേയും ലഘു ജീവചരിത്രം അവിടെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്‌. നല്ല ഒരു പൊയ്കയും അവിടെ കണ്ടു.

അതിനുശേഷം ഞങ്ങൾ പോയത്‌ ഇൻഡിപെൻഡൻസ്‌ മെമ്മോറിയൽ ഹാളിലേയ്ക്കാണു്. ശ്രീലങ്കയിലെ ഒരു പ്രധാനപ്പെട്ട ദേശീയ സ്മാരകം ആണിത്‌. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായിട്ടാണു് ഈ മണ്ഡപം പണി കഴിപ്പിച്ചിരിക്കുന്നത്‌. അത്‌ സ്ഥിതി ചെയ്യുന്നത്‌ ഇൻഡിപെൻഡൻസ്‌ സ്ക്വയറിലാണു്. കാൻഡിയിൽ ഉണ്ടായിരുന്ന രാജാവിന്റെ ദർബാറിന്റെ- മാഗുൽ മഡുവ ( Magul Maduwa) മാതൃകയിലാണു ഇത്‌ പണിതിരിക്കുന്നത്‌
മണ്ഡപത്തിന്റെ മുന്നിലായി ശ്രീലങ്കയിലെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ഡോൺ സ്റ്റീഫൻ സേനനായകെയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. ശ്രീലങ്കയുടെ രാഷ്ട്രപിതാവായിട്ടാണു് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്‌.

ബണ്ടാരനായകെ മെമ്മോറിയൽ ഇന്റർന്നാഷണൽ കോൺഫറൻസ്‌ ഹാൾ, പാർലമന്റ്‌ മന്ദിരം, പഴയ കൊളോണിയൽ മന്ദിരങ്ങൾ, പാർക്കുകൾ എന്നിവ കൊളംബോവിൽ കണ്ടു. എല്ലാവിധ സൗകര്യങ്ങളോടെയും പണിത ഏഷ്യയിലെ ആദ്യത്തെ കോൺഫറൻസ്‌ ഹാൾ ആണു് ബണ്ടാരനായകെ മെമ്മോറിയൽ ഇന്റർന്നാഷണൽ കോൺഫറൻസ്‌ ഹാൾ എന്നാണു് ദിനേഷ്‌ പറഞ്ഞത്‌.

കൊളംബോയിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതും വിസ്തൃതവും ആയ പാർക്കാണ് ടൗൺ ഹാളിനു മുന്നിലുള്ള വിക്ടോറിയ പാർക്ക്‌. 1958 ൽ വിഹാരമഹാദേവി പാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി. ദുതുഗമുനു (Dutugamunu) രാജാവിന്റെ അമ്മയായ വിഹാരമഹാദേവി രാജ്ഞിയുടെ പേരാണ് ഈ പാർക്കിനു് നൽകിയിരിക്കുന്നത്. പാർക്കിലുള്ള ചെറിയ മണ്ഡപങ്ങളിൽ നൃത്ത പഠനം, സംഗീത പഠനം, യോഗ ക്ലാസ്സ്‌ എന്നിവ കണ്ടപ്പോൾ വളരെയധികം കൗതുകം തോന്നി. കേരളത്തിലും സ്വീകരിക്കാവുന്ന മാതൃക എന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തു.

കൊളംബോ നഗരഹൃദയത്തിനടുത്തു തന്നെ ഒരു തടാകം കണ്ടു. തടാകത്തിനുള്ളിൽ ഒരു ബുദ്ധക്ഷേത്രം. അവിടെ ബുദ്ധപ്രതിമയ്ക്ക്‌ മുന്നിൽ ചമ്രം പടഞ്ഞിരുന്ന്, കണ്ണടച്ച്‌ ഞങ്ങൾ മൂന്നുപേരും പ്രാർത്ഥിച്ചു. പിന്നീട്‌ ഞങ്ങൾ പോയത്‌ ഗംഗാരാമയ (Gangaramaya)ബുദ്ധക്ഷേത്രത്തിലേയ്ക്കാണു്. അനിയത്തി ശ്യാമളയുടെ കൂട്ടുകാരി ബേബിയുടെ നിർദ്ദേശ പ്രകാരമാണു് അവിടെ പോയത്‌. കുറേ സ്തൂപങ്ങളും ബുദ്ധക്ഷേത്രങ്ങളും കണ്ടതല്ലേ, ഇനി ഇത്‌ കാണണോ എന്നുള്ള സംശയത്തിലായിരുന്നു പലരും. ബേബിയോട്‌ സംസാരിച്ചപ്പോൾ ” ഈ സ്ഥലത്ത്‌ എന്തായാലും പോകണം, ഇവിടെ വരുന്നവരാരും ഈ ടെമ്പിൾ കാണാതെ പോകാറില്ല” എന്ന് പറഞ്ഞു.

എന്നാൽ അങ്ങനെയാവട്ടെ എന്ന് കരുതി അവിടേയ്ക്ക്‌ തിരിച്ചു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ചകൾ..!വന്നില്ലായിരുന്നുവെങ്കിൽ ഒരു തീരാനഷ്ടമായിത്തീരുമായിരുന്നു എന്ന് തോന്നി. ആ ക്ഷേത്രത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാം. ഞങ്ങൾ അമ്പലത്തിനുള്ളിലേയ്ക്ക്‌ പ്രവേശിച്ചു. Gangaramaya Temple- നൂറു വർഷത്തിലധികം പഴക്കമുള്ള ഈ ബുദ്ധക്ഷേത്ര സമുച്ചയം കൊളംബോവിലെ ഏറ്റവും പ്രധാനപ്പെട്ടതും, വളരെയധികം സഞ്ചാരികളെ ആകർഷിക്കുന്നതും ആണു്.

ക്ഷേത്രത്തിനു മുൻ വശത്ത്‌ തന്നെ അങ്കണത്തിൽ രണ്ട്‌ വിന്റേജ്‌ കാറുകൾ കണ്ടു, അതിലൊരെണ്ണം റോൾസ്‌ റോയ്സും ആയിരുന്നു.
ക്ഷേത്രത്തിനുള്ളിലേയ്ക്ക്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ പാദരക്ഷകൾ ഊരി പുറത്ത്‌ വയ്ക്കണം. ശ്രീലങ്കയിൽ സ്ത്രീകളും കുട്ടികളും തൂവെള്ള വസ്ത്രം ധരിച്ചാണു് ക്ഷേത്രദർശ്ശനത്തിനു് എത്തിയിരിക്കുന്നതായി കണ്ടത്‌.

സിംഹപ്രതിമകളും വ്യാളീ മുഖങ്ങളും കൊണ്ട്‌ അലംകൃതമാണു് ക്ഷേത്രത്തിന്റെ ഉള്ളിലേയ്ക്കുള്ള വഴി. അനവധി ബുദ്ധപ്രതിമകൾ ഈ ക്ഷേത്രത്തിൽ ദർശ്ശിക്കുവാൻ സാധിക്കും. വിവിധ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്നവയും, പലവിധ നിർമ്മാണ വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടവയും ആയിട്ടുള്ള പ്രതിമകൾ. തൂവെള്ള നിറത്തിലുള്ള ബുദ്ധനും, സുവർണ്ണ ബുദ്ധൻ, മാണിക്യം, മരതകം, ജേഡ്‌ ( jade), മാർബിൾ, സ്ഫടികം, ഗ്രാനൈറ്റ്‌ അങ്ങനെ പലവിധ വിശിഷ്ട വസ്തുക്കളാൽ നിർമ്മിച്ചിരിക്കുന്ന ബുദ്ധപ്രതിമകൾ അതിശയകരം തന്നെ. മയിലിന്റെ പുറത്തേറിയ ബുദ്ധനേയും അവിടെ കണ്ടു.

ശ്രീബുദ്ധന്റെ സേക്രഡ്‌ ഹെയർ ( Sacred Hair Relic)- പവിത്രമായി കരുതിപ്പോരുന്ന തിരുമുടിശേഷിപ്പ്‌- ഒരു സുവർണ്ണ പേടകത്തിൽ അവിടെ സൂക്ഷിച്ചിട്ടുണ്ട്‌. ആ പേടകം മരതകം, മാണിക്യം തുടങ്ങിയ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടതാണു്. ആനക്കൊമ്പുകൊണ്ട്‌ നിർമ്മിച്ചിരിക്കുന്ന ചാരുതയാർന്ന വസ്തുക്കളുടെ പ്രദർശ്ശനം വളരെ ആകർഷണീയമാണെന്ന് പറയാതെ വയ്യ.

വലിയൊരു ബോധി വൃക്ഷവും അശോക ചക്രവും അവിടെ കണ്ടു. ഗയയിൽ ശ്രീബുദ്ധനു ബോധോദയം ലഭിച്ചപ്പോൾ ഇരുന്നിരുന്ന ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും കൊണ്ടുവന്നതാണത്രെ പരിപാവനമായി കരുതുന്ന ആ ആൽമരം. അതിനു താഴെയായി തേജസ്വി ആയിട്ടുള്ള ഒരു ബുദ്ധ പ്രതിമ ഉണ്ട്‌ ബോധിവൃക്ഷത്തിനടുത്തായി കൂജകളിൽ ജലം നിറച്ചു വച്ചിരിക്കുന്നതു കണ്ടു. ഭക്തജനങ്ങൾ അരയാലിനു പ്രദക്ഷിണം വയ്ക്കുന്നുണ്ടായിരുന്നു. അവർ ഭക്തിപൂർവ്വം കൂജയിൽ നിന്നുള്ള ജലം അരയാലിനു ചുവട്ടലേയ്ക്ക്‌ ഒഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബോധി വൃക്ഷത്തിനു ചുറ്റുമായി ഇരിക്കാനുള്ള ഒരു തിട്ട കെട്ടിയിട്ടുണ്ട്‌. നിരവധി ഭക്തർ അവിടെ കണ്ണടച്ചിരുന്ന് ധ്യാനിക്കുന്നതും ആലിനെ പ്രദക്ഷിണം വയ്ക്കുന്നതും കണ്ടു.

നല്ല ഒരു മ്യൂസിയം, ലൈബ്രറി, വിവിധ ആവശ്യങ്ങൾക്കുള്ള ഹാളുകൾ എന്നിവ ആ ക്ഷേത്രത്തിലുണ്ട്‌. പ്രധാന ബുദ്ധ പ്രതിമ ഭീമാകാരമായ ഒരു കണ്ണാടിക്കൂടിന്റെ ഉള്ളിലാണു് വച്ചിരിക്കുന്നത്‌. അവിടെത്തന്നെയാണു പാവനമായ തിരുമുടിയുടെ പേടകവും സൂക്ഷിച്ചിരിക്കുന്നത്‌. ഞങ്ങൾ പ്രദക്ഷിണം വച്ച്‌ പ്രധാന ബിംബത്തിനു മുന്നിൽ എത്തിയപ്പോഴാണു് പ്രധാന പൂജാരി എന്ന്തോന്നിപ്പിക്കുന്ന ഒരു സന്യാസിവര്യൻ പ്രധാന ക്ഷേത്രത്തിനരികെ ചമ്രം പടഞ്ഞിരുന്ന് എന്തോ മന്ത്രങ്ങൾ ഉരുവിടുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്‌.

ചില ഭക്തജനങ്ങൾ അദ്ദേഹത്തെ ചെന്നുകണ്ട്‌ വന്ദിക്കുന്നതും സിംഹള ഭാഷയിൽ എന്തൊക്കെയൊ സംസാരിക്കുന്നതും കണ്ടു. ഞങ്ങളും അസാമാന്യ തേജസ്സ്‌ സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന്തൊഴുത്‌ വന്ദിച്ചു. അടുത്തു നിന്നിരുന്ന അനുയായിയോട്‌ അദ്ദേഹം എന്തോ പറഞ്ഞു. അനുയായി വേഗം ഞങ്ങളെ കണ്ണാടിക്കൂടിനുള്ളിലേയ്ക്ക്‌ കടന്നുകൊള്ളാൻ ആഗ്യം കാണിച്ചു.

ഞങ്ങൾ അതിനുള്ളിൽ കടന്ന് ബുദ്ധഭഗവാനെ നല്ലതുപോലെ തൊഴുത്‌ കാണിക്ക അർപ്പിച്ച്‌ പുറത്ത്‌ കടന്നു. ആസന്യാസി വര്യനെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ച്‌ വന്ദിച്ച്‌ ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.

കൊളംബോ നഗരം പതിനഞ്ച്‌ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. ഓരോ പ്രദേശവും അതിന്റെ അക്കത്തിൽ ( Number) ആണു അറിയപ്പെടുന്നത്‌.
ഉദാഹരണത്തിനു കൊളംബോ 5, കൊളംബോ എട്ട്‌ എന്നിങ്ങനെ.

അവിടെ നിന്നും ഞങ്ങൾ നേരെ ബീച്ചിലേയ്ക്കാണു് പോയത്‌. അവിടെ ഒന്ന് കറങ്ങി നടന്നിട്ട്‌ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ മടങ്ങി. അപ്പോൾ സമയം രാത്രി 10.30.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English