ശ്രീലങ്കന്‍ യാത്രകള്‍-1

ശ്രീമതി ശൈലജ വര്‍മ്മയുടെ യാത്രാവിവരണം ആരംഭിക്കുന്നു. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ശ്രീമതി ശൈലജവര്‍മ്മ, സോഷ്യൽ മീഡിയയിലും ഓൺലൈൻ മാസികകളിലും സജീവമാണു്.

—————————————————————————————————

 

 

 

 

 

ആയു:ബവാൻ

കുടുംബാംഗങ്ങളൊത്തുള്ള ഒരു യാത്ര എന്ന ആവേശം ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത്‌ നമ്മുടെ തൊട്ടയൽരാജ്യമായ ശ്രീലങ്കയിലാണ്‌.

ഇന്ത്യയുടെ തെക്കു കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപായ ശ്രീലങ്ക. സഞ്ചാരികളുടെ പ്രിയപ്പെട്ട മരതകദ്വീപ്…

1972 വരെ ‘സിലോൺ’ എന്നായിരുന്നു ശ്രീലങ്ക
അറിയപ്പെട്ടിരുന്നത്‌. ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ള ‘കൊളമ്പ്’ എന്ന വാക്ക്‌ ആകും മലയാളികൾക്കു കൂടുതൽ പരിചിതം.

ഒന്നാം ലോക മഹായുദ്ധക്കാലം തൊട്ടു തന്നെ ആരംഭിച്ചതാണല്ലോ മലയാളികളുടെ പ്രവാസം. “നമ്മൾ കേരളീയർ ആരാ മക്കൾ? ” അല്ലെ?
എവിടെ ചെന്നാലും അവിടത്തുകാരായി മാറാൻ മലയാളികൾ മിടുക്കരാണ്‌.

കൊളമ്പിൽ പോയവർ, റംഗൂണിലേയ്ക്കും പെനാങ്ങിലേയ്ക്കും മലയായിലേയ്ക്കും പോയവർ, പേർഷ്യക്കാർ, ഇറ്റലിയിലേയ്ക്കും ജർമ്മനിയിലേയ്ക്കും പോയവർ, അമേരിക്കൻസ്‌, ആസ്ട്രേലിയൻസ്‌, ന്യൂസിലൻഡേഴ്സ്‌, കനേഡിയൻസ്‌….എന്നിങ്ങനെ കുടിയേറിയ രാജ്യത്തിന്റെ പേരിൽ അവർ നാട്ടിലും അറിയപ്പെട്ടുവന്നു.

കേരളത്തിൽ വന്നതു പോലെ പോലെ അറബികൾ, പോർട്ടുഗീസുകാർ, ഡച്ചുകാർ എന്നിവർ പണ്ടു മുതൽ തന്നെ സിലോണിൽ കച്ചവടത്തിനായിഎത്തിയിരുന്നുവത്രെ.

1517 മുതൽ 1638 വരെ സിലോൺ ഭരിച്ചിരുന്നത്‌ പോർട്ടുഗീസുകാരായിരുന്നു. പോർട്ടുഗീസ്‌ഭാഷയുടെ സ്വാധീനം ഇന്നും വിവിധ വാക്കുകളായി സിംഹളീസ്‌ ഭാഷയിൽ നില നിൽക്കുന്നു. അതിനു ശേഷം കുറേനാൾ ഡച്ചുകാരും പിന്നീട്‌ ബ്രിട്ടീഷുകാരും സിലോൺ കൈയ്യടക്കി വച്ചിരുന്നു. 1948 ഫെബ്രുവരി നാലാംതീയതിയാണു സിലോൺ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്.

1960 ൽ സത്യപ്രതിജ്ഞ ചെയ്ത്‌ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ, സിരിമാവൊ ബണ്ഡാരനായകെയാണ്‌ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രി.

നിങ്ങൾ സാഹസിക വിനോദങ്ങൾ ഇഷ്ടമുള്ളവരാണോ, എന്നാൽ നേരെ വിട്ടോളൂ ശ്രീലങ്കയ്ക്ക്‌. ‌ട്രെക്കിംഗ്‌, റാഫ്റ്റിംഗ്‌ തുടങ്ങി പലതരം സാഹസിക വിനോദങ്ങൾ ചെയ്യുവാനുള്ള അവസരം ഉണ്ട്‌ അവിടെ.

അത്‌ മാത്രമോ..? ആനകളുടെ പറുദീസയാണു ശ്രീലങ്ക എന്ന്‌ പറയാം. കാടുകളുടെ വന്യത തേടിയലയുന്നവർക്ക്‌ ആണ്ടിറങ്ങിപ്പോകുവാൻ ധാരാളം സഫാരികൾ ഉണ്ടകാടിന്റെ പുത്രനെ ഏറ്റവും അടുത്ത്‌ കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്‌. ‌

ചരിത്രമാണോ നിങ്ങളെ ആകർഷിക്കുന്നത്‌? ചരിത്രകുതുകികൾക്ക്‌ അനേഷണങ്ങളും കാഴ്ച്ചകളും പുതു ദർശനങ്ങളുമായി അലഞ്ഞു തിരിഞ്ഞു നടക്കുവാൻ പറ്റിയ സ്ഥലം. ഏറെ പുരാതനങ്ങളായ സ്തൂപങ്ങളും കൊട്ടാരാവശിഷ്ടങ്ങളും ഗുഹാക്ഷേത്രങ്ങളും പഗോഡകളും നിറഞ്ഞയിടം.

സുന്ദരമായ ബീച്ചുകളും കടലോരക്കാഴ്ച്ചകളും കടലിലെ സാഹസിക വിനോദങ്ങളും കടൽ വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദേറും വിഭവങ്ങളും അന്വേഷിക്കുന്നവർക്ക്‌ ശ്രീലങ്ക മറക്കാനാകാത്ത ഒരു അനുഭവം തന്നെ സമ്മാനിക്കും. തീർച്ച.

ഇങ്ങനെ വിനോദസഞ്ചാരത്തിനു വേണ്ട എല്ലാ ചേരുവകളും ഒത്തു ചേർന്ന സുന്ദര മരതക ഭൂവാണു നമ്മുടെ തൊട്ടയൽപക്കത്ത്‌ കിടക്കുന്ന ശ്രീലങ്ക.

വളരെക്കാലങ്ങൾക്ക്‌ മുമ്പ്‌ കേരളത്തിൽ നിന്നും കൊളംബോ വരെ യാത്രചെയ്യുന്നത്‌ വളരെ എളുപ്പമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്‌. മദ്രാസ്‌ എഗ്മൂറിൽ ( ഇന്നത്തെ ചെന്നൈ എഗ്‌മൂർ) നിന്നും
രാമേശ്വരം വഴി ധനുഷ്ക്കോടിയിലേയ്ക്ക്‌ ‘ബോട്ട്‌ മെയിൽ’ എന്ന തീവണ്ടി ഉണ്ടായിരുന്നു. ധനുഷ്ക്കോടിയിൽനിന്നും ‘എസ്‌ എസ്‌ ഇർവ്വിൻ’ എന്ന ആവിക്കപ്പലിൽ ശ്രീലങ്കയിലെ തലൈമാന്നാറിലേയ്ക്കും അവിടെ നിന്നും ട്രെയിനിൽ കൊളംബോവിലേയ്ക്കും യാത്ര ചെയ്യുക പതിവായിരുന്നു. ധാരാളം തോട്ടം തൊഴിലാളികൾ ഈ മാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്നു.

എന്റെ കൂടെ നാലാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു കുട്ടി ‘കൊളമ്പിലേയ്ക്ക്‌’ അച്ഛന്റടുത്തേയ്ക്ക്‌ പോകുന്നു എന്ന് പറഞ്ഞ്‌ അപ്രത്യക്ഷമായ കാര്യം ഓർമ്മയിൽ വരുന്നു. അവനിപ്പോൾ എവിടെയാണാവോ?….

ഇന്ത്യയിലെ ധനുഷ്‌കോടിയിൽ നിന്ന് ഇരുപതോളം കിലോമീറ്ററുകൾ മാത്രമേയുള്ളൂ ശ്രീലങ്കയിലേയ്ക്ക്‌. വളരെ ഇടുങ്ങിയ പാക് കടലിടുക്കാണ് ഇരു കരകളെയും തമ്മിൽ വേർതിരിക്കുന്നത്‌.

1964 ഡിസംബറിൽ ഉണ്ടായ ചുഴലിക്കാറ്റിൽ പാമ്പൻ പാലവും ധനുഷ്ക്കോടിയെന്ന പട്ടണവും തകർന്നു പോകുകയായിരുന്നു. ഈയിടെ ഞങ്ങൾ ധനുഷ്ക്കോടി സന്ദർശിക്കുകയുണ്ടായി. ഒരു ക്രിസ്തീയ ദേവാലയത്തിന്റെ തകർന്ന അവശിഷ്ടങ്ങൾ അവിടെ കണ്ടു.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കൊളംബോവിലേയ്ക്ക്‌ വിമാന സർവ്വീസ്‌ ഉണ്ട്‌. ശ്രീലങ്കയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്‌ കൊളംബോ.

ശ്രീലങ്കയിലേയ്ക്ക്‌ സന്ദർശ്ശകർക്ക്‌ വിസ എടുക്കേണ്ടതുണ്ട്‌. യാത്രയ്ക്ക്‌ മുമ്പ്‌ തന്നെ ഓൺലൈനിൽ അപേക്ഷിച്ച്‌ വിസ എടുക്കാവുന്നതാണ്‌. ശ്രീലങ്കൻറുപ്പി ആണ്‌ അവിടത്തെ കറൻസി. ഒരു ഇന്ത്യൻ രൂപ 2.65 ശ്രീലങ്കൻ റുപ്പിയാണ്‌. കൊളംബോ വിമാനത്താവളത്തിലൊ പുറത്ത്‌ നാണയം കൈമാറ്റം ചെയ്യുന്നവരുടെ (Money Changer) അടുത്തൊ കറൻസി മാറ്റി എടുക്കുവാൻ സാധിക്കും. ഇന്ത്യൻ സമയവും ശ്രീലങ്കൻ സമയവും ഒന്നാണ്‌. ഇരു രാജ്യങ്ങളിലും ഒരേ സമയം… വ്യത്യാസം ഇല്ല.

വളരെ വർഷങ്ങൾ നീണ്ടു നിന്ന ആഭ്യന്തര കലാപങ്ങൾക്ക്‌ ശേഷം ടൂറിസത്തിലൂടെ ഒരു തിരിച്ചുവരവിനു് ശ്രമിക്കുകയാണു ശ്രീലങ്ക. അവരുടെ ഉദ്യമങ്ങൾ വിജയത്തിലെത്തട്ടെ എന്ന് ആശിക്കാം.

ശ്രീലങ്കയിലേയ്ക്കുള്ള യാത്രയുടെ ആവേശത്തിലായിരുന്നു ഞങ്ങൾ ആറുപേരും. Tata യുടെ winger ആണ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക്‌ പോകുവാൻ വേണ്ടി ഏൽപ്പിച്ചിരുന്ന വണ്ടി. ഏറെ പ്രതീക്ഷകളോടെ ഞങ്ങൾ യാത്ര തുടങ്ങി.

ശ്രീലങ്കൻ എയർലൈൻസിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. അൽപം വലിയൊരു വിമാനം- ബോയിംഗ്‌ 330. ഒരു മണിക്കൂർമാത്രം നീളുന്ന വിമാന യാത്ര ഒട്ടും തന്നെ ക്ലേശകരമായിരുന്നില്ല. വൈകുന്നേരം 4.30 നു ഞങ്ങളുടെ വിമാനം കൊളംബോ ബണ്ടാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Bandaranayake international airport) ഇറങ്ങി. അന്തർദ്ദേശീയവിമാനത്താവളമാണെങ്കിലും വളരെ വലിയതൊന്നുമല്ല ബണ്ടാരനായകെ വിമാനത്താവളം.

കാബിൻ ബാഗ്ഗേജും എടുത്ത്‌ വിമാനത്തിനു് വെളിയിലേയ്ക്കിറങ്ങാനായി എല്ലാവരും ക്യൂ ആയി നിന്നു. ഓരോ യാത്രക്കാരോടും കൈകൂപ്പി ചിരിച്ച്‌ ‘ആയു:ബവാൻ’ എന്ന് പറഞ്ഞുകൊണ്ടിരുന്നു എയർ ഹോസ്റ്റസ്‌. പുതിയ രാജ്യത്ത്‌ എത്തിയപ്പോൾ പുതിയൊരു വാക്ക്‌ പഠിച്ച സന്തോഷത്തിലായിരുന്നു ഞാൻ.

ഞാനും പറഞ്ഞു ‘ആയു:ബവാൻ’…

വിമാനത്തിൽ നിന്നും പുറത്തിറങ്ങി “മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും” സ്റ്റെലിൽ നടപ്പ്‌ തന്നെ. കോറിഡോറിൽ എല്ലായിടത്തും സൈൻ ബോർഡുകൾ വച്ചിട്ടുണ്ട്‌.
എമിഗ്രേഷൻ കൗണ്ടറിനടുത്തു തന്നെ വലിയൊരു ബുദ്ധപ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. ശാന്തഗംഭീരമായ മുഖത്തോടെയുള്ള നല്ല ആകർഷണീയതയുള്ള പ്രതിമയായിരുന്നു അത്‌.

ഒരാഴ്ച്ചത്തെ ശ്രീലങ്ക സന്ദർശനത്തിനായി IPHA Lanka Travels and Tours കമ്പനിയിലെ ആന്റണിയുമായി ഇമെയിലിലൂടെ ബന്ധപ്പെട്ട്‌ ടൂർ ആസൂത്രണം ചെയ്ത്‌ വച്ചിട്ടുണ്ടായിരുന്നു.

എമിഗ്രേഷൻ ക്ലിയറൻസ്‌ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴേയ്ക്കും പറഞ്ഞുവച്ചിരുന്ന ടൂർ ഓപ്പറേറ്റർ, ദിനേഷ്‌ രാജപക്സെ വാഹനവുമായി ഞങ്ങളെ കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു. ശ്രീലങ്കൻ സ്വദേശിയായ ചെറുപ്പക്കാരൻ. സിംഹളമാണു മാതൃഭാഷ. ആശയ വിനിമയത്തിനു വേണ്ട ഇംഗ്ലീഷും കൈവശമുണ്ട്‌.

മനോഹരങ്ങളായ പൂക്കളാൽ നിർമ്മിച്ച മാലയിട്ട്‌ ദിനേഷ്‌ ഞങ്ങളെ ആറുപേരേയും സന്തോഷത്തോടെ “ ആയു: ബവാൻ” (ayu bowan ) എന്ന് പറഞ്ഞ്‌ സ്വീകരിച്ചു. വിമാനത്തിലും വിമാനത്താവളത്തിലും എല്ലാം ” അയുബവ” എന്നെഴുതിക്കണ്ടിരുന്നു. സ്വാഗതം എന്നാണത്രെ അർത്ഥം.

വാഹനത്തിൽ കയറുന്നതിനു മുൻപുള്ള ഇടവേളയിൽ വിമാനത്താവളവും പരിസരവും ഓടിച്ചൊന്ന് കണ്ണോടിച്ചു.

ടൊയോട്ട യുടെ വിവിധ വാഹനങ്ങൾക്ക്‌ കൊളംബോയിൽ നല്ല വിപണി ഉണ്ടെന്ന് മനസ്സിലായി. ഇന്ത്യയിൽ മാത്രമല്ല ഓട്ടോറിക്ഷകൾ ഉള്ളത് ‌എന്നും, “ടുക് ടുക്’ എന്നാണ്‌ ശ്രീലങ്കയിൽ അതിന്റെ പേരു്.

ഏകദേശം രണ്ട്‌ കിലോമീറ്റർ ദൂരത്തിലായിരുന്നു ഞങ്ങൾക്ക്‌ താമസിക്കുവാൻ ഏർപ്പെടുത്തിയ ഹോട്ടൽ. നികുംബെ ബീച്ച്‌ ഇവിടെ നിന്നും 20 മിനിട്ട്‌ വണ്ടി ഓടിച്ചാൽ എത്താവുന്ന ദൂരത്തിലാണെന്ന് ദിനേഷ്‌ പറഞ്ഞു.

നികുംബെ എന്നു കേട്ടപ്പോൾ നികുംഭില ഓർത്തു.
നികുംഭില എന്ന ഗുഹയെപ്പറ്റിയോ ( ഇന്ദ്രജിത്‌ യാഗം നടത്തിയ സ്ഥലം – സുപ്രസിദ്ധ നാടകകൃത്തായിരുന്ന സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിലും നികുംഭില എന്നു പേരായ ഗുഹയെപ്പറ്റിയുള്ള പരമർശമുണ്ട്‌) രാവണന്റെ രാജധാനിയെപ്പറ്റിയൊ ഉള്ള കഥകളൊന്നും തന്നെ പക്ഷെ ദിനേഷിനു അറിയില്ലായിരുന്നു.

സ്വർണ്ണത്താൽ നിർമ്മിക്കപ്പെട്ട സുമേരു പർവ്വതത്തിന്റെ മുകൾഭാഗം അടർന്നു ഭൂമിയിൽ വീണു എന്ന് കഥകളിൽ പറയുന്നുണ്ടല്ലൊ. ആ ഭാഗം വീണത്‌ ലങ്കയിലാണെന്നും അതുകൊണ്ട്‌ അവിടത്തെ മണ്ണിനു് സുവർണ്ണനിറമാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്‌. ശ്രീലങ്കൻ എയർപ്പോർട്ടിന്‌ വെളിയിൽ ഇറങ്ങിയപ്പോൾ തന്നെ അവിടത്തെ മണ്ണിനു് സുവർണ്ണ നിറമാണോ എന്നു് ആകാംക്ഷയോടെ… ആശയോടെ എത്തിനോക്കി. പക്ഷേ.. നിരാശയായിരുന്നു ഫലം. നിറവ്യത്യാസമൊന്നും തോന്നിയില്ല.

വണ്ടിയിൽ കയറി യാത്ര ചെയ്യുമ്പോൾ ഒരു തനി കേരളീയ ഗ്രാമത്തിന്റെ ഭൂപ്രകൃതി. പത്തിരുപത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌, തെങ്ങുകളും മാവുകളും നിറഞ്ഞു നിന്നിരുന്ന ഹരിത സുന്ദരമായ കേരളീയ ഗ്രാമത്തിലൂടെ സഞ്ചരിച്ചപ്പോൾ ലഭിച്ച അനുഭൂതി അവിടെ ലഭിച്ചു.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ആശംസകൾ ശൈലജ. ഓർമ്മകൾ കവിതയായും കഥയായും കുറിപ്പുകൾ ആയും ഒഴുകട്ടെ. കാത്തിരിക്കുന്നു. സ്നേഹം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English