ശ്രീലങ്കന്‍ യാത്രകള്‍ – പുതുക്കിപ്പണിയപ്പെടുന്ന ജാഫ്ന

 

 

 

 

 

 

 

പ്രാചീന കാലം മുതൽക്കേ തമിഴരുടേയും മറ്റു ദ്രാവിഡ വിഭാഗങ്ങളുടേയും അധിവാസ കേന്ദ്രങ്ങൾ ശ്രീലങ്കയിലുണ്ടായിരുന്നു. ദക്ഷിണേന്ത്യയുമായുള്ള സാമീപ്യമാണു ദ്രാവിഡ സംസ്കാരം ശ്രീലങ്കയിൽ വേരൂന്നാൻ കാരണമായത്‌. ഭൂമിശാസ്ത്രപരമായ അടുപ്പം തമിഴ്‌നാട്ടിൽ നിന്നുള്ളവരെ ശ്രീലങ്കയിൽ എത്തിച്ചു. ശ്രീലങ്കയിൽ തമിഴരുടെ കേന്ദ്രമാണു വടക്കൻ ശ്രീലങ്കൻ പ്രദേശം. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷക്കാലത്തിന്റെ ഭൂരിഭാഗവും തമിഴ്‌ രാജാക്കന്മാരാണു അവിടം ഭരിച്ചിരുന്നത്‌ എന്നത്‌ പുതിയൊരു അറിവായിരുന്നു.

ജാഫ്നയുമായി എനിക്ക്‌ വ്യക്തിപരമായൊരു അടുപ്പമുണ്ട്‌. സിംഗപ്പൂരിൽ താമസിക്കുന്ന വേളയിൽ വീട്ടുസഹായികളായി ഉണ്ടായിരുന്നത്‌ ശ്രീലങ്കക്കാരായ സ്ത്രീകളായിരുന്നു. അവരിൽ ഒരാൾ ജാഫ്നയിൽ നിന്നുള്ള വിജയലക്ഷ്മി ആയിരുന്നു. വളരെ നല്ലൊരു വ്യക്തിയായിരുന്നു അവർ. ജാഫ്നയിൽ എത്തിയപ്പോൾ വിജയലക്ഷ്മിയേയും കുടുംബത്തേയും ഓർത്തു.

മൂന്നാം ദിവസം എട്ടു മണിക്ക്‌, പ്രഭാത ഭക്ഷണത്തിനു ശേഷം ജാഫ്നയിലേയ്ക്ക്‌ യാത്ര തിരിച്ചു. അനുരാധപുരയിൽ നിന്നും ജാഫ്നയിലേയ്ക്കുള്ള ദൂരം 213 കി മീ ആണ്‌. ഗൂഗിൾ മാപ്പ്‌ നോക്കിയപ്പോഴാണ്‌ കൗതുകം തോന്നിയത്‌. റൂളർ വച്ച്‌ വരച്ചത്‌ പോലെയുള്ള നേർ രേഖ – അങ്ങനെയാണ്‌ ആ ദേശീയ പാതയുടെ നിർമ്മാണം. ദേശീയ പാത ആണെങ്കിലും രണ്ടു വരി പാതയാണത്‌. ആ നിരത്തിന്‌ സമാന്തരമായാണു ജാഫ്നയിലേയ്ക്കുള്ള തീവണ്ടിപ്പാതയും. റെയിൽപ്പാളങ്ങൾ കണ്ടുകൊണ്ടായിരുന്നു ഒരു മണിക്കൂറിലധികം സമയം യാത്ര ചെയ്തത്‌. എങ്കിലും ഒരു തീവണ്ടി പോലും കാണാനായില്ല.

 

 

 

ഇന്ത്യൻ റെയിൽവേ ആണ്‌ ശ്രീലങ്കയിലെ റെയിൽ പാത നിർമ്മിതിയുടെ നേതൃത്വം വഹിച്ചത്‌. ജാഫ്നയിലേയ്ക് നിലവിലുള്ള റെയിൽ പാതയ്ക്ക്‌ അത്ര പഴക്കമൊന്നുമില്ല. കലാപ കാലഘട്ടത്തിൽ ജാഫ്നയിലേയ്ക്കുള്ള റെയിൽ ഗതാഗതം പൂർണ്ണമായി തകർക്കപ്പെട്ടിരുന്നു. അക്കാലത്ത്‌ അനുരാധപുരയിൽ നിന്നും തീവണ്ടി യാത്ര ആരംഭിച്ച്‌ മാങ്കുളം എന്ന സ്റ്റേഷനിൽ അവസാനിപ്പിക്കുകയായിരുന്നുവത്രെ പതിവ്‌. റെയിൽ ഗതാഗതം ഇന്ന് കാണുന്ന രീതിയിൽ പുന:രാരംഭിച്ചത്‌ 2011 ൽ ആണ്‌.

അനുരാധപുരയിൽ നിന്ന് എലിഫന്റ്‌ പാസ്സ്

(ElephantPass) വരെയുള്ള സ്ഥലനാമങ്ങൾ പലതും മലയാളികൾക്ക്‌ ‌മറക്കാറായിട്ടില്ല. തമിഴ്‌ സൈനികരുമായി ശ്രീലങ്കൻ സൈന്യത്തിന്റെ നിരന്തരമായ യുദ്ധങ്ങളുടെ ഭൂമിക എന്ന രീതിയിൽ മലയാളി വായിച്ചറിഞ്ഞ സ്ഥലനാമങ്ങളാണവ.

വാവ്വുനിയ ( Wavuniya)- പ്രഭാകരന്റെ ജന്മദേശം

കിളിനൊച്ചി ( Killinochi)

മുല്ലൈത്തീവ്‌ ( Mullaiththeevu) എന്നിവ ചില ഉദാഹരണങ്ങൾ.

എലിഫന്റ്‌ പാസ്സ്‌ എന്നത്‌ കൊളംബോവിൽ നിന്ന് ജാഫ്നയിലേയ്ക്കുള്ള പ്രവേശന കവാടമാണ്‌. ശ്രീലങ്കയിലെ വടക്കൻ
പ്രവിശ്യയുടെ തലസ്ഥാന നഗരിയും ജാഫ്ന തന്നെയാണ്‌. മാന്നാർ, വാവുനിയ, മുല്ലൈത്തീവ്‌, കിളിനൊച്ചി, ജാഫ്ന എന്നിവയാണു ഈ വടക്കൻ പ്രവിശ്യയിൽ ഉൾപ്പെടുന്ന അഞ്ച്‌ ജില്ലകൾ. ഇത്‌ പൂർണ്ണാമായും തമിഴ്‌സൈനികാധിപത്യത്തിന്റെ കീഴിൽ വന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

ആഭ്യന്തര കലാപത്തിന്റെ ശേഷിപ്പുകൾ അങ്ങിങ്ങായി കാണാമായിരുന്നു. യുദ്ധം കഴിഞ്ഞ്‌ സമാധാനം പുന:സ്ഥാപിക്കപ്പെട്ട്‌ വികസനത്തിലേയ്ക്ക്‌ പതുക്കെ നടന്നുകയറാൻ ശ്രമിക്കുന്ന പ്രദേശം എന്നൊരു ചിത്രമാണ്‌ ഞങ്ങൾക്ക്‌ അവിടെ നിന്നും ലഭിച്ചത്‌.
ഞങ്ങൾ യാത ചെയ്ത വഴികളിൽ പലതും ഇപ്പോഴും ജനപഥങ്ങളായി കഴിഞ്ഞിട്ടില്ല. അപൂർവ്വമായി മാത്രം കാണുന്ന കവലകളിൽ ഉള്ള ബോർഡുകളിൽ തമിഴും ഇംഗ്ലീഷും മാത്രമെ ഉപയോഗിച്ചു കണ്ടുള്ളു. സിംഹള ഭാഷയിലുള്ള ബോർഡുകൾ ആയിടങ്ങളിൽ കണ്ടില്ല. സൈനികരല്ലാതെയുള്ള സിംഹളർ ആരും ആ പ്രദേശത്ത്‌ താമസിക്കുന്നില്ല എന്നാണ്‌ ദിനേഷ്‌ പറഞ്ഞത്‌.

എലിഫന്റ്പാസ്സ്‌ എത്തുന്നതിനു വാരകൾ മുമ്പായിട്ട്‌ ശ്രീലങ്കൻ സർക്കാർ നിർമ്മിച്ച ഒരു സൈനിക സ്മാരകം കണ്ടപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. കോർപ്പറൽ ഗാമിനി കുലരത്ന മെമ്മോറിയൽ ( Corporal Gamini Kula Ratna Memorial) എന്നാണതിന്റെ പേരു്.

മരണപ്പെടുമ്പോൾ 26 വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന ഗാമിനി കുല രത്നയുടെ പൂർണ്ണകായ പ്രതിമയും ഈ സ്മാരകത്തിൽ സ്ഥാപിച്ചിട്ടുണ്ട്‌

ഒരു ഗ്രാമീണ കാർഷിക കുടുംബത്തിൽ നിന്നുമാണ്‌ ഗാമിനി ശ്രീലങ്കൻ സൈന്യത്തിൽ എത്തിച്ചേർന്നത്‌. എലിഫന്റ്‌ പാസ്സിൽ വച്ച്‌ വളരെ സാഹസികമായും ഐതിഹാസികമായും അദ്ദേഹം നടത്തിയ ചെറുത്തുനിൽപ്പ്‌ ശ്രീലങ്കൻ സർക്കാർ ഇന്നും ആദരവോടെ ഓർക്കുന്നു. ആ ആദരവാണ്‌ ഗാമിനി എന്ന പട്ടാളക്കാരനുള്ള സ്മാരകമായി നിൽക്കുന്നത്‌.

ഗാമിനി എങ്ങനെയാണ്‌ ശ്രീലങ്കൻ സർക്കാരിന്റെ ആദരം നേടിയത്‌ എന്ന് പറയാം. ആഭ്യന്തര കലാപം കൊടുമ്പിരിക്കൊണ്ട സമയം.തീവ്ര പ്രഹര ശേഷിയുള്ള ബോംബുകൾ നിറച്ച ഒരു കവചിത ബുൾഡോസർ ശ്രീലങ്കൻ സേനയ്ക്ക്‌ നേരെ പാഞ്ഞടുക്കുന്നത് ‌കണ്ട ഗാമിനി പെട്ടെന്ന് ഉണർന്ന് പ്രവർത്തിച്ചു. സ്വയം ഒരു മനുഷ്യ ബോംബായി അദ്ദേഹം ആവാഹനത്തിലേയ്ക്ക്‌ ചാടിക്കയറി. അതിലുള്ള തീവ്രവാദികളെ മുഴുവൻ സ്വന്തം ജീവൻ ബലിയർപ്പിച്ച്‌ കൊന്നൊടുക്കുകയായിരുന്നു ഗാമിനി കുല രത്ന.

‘പരമ വീര വിഭൂഷണായ’ എന്ന പരമോന്നത സൈനിക ബഹുമതി നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ആദ്ദേഹത്തിന്റെ സ്മാരകമായി നിർമ്മിച്ച ആ കെട്ടിടത്തിനകത്ത്‌ അദ്ദേഹത്തിന്റേയും കുടുംബാംഗങ്ങളുടേയും ധാരാളം ചിത്രങ്ങൾ പ്രദർശ്ശിപ്പിച്ചിട്ടുണ്ട്‌. കൂടാതെ സന്ദർശ്ശകർക്ക് കാണാനായി ഒരു ചലച്ചിത്രവും അവിടെ പ്രദർശിപ്പിക്കുന്നുണ്ട്‌.

ആ സൈനിക കേന്ദ്രം ഉൾപ്പടെ ഞങ്ങൾ യാത്രയിലുടനീളം കണ്ടത്‌ ആ പ്രദേശത്ത്‌ പരന്ന് കിടക്കുന്ന ശ്രീലങ്കൻസൈനികത്താവളങ്ങളാണ്‌. മറ്റു മനുഷ്യവാസം ആ മേഖലയിൽ ഇല്ലെന്നു തന്നെ പറയാം.

പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ ശ്രീലങ്കയ്ക്കു ഒട്ടാകെ നഷ്ടങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്‌.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നിർമ്മിക്കപ്പെട്ടതാണെന്ന് വാസ്തുഘടന വിളിച്ചറിയിക്കുന്ന ഒരു പഴയ പബ്ലിക്‌ ലൈബ്രറി കെട്ടിടം ഞങ്ങൾ ജാഫ്നയിൽ കണ്ടു. തമിഴ്‌ ഭീകരവാദികളുടെ ആക്രമണത്തിന്റെ സ്മാരകമായി സൂക്ഷിക്കപ്പെട്ടിരിക്കയാണു പൂർണ്ണമായും തകർന്നടിഞ്ഞ ആ കെട്ടിടം.

 

ജാഫ്നയിലുള്ള റോഡുകളും കെട്ടിടങ്ങളും ഓഫീസുകളും എല്ലാം പുതിയതായി നിർമ്മിക്കപ്പെട്ടവയാണു. ജാഫ്ന വളരാൻ ആഗ്രഹിക്കുന്ന ഒരു നഗരം ആണെന്ന് വ്യക്തമാക്കുന്ന നിർമ്മാണ പ്രക്രിയ. ‌വരുന്ന വഴിക്ക്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കണ്ടു. അവിടത്തെ ഓഫീസുകളെല്ലാം ഇതുപോലെയുള്ള വികസ്വരതയുടെ സാക്ഷിപത്രങ്ങളായി തല ഉയർത്തി നിൽക്കുന്നു.

തമിഴ്‌ ജനത കേന്ദ്രീകരിച്ച ഒരു കൊച്ചു പട്ടണമാണു ജാഫ്ന എന്നുള്ളത്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലൊ. പോർട്ട്ഗീസ്‌ നിർമ്മിതമായ ഒരു പഴയ കോട്ടയും നല്ലൂരിലുള്ള കന്തസ്വാമി ക്ഷേത്രവും പിന്നെ അവിടത്തെ ചന്തയുമാണു ജാഫ്നയിൽ സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങൾ.

ജാഫ്ന കോട്ട 1619ൽ നിർമ്മിക്കപ്പെട്ടതാണു. പോർട്ടുഗീസുകാരാണു നിർമ്മിച്ചത്‌. 1658 ഓടെ ഇത്‌ ഡച്ച്‌ അധീനതയിലായി. അവർ അതിന്റെ ഘടനയിൽ ചില പ്രധാന കൂട്ടിച്ചേർക്കലുകൾ നടത്തി. 62 ഏക്കറിലധികം വിസ്തൃതമായ ഒരു ഭൂപ്രദേശത്താണു ആ കോട്ട ഇന്ന് നിലനിൽക്കുന്നത്‌. ഡച്ചുകാരിൽ നിന്ന് പിന്നീട്‌ 1795 ൽബ്രിട്ടീഷുകാർ ഈ കോട്ടയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നു. അവരുടെ ഭരണ നിർവ്വഹണകാര്യാലയമായി പ്രവർത്തിക്കാനാണു ഈ കോട്ടയ്ക്ക്‌ പിന്നീട്‌ യോഗമുണ്ടായത്‌.

കാലം ഏൽപ്പിച്ച പരിക്കുകൾ ഈ കോട്ടയെ ബാധിച്ചിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ കാലത്തും അതിനെത്തുടർന്നും കുറെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടാകാമെങ്കിലും പല ഭാഗങ്ങളും നശിച്ചു പോയിട്ടുണ്ട്‌. വിണ്ടുകീറിയ കോട്ടയുടെ ഭാഗങ്ങളൊക്കെ നടുത്തളത്തിലുള്ള പുൽമേട്ടിൽചിതറിക്കിടക്കുന്നത്‌ കണ്ടു. നാൽപ്പത്‌ അടിയോളമാണു കോട്ട മതിലിന്റെ അടിത്തറയുടെ വീതി. ചുറ്റും വിസ്തൃതമായ കിടങ്ങുകളുമുണ്ട്‌. കോട്ടയുടെ ഒരു ഭാഗം കടലാണു. വളരെ ദൂരെ നിന്ന് വരുന്ന ശത്രു നാവിക വാഹനങ്ങളെ കോട്ടയുടെ മുകളിൽ നിന്ന്കാണാൻ സാധിക്കും എന്നതായിരുന്നിരിക്കാം ഈ കോട്ടയുടെ പ്രാധാന്യം വർദ്ധിപ്പിച്ചത്‌. പ്രതിരോധ തന്ത്രപരമായി പ്രാധാന്യമുള്ള ഒരു സങ്കേതമായിരിക്കണം അന്ന് ജാഫ്നയിലെ ഈ വലിയ കോട്ട.

കോട്ടയുടെ പരിസരത്ത്‌ മാങ്ങ വിൽക്കുന്ന ഒരു കച്ചവടക്കാരനെ ഞങ്ങൾ പരിചയപ്പെട്ടു. മാങ്ങ വാങ്ങുന്നതിനോടൊപ്പം അദ്ദേഹത്തെക്കുറിച്ചുള്ള ചില വിവരങ്ങളും അറിഞ്ഞു. വേലായുധം എന്നാണ്‌ അദ്ദേഹത്തിന്റെ പേരു്. അദ്ദേഹത്തിന്റെ ഒരു കണ്ണും ഒരു കാലും നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്‌ കണ്ടത്‌. തമിഴ്‌ തീവ്രവാദികൾ വഴി നീളെ ഒളിപ്പിച്ച്‌ വച്ചിരുന്ന കുഴിബോംബുകളിൽ ഒന്നിൽ അറിയാതെ ചവിട്ടി നഷ്ടപ്പെട്ടതാണു അദ്ദേഹത്തിന്റെ കണ്ണും കാലും. ഈ രീതിയിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ജാഫ്നയിൽ ധാരാളം ഉണ്ടത്രെ. ഒരു മഹാദുരന്തത്തിന്റെ സാക്ഷ്യങ്ങൾ. മുഴുവൻ കുഴിബോംബുകളും ഇപ്പോഴും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. സമാധാനം സ്ഥാപിക്കപ്പെട്ട്‌ പതിറ്റാണ്ടോടക്കുമ്പോഴും..

നല്ലൂർ കന്തസ്വാമി ക്ഷേത്രം, ജാഫ്നയിലെ മാത്രമല്ല, ശ്രീലങ്കയിലെ തന്നെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്‌.18ാ‍ം നൂറ്റാണ്ടിൽ പുനർ നിർമ്മിക്കപ്പെട്ടതാണ്‌ ഈ പുരാതന ക്ഷേത്രം. ക്രിസ്തുവർഷം 948 ൽ ആണത്രെ ഈ ക്ഷേത്രത്തിന്റെ നിർമ്മിതി നടന്നിരിക്കുന്നത്‌.

രണ്ടു ‌ വശത്തും കമനീയങ്ങളായ വലിയ പടുകൂറ്റൻ ഗോപുരങ്ങളും വിശാലമായ അകത്തളങ്ങളും അതിസുന്ദരമായി വിന്യസിക്കപ്പെട്ടിട്ടുള്ള ചാരുതയാർന്ന ശിൽപ്പ സംവിധാനങ്ങളും ക്ഷേത്രത്തിന്റെ ദർശ്ശനീയതയുടെ മാറ്റ്‌ വർദ്ധിപ്പിക്കുന്നുണ്ട്‌. ചുമരിൽ കാണുന്ന ശിൽപ്പങ്ങൾക്ക്‌ സ്വർണ്ണനിറം കൊടുത്തിരിക്കുന്നു. ലോഹനിർമ്മിതമായ വലിയൊരു ദീപസ്ത്ംഭമാണു മറ്റൊരാകർഷണം. മൂന്നു തട്ടുകളാണു ദീപസ്ത്ംഭത്തിനുള്ളത്‌. ആദ്യ തട്ട്‌ താങ്ങുന്നത്‌ കുതിരകളാണു. രണ്ടാമത്തേത്‌ വ്യാളികളും മൂന്നാമത്തേത്‌ കിളികളുമാണു താങ്ങുന്നത്‌.

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതെന്ന് ടൂറിസം വകുപ്പിന്റെ ലഘുപത്രികയിൽ കാണുന്നുണ്ടെങ്കിലും അത്ഭുതപ്പെടുത്തുന്നതൊന്നും തന്നെ ജാഫ്ന പട്ടണത്തിലെ മാർക്കറ്റിൽ കണ്ടില്ല. അവിടെ ഏറ്റവും കൂടുതൽ കണ്ടത് ‌ജ്വല്ലറികളാണു. ഇത്ര വളരെ സ്വർണ്ണം ഈ പട്ടണത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ടണ്ടല്ലൊഎന്ന് അത്ഭുതത്തോടെ മാത്രമെ നോക്കിക്കാണുവാൻ കഴിഞ്ഞുള്ളൂ. ജ്വല്ലറിക്ക്‌ കഴിഞ്ഞാൽ പ്രധാനമായുള്ളത്‌ ടെക്സ്റ്റയിൽ കടകളാണു. പിന്നെ വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും. പഴം പച്ചക്കറി ചന്തകളുമുണ്ട്‌.

നാട്ടിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ വിലക്കുറവ്‌ തോന്നിയില്ല. വീട്ടുസാമാനങ്ങൾ കൂടുതലും ഇന്ത്യയിൽ നിർമ്മിച്ചവയായിരുന്നു. കാലങ്ങൾ മുമ്പ്‌ നമ്മൾ ഉപയോഗം അവസാനിപ്പിച്ച പലയിനങ്ങളും ജാഫ്ന വിപണിയിൽഇന്നും സജീവമാണെന്നുള്ളത്‌ കൗതുകം ഉണ്ടാക്കി. ഞങ്ങൾ അവിടെ കറങ്ങി നടന്ന് കുട്ടിക്കാലത്ത്‌ കണ്ട പല അടുക്കള സാമഗ്രികളുടേയും ഓർമ്മ പുതുക്കി.

പെട്രോളടിക്കാൻ ചെന്നപ്പോൾ പെട്രോളിന്റേയും ഡീസലിന്റേയും വില ഒന്ന് അന്വേഷിച്ചു. പെട്രോളിനു ഇന്ത്യൻ രൂപയിലേയ്ക്ക്‌ മാറ്റുമ്പോൾ 70 രൂപയും ഡീസലിനു 60 രൂപയും ആണു ജാഫ്നയിലെ വില.

ശ്രീലങ്കയിലെ ഏറ്റവും നല്ല റെയില്വേ സ്റ്റേഷനുകളിൽ ഒന്നാണു ജാഫ്ന സ്റ്റേഷൻ. തൂണുകളുടെ ഭംഗിയും ശ്രദ്ധിക്കപ്പെടും. രണ്ട്‌ വരി റെയിലുകളാണു ഉള്ളത്‌. ശ്രീലങ്കയിലെറയിൽവേ ലൈനുകൾ വൈദ്യുതീകരിക്കപ്പെട്ടിട്ടില്ല.

അവിടത്തെ സ്റ്റേഷനിൽ ഒരു തീവണ്ടി നിർത്തിയിട്ടിരിക്കുന്നത്‌ കണ്ടു. അതിൽ വളരെ കുറച്ച്‌ ബോഗികളെ ഉള്ളു. 30 കൊല്ലം മുമ്പ്‌ നമുക്ക്‌പരിചയമുള്ള തരം ബോഗികൾ. സീറ്റുകളെല്ലാം പുതിയതാണ്‌, നല്ല വൃത്തിയും തോന്നി.

റയിൽവേ സ്റ്റേഷനു തൊട്ടടുത്ത്‌ തന്നെയായിരുന്നു ഞങ്ങൾക്ക്‌ താമസം ഒരുക്കിയിരുന്ന ഹോട്ടൽ.

ജാഫ്നയിൽ ഇന്ത്യൻ ഭക്ഷണശാലകൾ ധാരാളമുണ്ട്‌. അന്ന് രാത്രി ഒരു തമിഴ്‌ റസ്റ്ററണ്ടിൽ പോയി ദോശ കഴിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here