ശ്രീലങ്കന്‍ യാത്രകള്‍ – അധ്യായം -മൂന്ന്

 

 

 

 

 

ശ്രീലങ്കയിൽ അധിവസിക്കുന്നവരിൽ 75%വും സിംഹളർ തന്നെയാണ്‌. സിംഹള ഭാഷയാണ്‌ അവർ സംസാരിക്കുന്നത്‌. ലിപികൾക്ക്‌ തെലുങ്കിനോടോ കന്നടയോടൊ ഒക്കെ സാമ്യം ഉള്ളതു പോലെതോന്നി. സർക്കാർ സ്കൂളുകളിൽ സിംഹളം തന്നെയാണ്‌ ബോധന മാദ്ധ്യമം.

12% ൽ താഴെയാണു തമിഴ്‌ വംശജർ ഉള്ളത്‌. തമിഴും ഔദ്യോഗിക ഭാഷയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ വഴിയോര ബോർഡുകളിലും ഇംഗ്ലീഷിനും സിംഹളത്തോടുമൊപ്പം തമിഴും സ്ഥാനം പിടിച്ചിട്ടുണ്ട്‌.

ശ്രീലങ്കയിൽ ഉള്ള 70 ശതമാനത്തിലധികം ആളുകൾ ബുദ്ധമതാനുയായികളാണ്‌. ഹിന്ദുക്കൾ ജനസംഖ്യയുടെ 12% വരും. 10% ത്തിനടുത്ത്‌ ഇസ്ലാംമത വിശ്വാസികളും, ക്രിസ്ത്യാനികൾ ഉൾപ്പടെ മറ്റു വളരെ ചെറിയ ന്യൂനപക്ഷങ്ങളും. വഴിയരികിൽ അപൂർവ്വമായി ഹിന്ദു ക്ഷേത്രങ്ങളും കണ്ടിരുന്നു. തമിഴ്‌ നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃക തന്നെയാണ്‌ ശ്രീലങ്കയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കും.

യാത്രാമദ്ധ്യേ സിയമ്പലഗസ്ക്കോട്ടുവ (Siyambalagaskotuwa) എന്ന പേരോട്‌ കൂടിയ ഒരു കവലയിൽ എത്തി. ഒരു കടയിൽ നിന്ന് കുറച്ച്‌ ചെറുപഴങ്ങൾ വാങ്ങുവാൻ വേണ്ടിയാണു അവിടെ വണ്ടി നിർത്തിയത്‌. പല തരം ചെറുപഴങ്ങൾ കണ്ടു. തുടുത്ത നല്ലയിനം പപ്പായയും വാങ്ങിച്ചു. നല്ല വലിയ വെറ്റിലയും തുടുത്തു മഞ്ഞച്ച പഴുക്കടയ്ക്കയും ജാഫ്ന പുകയിലയും അടുത്തുള്ള കടയിൽ വിൽപ്പനയ്ക്ക്‌ വച്ചിരിക്കുന്നത്‌ കണ്ടു. പണ്ടു കാലത്ത്‌ ജാഫ്നപുകയില വളരെ പേരുകേട്ടതായിരുന്നുവത്രെ.

വഴിയോരക്കാഴ്ച്ചകളെ സമ്പന്നമാക്കിയത്‌ ഇടതൂർന്ന് നിൽക്കുന്ന തെങ്ങിൻ തോപ്പുകളുടെ കാഴ്ച്ച തന്നെയാണെന്ന് പറയാതെ വയ്യ. പലതും സർക്കാർ ഉടമസ്ഥതയിൽ ഉള്ളവയാണെന്നാണ്‌ ഗൈഡ്‌ ദിനേഷ്‌ പറഞ്ഞത്‌.

ശ്രീലങ്കൻ സാമ്പത്തിക സ്ഥിതിയെ ഗുണകരമായി സ്വാധീനിക്കുന്ന ഒരു ഘടകമായിരിക്കണം തീർച്ചയായും നാളികേര വിപണി. ദേശീയ കാർഷിക ഉൽപ്പാദനത്തിൽ 12%ലധികം നാളികേരമാണത്രെ. തെങ്ങു‌ കർഷകർക്ക്‌ഉൽപ്പന്നത്തിന്‌ ന്യായമായ വിലയും ലഭിക്കുന്നുണ്ടെന്നാണ്‌ മനസ്സിലായത്‌. അങ്ങാടിയിൽ നിന്നും ഒരു നാളികേരം വാങ്ങുവാൻ 80 ശ്രീലങ്കൻ റുപ്പി കൊടുക്കണം. ഇന്ത്യൻ രൂപയുടെ 35 രൂപയ്ക്ക്‌ മേലെ വരും അത്‌.

ഹയർ സെക്കൻഡറി വരെ ഉള്ള വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആണത്രെ.

കുറെ സ്കൂളുകൾ വഴിയരികിൽ കണ്ടു. അരച്ചുമരുള്ള ക്ലാസ്സ്‌ മുറികളും ബഞ്ചും ഡസ്ക്കും വിശാലമായ കളിസ്ഥലങ്ങളും ഒക്കെ ഉള്ള സ്കൂളുകൾ കണ്ടപ്പോൾ ഞങ്ങളും പള്ളിക്കൂട ഓർമ്മകളിലേയ്ക്ക്‌ ഊളിയിട്ടു. ഒരു വ്യത്യാസം മാത്രമേ തോന്നിയുള്ളു. ശ്രീലങ്കയിൽ കണ്ട വിദ്യാലയങ്ങൾക്ക്‌ സ്വന്തമായി വാഹനങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത്‌ സ്കൂൾ ബസ്‌ സമ്പ്രദായം വലിയ സിറ്റികളിൽ മാത്രമായി ഒതുങ്ങിയിരുന്നു.

ശ്രീലങ്കയിൽ സ്കൂൾ സമയം രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ്‌. പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക്‌ പന്ത്രണ്ടര വരെയേ ക്ലാസ്സുള്ളു.

എല്ലാ സ്കൂളുകളിലും യൂണിഫോം ഒന്ന് തന്നെയാണ്‌. ഏഴാം ക്ലാസ്സ്‌ വരെയുള്ളവർക്ക്‌ നീലയും വെള്ളയും, എട്ടാം ക്ലാസ്സ്‌ മുതൽ പതിമൂന്നാം ക്ലാസ്സ്‌ വരെയുള്ളവർക്ക്‌ വെള്ളയും വെള്ളയും ആണ്‌ വേഷം.

യാത്രയ്ക്കിടെ ഒരു പ്രൈമറി സ്കൂൾ വളപ്പിൽ വിദ്യാർത്ഥികൾ പച്ചക്കറികളുമായി ഇരിക്കുന്നത്‌ കണ്ടപ്പോൾ കൗതുകം തോന്നി ഞങ്ങൾ വണ്ടി നിർത്തി അവരുടെ അടുത്തേയ്ക്ക്‌ ചെന്നു. കുറച്ച്‌ അദ്ധ്യാപകരും അവിടെ ഉണ്ടായിരുന്നു. സ്കൂൾ വളപ്പിൽ വിദ്യാർത്ഥികൾ കൃഷി ചെയ്ത്‌ ഉണ്ടാക്കിയ പച്ചക്കറികൾ വിൽപ്പനയ്ക്ക്‌ വച്ചിരിക്കുന്നതും നാട്ടുകാർ വാങ്ങുന്നതും കണ്ടിട്ട്‌ വളരെ സന്തോഷം തോന്നി. വിളവുകൾ, കൃഷിരീതികൾ, കാശ്‌ വിനിമയം, വിൽക്കലും വാങ്ങലും, നഷ്ടവും ലാഭവും തുടങ്ങിയവ തൊട്ട്‌ സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ വരെ ലളിതമായി പഠിപ്പിക്കാനും പഠിക്കാനും ലഭിക്കുന്ന നല്ലൊരു പഠനക്കളരി തന്നെ ആയിരുന്നു അവിടെ കണ്ടത്‌.

ശ്രീലങ്കയിൽ ആകെ ഒൻപത്‌ യൂണിവേഴ്സിറ്റികളുണ്ടത്രെ. എല്ലാം സർക്കാർ അധീനതയിൽ ഉള്ളവയാണ്‌. വിദ്യാഭ്യാസം പൊതുവെ ചിലവ്‌ കുറഞ്ഞതാണ്‌. എല്ലായിടത്തും വിദ്യാർത്ഥികളുടെ താമസ സൗകര്യം സൗജന്യമാണെന്നാണ്‌ അറിഞ്ഞത്‌. കൊളംബോവിലും കാൻഡിയിലുമാണു പ്രധാനപ്പെട്ട രണ്ടു സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്‌.

ആരോഗ്യമേഖലയും പൊതുവെ സർക്കാർ അധീനതയിൽ തന്നെയാണെന്ന് ദിനേഷ്‌ പറഞ്ഞു. ശസ്‌ത്രക്രിയ ഉൾപ്പടെയുള്ള പ്രധാന ചികിത്സകൾക്ക്‌ സർക്കാർ ആശുപത്രിയിൽ പണം അടയ്ക്കേണ്ടതില്ല.
ഓഫീസുകളുടെ സമയം രാവിലെ എട്ടര മുതൽ വൈകുന്നേരം നാലര വരെയാണ്.

അനുരാധപുരത്തേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ ഗാൽഗമുവ (Galgamuva) എന്ന കൊച്ചു ഗ്രാമത്തിലെത്തി. വഴിയോരത്തുള്ള കൊച്ചു കടകളിൽ ഒരു പ്രത്യേക പാനീയം വിൽപ്പനയ്ക്ക്‌ വച്ചിരിക്കുന്നത്‌ കണ്ടു. വഴിയാത്രക്കാരും ഗ്രാമീണരും അത്‌ വാങ്ങി കഴിക്കുകയും ചെയ്യുന്നു.

ഞങ്ങൾ ഒരു അമ്മൂമ്മയുടെ കടയിലേയ്ക്ക്‌ ചെന്നു. വിൽപ്പനയ്ക്കായി അവിടെ ഉള്ളത്‌ കുറേ പഞ്ഞി, കുറച്ച് ‌ചവിട്ടികൾ പിന്നെ “മീക്കിരി” ( Meekiri) എന്നു പേരായ ഈ പാനീയവുമാണ്‌. തേങ്ങയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഒരു തരം തേൻ എരുമത്തൈരിൽ ചേർത്ത ഒരു മിശ്രിതം ആണിത്‌. വിളമ്പുന്നത് ‌മൺപാത്രങ്ങളിലാണ്‌. വളരെ സ്വാദുള്ളതായിരുന്നു ആ വിഭവം.

‘മീ’ എന്ന് പറഞ്ഞാൽ എരുമ എന്നും ‘കിരി’ എന്നാൽ തൈരു് എന്നുമാണ്‌ സിംഹള ഭാഷയിൽ അർത്ഥം.

മീകിരി- എരുമത്തൈരു്. ഒരു പുതിയ വാക്കു കൂടി പഠിച്ചു എന്നും പറഞ്ഞ്‌ അമ്മൂമ്മയ്ക്ക്‌ റ്റാറ്റാ കൊടുത്ത്‌ ഞങ്ങൾ വണ്ടിയിലേയ്ക്ക്‌ കയറി.

പന്ത്രണ്ടരയോടു കൂടി ഞങ്ങൾ അനുരാധപുരയിലെത്തി. അതിനിടയിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു, ഒരു മികച്ചഹോട്ടലിൽ. കൊണ്ടാട്ടം മുളകും തൈരും തേങ്ങ അരച്ച ചമ്മന്തിയും പിന്നെ പലതരം ശ്രീലങ്കൻ കറികളും. ഊണ്‌ ഗംഭീരായി.

അനുരാധപുര ശ്രീലങ്കയുടെ പുരാതന തലസ്ഥാനമാണ്‌. ഒരു പക്ഷെ ബുദ്ധമതം ശ്രീലങ്കയിൽ പ്രചരിച്ചതിന്റെ പ്രഭവസ്രോതസ്സ്‌ അനുരാധപുരയാണെന്ന് തന്നെ പറയാം.

രണ്ടായിരത്തി അറുന്നൂറിലധികം വർഷം പഴക്കമുള്ള സംസ്ക്കാര പാരമ്പര്യമുള്ള രാജ്യമാണു ശ്രീലങ്ക. ക്രി. പി. നാലാം നൂറ്റാണ്ടിൽ പാലി ലിപിയിൽ എഴുതപ്പെട്ട ദീപവംശം എന്ന കൃതിയാണു ലങ്കയുടെ പരാമർശമുള്ള ഏറ്റവും പുരാതന രേഖ. അതിനുശേഷം എഴുതപ്പെട്ട മഹാവംശം എന്ന കൃതിയിലും സിംഹളരുടെ ചരിത്രത്തെപ്പറ്റി പരാമർശ്ശിക്കുന്നുണ്ട്‌. പുരാതന കാലത്ത്‌ ഇന്ത്യയിൽ നിന്നും വന്ന ആര്യന്മാരുടെ പിൻഗാമികളാണു ‘തേരവാദ’ബുദ്ധമതത്തിൽ വിശ്വസിക്കുന്ന സിംഹളർ എന്ന് പറയപ്പെടുന്നു.

അനുരാധപുരത്തിൽ കാണാനുള്ളത്‌ പ്രധാനമായും കുറേ ബുദ്ധസ്തൂപങ്ങളാണു. അയ്യായിരത്തിലധികം ബുദ്ധ സന്യാസിമാർ അനുരാധപുരയിൽ ഉണ്ടത്രെ..!

ബുദ്ധസന്യാസിമാരുടെ പരിശീലനത്തിന്റെ ഭാഗമായി ധ്യാനം ശീലിപ്പിക്കുന്ന ഒരു സ്ഥലം ഞങ്ങൾ കണ്ടു. പാറക്കെട്ടുകളും ഗുഹകളും ഉൾച്ചേർന്ന പ്രകൃതി സൗഭാഗ്യം നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു കുന്ന്. സന്ദർശ്ശകർക്ക്‌ വേണ്ടി ചില സൗകര്യങ്ങൾ അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്‌. ബുദ്ധസന്യാസികളുടെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ അനുരാധപുരയിലാണുള്ളത്‌.

സ്തൂപങ്ങളിൽ ഒന്ന് പ്രത്യേക പ്രാധാന്യം ഉള്ളതാണു. Insurumuni Rajamaha Viharaya- Devanapiyatissa എന്നരാജാവ്‌ മൂന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണു ഇത്‌. ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ ചരിത്രത്തിനു BC 300 വരെ പഴക്കമുണ്ട്‌.

ശ്രീബുദ്ധൻ രണ്ടിലധികം തവണ ശ്രീലങ്ക സന്ദർശ്ശിച്ചിട്ടുണ്ട്‌. പക്ഷേ അപ്പോൾ ബുദ്ധമതത്തിനു വ്യാപനം സിദ്ധിക്കുകയുണ്ടായില്ല. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തി ബുദ്ധമത പ്രചാരണത്തിനു വേണ്ടി നാടൊട്ടുക്കും ദൂതന്മാരെ അയച്ചതായി ചരിത്രം പറയുന്നുണ്ടല്ലൊ.

അശോക ചക്രവർത്തിയുടെ മകൻ മഹീന്ദയാണു ശ്രീലങ്കയിൽ അതിനായി എത്തിയത്‌. ബുദ്ധമതപ്രചാരണത്തിനു വേണ്ടി ഇവിടം കേന്ദ്രീകരിച്ചാണു മഹീന്ദ പ്രവർത്തിച്ചിരുന്നത്‌.

അശോകന്റെ ഒരു പുത്രി ബോധഗയയിൽ നിന്ന് കൊണ്ടു വന്ന് നട്ടതാണെന്ന് എഴുതി വച്ചിട്ടുള്ള ഒരു അരയാൽവൃക്ഷം അവിടെ കണ്ടു.

ഗയയിൽ നിന്നും കൊണ്ടുവന്ന ആലിനാണല്ലൊ മഹത്വം ഉള്ളത്‌.

അവിടത്തെ ഗുഹാക്ഷേത്രം പാറ തുരന്ന് ഉണ്ടാക്കിയതാണു. സമാധി നിലയിലുള്ള ബുദ്ധന്റെ ഒരു ലോഹ പ്രതിമയാണു മുൻഭാഗത്തുള്ളത്‌. അതിനോട്‌ ചേർന്നുള്ള വരാന്തയിൽ ബുദ്ധന്റെ കിടന്നും, ഇരുന്നും, നിന്നുമുള്ള ധാരാളം സിമന്റ്‌ പ്രതിമകളും ഉണ്ട്‌.

മനോഹരമായ ഒരു തടാകം ഈ സ്തൂപത്തിനു മുൻ വശത്ത്‌ നിർമ്മിച്ചിട്ടുണ്ട്‌. അതിന്റെ തടത്തിലുള്ള പാറക്കല്ലുകളിൽ ആനയുടെ രൂപം കൊത്തിവയ്ക്കാൻ തുടങ്ങിയതായി കാണാം. പൂർത്തിയാകാത്ത ചിത്രനിർമ്മിതിയായി അത്‌ അവശേഷിക്കുന്നു.

ആ സ്തൂപത്തിന്റെ മുകളറ്റം വരെ സന്ദർശ്ശകർക്ക്‌ കയറി ചെല്ലുവാൻ സാധിക്കും. അവിടെ നിന്നാൽ അനുരാധപുരത്തിന്റെ വിഹഗ വീക്ഷണം ലഭിക്കും.

നട്ടുച്ചയ്ക്കുള്ള ക്ഷേത്ര ദർശ്ശനം ഞങ്ങൾ വേഗം പൂർത്തിയാക്കി. ചെരുപ്പ്‌ ഉപയോഗിക്കുവാൻ അനുവാദം ഇല്ലാതിരുന്നതിനാൽ കാലു പൊള്ളുന്നുണ്ടായിരുന്നു.

ഞങ്ങളുടെ തുടർന്നുള്ള യാത്ര മറ്റൊരു സ്തൂപത്തിലേയ്ക്കായിരുന്നു. ഒരു പക്ഷെ അനുരാധപുരയിലെ ഏറ്റവും വലിയ സ്തൂപവും ഇതായിരിക്കും. Mirisavetiya Rajamaha Vihara – ഇതാണു ആ സ്തൂപത്തിന്റെ പേരു. BC 161ൽപണി ആരംഭിച്ചതാണു. പല രാജാക്കന്മാരും ഇതിന്റെ ഭംഗി വർദ്ധിപ്പിച്ചിട്ടുണ്ട്‌.

ചുറ്റോട്‌ ചുറ്റ്‌ ആനകളുടെ ശിൽപ്പങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ മഹാധവള സ്തൂപം ഒറ്റ നോട്ടത്തിൽ തന്നെഅത്ഭുതം ഉളവാക്കുന്നതാണു.

അവിടെ വച്ചു പരിചയപ്പെട്ട ഗൈഡിന്റെ പേരു സാലിയ എന്നാണു. ശ്രീലങ്കക്കാർക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പേരുകളിൽ ഒന്നാണിത്‌. അതിനു പിന്നിലൊരു കഥയുണ്ട്‌. കേട്ടോളൂ..

സാലിയ ഒരു ചരിത്ര കഥാപാത്രമാണു. ഒരു യുവരാജാവായ അദ്ദേഹം അശോകമാല എന്ന് പേരായ അധ‌:സ്ഥിത യുവതിയുമായി പ്രണയത്തിലായി. രാജാധികാരത്തേക്കാൾ തന്റെ പ്രണയ സാഫല്യത്തിനു പ്രാധാന്യം കൽപ്പിച്ച സാലിയ കൊട്ടാരത്തിൽ നിന്നും പുറത്താക്കപ്പെട്ടു. എങ്കിലും തന്റെ പ്രണയിനിയോട്‌ കൂടി സന്തോഷകരമായി ജീവിച്ചു. ശ്രീലങ്കക്കാരുടെ പ്രണയാവേശമാണു ഈ പഴങ്കഥ. സാലിയ എന്ന നാമധേയം പ്രണയ സാഫല്യത്തിന്റെ ഒരു പര്യായമായി അവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ആദ്യം കണ്ട സ്തൂപത്തിൽ ഒരു വലിയ കരിങ്കല്ലിൽ വരിയായി കുറെ കുഴികൾ ഉണ്ടാക്കിയിരിക്കുന്നത്‌ ശ്രദ്ധയിൽപെട്ടു. വലിയ കല്ലുകൾ പിളർത്താൻ പണ്ട്‌ ഉപയോഗിച്ചിരുന്ന ഒരു തന്ത്രമാണത്‌. ഈ കൊച്ചു കുഴികളിൽ മണ്ണുനിറച്ച്‌ അതിൽ ചെടികൾ വളർത്തും. ആ ചെടി വേരു പടർത്തുന്നതോടെ കല്ല് പിളരും. വർഷങ്ങൾ നീണ്ട്‌ നിൽക്കുന്ന ഈ മഹാപ്രത്നത്തിലൂടെ പൊളിച്ചെടുത്ത കല്ലുകൾ ഉപയോഗിച്ചാണു ഇത്തരം സ്തൂപങ്ങളുടെ നിർമ്മിതി പഴയ കാലത്ത്‌ നടത്തിയിരുന്നത്‌. എന്തുമാത്രം പ്രയത്നമാണ്‌ ഓരോ ചരിത്രസ്മാരകത്തിന്റേയും പിന്നിലുള്ളത്‌…!

സ്തൂപങ്ങൾ കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക്‌ ടിക്കറ്റ്‌ എടുക്കണം. ടൂറിസം വിഭാഗം ഈ സ്തൂപങ്ങൾ കാണാൻ ഏഷ്യൻ പൗരന്മാർക്ക്‌ ആളു വീതം 12.30 യു എസ്‌ ഡോളറും മറ്റ്‌ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ 25 യു എസ്‌ ഡോളറും ആണു ടിക്കറ്റ്‌ ഇനത്തിൽ ഈടാക്കുന്നത്‌.

വിനോദ സഞ്ചാരികൾ ഒരുപക്ഷേ ഒന്നോ രണ്ടോ സ്തൂപങ്ങൾ കണ്ട്‌ സന്ദർശ്ശനം മതിയാക്കും. അവരുടെ കൈയ്യിൽനിന്നും ഈ ശേഷിക്കുന്ന ടിക്കറ്റുകൾ തരപ്പെടുത്തി മറിച്ച്‌ വിൽക്കുന്ന ചില ഏജന്റുമാരെ സ്തൂപത്തിനു ചുറ്റിപ്പറ്റികാണാം. അതിൽ പെട്ട ഒരു ഏജന്റിനെ ഞങ്ങൾക്കും അഭിമുഖീകരിക്കേണ്ടി വന്നു. ഈ വിധത്തിലുള്ള തട്ടിപ്പിനു ഇരയാകാതെ സൂക്ഷിക്കണം.

വൈകുന്നേരത്തെ താമസം Magosa Lake Resort ൽ ആയിരുന്നു. നല്ല സൗകര്യമുള്ള വിശാലമായ കിടപ്പ്‌ മുറികൾ. സമീപത്ത്‌ തന്നെ ആയിരുന്നു വളരെയേറെ പ്രസിദ്ധമായ Nuwera Wewa എന്ന തടാകം. Wewa എന്ന് വച്ചാൽ ശ്രീലങ്കൻ ഭാഷയിൽ തടാകം എന്നാണു അർത്ഥം. മനുഷ്യ നിർമ്മിതമായ ഒരു മഹാത്ഭുതമാണിത്‌.

തടാകത്തിന്റെ സമീപത്തുള്ളത്‌ ആയതുകൊണ്ടാണു ആ റിസോർട്ടിനു് Lake Resort എന്ന പേരിട്ടിരിക്കുന്നത്‌.

റിസോർട്ടിന്റെ മുറ്റത്ത്‌ തന്നെ ഒരു നീന്തൽക്കുളം ഉണ്ട്‌. ചെറുതായി പെയ്തിരുന്ന മഴയെ ഗണിക്കാതെ നീന്തൽക്കുളത്തിന്റെ സൗഭാഗ്യം മണിക്കൂറുകളോളം ഞങ്ങൾ ആസ്വദിച്ചു.

ശ്രീലങ്കൻ റൊട്ടി ആയിരുന്നു അത്താഴം. വഴുതനങ്ങ കൊണ്ടുള്ള പല തരം കറികൾ ഈ രണ്ടു ദിവസത്തെ ഭക്ഷണത്തിലും ഉൾപ്പെട്ടിരുന്നു. തേങ്ങ ചേർത്തരച്ച ചമ്മന്തി ഭക്ഷണം കൂടുതൽ രുചികരമാക്കി എന്ന് പറയാതെ വയ്യ.

സമുദ്ര വിഭവങ്ങൾക്ക്‌ പേരുകേട്ടയിടമാണു ശ്രീലങ്ക. മരച്ചീനിയും അവിടെ സുലഭമാണു.

ചോറും കറികളുമാണു ശ്രീലങ്കയിലെ പ്രധാന ഭക്ഷണം. മത്സ്യം, കോഴി, പച്ചക്കറികൾ, പരിപ്പ്‌ എന്നിവ ഉപയോഗിച്ചാണു കറികൾ ഉണ്ടാക്കുന്നത്‌. കേരളീയ ഭക്ഷണത്തോട്‌ ചേർന്ന് നിൽക്കുന്നതാണു ശ്രീലങ്കൻഭക്ഷണം എന്നു പറയാം. എല്ലായിടത്തും ഊണിനു തേങ്ങാച്ചമ്മന്തിയും അച്ചാറും കിട്ടും. ‘പോൾ സാംബോൽ’ എന്നാണു തേങ്ങാച്ചമ്മന്തിക്ക് സിംഹള ഭാഷയിൽ പറയുന്ന പേരു്.

കൊത്തുറൊട്ടി കൊത്തുപറോട്ട എന്നിവ അവിടത്തെ ഒരു പ്രധാന വിഭവമാണു. കൊത്തുറൊട്ടി ഉണ്ടാക്കുന്നത്‌ ഗോതമ്പ്മാവ്‌ ഉപയോഗിച്ചാണു. കൊത്തുറൊട്ടി സസ്യ സസ്യേതര രീതിയിൽ ലഭിക്കും.

ശ്രീലങ്കൻ കറികൾ അധികവും നാളികേരപ്പാൽ ചേർത്തിട്ടാണു ഉണ്ടാക്കുന്നത്‌.

പരമ്പരാഗത മുസ്ലീം മധുര പലഹാരമായ ” വട്ടളയപ്പം” വളരെ സ്വാദിഷ്ടമായിട്ടുള്ളതാണു. ശ്രീലങ്കയിൽപോകുന്നവർ രുചിച്ചു നോക്കണം അവിടത്തെ തദ്ദേശീയ വിഭവങ്ങൾ.

സ്തൂപങ്ങളിലൂടെ നടത്തിയ പ്രദക്ഷിണം കഴിഞ്ഞ്‌ രാത്രി സുഖായിട്ട്‌ കിടന്നുറങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English