ശ്രീലങ്കന്‍ യാത്രകള്‍ 2


 

 

 

 

 

 

ശ്രീലങ്കൻ ജനതയുടെ ജീവിത രീതിയുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങൾ യാത്രാ മദ്ധ്യേ ദിനേഷ്‌ പറഞ്ഞുകൊണ്ടിരുന്നു.

ജനസംഖ്യയുടെ 75% സിംഹളരാണെന്നും രണ്ടാം സ്ഥാനത്ത്‌ തമിഴ്‌ വംശജർ ആണെന്നുമുള്ള അറിവ്‌ ലഭിച്ചു. 10% ത്തോളം മുസ്ലീം ജനസംഖ്യയുണ്ട്‌ ശ്രീലങ്കയിൽ.

സിംഹളരിലും തമിഴരിലും മുസ്ലീങ്ങൾ ഉണ്ട്‌. കൂടാതെ ആദിവാസികളായ വേടരും കൂടി ചേർന്നതാണു ശ്രീലങ്കൻ ജനത.

സുഗന്ധവ്യഞ്ജനങ്ങൾക്ക്‌ പേരുകേട്ട ഇടമാണ്‌ ശ്രീലങ്ക. കറുവപ്പട്ടയുടെ ജന്മദേശം ഇതാണത്രെ. ധാരാളം സുഗന്ധവ്യഞ്ജന തോട്ടങ്ങൾ ശ്രീലങ്കയിൽ ഉണ്ട്‌ എന്നുള്ള വിവരവും ദിനേഷ്‌ പങ്കുവച്ചു. കൂടാതെ സിലോൺ ചായയും ലോക പ്രശസ്തമാണ്‌.

ശ്രീലങ്കയിലെ ആകെ ജനസംഖ്യ രണ്ടു കോടിയുടെ മീതെ വരുമെന്നാണ്‌ ദിനേഷ്‌ പറഞ്ഞത്‌. അതിൽ 80% നും സ്വന്തമായി ഭൂമിയും വീടും ഉള്ളവരും ആണത്രെ. നെല്ലും തെങ്ങും ആണ്‌ പ്രധാനമായും കൃഷി ചെയ്യുന്നത്‌.

ശ്രീലങ്കയിൽ ഔദ്യോഗിക ഭാഷ രണ്ടെണ്ണമാണ്‌. സിംഹളയും തമിഴും. ഇംഗ്ലീഷ്‌ ഒരു അനുബന്ധ ഭാഷയുമാണ്‌.സ്ഥലപ്പേരുകൾ ഇംഗ്ലീഷിലും എഴുതിവച്ചിട്ടുണ്ട്‌.

ശ്രീലങ്കയിൽ നൂറിലധികം നദികളുണ്ട്‌, അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും നീളം കൂടിയതും മഹാവെലി (Mahaveli) നദിയാണ്‌ എന്നൊക്കെ ദിനേഷ്‌ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളും വിട്ടുകൊടുത്തില്ല, പേരാറും പെരിയാറും പോയിട്ട്‌ ഗംഗയേയും യമുനയേയും ഒക്കെ കൂട്ടുപിടിച്ച്‌ കട്ടയ്ക്ക്‌ നിന്നു.

എല്ലാ മാസത്തിലേയും പൗർണ്ണമി ദിവസം -” പോയ ( Poya) “എന്ന് പറയും – ശ്രീലങ്കയിൽ പൊതു അവധി ആണത്രെ. ആ ദിവസം ബുദ്ധമതാനുയായികൾ ഉപവാസം അനുഷ്ഠിക്കും.
പലതും സംസാരിച്ചു വന്നപ്പോൾ വിഷയം ശ്രീലങ്കൻ പതാകയെക്കുറിച്ചായി. ഞങ്ങളുടെ ചോദ്യങ്ങൾക്ക്‌ സൗമ്യനായി മറുപടി പറഞ്ഞുകൊണ്ടിരുന്നു ദിനേഷ്‌.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാകകളിൽ ഒന്നാണു ശ്രീലങ്കയിലേത്‌ എന്നും അതിൽ മൂന്ന് പ്രധാന മതങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ഉണ്ടെന്നും ദിനേഷ്‌ പറഞ്ഞു തന്നു.
പതാകയിലെ സിംഹരൂപം ആദ്യ രാജാവായിരുന്ന വിജയസിംഹന്റെ കാലം മുതൽ നിലനിന്നിരുന്നതാണത്രെ.

ഇപ്പോഴുള്ള പതാക 1972ൽ നവീകരിക്കപ്പെട്ടതാണെന്നും പറഞ്ഞു.

ഇന്ത്യയിലേത്‌ പോലെ ശ്രീലങ്കയിലെ പതാകയിലെ അടയാളങ്ങൾക്കും അർത്ഥമുണ്ട്‌.

രാജ്യത്തിന്റെ കരുത്തും ധൈര്യവും വെളിപ്പെടുത്തുന്നതാണ്‌ പതാകയിലെ സിംഹത്തിന്റെ രൂപം.

നാല് ആലിലകൾ ബുദ്ധമതത്തേയും അതിന്റെ നാലു ധർമ്മങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.

ഓറഞ്ച്‌ നിറം ഹിന്ദു/ തമിഴ്‌ സമൂഹത്തേയും പച്ച നിറം മുസ്ലീം/ മൂർ ( വംശീയന്യൂനപക്ഷം) സമൂഹത്തേയും മഞ്ഞക്കര ശ്രീലങ്കയിൽ താമസിക്കുന്ന മറ്റ്‌ സംസ്ക്കാര പാരമ്പര്യമുള്ളവരേയുംപ്രതിനിധീകരികരിക്കുന്നു. മറൂൺ നിറം ഭൂരിപക്ഷമായ സിംഹളരേയും സൂചിപ്പിക്കുന്നു. ശ്രീലങ്കയെപ്പറ്റി നല്ല വിവരമുള്ള ആളാണ്‌ ദിനേഷ്‌ എന്ന് മനസ്സിലായി. ഗൈഡിന്റെ ജോലിയുടെ ഭാഗമാണല്ലൊ അതെല്ലാം.

അനുരാധപുരയിൽ മനുഷ്യനാൽ നട്ടു പിടിപ്പിച്ച, ലോകത്തിലെ ഏറ്റവും പഴക്കമേറിയ മരം കാണിച്ചുതരാമെന്ന്പറഞ്ഞു ദിനേഷ്‌. സിദ്ധാർത്ഥനു തത്വബോധമുണ്ടായ സ്ഥലത്തെഅതേ ബോധിവൃക്ഷമാണു ഇതിന്റെ മാതൃവൃക്ഷമെന്ന് വളരെ വിശ്വാസത്തോടേയും അഭിമാനത്തോടേയുമാണ്‌ ദിനേഷ്‌ പറഞ്ഞത്‌.

വണ്ടിയുടെ സൈഡിലുള്ള ജനാലയിലൂടെ കാഴ്ച്ചകൾ മിന്നി മറഞ്ഞുകൊണ്ടിരുന്നു. വഴിയിൽ ശ്രീലങ്കൻ Air Force ന്റെ വലിയൊരു താവളം ശ്രദ്ധയിൽ പെട്ടു. രണ്ട്‌നിര വേലികൾ കെട്ടി ബന്തവസ്സാക്കിയ സ്ഥലം. പോകുന്ന വഴിയിൽ ചെറിയ തോതിലുള്ള ബുദ്ധക്ഷേത്രങ്ങളും പഗോഡകളും കണ്ടു.

ഞങ്ങളുടെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു് ആണ്ടിയമ്പലന (Andiambalana ) എന്നാണ്‌ പേരു് എഴുതി കണ്ടത്‌. കൊളംബോയിൽ നിന്ന് വാൽപാലയ്ക്ക്‌ പോകുന്ന വഴിയിലാണ്‌ ഈ സ്ഥലം.

വണ്ടിഒരു ഗ്രാമീണപാതയിലേയ്ക്ക്‌ തിരിഞ്ഞ്‌ കുറച്ച്‌ ദൂരം ചെന്നപ്പോൾ ഞങ്ങളുടെ വാസസ്ഥലമായി. വൈകുന്നേരം 5.30 മണിയോടു കൂടി ഞങ്ങൾ അവിടെ എത്തി.

അന്ന് രാത്രി ഞങ്ങൾ മാത്രമെ അവിടെ താമസക്കാരായി ഉണ്ടായിരുന്നുള്ളു. നാലു കോട്ടേജുകളാണു് അവിടെ ഉള്ളത്‌. മറ്റൊരു കെട്ടിടത്തിൽ, താഴെ ഓഫീസ്‌ മുറിയും രണ്ടാം നിലയിൽ രണ്ടു മുറികളും ഉണ്ട്‌. മുമ്പിൽ ഒരുനീന്തൽക്കുളവും, നല്ല സ്ഫടികം പോലത്തെ വെള്ളം. നീന്തൽക്കുളവും ഉദ്യാനവും വൃത്തിയായി പരിപാലിക്കുന്നുണ്ട്‌.

വൈക്കോൽ മേഞ്ഞ മേൽക്കൂരയോടു കൂടിയവയായിരുന്നു വാസ ഗൃഹങ്ങൾ. കണ്ണാടി ചുമരുകൾക്കുള്ളിൽ ശീതീകരണ സംവിധാനവും ഉണ്ടായിരുന്നു.

രാത്രി ഭക്ഷണത്തിനു് ചോറാണോ വേണ്ടതെന്ന് ആതിഥേയൻ ചോദിച്ചു. പണ്ടുകാലത്ത്‌ ഉച്ചയ്ക്കും രാത്രിയിലും ചോറുണ്ടിരുന്ന മലയാളികൾക്ക്‌ ഇപ്പോൾ അത്താഴത്തിനു് ചപ്പാത്തി ആണല്ലൊ പഥ്യം. മലയാളികളുടെ വില കളയണ്ട എന്ന് വിചാരിച്ച്‌ ” അത്താഴത്തിന്‌ ചോറു് പതിവില്ല, ചപ്പാത്തിയൊ മറ്റൊ കിട്ടിയാൽ നന്നായിരുന്നു” എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവിടത്തെ കുക്ക്‌ കം വെയിറ്റർ കണ്ണ്‌ തുറിച്ച്‌ അത്ഭുതപ്പെട്ടൊരു നോട്ടം. പറഞ്ഞത്‌ മനസ്സിലായില്ലെ എന്ന് വിചാരിച്ച്‌ വീണ്ടും വീണ്ടും പറഞ്ഞു.. ” ചപ്പാത്തി… വീറ്റ്‌ ചപ്പാത്തി” കൂടാതെ പരത്തുന്ന ആംഗ്യവും കാണിച്ചു. പോലീസിന്റെ ഉരുട്ടലാണെന്ന് വിചാരിച്ചാവോ പാവം…

ഇടിയപ്പം, പറോട്ട, ചപ്പാത്തി, പച്ചക്കറി കൊണ്ടുണ്ടാക്കിയ ഒരു കറി ഇത്രയുമായിരുന്നു രാത്രി ഭക്ഷണം. പോരെ…?തൃപ്തിയായി.
നീന്തൽക്കുളത്തിലെ നീന്തലും യാത്രാ ക്ഷീണവും കാരണം അത്താഴം കഴിച്ച്‌ വേഗം കിടന്നുറങ്ങി.

തീരുമാനിച്ചിരുന്നതു പോലെ പിറ്റേ ദിവസം രാവിലെ എട്ടു മണിക്ക്‌ തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഏഴുമണിയ്ക്ക്‌ തന്നെ പ്രാതൽ തയ്യാറായിരുന്നു. ഇടിയപ്പവും സ്റ്റ്യൂവും ബ്രഡും ഓംലറ്റും. നല്ല സ്വാദുള്ള ഭക്ഷണമായിരുന്നു.

അവിടത്തെ കുക്ക്‌ കം വെയിറ്ററെ പരിചയപ്പെടണ്ടെ..? തമിഴ്‌ വംശജനായ ഷണ്മുഖനാണ്‌ സ്വാദേറിയ വിഭവങ്ങൾ ഞങ്ങൾക്ക്‌ പാചകം ചെയ്ത്‌ തന്നത്‌. ഷണ്മുഖന്റെ അച്ഛൻ കോയമ്പത്തൂരുകാരനായിരുന്നുവത്രെ. അച്ഛൻ തൊഴിൽ തേടി ശ്രീലങ്കയിൽ എത്തി. പിന്നീട്‌ വിവാഹം കഴിച്ച്‌ കുടുംബമായി ശ്രീലങ്കയിൽ തന്നെ തുടർന്നു.

മറ്റൊരാളെക്കൂടി പരിചയപ്പെടുത്തുവാനുണ്ട്‌. ഇന്നലെ മുതൽ ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട്‌ സുമുഖനായ ചെറുപ്പക്കാരൻ അവിടെ ഉണ്ടായിരുന്നു. ഷണ്മുഖന്റെ അസിസ്റ്റന്റ്‌ എന്ന് പറയാം. പേരു് കലൗ.

ഇരുവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇന്നലെ പഠിച്ച പുതിയ അഭിവാദ്യ വാക്യം ഞങ്ങൾ ഓർത്തു- ‘ആയുബോവൻ’. ശ്രീലങ്കക്കാർ അഭിവാദ്യം ചെയ്യാൻ സാമാന്യേന ഉപയോഗിക്കുന്നത്‌ ഈ വാക്കാണല്ലൊ.

അന്നത്തെ യാത്ര അനുരാധപുരത്തേയ്ക്കായിരുന്നു. എ ഡി പതിനൊന്നാം നൂറ്റാണ്ടുവരെ സിംഹള രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം അനുരാധപുരം ആയിരുന്നു. ശ്രീലങ്കയിലെ പ്രധാന ബുദ്ധമത കേന്ദ്രവും കൂടിയാണിത്‌….ദിനേഷ്‌ വിവരണങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.

കൊളംബോയിൽ നിന്ന് 162 കി മീ ദൂരെയാണ്‌ അനുരാധപുരം. ശ്രീലങ്കയിലെ പ്രധാന ദേശീയ പാതയിലൂടെ ആയിരുന്നു യാത്ര. രണ്ടു വരി മാത്രമുള്ള പാത. പക്ഷെ വളരെ ദൂരത്തേയ്ക്ക്‌ കാണാവുന്ന രീതിയിൽ ഋജുവായ നല്ല റോഡായിരുന്നു. മാത്രവുമല്ല, അവിടെ ഉള്ളവർക്ക്‌ വാഹനങ്ങൾ ഓടിക്കുന്നതിലും റോഡിൽ അച്ചടക്കം പാലിക്കുന്നതിലും നല്ല ശ്രദ്ധയും ഉണ്ടെന്ന്മനസ്സിലായി. ഹെൽമറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനങ്ങളിൽ ആരേയും കണ്ടില്ല. ശ്രീലങ്കയിൽ ട്രാഫിക്‌ നിയമങ്ങൾ തെറ്റിക്കുന്നവർക്ക്‌ കടുത്ത ശിക്ഷ നൽകുന്നതുകൊണ്ടാകും റോഡിലെ അച്ചടക്കം കാണാൻ സാധിക്കുന്നത്‌. ലൈസൻസില്ലാതെ വാഹനം ഓടിച്ചാലും, മദ്യപിച്ച്‌ വാഹനം ഓടിച്ചാലും 25000 രൂപ മുതൽ 30000 രൂപ വരെ ഫൈനും ഒരു വർഷം വരെ ജയിൽ വാസവും ശിക്ഷയായി ലഭിച്ചെന്നിരിക്കും.

നിരത്തിൽ ധാരാളമായി കണ്ടത്‌ അഷോക്‌ ലെയ്‌ലാൻഡ്‌ ബസ്സുകളായിരുന്നു. സർക്കാർ ബസ്സുകളും സ്വകാര്യബസ്സുകളും ഒക്കെ അത്‌ തന്നെ.

വഴിയരികിൽ സമൃദ്ധമായി കണ്ട മറ്റൊരു കാഴ്ച്ച ബുദ്ധ കുടീരങ്ങളാണ്‌. പഗോഡകളിൽ നിന്നും വ്യത്യസ്തമാണത്രെ സ്തൂപങ്ങൾ. ഉള്ളിലേയ്ക്ക്‌ കടന്ന് ചെന്ന് പ്രാർത്ഥിക്കാവുന്ന മുറികളൊ സൗകര്യങ്ങളൊ പൊതുവെ ഉണ്ടാവില്ല. ഭക്തർ വന്ന് തൊഴുത്‌ കാണിക്ക അർപ്പിച്ചിട്ട്‌ പോകും. അത്രേഉള്ളൂ.

പ്രധാനപ്പെട്ട ചില പട്ടണങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. പട്ടണങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മടെ കൊച്ചി, തൃശ്ശൂർ പോലത്തെ തിരക്കേറിയ സ്ഥലങ്ങൾ എന്നൊന്നും തോന്നണ്ട. വലിയ കടകളുണ്ടെങ്കിലും ജനത്തിരക്ക്‌ വളരെ കുറവ്‌.

 

 

 

 

 

 

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here