പിറ്റേ ദിവസം രാവിലെ സിഗിരിയ കോട്ട കാണുവാനായി പോയി. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ചരിത്ര സ്മാരകമാണിത്. വലിയൊരു പാറയ്ക്ക് മുകളിൽ പുരാതന രാജകൊട്ടാരത്തിന്റെയും ജലവിതരണ സംവിധാനത്തിന്റേയും മറ്റും അവശിഷ്ടങ്ങൾ കാണാം. നിർവ്വീര്യമായ ഒരു അഗ്നിപർവ്വതത്തിന്റെ ലാവ ഖനീഭവിച്ച് ഉണ്ടായതാണത്രെ ആ വലിയ പാറ. സിഗിരിയ എന്ന വാക്കിന്റെ അർത്ഥം സിംഹത്തിന്റെ പാറ എന്നാണു.
സിഗിരിയ പാറയ്ക്ക് മുകളിൽ കൊട്ടാരം പണിതതിനെപ്പറ്റി ഒരു കഥയുണ്ട്.
അനുരാധപുരയിലെ രാജാവായിരുന്ന ധാതുസേനന് രാജ്ഞിയിൽ ഉണ്ടായ പുത്രൻ മോഗല്ലണ്ണനും ദാസിയിൽ ഉണ്ടായ പുത്രൻ കശ്യപനും ആയിരുന്നു. രാജ്യം സ്വന്തമാക്കാനായി കശ്യപൻ ധാതുസേന രാജാവിനെ തടങ്കലിലാക്കി സ്വയം രാജാവായി അവരോധിച്ചു. മോഗല്ലണ്ണൻ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തു. മൊഗല്ലണ്ണൻ തിരിച്ചു വന്ന് യുദ്ധം ചെയ്യും എന്ന് ഭയപ്പെട്ടിരുന്ന കശ്യപരാജാവ് തലസ്ഥാനം അനുരാധപുരയിൽ നിന്നും മാറ്റി സുരക്ഷമായൊരു കൊട്ടാരം സിഗിരിയയിൽ പണിതു.
വൻ സന്നാഹത്തോടെ വന്ന് മൊഗല്ലണ്ണൻ കശ്യപനെ തോൽപ്പിച്ച് രാജ്യം വീണ്ടെടുക്കുന്നു. മൊഗല്ലണ്ണൻ രാജ്യതലസ്ഥാനം വീണ്ടും അനുരാധപുരത്തേയ്ക്ക് മാറ്റുകയും സിഗിരിയ ഒരു ബുദ്ധ വിഹാര കേന്ദ്രമാക്കുകയും ചെയ്തു.
രാവണന്റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് സിഗിരിയ എന്ന് കേരളത്തിലെ ചില സുഹൃത്തുക്കൾ പറയുകയുണ്ടായി. അതിന്റെ ആധികാരികതയെപ്പറ്റി നിശ്ചയമില്ല.
ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിൽ സിഗിരിയയെക്കുറിച്ചും അവിടെ നിന്നും കണ്ടു കിട്ടുന്ന ഒരു രേഖയെക്കുറിച്ചുമൊക്കെ വർണ്ണിക്കുന്നുണ്ട്.
ആയിരത്തിയഞ്ഞൂറിൽ അധികം പടികൾ കയറി വേണം പാറയുടെ മുകളിലേയ്ക്ക് എത്താൻ. കയറ്റവും ഇറക്കവും അത്ര എളുപ്പമല്ല. അതുകൊണ്ട് ഞങ്ങൾ സിഗിരിയ പാറയെ ദൂരെ നിന്ന് കണ്ടതേയുള്ളൂ, മുകളിലേയ്ക്ക് കയറിയില്ല.
സിഗിരിയയിൽ നിന്നും കാൻഡിയിലേയ്ക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയിൽ ഡംബുള്ളയിലുള്ള ക്ഷേത്രങ്ങളെപ്പറ്റി ദിനേഷ് ഒരു വിവരണം തന്നു. 2000 ൽ അധികം വർഷങ്ങൾ പഴക്കമുള്ളതും യുനസ്ക്കൊയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളതുമായ ബുദ്ധക്ഷേത്രങ്ങളാണവ, ഡംബുള്ള കേവ് ടെമ്പിളും ഗോൾഡൻടെമ്പിളും.
അഞ്ച് ഗുഹകളിലായി അനേകം ബുദ്ധ പ്രതിമകളും ബുദ്ധന്റെ ജീവചരിത്രം വെളിപ്പെടുത്തുന്ന പെയിന്റിംഗുകളും ഗുഹാക്ഷേത്രത്തിൽ കാണാം. 153 ബുദ്ധ പ്രതിമകളും മറ്റു ദേവീ ദേവന്മാരുടേയും പഴയ കാല രാജാക്കന്മാരുടേയും പ്രതിമകളും അവിടെയുണ്ട്. ഗോൾഡൻ ടെമ്പിൾ പാതയ്ക്കടുത്ത് മലയുടെ അടിവാരത്തിലും കേവ് ടെമ്പിൾ മുകളിലുമാണ്. ഗോൽഡൻ ടെമ്പിളിൽ നിന്നും പടികൾ കയറി ഗുഹാക്ഷേത്രത്തിൽ എത്താം. ഞങ്ങൾ ഗോൾഡൻ ടെമ്പിളിൽ മാത്രമെ പോയൊള്ളു. ബുദ്ധന്റെ സുവർണ്ണ വർണ്ണത്തിലുള്ള, ഭീമാകാരമായ ഒരു പ്രതിമ ഈ ക്ഷേത്രത്തിലുണ്ട്. വരിവരിയായി നിൽക്കുന്ന ബുദ്ധഭിക്ഷുക്കളുടെ പ്രതിമകൾ കൗതുകമുണർത്തി.
ഒരു കാര്യം ശ്രീലങ്കയിൽ ശ്രദ്ധിക്കാനുള്ളത് ദിനേഷ് പറഞ്ഞു തന്നു. ഞങ്ങൾ ശ്രീബുദ്ധന്റെ വലിയ പ്രതിമയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴാണ് ദിനേഷ് ആ കാര്യം പറഞ്ഞത്. ഒരിക്കലും ബുദ്ധപ്രതിമയ്ക്ക് പുറം തിരിഞ്ഞ് നിന്ന് ഫോട്ടോ എടുക്കരുത്. ബുദ്ധ പ്രതിമയെ നോക്കുന്ന വിധത്തിൽ നിന്നു വേണം ഫോട്ടോ എടുക്കുവാൻ. ഈ ഒരു കാര്യം എല്ലാ സഞ്ചാരികളും വളരെ ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ ബുദ്ധന്റെ പ്രിന്റ് ഉള്ള വേഷങ്ങളും ( സാരി, ചുരിദാർ, ഷർട്ട്, സ്കർട്ട് എന്നിവ) ശ്രീലങ്കയിൽ ധരിക്കരുത്. അത് അവരുടെ മതത്തിനെ അവഹേളിക്കുന്നതായിട്ടാണു കണക്കാക്കുക. അതുകൊണ്ട് ശ്രീലങ്കയിലേയ്ക്ക് പോകാനായി പെട്ടി പായ്ക്കു ചെയ്യുമ്പോൾ ബുദ്ധന്റെ പ്രിന്റ് ഉള്ളവ ഒഴിവാക്കുക.
ഗോൾഡൻ ടെമ്പിളിൽ നിന്നും ഞങ്ങൾ പോയത് ഒരു ആയുർവ്വേദ ഔഷധത്തോട്ടം സന്ദർശ്ശിക്കുവാനാണു. വളരെ വാണിജ്യവത്ക്കരിക്കപ്പെട്ട ആ സ്ഥലം അത്ര മതിപ്പ് ഉളവാക്കിയില്ല. മാത്രമല്ല അവിടെയുള്ള ഔഷധ സസ്യങ്ങളും ഔഷധക്കൂട്ടുകളും കേരളത്തിലും ലഭ്യമാണല്ലൊ.
ഇപ്പോഴും ആളുകൾ പരമ്പരാഗത രീതിയിൽ തന്നെ താമസിക്കുന്ന ഒരു ഗ്രാമം കാണുവാനായിട്ടായിരുന്നു അടുത്ത യാത്ര. ഞങ്ങളുടെ വണ്ടി പാതയുടെ വശത്ത് പാർക്ക് ചെയ്തിട്ട് ഞങ്ങൾ കാളവണ്ടിയിൽ കയറി ഒരു തടാകക്കരയിൽ എത്തി. അവിടെ രണ്ട് ചെറിയ ചങ്ങാടത്തിൽ കയറി തുരുത്തിലുള്ള ഗ്രാമം കണ്ടു. അവിടെ ഇറങ്ങണമെന്നുണ്ടായിരുന്നുവെങ്കിലും നേരം വൈകിയതുകൊണ്ട് ആ ആഗ്രഹം ഉപേക്ഷിച്ച് യാത്ര തുടർന്നു.