ശ്രീലങ്കൻ യാത്ര : അവസാന അധ്യായം

This post is part of the series ശ്രീലങ്കൻ യാത്ര

Other posts in this series:

  1. ശ്രീലങ്കൻ യാത്ര : അവസാന അധ്യായം (Current)
  2. ശ്രീലങ്കന്‍ യാത്ര : അധ്യായം – ഒന്‍പത്

പിറ്റേ ദിവസം രാവിലെ  “ഉനവാടുണ” Unawatuna)  എന്ന സ്ഥലത്തുള്ള ജാപ്പനീസ്‌ പീസ്‌ പഗോഡ ( Japanese Peace Pagoda) യിലേയ്ക്ക്‌ പോയി.

തൂവെള്ള നിറത്തിൽ മണിയുടെ ആകൃതിയിലുള്ള സ്തൂപം. നാലു വശങ്ങളിലും വ്യത്യസ്തമായ മുദ്രകളോടുകൂടിയ ബുദ്ധ പ്രതിമകൾ. ബുദ്ധ പ്രതിമകൾക്കു താഴെ സുവർണ്ണ ലിപികളിൽ  ബുദ്ധ സൂക്തങ്ങൾ എഴുതിവച്ചിട്ടുണ്ട്‌. ശ്രീബുദ്ധന്റെ ജീവചരിത്രവും അവിടെ എഴുതി വച്ചിട്ടുണ്ട്‌. സ്തൂപത്തിനു ചുറ്റിലുമായി വേറേയും ധാരാളം ബുദ്ധ പ്രതിമകൾ കണ്ടു. ഒരു ശയന ബുദ്ധന്റെ പ്രതിമയും ഉണ്ട്‌ ആ അതിൽ.

സ്തൂപത്തിന്റെ അടുത്തുതന്നെ ഭീമാകാര രൂപം പൂണ്ട ഹനുമാന്റെ ഒരു പ്രതിമയും ഉണ്ട്‌.

ഒരുകൈയ്യിൽ മരുത്വാമലയും മറു    കയ്യിൽ ഗദയുമായി നിൽക്കുന്ന വീര ഹനുമാന്റെ പ്രതിമ ആണത്‌. പഗോഡയിൽ നിന്നുള്ള മനോഹരമായ കാഴ്ച്ചയൽ ഗല്ലി ലൈറ്റ്‌ ഹൗസും ഉൾപ്പെടുന്നു.

അവിടെ അടുത്തുള്ള ഒരു പഴയ ക്രസ്ത്യൻ ദേവാലയവും ഞങ്ങൾ സന്ദർശിച്ചു.

അവിടെയുള്ള മറ്റൊരാകർഷണമാണു ജങ്കിൾ ബീച്ച്‌ (Jungle beach). വളരെ കുത്തനെയുള്ള ഇറക്കവും കയറ്റവും ഉള്ളതുകൊണ്ട്‌  ജങ്കിൾ ബീച്ചിലേയ്ക്ക്‌ പോയില്ല.

തീരദേശ റോഡു മാർഗ്ഗമാണു തിരിച്ചു കൊളംബോവിലേയ്ക്ക്‌  തിരഞ്ഞെടുത്തത്‌. ചെറിയ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കണ്ടുള്ള യാത്ര വളരെ ഇഷ്ടപ്പെട്ടു.

പോകുന്ന വഴിയിൽ ആമകളെ സംരക്ഷി- ക്കുന്ന ഒരു ഫാം -Turtle farm and hatchery-സന്ദർശ്ശിച്ചു.  അവിടെ Turtle Conservation Project -നെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ടു. വംശനാശം സംഭവക്കുന്നതും  മീൻ വലകളിൽകുടുങ്ങി അപകടം  സംഭവിക്കുന്നതുമായ ആമകളെ രക്ഷപ്പെടുത്തി ഫാമിലേയ്ക്ക്‌ കൊണ്ടു  വരും. അവയുടെ മുട്ടകൾ വിരിഞ്ഞ്‌‌ കുഞ്ഞുങ്ങളെ അനുയോജ്യമായ സമയമാ-കുമ്പോൾ കടലിലേയ്ക്കു തന്നെ തരിച്ചു വിടുകയും ചെയ്യുന്നു.

ചെറിയ ആമക്കുഞ്ഞുങ്ങളെ കൈയ്യിലടുത്ത്‌ ലാളിക്കാനുള്ള അവസരം കിട്ടി. ആമക്കുഞ്ഞുങ്ങളെ കടലിലേയ്ക്ക്‌ വിടുന്നത്‌ കണ്ടിട്ട്‌ ഞങ്ങൾ അവടെ നിന്നു യാത്രയായി. ഇന്ത്യൻ മഹാ സമുദ്ര തീരത്തിലൂടെയുള്ള യാത്ര മനോഹരമായിരുന്നു.

പിന്നീട്‌ ഒരു സുഗന്ധവ്യഞ്ജനത്തോട്ടവും ഒരു രത്ന ഖനനകേന്ദ്രവും കണ്ടു. ചന്ദ്കാന്ത ( Moonstone)-
ത്തിന്റെഖനിയിലേക്കാണു ദിനേഷ്‌  ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്‌.  അവിടെ ഒരു ജീവനക്കാരൻ ഞങ്ങളോടൊപ്പംവന്ന് ഖനനസ്ഥലം (ചെറിയൊരു കുടിൽ) കാണിച്ചു തന്ന് അതിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചു  തന്നു.

കിണറുപോലെ ആഴമുള്ള ഒരു  കുഴിയിൽ നിന്നു മണ്ണു കുഴിച്ചെടുത്ത്‌  അടുത്തു തന്നെ  കൂനയാക്കി ഇടുന്നതിൽനിന്നും ജോലിക്കാർ  കല്ലുകൾ തിരഞ്ഞെടുക്കുന്നതാണു  ആദ്യത്തെ ഘട്ടം. ചന്ദ്രകാന്തക്കല്ലുകളിൽപറ്റിപ്പിടിച്ചിരിക്കുന്ന കുഴഞ്ഞ  പരുവത്തിലുള്ള മണ്ണു, വെള്ളത്തിൽ  നല്ലതു പോലെ കഴുകിക്കളഞ്ഞ്‌, വൃത്തിയാക്കിയെടുത്ത്‌  പരിശോധനയ്ക്ക്‌ വിടുന്നു. സൂക്ഷ്മമായപരിശോധനയ്ക്കു ശേഷം ഉറപ്പും  ഭംഗിയുമുള്ള കല്ലുകൾ പോളീഷ്‌  ചെയ്ത്‌  ആഭരണങ്ങളാക്കി  വിൽക്കുന്നു.

ശ്രീലങ്ക അമൂല്യമായ രത്നങ്ങൾക്കും  സെമി പ്രഷ്യസ്‌ കല്ലുകൾക്കും കേൾവി കേട്ട സ്ഥലമാണു. എന്നാൽ, വിലകൂടിയ രത്നങ്ങൾ വാങ്ങുമ്പോൾ  പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധവേണം.

കുറച്ചു ദൂരം ചെന്നപ്പോൾ മത്സ്യത്തിന്റെ മുകളിൽ ഇരിക്കുന്ന രൂപത്തിലുള്ളതും, നാലു തൃക്കൈകളോടുകൂടിയതും,  കൈകളിൽ ശംഖ്‌, ആയുധം  എന്നിവയോടു കൂടിയതും,  ശുഭ്രവസ്ത്രധാരിയും ആയ ഏതോ ദേവിയുടെ പ്രതിമ കണ്ടു. കരയിൽ,  കടലിനോട്‌ ചേർന്ന് ക്ഷേത്രവും.  ക്ഷേത്ര കവാടത്തിലാണു   ദേവിയുടെ പ്രതിമ കണ്ടത്‌. സിനിഗമ ക്ഷേത്രം ആണ് ഇതെന്നും  വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചാൽ നഷ്ടപ്പെട്ട സാധനം  തിരിച്ചു കിട്ടും എന്നുമാണു ഇവിടത്തുകാരുടെ വിശ്വാസം എന്നും  ദിനേഷ്‌ പറഞ്ഞുതന്നു.

അടുത്തതായി ബെന്റോട്ട ( Bentota)
എന്ന സ്ഥലത്തുള്ള സുനാമി  സ്മാരകവും അടുത്തു തന്നെയുള്ള പുതുതായി നിർമ്മിച്ച ശ്രീബുദ്ധന്റെ
വലിയ പ്രതിമയും കണ്ടു.

2006 -ൽ ഉണ്ടായ സുനാമിയിൽ  ഏറെ നാശനഷ്ടങ്ങളുണ്ടായ  സ്ഥലമാണു ബെന്റോട്ട. വീണ്ടുമൊരുബിസുനാമി ഉണ്ടാകാതെ പുതിയ ബുദ്ധ
പ്രതിമ  രക്ഷിക്കും എന്ന്  നാട്ടുകാർ  വിശ്വസിക്കുന്നു.

54 അടി ഉയരത്തിൽ സമുദ്രത്തിന് അഭിമുഖമായി നിൽക്കുന്ന രീതിയിൽ അഭയമുദ്രയുമായി വാഴുന്ന ബുദ്ധപ്രതിമ നിർമ്മിച്ചത്‌ ജപ്പാനിലെ ഹൊൻഗാഞ്ജി ക്ഷേത്ര( Honganji Temple)ത്തിന്റെ സഹായസഹകര- ണത്തോടെയാണു. അഭയമുദ്ര നിർഭയത്വത്തേയും സംരക്ഷണത്തേയുമാണു പ്രതിനിധാനം ചെയ്യുന്നതത്രെ.  മനോഹരമായ ഒരു പൊയ്കയുടെ  നടുവിലുള്ള പീഠത്തിലാണു പ്രതിമ  പണിതിരിക്കുന്നത്‌.

‘IPHA Lanka’ Tours- ന്റെ മേധാവി  ആന്റണി, പ്രത്യേക താത്പര്യ പ്രകാരം ഞങ്ങളെ കാണുവാനായി കൊളംബോയിലുള്ള
റസ്റ്ററന്റിലെത്തിയത്‌  വളരെ സന്തോഷകരമായ
അനുഭവമായി.

ഏഴു മണിയോടെ ഞങ്ങൾ കൊളംബോ ബണ്ടാരനായകെ ഇന്റർനാഷണൽ  എയർപോർട്ടിൽ എത്തി. രാത്രി 12.20 -നു  മെൽബണിലേയ്ക്കുള്ള ഞങ്ങളുടെ ഫ്‌ലൈറ്റ്‌. ഫ്ലൈറ്റിന്റെ സമയം  ആകുന്നതു വരെ വിമാനത്താവളത്തിൽ കറങ്ങി.

ശ്രീലങ്കൻ എയർലൈൻസിന്റെ
മെൽബണിലേയ്ക്കുള്ള വിമാനത്തിൽ കയറി അൽപ്പ സമയം കഴിഞ്ഞപ്പോൾ ക്ഷീണവും സംതൃപ്തിയുമായി ഉറക്കത്തിലേക്ക് മെല്ലെ ആണ്ടിറങ്ങി.

 

 

 

 

 

 

അവസാനിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here