ശ്രീലങ്കന്‍ യാത്ര : അധ്യായം – പത്ത്

 

29-താം തീയതി രാവിലെ 6 മണിയായപ്പോഴേക്കും പ്രഭാത ഭക്ഷണത്തിനു് ശേഷം കുടുംബാംഗങ്ങൾ തിരിച്ച്‌ കേരളത്തിലേക്കുള്ള മടക്കയാത്രക്ക്‌ റെഡിയായി.

ഞങ്ങളുടെ മെൽബണിലേക്കുള്ള ഫ്ലൈറ്റ്‌ അടുത്ത ദിവസമേയുള്ളൂ. ദിനേഷിന്റെ അഭിപ്രായപ്രകാരം ‘ഗല്ലി’ എന്ന തീരദേശ പട്ടണത്തിലേയ്ക്ക്‌ പോകാമെന്ന് തീർച്ചയാക്കി രാജീവും ഞാനും അവിടേക്ക്‌ പുറപ്പെട്ടു.

കൊളംബോയിൽനിന്നു 126 കി . മീറ്റർ ദൂരമുണ്ട്‌ ഗല്ലിയിലേക്ക്‌. സതേൺ എക്സ്പ്രസ്സ്‌ വേ(Southern Express Way)- യിൽക്കൂടിയായിരുന്നു യാത്ര. ഈ ഹൈവേയിൽ ടോൾ( toll) ഉണ്ട്‌. രണ്ടര മണിക്കൂറിലധികം സമയമെടുക്കില്ല ഗല്ലിയിൽ എത്താൻ.
കൊളംബോയിൽനിന്നു തെക്ക്‌ പടിഞ്ഞാറേ മൂലയിലുള്ള ‘Galle’- ഗല്ലി ഒരു ചെറിയ തീരദേശ പട്ടണമാണു. ദിനേഷ്‌ തന്നെയായിരുന്നു സാരഥി.

2004 ഡിസംബർ 26-)0 തീയതി ഉണ്ടായ സുനാമി വൻ നാശനഷ്ടങ്ങളാണു ഗല്ലിയിൽ ഉണ്ടാക്കിയത്‌. എന്നാൽ, ആ വൻ തിരകൾക്കിടയിലും കോട്ടംതട്ടാതെ നിൽക്കുന്നുണ്ട്‌ ഗല്ലിയിലെ കോട്ട. പോർച്ചുഗീസുകാരുടെ കാലത്ത്‌ ഗല്ലി ആയിരുന്നു ശ്രീലങ്കയിലെ( അന്നത്തെ സിലോൺ) പ്രധാന തുറമുഖം. എന്നാൽ, ഡച്ചു ഭരണക്കാലത്ത്‌ ഗല്ലിയായിരുന്നുവത്രെ ദ്വീപിന്റെ തലസ്ഥാനം.

ഗല്ലിക്ക് ആ പേരു കിട്ടിയതിനെക്കുറിച്ചുള്ള കഥകൾ രസകരമാണു. കഥകൾ അങ്ങനെതന്നെ ആയിരിക്കണമല്ലൊ…

പോർച്ചുഗീസുകാർ ആദ്യമായി ഗല്ലി തീരത്തെത്തിയപ്പോൾ പൂവൻകോഴി കൂവുന്നതു കേട്ടുവെന്നും പോർച്ചുഗീസ്‌ ഭാഷയിൽ “ഗലൊ” ( galo) എന്നു പറഞ്ഞുവെന്നുമാണു ഒരു കഥ.

” ഗല” എന്ന സിംഹള വാക്കിൽ നിന്നാണു ഗല്ലി ലഭിച്ചതെന്നാണു ചിലരുടെ വിശ്വാസം. “ഗല” എന്നാൽ ” പാറ” എന്ന്‌ അർഥം വരുമത്രെ.

പുതുതായി പണികഴിപ്പിച്ച പ്രദേശവും പുരാതന ഭാഗവും ഇവിടെ കാണാം. പുരാതന ഗല്ലി കാണാനായിരുന്നു ഞങ്ങൾക്ക്‌ കൂടുതൽ താൽപ്പര്യം.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ ഗല്ലി കോട്ട ( Galle Fort)യിലേക്ക് പോയി. പോർച്ചുഗീസുകാർ 16ാ‍ം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണു ആ വലിയ കോട്ട. പിന്നീട്‌ ഡച്ചുകാർ കോട്ട വിപുലീകരിച്ചു. ഒരു ക്ലോക്ക്‌ ടവറും ഉണ്ട്‌. വളരെ പുരാതനമായ കോട്ടയാണെങ്കിലും അതിനുള്ളിൽ കർമവ്യാപൃതരായ സമൂഹത്തെ നമുക്കു കാണുവാൻ സാധിക്കും. ഗവ. കാര്യാലയങ്ങൾ, കമ്പനികൾ, കഫേകൾ, റസ്റ്ററണ്ടുകൾ, കടകൾ, ഹോട്ടലുകൾ അങ്ങനെ നീളുന്നു ലിസ്റ്റ്‌.

ഏറ്റവും വെളിയിലുള്ള കോട്ട മതിലിലൂടെയുള്ള നടത്തം വളരെ ആസ്വാദ്യകരമായിരുന്നു. കോട്ടയുടെ മുകളിൽനിന്നുള്ള കാഴ്ച്ചയും മനോഹരമാണു. ഗല്ലി ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്റ്റേഡിയവും സുനാമിക്ക്‌ ശേഷം പണി കഴിപ്പിച്ച മഹീന്ദ രാജപക്സെ പവിലിയനും കോട്ടയുടെ മുകളിൽനിന്നുള്ള കാഴ്ച്ചയിൽ ഉൾപ്പെടുന്നു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലമാണു ഗല്ലിഫോർട്ട്‌.

ശ്രീലങ്കൻ ക്രിക്കറ്റ്‌ ടീമിനു ഭാഗ്യം നൽകുന്ന സ്റ്റേഡിയമാണത്രെ ഗല്ലി ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്റ്റേഡിയം. സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന ഈ സ്റ്റേഡിയം, ധാരാളം പ്രതിഭാധനരായ സ്പിൻ ബൗളന്മാരുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ‌ടീമിന്റെ പ്രിയപ്പെട്ട സ്റ്റേഡിയമായി മാറിയതിൽ അത്ഭുതപ്പെടാനില്ലല്ലൊ.

ഗല്ലി ലൈറ്റ്‌ ഹൗസ്‌ കണ്ടിട്ട്‌ അവിടെ കുറച്ച്‌ നേരം നടന്നു. ഒരു വിശേഷപ്പെട്ട കാഴ്ച്ച- Stilt fishing- സഞ്ചാരികൾ ഏറെ കൗതുകത്തോടെ പകർത്തുന്ന കാഴ്ച്ച- കാണിച്ചു തരാമെന്ന് പറഞ്ഞ്‌ ദിനേഷ്‌ ഞങ്ങളെ കുറച്ചു ദൂരെയുള്ള ബീച്ചിലേക്ക്‌ കൊണ്ടുപോയി.

പോകുന്ന വഴിക്ക്‌ മുക്കുവർ കടലിൽ നിന്നു വല കരയിലേക്ക്‌ വലിച്ചു കയറ്റുന്നത്‌ കാണുവാൻ കാർ സൈഡിൽ നിർത്തി, ഞങ്ങളിറങ്ങി അവരുടെ അടുത്തേയ്ക്ക്‌ ചെന്നു.

ചില ചെറിയ കുഞ്ഞുങ്ങൾ ‘ഞങ്ങളാണു ഈ അദ്ധ്വാനിക്കുന്നത്‌ മുഴുവൻ’ എന്ന മട്ടിൽ കയറിന്റെ അറ്റത്ത്‌ പിടിച്ച്‌ നിൽക്കുന്നുമുണ്ടായിരുന്നു.

മുക്കുവരിൽനിന്നും നേരിട്ട്‌ ‘പെടയ്ക്കണ മീൻ’ വാങ്ങുവാനായി ധാരാളം ജനങ്ങൾ കടൽത്തീരത്ത്‌ എത്തിയിട്ടുണ്ടായിരുന്നു.

വല തീരത്തോട്‌ അടുത്തപ്പോൾ കടലമ്മയുടെ നിധി കണ്ടു. ദിവസങ്ങൾ, രാവും പകലും കടലിൽ ചിലവഴിച്ച്‌ തിരികെ എത്തിയവരെ വരവേൽക്കാനായി, ഒക്കത്ത്‌ കുഞ്ഞുങ്ങളെയും വച്ച്‌ വീട്ടമ്മമാരും എത്തിയിരുന്നു ആ കടപ്പുറത്ത്‌.

മീനുകളെല്ലാം ഒരു ടാർപ്പോളിൻ ഷീറ്റിലേയ്ക്ക്‌ തട്ടിയിട്ട്‌ വിലപേശലും വിൽപ്പനയും തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും കൊഗ്ഗല ബീച്ചിലേക്ക്‌ തിരിച്ചു.

ദൂരെ നിന്നുതന്നെ കണ്ടു , വടിയിൽ ബാലൻസ്‌ ചെയ്ത്‌ നിന്ന് ചൂണ്ടയിട്ട്‌ മീൻ പിടിക്കുന്നവരെ. സഞ്ചാരികൾ ഇവിടെ വന്ന് ഈ വടിയിൽ നിന്നുള്ള മീൻപിടുത്തത്തിന്റെ ഫോട്ടോ എടുക്കാറുണ്ടെന്നും ഫോട്ടോ എടുക്കുന്നതിനു നല്ല തുക സഞ്ചാരികളുടെ പക്കൽനിന്നു ഇവർ ഈടാക്കാറുണ്ടെന്നും ദിനേഷ്‌ പറഞ്ഞു.

ശ്രീലങ്കയിലെ പടിഞ്ഞാറൻ തീരദേശത്തു മാത്രം കാണാനാവുന്ന ഒരു പ്രത്യേകതരം മീൻ പിടുത്തമാണിത്‌. കരയിൽനിന്നു വളരെ ദൂരെയല്ലാതെ, വെള്ളത്തിൽ നാട്ടിയ നീളത്തിലുള്ള ഒരു വടിയിൽ ബാലൻസ്‌ ചെയ്തു നിന്നുകൊണ്ടുള്ള മീൻപിടിത്തം.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച സമയത്ത്‌ ഒരുത്തിരിഞ്ഞു വന്ന ആശയമാണത്രെ വടിയിൽ നിന്നുകൊണ്ടുള്ള മീൻപിടിത്തം. യുദ്ധ സമയത്തുണ്ടായ മത്സ്യബന്ധന ബോട്ടുകളുടെ നാശം ആണു പുതിയൊരു വഴി കണ്ടുപിടിക്കാൻ മുക്കുവരെ നിർബ്ബന്ധിതരാക്കിയതത്രെ. എന്നാൽ ഇന്ന് വിനോദസഞ്ചാരികൾക്കു വേണ്ടി മാത്രമായിട്ടാണു വടിയിൽ നിന്നുള്ള മീൻപിടിത്തം നടത്തുന്നത്‌.

പിന്നെ ഞങ്ങൾ ഹോട്ടലിലേക്ക്‌ പോയി. കടലിലേക്ക്‌ തള്ളി നിൽക്കുന്നത്‌ പോലെയുള്ള മുറി ആയിരുന്നു കിട്ടിയത്. വൈകുന്നേരം അവിടത്തെ ബീച്ചിൽ വെറുതെ നടന്നു. മുറിയുടെ വെളിയിൽ ഇറങ്ങിയാൽ തൊട്ടു താഴെ കടൽ. രാത്രി ചുറ്റുപാട്‌ നിശബ്ദമായപ്പോൾ തിരമാലകളുടെ കിലുക്കം നല്ലപോലെ കേൾക്കാമായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here