പിറ്റേന്ന് പതിവു പോലെ രാവിലെ തന്നെ കാൻഡിയിൽ നിന്നും കോളംബോവിലേയ്ക്ക് യാത്ര തിരിച്ചു. കൊളംബോ കാൻഡി റോഡ് അഥവാ എ വൺ റോഡ് ( A1Road) വഴിയായിരുന്നു യാത്ര. തലസ്ഥാന നഗരമായ കോളംബോവിനെ, പുരാതന തലസ്ഥാന നഗരിയായ കാൻഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് ആണ് ഇത്.
കടുഗണ്ണാവ (Kadugannawa) എന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു റയിൽവേ മ്യൂസിയം ദിനേഷ് കാണിച്ചു തന്നു. 2014 ൽ ശ്രീലങ്കൻ റെയിൽവേയുടെ 150 ആം വാർഷികാഘോഷവേളയിൽ നിർമ്മിച്ചതാണ് ആ മ്യൂസിയം. വാഹനത്തിൽ തന്നെയിരുന്ന് മ്യൂസിയത്തിനു വെളിയിൽ ഇട്ടിരിക്കുന്ന ചില ബോഗികൾ കണ്ടതല്ലാതെ ഞങ്ങൾ അവിടെ ഇറങ്ങിയില്ല.
കടുഗണ്ണാവ എന്ന സ്ഥലത്തെക്കുറിച്ച് പല മലയാളികളും ഇതിനു മുമ്പ് കേട്ടിട്ടുണ്ടാകും. കൈരളിയുടെ പ്രിയസാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ തൂലികയിൽ നിന്നുതിർന്നു വീണ മനോഹരമായ ഒരു ചെറുകഥയിലൂടെ. “കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ ആണ് ആ ചെറുകഥ. അദ്ദേഹത്തിന്റെ തന്നെ രചനയായ ‘നിന്റെ ഓർമയ്ക്ക്’ എന്ന ചെറുകഥയുടെ തുടർച്ച.
കടുഗണ്ണാവ തേയില ഫാക്ടറിയിലേയ്ക്കാണു് പിന്നെ പോയത്. ചെന്ന ഉടൻ തന്നെ ശ്രീലങ്കയിലെ ദേശീയവസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഞങ്ങളെ അഭിവാദ്യം ചെയ്ത്, ചായ ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചു തരുന്നതിനു വേണ്ടി കൂട്ടിക്കൊണ്ടു പോയി.
വളരെയധികം പടികൾ കയറി ഞങ്ങൾ ഏറ്റവും മുകളിലെ നിലയിലെത്തി. അവിടെ വലിയ പങ്കകൾക്ക് താഴെ തളിരിലകൾ ഉണക്കാൻ ഇട്ടിരിക്കുന്നത് കണ്ടു.
ഈ കേന്ദ്രത്തിൽ തളിരിലകൾ പറിച്ചെടുക്കുവാൻ പണിയായുധങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ല. തൊഴിലാളികൾ ശ്രദ്ധാപൂർവ്വം കൈകൊണ്ട് ഇലകൾ പറിച്ചെടുക്കുകയാണു ചെയ്യുന്നതത്രെ. ശ്രീലങ്കൻ ചായയുടെ മുന്തിയ സ്വാദിന്റെ രഹസ്യം ഇതാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു.
തേയില ഉൽപ്പാദനം പ്രധാനമായും അഞ്ച് ഘട്ടങ്ങളായിട്ടാണു് നടത്തുന്നത്. അവ- വാട്ടുക (withering), റോളിംഗ്(rolling), ഫെർമെന്റേഷൻ (fermentation), ഉണക്കൽ (drying), തരം തിരിക്കൽ (sorting )എന്നിവയാണു.
1.വാട്ടൽ- Withering:- ശ്രദ്ധയോടു കൂടി നുള്ളിയെടുത്ത തളിരിലകൾ വലിയ ഒരു കോൺക്രീറ്റിന്റേയൊ മരത്തിന്റേയൊ തട്ടത്തിൽ ഉണങ്ങാനായിട്ട് വിതറിയിടുന്നു. കറങ്ങുന്ന വലിയ പങ്കകൾ വെള്ളം വലിയുന്നതിന്റെ വേഗത കൂട്ടുന്നുണ്ട്. ജലാംശം പകുതിയിലധികം നഷ്ടപ്പെടുമ്പോൾ കിളിന്ത് ഇലകൾ വളരെ ലോലവും മൃദുലവും
ആകുന്നു.
2.റോളിംഗ്- Rolling:- ജലാംശം കുറഞ്ഞ ഈ ഇലകൾ, യന്ത്ര സഹായത്തോടെ ഒരു ദണ്ഡിനു ചുറ്റും ഉരുട്ടുന്നു. 30 മിനിട്ടിനു ശേഷം ഒരു അരിപ്പയിൽക്കൂടി അരിച്ച് എടുക്കുന്നു. അവ പെട്ടെന്ന് തന്നെ പുളിപ്പിക്കാൻ വേണ്ടി പരത്തിയിടുന്നു. അരിപ്പയിൽ അവശേഷിക്കുന്ന ഇലകൾ വീണ്ടും 30 മിനിട്ട് റോളിംഗ് ചെയ്ത് അരിപ്പയിൽ അരിച്ച് എടുക്കുന്നു. ഈ പ്രവർത്തനം പല പ്രാവശ്യം ആവർത്തിക്കുന്നു. ഏറ്റവും കുറവ് റോളിംഗ് ചെയ്ത് ആദ്യം എടുക്കുന്നതാണു് ഏറ്റവും മുന്തിയ ഇനം ചായ.
3.ഫെർമെന്റേഷൻ- Fermentation:- റോളിംഗിനു ശേഷം ഇലകൾ പരത്തിയിട്ട് തണുത്ത കാറ്റും ഈർപ്പവും ഇവയിലേയ്ക്ക് കടത്തി വിടുന്നു. കുറച്ചു കഴിയുമ്പോൾ പച്ച നിറത്തിലുള്ള ഇലകൾ നിറം മാറി ചെമ്പിന്റെ നിറമാകുന്നു.
4.ഡ്രൈയിംഗ്-Drying:- ഇലകൾ 800 ഡിഗ്രിയിൽ അധികം ചൂട് ഉള്ള കാറ്റിൽ ഉണക്കി എടുക്കുന്നു.
5.തരം തിരിക്കൽ- Sorting:- അവസാനം ഇലകൾ തരം തിരിച്ച് വിവിധ ഗ്രേഡുകളാക്കുന്നു.
തേയില ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിട്ടു കണ്ട്, വിശദീകരണങ്ങൾ കേട്ട് ഞങ്ങൾ ഫാക്ടറി മുഴുവൻ ചുറ്റി നടന്നു കണ്ടു.
താഴെ എത്തിയപ്പോൾ നല്ല ചായ ഞങ്ങൾക്ക് വേണ്ടി അവർ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്നും എല്ലാവരും ചായപ്പൊടിയുടെ പായ്ക്കറ്റുകൾ വാങ്ങിയിട്ടാണു മടങ്ങിയത്. വളഞ്ഞു തിരിഞ്ഞ റോഡിൽക്കൂടി പോകുമ്പോൾ ധാരാളം ലെതർ ഫർണ്ണീച്ചർ കടകളും , കരകൗശലവസ്തുക്കളുടെ കടകളും സുഗന്ധ വിളകളുടെ ചെറിയ തോട്ടങ്ങളും കണ്ടു.